Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തലമുറ മാറ്റം എന്നത് രാഷ്ട്രീയത്തില്‍ പാരമ്പര്യവാദികള്‍ക്ക് എക്കാലത്തും വേദനാജനകവും മരണതുല്യവുമാണ്- കോണ്‍ഗ്രസില്‍ പ്രത്യേകിച്ചും! സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെടുമ്പോള്‍ വാര്‍ത്താ സമ്മേളനം വിളിച്ച് വലിയവായില്‍ നിലവിളിച്ചു കരയുകയും പിണങ്ങി നില്‍ക്കുകയുമൊക്കെ ചെയ്യുന്ന ഷഷ്ടിപൂര്‍ത്തിക്കാരെ വിപ്‌ളവ പാര്‍ട്ടികളില്‍ അത്ര പരസ്യമായി കാണില്ല. കാലാകാലങ്ങളായി കോണ്‍ഗ്രസില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഈ യുവനിഗ്രഹം തന്നെ. വെട്ടിനിരത്തി നിരത്തി, രാജ്യത്ത് പാര്‍ട്ടിതന്നെ ഏതാണ്ട് നികന്ന പരുവത്തിലായി. അതിനിടയിലാണ് സംസ്ഥാന കോണ്‍ഗ്രസ് പുനസ്സംഘടനാ തിരഞ്ഞെടുപ്പ്.
സംഗതി, എപ്പോള്‍ തൊട്ടലും കൈപൊള്ളുന്ന വിഷയമാണ്. ഗ്രൂപ്പുകള്‍ക്കു തന്നെ വീതംവയ്ക്കാന്‍ തികയാത്ത സ്ഥാനമാനങ്ങള്‍ പിന്നെ ചെറുപ്പക്കാര്‍ക്കു കൂടി വീതംവയ്ക്കുന്നതെങ്ങനെ എന്നാണ് ചോദ്യം. എന്തായാലും, അടുത്ത ദിവസങ്ങളില്‍ത്തന്നെ പുനസ്സംഘടനാ പട്ടിക പ്രഖ്യാപിക്കാനിരിക്കെ യുവനിരയ്ക്കു നേരെ ഷഷ്ടിപൂര്‍ത്തിക്കാരുടെ വെട്ടിനിരത്തല്‍ സജീവമായെന്നാണ് സാഹചര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. ഒരാള്‍ക്ക് ഏതെങ്കിലുമൊരു സ്ഥാനം കിട്ടുന്നത് തടയാനുള്ള ഏറ്റവും എളുപ്പവഴി അപവാദ പ്രചാരണം തന്നെ. സിനിമയിലും സാഹിത്യത്തിലും പുരസ്‌കാരത്തിലും ഉദ്യോഗത്തിലുമൊക്കെ കഥ ഇതാകുമ്പോള്‍ രാഷ്ട്രീയത്തിലെ അപവാദ പ്രചരണത്തില്‍ അദ്ഭുതമെന്ത്?
സംഘടനാ നേതൃനിരയിലേക്ക് എത്താനിടയുണ്ടെന്നു കരുതപ്പെടുന്ന ചില ചെറുപ്പക്കാരെ സംഘപരിവാര്‍ ബന്ധം ആരോപിച്ച് അകറ്റിനിറുത്താനാണ് ഏറ്റവും ഒടുവിലത്തെ ശ്രമം. അതിന് ചില കോണ്‍ഗ്രസ് വിരുദ്ധ മാധ്യമങ്ങളുടെ കൂട്ടുമുണ്ട്. ഈ മട്ടിലൊരു ചെളിപ്രയോഗം കഴിഞ്ഞ ദിവസം ഒരു കോണ്‍ഗ്രസ് വിരുദ്ധ മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടതിനു പിന്നില്‍ പഴഞ്ചന്‍ ഖദറുകാരാണെന്ന് തീര്‍ച്ച പറയാന്‍ പഴയകാല ചരിത്രം മാത്രം മതി. ഡോ. ജി.വി. ഹരി, അഡ്വ. അജീഷ് ബെന്‍ മാത്യു, ഡോ. മാത്യു കുഴല്‍നാടന്‍, അഡ്വ. ആര്‍.വി. രാജേഷ്, പി.എസ്. പ്രശാന്ത്, ജെ.എസ്. അഖില്‍ എന്നിവരാണ് പുനസ്സംഘടനാ പട്ടകയില്‍ പുറത്താക്കപ്പെടാന്‍ സ്‌കെച്ച് ചെയ്യപ്പെട്ടവര്‍!
