Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നിയമസഭ എന്നാല്‍ നിയമനിര്‍മ്മാണ സഭയാണ്. പക്ഷേ, കുറേക്കാലമായി അവിടെ മുഴങ്ങുന്നത് നിയമനിര്‍മ്മാണ ചര്‍ച്ചകളുടെ ഗൗരവത്തേക്കാള്‍ വിവാദങ്ങളുടെ നിലവിളികളാണെന്നു മാത്രം. ഇത്തവണ, ഡിസംബര്‍ 27 ചൊവ്വാഴ്ച സഭാ സമ്മേളനം ആരംഭിച്ച് ഇന്നിതു വരെ പ്രതിദിന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അതിനു കഴിഞ്ഞിട്ടില്ല.
ശബരിമലയിലെ നിരോധനാജ്ഞ സഭയിലിട്ട് അലക്കുന്ന പ്രതിപക്ഷത്തിനോ, ദിവസവും അതിന് ദീര്‍ഘദീര്‍ഘമായ മറുപടി പറയുന്ന സര്‍ക്കാരിനോ സഭയുടെ യഥാര്‍ത്ഥ അധികാരികളായ സാധാരണ പൗരന്മാരുടെ ജീവിതവിഷയങ്ങളില്‍ എന്തെങ്കിലും താത്പര്യമുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമോ?
സഭയില്‍ ജനങ്ങളുടെ നാവായി വര്‍ത്തിക്കേണ്ടവരാണ് സാമാജികര്‍. അവിടെ ഉയരേണ്ടത് ജനകീയ പ്രശ്‌നങ്ങളുടെ സ്വരമാണ്. അതിനായി നമ്മള്‍ തിരഞ്ഞെടുത്ത് സഭയിലേക്ക് അയയ്ക്കുക മാത്രമല്ല, ഭാരിച്ച ശമ്പളവും അലവന്‍സുകളുമൊക്കെ നല്‍കി ഈ രാഷ്ട്രീയോദ്യോഗസ്ഥന്മാരെ തീറ്റിപ്പോറ്റുകയും ചെയ്യുന്നു. സമ്മേളനകാലത്ത് സഭ ചേരുമ്പോള്‍ നേരിടുന്ന കോടികളുടെ ചെലവും പാവം ജനങ്ങളുടെ നികുതിക്കാശില്‍ നിന്നുതന്നെ!
സഭ സ്തംഭിപ്പിച്ച് ശക്തി പ്രകടിപ്പിക്കുകയും, സഭാനാഥനായ സ്പീക്കറുടെ ഡയസിലേക്ക് കടന്നാക്രമിച്ചു കയറുകയും, പ്ലക്കാര്‍ഡും ബാനറുമായി സഭാവിശുദ്ധിക്ക് കളങ്കമുണ്ടാക്കുകയും, ജനകീയവിഷയങ്ങളില്‍ മറുപടി പറയാന്‍ മന്ത്രിമാരെ അനുവദിക്കാതെ ഒന്നാംക്ലാസ് പിള്ളേരുടെ ബഹളം കാണിക്കുകയും, കയ്യാങ്കളി നടത്തുകയും, പ്രതിഷേധിച്ച് സഭ ബഹിഷ്‌കരിക്കുകയും ഒക്കെ ചെയ്യുന്ന ബഹുമാന്യ ശ്രീമാന്മാരേ, മറ്റേതെങ്കിലും ജോലിയില്‍ ഇതൊക്കെ നടക്കുമോ? ജനങ്ങളുടെ പണത്തിന് കാല്‍ക്കാശിന്റെ വില പോലുമില്ലേ?
ഇങ്ങനെ ഭാരിച്ച ജനസേവനം നിര്‍വഹിക്കുന്ന നമ്മുടെ ബഹുമാന്യ മന്ത്രിമാരും മറ്റു സാമാജികരും പ്രതിമാസം കൈപ്പറ്റുന്ന തുച്ഛമായ ശമ്പളവും അല്ലറചില്ലറ അലവന്‍സുകളും എത്രയെന്ന് അറിയണ്ടേ? മന്ത്രിമാര്‍ക്കും ചീഫ് വിപ്പിനും സ്പീക്കര്‍ക്കും മാസശമ്പളം 90,500 രൂപ. എം.എല്‍.എമാര്‍ക്ക് 70,000. കഴിഞ്ഞ വിഡ്ഢിദിനം വരെ മന്ത്രിമാര്‍ക്ക് 55,000 രൂപയും എം.എല്‍.എമാര്‍ക്ക് 39,500 രൂപയും ആയിരുന്ന ശമ്പളം ഇരട്ടിയോളം വര്‍ദ്ധിപ്പിക്കാന്‍ റിട്ട. ജസ്റ്റിസ് ജെ.എം ജയിംസ് കമ്മിറ്റി നല്‍കിയ ശുപാര്‍ശ നിയമസഭ ഏകകണ്ഠമായി അംഗീകരിച്ച് പാസാക്കുകയായിരുന്നു. പുതുക്കിയ നിരക്ക് കഴിഞ്ഞ ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരികയും ചെയ്തു.
