Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:22 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കെ.പി.സി.സി ഭാരവാഹികളുടെ ജംബോ പട്ടികയുമായി സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിനെ കാണാന്‍ ഡല്‍ഹിക്കു നാളെ പുറപ്പെടുമ്പോള്‍, സംസ്ഥാന കോണ്‍ഗസിന്റെ മുന്‍ അധ്യക്ഷനും കേരളത്തിന്റെ മൂന്നാമത് മുഖ്യമന്ത്രിയുമായ ആര്‍. ശങ്കര്‍ ഓര്‍മ്മയായിട്ട് കൃത്യം നാല്പത്തിയേഴു വര്‍ഷങ്ങള്‍ പിന്നിടും (ആര്‍. ശങ്കര്‍ ചരമവാര്‍ഷികം ഇന്ന്). അധ്യാപകന്‍, അഭിഭാഷകന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, പ്രഭാഷകന്‍, സമുദായ സംഘടനാ മേധാവി, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി... കേരളം കണ്ട ഏറ്റവും ധിഷണാശാലിയായ ഭരണകര്‍ത്താക്കളില്‍ ഒരാളായിരുന്ന ശങ്കര്‍ പണ്ട് ഇരുന്ന കസേരകളില്‍ ഇന്ന് ഇരിക്കുന്നവര്‍, ആ ഇരിപ്പിന് മറ്റു പലരോടും നന്ദി പറയേണ്ടവരാണെന്ന നാണക്കേട് ബാക്കി!

കോണ്‍ഗ്രസിന് പിന്നീടു സംഭവിച്ച അപചയങ്ങള്‍ പരിശോധിക്കുമ്പോള്‍ ആര്‍. ശങ്കറെപ്പോലൊരാള്‍ ഒരിക്കല്‍ കെ.പി.സി.സി അധ്യക്ഷനായിരുന്നുവെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ട്. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയായും എന്‍.എന്‍. ട്രസ്റ്റ് പ്രസിഡന്റ് ആയും ആര്‍. ശങ്കര്‍ നടത്തിയത് സമുദായ പ്രവര്‍ത്തനം മാത്രമായിരുന്നില്ല. സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസരംഗത്ത് ദീര്‍ഘവീക്ഷണത്തോടെ ശങ്കര്‍ നടത്തിയ ഇടപെടലായിരുന്നു എസ്.എന്‍. ട്രസ്റ്റിനു കീഴില്‍ എസ്.എന്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പിറവി. ഇന്ന് ശങ്കേഴ്‌സ് ഹോസ്പിറ്റല്‍ എന്ന് അറിയപ്പെടുന്ന കൊല്ലത്തെ എസ്.എന്‍ മിഷന്‍ ആശുപത്രി സ്ഥാപിച്ചതും ശങ്കര്‍ തന്നെ. വിദ്യാഭ്യാസം, ആരോഗ്യം എന്നീ രണ്ട് അടിസ്ഥാന മേഖലകളില്‍ ആര്‍. ശങ്കര്‍ തുടങ്ങിവച്ച വിപ്‌ളവത്തിന്റെ തുടര്‍ച്ചയേ ആയിരുന്നുള്ളൂ, പിന്നീട് പലതും ഇതേ മേഖലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍.

കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ താഴെയിറക്കിയ വിമോചന സമരകാലത്ത് സംസ്ഥാന കോണ്‍ഗ്രസിനെ നയിച്ച കരുത്തനായിരുന്നു ആര്‍. ശങ്കര്‍. ഏകഛത്രാധിപതി എന്നൊക്കെയുള്ള വിശേഷണങ്ങള്‍ക്ക് ഏതു നിലയ്ക്കും അര്‍ഹന്‍. ആരെയും കൂസാത്ത 'അഹങ്കാരി.' ശരിയെന്നു വിശ്വസിക്കുന്നത് നടപ്പാക്കാന്‍ ശേഷിയുള്ള ദൃഢമനസ്‌കന്‍. ആ കസേരയില്‍ നിന്നാണ് ഇപ്പോള്‍ ഒരാള്‍ ഗ്രൂപ്പ് സമ്മര്‍ദ്ദങ്ങളില്‍ വശംകെട്ടും, ആരെയും പിണക്കാന്‍ മനക്കരുത്തില്ലാതെയും നൂറോളം പേരുടെ ഭാരവാഹിപ്പട്ടികയുമായി ഡല്‍ഹിക്കു വിമാനം പിടിക്കുന്നത് എന്നത് ചരിത്രത്തിന്റെ പല തമാശകളില്‍ ഒന്നു മാത്രം.