ഡോ. ജി.വി. ഹരിയാണ് പ്രധാന ടാര്‍ജറ്റ്. രാഹുല്‍ ഗാന്ധിയുടെ ടാലന്റ് ഹണ്ട് സ്‌ക്രീനിംഗില്‍ ഉള്‍പ്പെടെ മികച്ച സ്‌കോര്‍ നേടിയ ജി.വി. ഹരിയെ പട്ടികയില്‍ നിന്ന് വെട്ടാനുള്ള പുരാതന അവതാരങ്ങളുടെ നാണംകെട്ട ശ്രമങ്ങള്‍ ക്‌ളൈമാക്‌സിനോട് അടുക്കുന്തോറും മുറുകിവരിയാണ്. മാര്‍ ഇവാനിയോസ് കോളേജ്, മാര്‍ തിയോഫിലിസ് കോളേജ്, ലയോള കോളേജ് എന്നിവിടങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെ ഉയര്‍ന്നുവന്ന ഡോ. ഹരിക്കു നേരെ തലസ്ഥാനം കേന്ദ്രീകരിച്ച് കുറേനാളായി ഓൾഡ് ഏജ് നേതാക്കന്മാരുടെ കുരുട്ടുബുദ്ധി പ്രവര്‍ത്തിക്കുന്നുണ്ട്.
നേതൃനിരയിലേക്ക് യുവരക്തം എത്തിയാല്‍ തങ്ങളുടെ പ്രസക്തി നഷ്ടമാകുമെന്ന് ഭയക്കുന്ന വൃദ്ധസംഘം അരയും തലയും മുറുക്കി രംഗത്തിറങ്ങുമ്പോള്‍ പുനസ്സംഘടനയില്‍ യുവാക്കള്‍ക്ക് 60 ശതമാനം പങ്കാളിത്തം ലഭിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും ഉറപ്പു നല്‍കുന്നതാണ് ആശ്വാസം. ദളിത് വിഭാഗത്തില്‍ നിന്ന് സംഘടനാപാടവത്തിലൂടെ ശ്രദ്ധേയനായ നേതാവായ കെ.എസ്. ഗോപകുമാര്‍ വെട്ടിനിരത്തലുകാരുടെ ലിസ്റ്റില്‍ രണ്ടാമനായുണ്ട്. യൂണിവേഴ്‌സിറ്റിയില്‍ ഗാന്ധിയന്‍ സ്റ്റഡീസിന്റെ നിരവധി ചെയറുകള്‍ ആരംഭിച്ച, സിന്‍ഡിക്കേറ്റ് അംഗം കൂടിയായ ഗോപകുമാറിനെതിരെ ഒരു മുന്‍ മന്ത്രിയുടെ നേതൃത്വത്തിലാണ് അണിയറനീക്കം.
വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കാന്‍ ഗ്രൂപ്പ് ഭേദമില്ലാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചിരുന്ന, സംസ്ഥാനത്തെ ആദ്യ യുവജന കമ്മിഷന്‍ ചെയര്‍മാന്‍ കൂടിയായ അഡ്വ. ആര്‍.വി. രാജേഷ് ആണ് ഷഷ്ടിപൂര്‍ത്തി ഗ്രൂപ്പിന് ചതുര്‍ത്ഥിയായ മറ്റൊരു ചെറുപ്പക്കാരന്‍. രാജേഷ് യുവജന കമ്മിഷന്‍ ചെയര്‍മാന്‍ ആയിരുന്ന കാലത്തെ പ്രക്ഷോഭത്തിലൂടെയാണ്, വസ്ത്രശാലകളില്‍ ജോലി ചെയ്യുന്ന യുവതികള്‍ക്ക് ഇരിക്കാന്‍ അവകാശം നല്‍കുന്ന തീരുമാനമുണ്ടായത്. വട്ടിയൂര്‍ക്കാവില്‍ രാജേഷിന്റെ സ്ഥാനാര്‍ത്ഥിത്വ സാധ്യത വെട്ടാന്‍ മുന്നിട്ടിറങ്ങിയത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയിലെ തന്നെ പ്രബല വിഭാഗമായിരുന്നു. അഡ്വ. മോഹന്‍കുമാറിനു പകരം വട്ടിയൂര്‍ക്കാവില്‍ ചെറുപ്പക്കാരനായ അഡ്വ. ആര്‍.വി. രാജേഷ്, ഇടതു സ്ഥാനാര്‍ത്ഥിയും നഗരസഭാധ്യക്ഷനുമായ വി.കെ. പ്രശാന്തിന് എതിരെ മത്സരിച്ചിരുന്നെങ്കില്‍ പ്രശാന്തിന് അതിശക്തമായ വെല്ലുവിളിയാകുമായിരുന്നു എന്നാണ് തലസ്ഥാനത്തെ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
