Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:37 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇടതുഭരണം പി.എസ്.സിയെ ജീര്‍ണ്ണതയുടെയും കെടുകാര്യസ്ഥതയുടെയും പാരമ്യത്തിലെത്തിച്ചെന്ന്  കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.യൂത്ത് കോണ്‍ഗ്രസ്  സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലും വൈസ് പ്രസിഡന്റുമാരും സര്‍ക്കാരിന്റെ നിയമന നിരോധനത്തിനെതിരെ പി.എസ്.സി ഓഫീസിന് മുന്‍പില്‍ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

സുതാര്യത മുഖമുദ്രയായിരുന്ന കേരള പി.എസ്.സി മറ്റുസംസ്ഥാനങ്ങള്‍ക്ക് മാതൃകയായിരുന്നു. പി.എസ്.സിയുടെ കൊടിയടയാളം വിശ്വാസ്യതയായിരുന്നു. അത് സി.പി.എം തകര്‍ത്തു.ലക്ഷക്കണക്കിന് അഭ്യസ്ഥവിദ്യരായ ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷകളുടെ ചിറകുകളാണ് സി.പി.എമ്മും കേരള സര്‍ക്കാരും അരിഞ്ഞു വീഴ്ത്തിയത്.എ.കെ.ജി സെന്ററിന്റെ ഒരു പോഷകസംഘടനയെപ്പോലെയാണ് പി.എസ്.സിയെ സി.പി.എം കാണുന്നത്. പിണറായി വിജയന്‍ ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കുകയാണ്. കേന്ദ്രത്തില്‍ നരേന്ദ്ര മോദി ചെയ്യുന്നതും ഇതുതന്നെ. ഇരുവരും നടപ്പാക്കുന്നത് ഫാസിസ്റ്റ് ശൈലിയാണ്.

സി.പി.എം അനുഭാവികളായ കുപ്രസിദ്ധ കുറ്റവാളികള്‍ ക്രമക്കേടുകള്‍ നടത്തി പി.എസ്.സി റാങ്ക് പട്ടികയില്‍ കയറിക്കൂടുന്നു.എസ്.എഫ്.ഐ നേതാക്കള്‍ പോലീസ് റാങ്ക് ലിസ്റ്റില്‍ ഒന്നും രണ്ടും 28ട്ടും റാങ്കുകള്‍ നേടുന്നത് കേരളം കണ്ടതാണ്.  കെട്ടുകണക്കിന് ഉത്തരക്കടലാസുകളാണ് ഇവരുടെ വീടുകളില്‍ നിന്നും പിടിച്ചെടുത്തത്. പോലീസിനെ സി.പി.എം ക്രിമിനല്‍ വത്കരിക്കുയാണ്. അവരുടെ ഒരു സ്വകാര്യ സേനയാക്കി മാറ്റാനാണ് ശ്രമം.

സംസ്ഥാനത്ത് 3.29 ലക്ഷം പേര്‍ എഴുതിയ കെ.എ.എസ് പരീക്ഷ നടത്തിപ്പിലും മൂല്യനിര്‍ണ്ണയത്തിലും ഗുരുതരക്രമക്കേടും വീഴ്ചയും വരുത്തി.ട്രാക്ക് റെക്കോര്‍ഡില്ലാത്ത കമ്പനിയെ മുല്യാനിര്‍ണ്ണയം നടത്താന്‍ നിയോഗിച്ചതില്‍ ദുരൂഹതയുണ്ട്.കമ്പ്യൂട്ടര്‍ ഉപയോഗിച്ച് നടത്തേണ്ട ഒ.എം.ആര്‍ ഷീറ്റ് മൂല്യനിര്‍ണ്ണയം ഇടത് അനുകൂലികളായ ഉദ്യോഗസ്ഥരെ നിയമിച്ച് നടത്താനുള്ള പി.എസ്.സി തീരുമാനവും ഗൂഢലക്ഷ്യത്തോടെയുള്ളതാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.