സംഘടനയ്ക്കു വേണ്ടത് ഗ്രൂപ്പ് പ്രവര്‍ത്തകരെയല്ലെന്നും ഉശിരും ആത്മാര്‍ത്ഥതയുമുള്ള നേതൃത്വത്തെയാണെന്നും ഹൈക്കമാന്‍ഡ് തന്നെ എത്രയോ വട്ടം ആവര്‍ത്തിച്ചു. താക്കീതു ചെയ്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ പേരില്‍ നേതാക്കളെ വിളിച്ചുവരുത്തി ശാസിച്ചു. അന്ന് രാഷ്ട്രീയ വനവാസം തുടങ്ങിയ ഉമ്മന്‍ചാണ്ടി പിന്നെ ഇതേവരെ തിരിച്ചിറങ്ങിയിട്ടുപോലുമില്ല. എന്നിട്ട് സംസ്ഥാന കോണ്‍ഗ്രസിന് എന്തെങ്കിലും മാറ്റമുണ്ടായോ?

പരമ്പരാഗത വൈരികളായ  എ, ഐ ഗ്രൂപ്പുകളുടെ പട്ടികയുണ്ട്. അതിനു പുറമേ വി.എം. സുധാരന്‍, കെ. മുരളീധരന്‍, എം.എം. ഹസന്‍, സി.വി. പദ്മരാജന്‍ തുടങ്ങിയ മുന്‍ അധ്യക്ഷന്മാര്‍ തയ്യാറാക്കിയ പട്ടികയുണ്ട്. പി.സി. ചാക്കോ, കെ.വി. തോമസ്, പി.ജെ. കുര്യന്‍ എന്നീ സീനിയര്‍ സിറ്റിസണ്‍സിന്റെ ഇഷ്ടക്കാരുടെ പേരുവിവരം അടങ്ങിയ പട്ടിക വേറെ. ഇതെല്ലാം സമാഹരിച്ച് തയ്യാറാക്കിയ ജംബോ ലിസ്റ്റുമായാണ് മുല്ലപ്പള്ളി ആ മഹാ സര്‍ക്കസിന് പുറപ്പെടുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് സംഘടനയെ ഊര്‍ജ്ജസ്വലമാക്കേണ്ട നേതൃത്വത്തിലാണ് ഈ കടല്‍ക്കിഴവന്മാരുടെ ഇടപെടല്‍. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിതമായെങ്കിലും ചില്ലറ പൊടിപ്പുകള്‍ കണ്ടുതുടങ്ങിയ കാലത്താണ് കേരളത്തിലെ തീരാത്ത ഗ്രൂപ്പുകളി.

കാലാവധി തീര്‍ന്ന മരുന്നുകള്‍ പോലെ ഫലശേഷി നഷ്ടമായതും, വിപരീത രാസപ്രവര്‍ത്തനങ്ങള്‍ക്ക് വഴിവയ്ക്കുന്നതുമായ സീനിയര്‍ നേതാക്കള്‍ക്ക് റിട്ടയര്‍മെന്റ് നല്‍കി വീട്ടിലിരുത്തിയും, വരുംകാലത്തിന്റെ ശബ്ദമായ ചെറുപ്പക്കാരുടെ നേതൃനിരയെ കൈപിടിച്ചുയര്‍ത്തിയും, ഘടകകക്ഷികളുടെ കുതിരകയറ്റിന് കടിഞ്ഞാണിട്ട് സംഘടനയെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തമാക്കിയും വ്യക്തിവൈശിഷ്ട്യം പ്രകടിപ്പിക്കേണ്ട നേതാക്കള്‍ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത നിര്‍ഗുണബ്രഹ്മങ്ങളായി മാറുമ്പോള്‍ കോണ്‍ഗ്രസിന് എന്തു പ്രതീക്ഷയ്ക്ക് വകയുണ്ട്? ഇവിടെ സര്‍വം ഗ്രൂപ്പായ നമ:

Readers Comment

Add a Comment