Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:14 pm
  • 9th August, 2026
  • Light Rain
27.1°C27.1°C
  • Humidity: 80 %
  • Wind: 3.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇരുപതില്‍ 19 സീറ്റിലും ഇടതുമുന്നണി തോറ്റതിന്റെ കാരണം സി.പി.എം കണ്ടുപിടിച്ചു. തോല്‍വിയെക്കുറിച്ച് സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തിനു നല്‍കിയ വിശദീകരണം കേന്ദ്ര കമ്മിറ്റി അംഗീകരിച്ച് പാര്‍ട്ടി വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത്രയൊക്കെയായിട്ടും ഒരു കാര്യം മാത്രം സി.പി.എം കേന്ദ്ര കമ്മിറ്റിക്ക് പിടികിട്ടിയിട്ടില്ല: തിരഞ്ഞെടുപ്പിലെ ജനവികാരം സംസ്ഥാന ഘടകത്തിന് മനസ്സിലാക്കാന്‍ കഴിയാതിരുന്നത് എന്ത്? ആ വീഴ്ച ഗുരുതരമാണെന്നും അതു പരിശോധിച്ച് പിഴവുകള്‍ തിരുത്തി മുന്നോട്ടു പോകാനുമാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം. അതു ശരിയാണ്, തോറ്റതിന്റെ കാരണം കണ്ടെത്തിയെങ്കിലല്ലേ തിരുത്താന്‍ പറ്റൂ. പക്ഷേ, സംസ്ഥാന ഘടകത്തിന്റെ വിശീദകരണവും കേന്ദ്ര കമ്മിറ്റിയുടെ അവലോകനവും പരിശോധിക്കുന്ന ആര്‍ക്കും ഒരു കാര്യം മനസ്സിലാകും: പറ്റിയ പാളിച്ച തുറന്നുസമ്മതിക്കാന്‍ ഇപ്പോഴും ഈ പാര്‍ട്ടി തയ്യാറല്ല. പല സാഹചര്യങ്ങളും ശത്രുക്കള്‍ മുതലെടുത്തു എന്ന് വളച്ചുകെട്ടി പറഞ്ഞാല്‍ അതിനര്‍ത്ഥം, മുതലെടുത്തത് തങ്ങളുടെ വീഴ്ചയാണെന്നും അതിന്റെ അനന്തരഫലം മുന്‍കൂട്ടി കാണാനായില്ല എന്നുമല്ലേ? അതങ്ങ് തുറന്നുപറയാന്‍ ഇത്ര ബുദ്ധിമുട്ടുന്നത് എന്തിന്? കേഡര്‍ പാര്‍ട്ടിക്ക് മനുഷ്യസ്വഭാവം തീരെ വേണ്ടെന്നൊന്നുമില്ലല്ലോ. തെറ്റു പറ്റിയെങ്കില്‍ അത് തുറന്നു സമ്മതിക്കുന്നത് ഏതു മനുഷ്യന്റെയും ആര്‍ജ്ജവത്തിന്റെയും സത്യസന്ധതയുടെയും ആദ്യലക്ഷണമാണ്. ഈ തുറന്നുപറച്ചിലില്‍ നിന്നാണ് തിരുത്തല്‍ പ്രക്രിയ തുടങ്ങേണ്ടത്. തെറ്റ് ആര്‍ക്കും സംഭവിക്കാം. തുറന്നുപറഞ്ഞാല്‍ ഏതു സഖാവും അത് സമ്മതിക്കുകയും ചെയ്യും. അതിനു പകരം തങ്ങള്‍ക്ക് തെറ്റു പറ്റിയതുകൊണ്ടല്ല, ആ സാഹചര്യം എതിരാളികള്‍ ആയുധമാക്കിയതുകൊണ്ടാണ് ഇത്രയും കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നതെന്ന് പ്രമേയവും പാസാക്കിയിരുന്നാല്‍ വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിനു ശേഷവും പാര്‍ട്ടിക്ക് പരാജയകാരണം പഠിക്കാനിരിക്കേണ്ടിവരും. സി.പി.എമ്മില്‍ നിന്ന് ജനങ്ങള്‍ അകന്നുപോയതിന്റെ കൃത്യമായ കണക്ക് കേന്ദ്ര കമ്മിറ്റി യോഗം അംഗീകരിച്ചിട്ടുണ്ട്. അതായത്, 2014 ല്‍ കിട്ടിയതിനേക്കാള്‍ 54,870 വോട്ട് പാര്‍ട്ടിക്ക് അഞ്ചു വര്‍ഷംകൊണ്ട് കുറഞ്ഞു. യു.ഡി.എഫിന് 20,81,204 വോട്ട് അധികം കിട്ടി. യു.ഡി.എഫിന്റെ വോട്ടുവിഹിതത്തില്‍ ഇത്രയും വര്‍ദ്ധനയുണ്ടാകേണ്ട വിധത്തില്‍, അവര്‍ക്ക് അനുകൂലമായ കാര്യമായ സാഹചര്യങ്ങളൊന്നും ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നില്ല എന്നതാണ് നേര്. കേന്ദ്രത്തില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി, മതേതര സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആളുകള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിന് വോട്ടു ചെയ്തുവെന്ന് വ്യാഖ്യാനിക്കാം. മോദി വീണ്ടും അധികാരത്തിലെത്തുന്നത് തടയാന്‍ ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്തുവെന്ന് വാദിക്കാം. ബി.ജെ.പി പല മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് വോട്ടു മറിച്ചുവെന്ന് ആരോപിക്കാം. ശബരിമല വിഷയത്തില്‍ യു.ഡി.എഫും ബി.ജെ.പിയും വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആക്ഷേപിക്കാം... ഇതൊക്കെ ശരിയായിരിക്കാം. പക്ഷേ, തിരഞ്ഞെടുപ്പില്‍ അടിയൊഴുക്കുകളായി ഇതെല്ലാമുണ്ടെന്ന് സി.പി.എം എന്ന കേഡര്‍ പാര്‍ട്ടിക്ക് വോട്ടെടുപ്പിനു ശേഷം പോലും തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നതാണ് വിചിത്രവും ഗുരുതരവും. അതുതന്നെയാണ് കേന്ദ്ര കമ്മിറ്റി പറഞ്ഞതും. വീഴ്ച പരിശോധിക്കുക, തിരുത്തുക. തിരുത്തല്‍ എന്നൊന്ന് പാര്‍ട്ടി സംസ്ഥാന ഘടകത്തിന് താത്പര്യമില്ലാത്തതാണ്. അതിനു തയ്യാറല്ലെങ്കില്‍ സി.പി.എമ്മിനും ഇടതു മുന്നണിക്കും അടുത്ത പതനത്തിന് ഒരുങ്ങിയിരിക്കാം. അവസാനമില്ലാത്തൊരു തുടര്‍പ്രക്രിയയാണല്ലോ പഠനം! എന്നാലും, തോറ്റതിനു ശേഷം അതിന്റെ കാരണം പഠിക്കുന്നതിനേക്കാള്‍ എളുപ്പമല്ലേ ജയിക്കാന്‍ വേണ്ടി നേരത്തേ പഠിക്കുന്നത്?    

Readers Comment

Add a Comment