സംസ്ഥാന മന്ത്രിമാരുടെയും സാമാജികരുടെയും ശമ്പളവും അലവന്‍സും ഇതിനു മുമ്പ് പരിഷ്‌കരിച്ചത് 2012- ല്‍ ആയിരുന്നു. അഞ്ചു വര്‍ഷത്തിനിടെ നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടെ ജീവിതച്ചെലവില്‍ ഉണ്ടായ വര്‍ദ്ധനവ്, പെട്രോള്‍- ഡീസല്‍ വിലവര്‍ദ്ധനവ്, പൊതുവെയുണ്ടായ വിലക്കയറ്റം എന്നിവ പരിഗണിക്കാതിരിക്കാന്‍ ആവില്ലെന്നാണ് ജയിംസ് കമ്മിഷന്‍ ശുപാര്‍ശാ റിപ്പോര്‍ട്ടില്‍ ആത്മാര്‍ത്ഥമായി രേഖപ്പെടുത്തിയത്. പക്ഷേ, ഈ വകയിലെല്ലാം സാധാരണക്കാര്‍ക്കുണ്ടായ ജീവിതഭാരവും ദുരിതവും തിരിച്ചറിഞ്ഞു പെരുമാറാന്‍ ഉത്തരവാദത്വമുള്ള സംസ്ഥാന സര്‍ക്കാര്‍ അതു ചെയ്യാത്തത് എന്തുകൊണ്ട്?
ഇന്ധന സെസ് ഇനത്തിലെ സംസ്ഥാന നികുതി വേണ്ടെന്നുവച്ചാല്‍പ്പോലും പൊതുജനത്തിന് എത്രയോ ആശ്വാസമാകും! ആ നികുതി കേന്ദ്രം വേണ്ടെന്നുവച്ചാല്‍ ഞങ്ങളും വേണ്ടെന്നുവയ്ക്കാം എന്നാണ് ധനമന്ത്രി ഡോ. തോമസ് ഐസക് അന്നു മുതല്‍ പറയുന്നത്. ഇന്ധന വിലവര്‍ദ്ധനവിന്റെ ഉള്‍പ്പെടെ പേരില്‍ വര്‍ദ്ധിപ്പിച്ച ശമ്പളം വാങ്ങി ജൂബയുടെ പോക്കറ്റിലിട്ടാണ് അദ്ദേഹം കേന്ദ്രത്തെ വെല്ലുവിളിച്ച് പാവം വോട്ടര്‍മാരെ വിഡ്ഢികളാക്കുന്നതെന്ന് ഓര്‍മ്മിക്കണം.
മന്ത്രിമാരുടെ മണ്ഡല അലവന്‍സ്: പ്രതിമാസം 40,000 രൂപ
എം.എല്‍.എമാരുടേത്: 25,000
സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വിമാനയാത്ര വേണ്ടിവന്നാല്‍ യാത്രക്കൂലി: പ്രതിവര്‍ഷം 50,000 രൂപ
മെഡിക്കല്‍ റീ ഇംബേഴ്‌സ്‌മെന്റ്.
അപകട ഇന്‍ഷ്വറന്‍സ്: 5 ലക്ഷം വരെ.
പലിശരഹിത വാഹന വായ്പ: 10 ലക്ഷം വരെ.
തുച്ഛ പലിശനിരക്കില്‍ ഭവന വായ്പ: 20 ലക്ഷം വരെ.
ഓഫീസ് ടെലിഫോണ്‍ ചാര്‍ജ് ഫ്രീ.
വീട്ടിലെ ടെലിഫോണ്‍ ചാര്‍ജ് ഫ്രീ.
കെ.എസ്.ആര്‍.ടി.സിയില്‍ സൗജന്യ യാത്ര.
കാര്‍ യാത്രയ്ക്ക് കിലോമീറ്ററിന് 10 രൂപ നിരക്കില്‍ അലവന്‍സ്.
ഇന്ധന ചെലവിന് എഴുതിയെടുക്കാവുന്നത് 3 ലക്ഷം.
ട്രെയിനില്‍ ഫസ്റ്റ് ക്ലാസ് എ.സി ഉള്‍പ്പെടെ ഏതു ക്ലാസിലും എം.എല്‍.എയ്ക്കും ഭാര്യയ്ക്കും ഒരു സഹായിക്കും സൗജന്യ യാത്ര.
വായിച്ച് വിജ്ഞാനം വര്‍ദ്ധിപ്പിക്കാന്‍ ഓരോ വര്‍ഷവും പുസ്തം വാങ്ങുന്നതിന് 15,000 രൂപ വീതം.
അതു വായിക്കാന്‍ കണ്ണുപിടിക്കുന്നില്ലെങ്കില്‍ വര്‍ഷാവര്‍ഷം കണ്ണട അലവന്‍സ്.
കേരളത്തിനകത്ത് ആയിരിക്കുമ്പോള്‍ ഡി.എ: 1000 രൂപ.
കേരളത്തിനു പുറത്ത്: 1200 രൂപ.
വര്‍ദ്ധിപ്പിച്ച നിരക്കില്‍ മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും ശമ്പള- അലവന്‍സുകള്‍ നല്‍കുന്നതിന് സംസ്ഥാന ഖജനാവിന് പ്രതിവര്‍ഷം അധികം വരുന്ന ചെലവ് ശരാശരി 5.25 കോടി രൂപ.
ഇത്രയും പ്രതീക്ഷിച്ചില്ല, അല്ലേ! ഈ കണക്ക് ഒന്ന് ഓര്‍ത്തുവയ്ക്കുക. തിരഞ്ഞെടുപ്പ് വീണ്ടും വരുമല്ലോ!
28.61°C