പി.എസ്.സിയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനം നടത്തുന്നു. പൊതുമേഖല സ്ഥാപനങ്ങളില്‍ മുഴുവന്‍ സഖാക്കളെ തിരുകിക്കയറ്റുകയാണ്.കെ.എസ്.ഇ.ബിയില്‍ 1500 ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുടേയും  10000 ഹെല്‍പ്പര്‍മാരുടേയും താല്‍ക്കാലിക അടിസ്ഥാനത്തിലുള്ള തസ്തിക സൃഷ്ടിക്കുന്നത് ആരോടും ആലോചിക്കാതെയാണ്. പ്ലാനിംഗ് ബോര്‍ഡിലെ ഉന്നത തസ്തികയിലേക്ക് നടന്ന അഭിമുഖത്തില്‍ ഇടതു സംഘടനാ പ്രവര്‍ത്തര്‍ക്ക്  40 ല്‍ 38 മാര്‍ക്ക് നല്‍കിയപ്പോള്‍ എഴുത്തു പരീക്ഷയിലെ ഒന്നാം റാങ്കുകാരിയായ പട്ടിക വിഭാഗത്തില്‍ നിന്നുള്ള മിടുക്കിയായ പെണ്‍കുട്ടിക്ക്  11 മാര്‍ക്കാണ് നല്‍കിയത്. ഇതില്‍ നിന്നും ദളിത് വിഭാഗങ്ങളോടുള്ള സി.പി.എമ്മിന്റെ സമീപനവും നിലപാടും വ്യക്തമാണ്. സാമൂഹിക വിപ്ലവകാരിയായിരുന്ന അയ്യന്‍കാളിയുടെ 79-ാം ചരമവാര്‍ഷികം ആചരിക്കുമ്പോഴും ദളിത് വിഭാഗത്തോടുള്ള സി.പി.എമ്മിന്റെ വിവേചനം കൂടിവരികയാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

പ്രതിവര്‍ഷം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍  ഇഷ്ടക്കാര്‍ക്ക് കൂട്ടനിയമനം നടത്താനൊരുങ്ങുകയാണ് വ്യവസായ വകുപ്പ്.കേരള ചെറുകിട വ്യവസായ വികസന കോര്‍പ്പറേഷനില്‍(സിഡ്‌കോ) മാത്രം 56 തസ്തികളിലേക്കാണ് കരാര്‍ നിയമനം. 14 കോടി പ്രതിവര്‍ഷം നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ സിമന്റ്‌സിലും അര ലക്ഷം മുതല്‍ ഒരു ലക്ഷം വരെ ശമ്പളം ലഭിക്കുന്ന 6 തസ്തികകളിലേക്ക് നിയമന വിജ്ഞാപനം ഇറക്കി. കേരള മിനറല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍,കേരള ടെക്‌സറ്റെല്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലേക്കും അധിക തസ്തികള്‍ സൃഷ്ടിച്ചിരിക്കുകയാണ്. കൂടാതെ കേരള ബാങ്കിലേക്ക് സി.പി.എം ഉന്നതരുടെ മക്കളെ നിയമിക്കാനുള്ള നീക്കവും അണിയറയില്‍ നടക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥന്‍ എം.എല്‍.എ സ്വാഗതം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി കുമാരി രമ്യാഹരിദാസ് എം.പി, വൈസ് പ്രസിഡന്റുമാരായ എന്‍.എസ്.നുസൂര്‍,എസ്.എം.ബാലു,റിജില്‍ മാക്കുറ്റി,റിയാസ് മുക്കോളി,പ്രേംരാജ്, ജില്ലാ പ്രസിഡന്റ് സുധീര്‍ഷാ തുടങ്ങിയവര്‍ പങ്കെടുത്തു.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി മുഖ്യപ്രഭാഷണം നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

Readers Comment

Add a Comment