കോട്ടയത്തെ യുവജന കോണ്‍ഗ്രസ് നേതാവ് അജീഷ് ബെന്‍ മാത്യുവിന് എതിരെ പ്രമുഖ ഐ ഗ്രൂപ്പ് നേതാവും, തിരുവനന്തപുരത്തെ യുവനേതാവ് പി.എസ്. പ്രശാന്തിനെ വെട്ടാന്‍ പ്രമുഖ എ ഗ്രൂപ്പ് നേതാവും കച്ച മുറുക്കുമ്പോള്‍ അന്തിമ പുനസ്സംഘടാ പട്ടിക എതെല്ലാം വിധത്തില്‍ മാറിമറിയുമെന്ന് പറയുക വയ്യ. പാലാ ഉപതിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പാപഭാരം മുഴുവന്‍ കേരള കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവച്ച കോണ്‍ഗ്രസിന് ഉപതിരഞ്ഞെടുപ്പുകളില്‍ വട്ടിയൂര്‍ക്കാവും കോന്നിയും കൈവിട്ടതിനു പിന്നില്‍ ഈ തൊഴുത്തില്‍ക്കുത്തും ഗ്രൂപ്പുയുദ്ധവും തന്നെയായിരുന്നു. ഇതു ചൂണ്ടിക്കാട്ടി ഘടകകക്ഷികള്‍ തന്നെ കോണ്‍ഗ്രസിന് എതിരെ രംഗത്തു വരികയും ചെയ്തിരുന്നു. ഒന്നര വര്‍ഷത്തിനു ശേഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, അതിനു മുമ്പ് സംസ്ഥാനത്ത് സംഘടനയെ ശക്തമാക്കേണ്ട ഉത്തരവാദിത്വം പുനസ്സംഘടിപ്പിക്കപ്പെട്ടു വരുന്ന സംസ്ഥാന കമ്മിറ്റിക്കാണ്. അതുകൂടി ഓര്‍ത്തുവേണം പുനസ്സംഘടന എന്നാണ് കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നവരുടെ അഭിപ്രായം.
ദേശീയതലത്തില്‍ത്തന്നെ കോണ്‍ഗ്രസ് വക്താവിന്റെ റോളുണ്ട്, അഡ്വ. മാത്യു കുഴല്‍നാടന്. മാധ്യമ ചര്‍ച്ചകളില്‍ പാര്‍ട്ടിയുടെ രക്ഷകവേഷത്തിലെത്തുന്ന കുഴല്‍നാടനെതിരെ ഗ്രൂപ്പ് ഭേദമില്ലാതെയാണ് വയസ്സന്‍പടയുടെ പുറപ്പാട്. രാഹുല്‍ ഗാന്ധിയുടെ നോമിനി ആയ മാത്യു കുഴല്‍നാടനെതിരെ കരുനീക്കുന്നവരുടെ ധൈര്യം, രാഹുലിന് ഇപ്പോള്‍ ഹൈക്കമാന്‍ഡില്‍ പഴയ റോള്‍ ഇല്ലെന്നതാണത്രേ. സംഘി ബന്ധം ആരോപിക്കപ്പെടുന്ന ഈ യുവനേതാക്കള്‍ക്കെല്ലാം രാഷ്ട്രീയബാഹ്യമായ വിപുലമായ സുഹൃദ് വലയമുണ്ട്. സി.പി.എമ്മിലും ബി.ജെ.പിയിലും കോണ്‍ഗ്രസുകാര്‍ക്ക് സുഹൃത്തുക്കളുണ്ടെന്നു വരുന്നത് അവര്‍ ആ പാര്‍ട്ടികളുമായി ബന്ധമുണ്ടെന്നാണോ?
ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് യാഥാര്‍ത്ഥ്യത്തിനു നേരെ കണ്ണടയ്ക്കണമായിരിക്കാം. സംസ്ഥാന നേതൃത്വവും ഹൈക്കമാന്‍ഡും കോണ്‍ഗ്രസ്സിന്റെ പുനരുജ്ജീവനമാണ് ആഗ്രഹിക്കുന്നതെങ്കില്‍ പുനസ്സംഘടനയില്‍ ഇവര്‍ക്ക് അര്‍ഹമായ സ്ഥാനം ലഭിക്കുമെന്നു തന്നെയാണ് ഗ്രൂപ്പില്ലാത്ത കോണ്‍ഗ്രസുകാരുടെ പ്രതീക്ഷ. പാര്‍ട്ടി ബാക്കിയുണ്ടെങ്കിലല്ലേ ഗ്രൂപ്പുള്ളൂ. ഗ്രൂപ്പ് കളിച്ചും കുതികാല്‍ വെട്ടിയും കസേരയുറപ്പിച്ച വയസ്സന്മാര്‍ പാര്‍ട്ടിയുടെ പുക കണ്ടേ അടങ്ങൂ എന്നു ശഠിച്ചാല്‍ അത് വകവച്ചുകൊടുക്കാതിരിക്കാനുള്ള ബാധ്യത നേതൃത്വത്തിനുമുണ്ട്.
24.47°C








