Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രാഷ്ട്രീയത്തില്‍ എക്കാലത്തും രണ്ടു കൂട്ടരേയുള്ളൂ- വേട്ടക്കാരും ബലിമൃഗങ്ങളും! അഞ്ചിടത്തെ ഉപതിരഞ്ഞെടുപ്പുകള്‍ക്കു ശേഷം, പരാജയപ്പെട്ട മണ്ഡലങ്ങളില്‍ യു.ഡി.എഫും എല്‍.ഡി.എഫും പുതിയ ബലിമൃഗങ്ങളെ തേടുന്ന തിരക്കിനിടെ, കൊച്ചിയില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിന്റെ ചരടുവലിയില്‍ മേയര്‍ സൗമിനി ജെയിന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ അവസരോചിതമായ ഇടപെടല്‍ കൊണ്ടു മാത്രം!
കൊച്ചിയിലെ വെള്ളക്കെട്ടിന്റെ പേരില്‍ നഗരസഭയ്ക്കും അധ്യക്ഷയ്ക്കുമെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചതിനു പിന്നാലെയാണ് എ ഗ്രൂപ്പുകാരിയായ സൗമിനിക്ക് എതിരെ ഐ ഗ്രൂപ്പ് പടയൊരുക്കം നടത്തിയത്. നഗരസഭ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് എന്തെന്ന കോടതിയുടെ വാക്കാലുള്ള ചോദ്യത്തിന്റെ തുമ്പു പിടിച്ച് മേയറുടെ രാജി ആവശ്യമുയര്‍ത്തിയത് ഐ ഗ്രൂപ്പിലെ കില്ലാടികളാണ്. ഉപതിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവും കോന്നിയും നഷ്ടമായത് തമ്മില്‍ത്തല്ലു കാരണമെന്ന് പതിയെപ്പതിയെ നേതാക്കള്‍ സമ്മതിച്ചു തുടങ്ങുന്നതിന് ഇടയിലായിരുന്നു, കോണ്‍ഗ്രസിലെ വിരലിലെണ്ണാവുന്ന വനിതാ നേതാക്കളില്‍ പ്രമുഖയായ സൗമിനിയെ ബലി നല്‍കാനുള്ള നീക്കം.
തനിക്കെതിരെ കരുനീക്കം ശക്തമാകുന്നതു തിരിച്ചറിഞ്ഞ സൗമിനി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന് പരാതി നല്‍കിയതിനു തൊട്ടുപിന്നാലെ അദ്ദേഹം ഉണര്‍ന്നു. സൗമിനിയെ മേയര്‍ സ്ഥാനത്തു നിന്ന് മാറ്റില്ലെന്നും, കൊച്ചിയിലെ വെള്ളക്കെട്ടിന്റെ പാപഭാരം സൗമിനിക്കു മേല്‍ മാത്രമായി ചുമത്താനാകില്ലെന്നും മുല്ലപ്പള്ളി പ്രഖ്യാപിച്ചതോടെ ഗ്രൂപ്പുകളിക്കാരുടെ വീര്യം കുറഞ്ഞു. സൗമിനി അപകടഗര്‍ത്തത്തില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു.
മേയറെ മാറ്റണമെന്ന് മുറവിളി കൂട്ടിയ കോണ്‍ഗ്രസ് നേതാക്കളില്‍ സ്ഥലം എം.പി ഹൈബി ഈഡനും ഉണ്ടായിരുന്നു എന്നതാണ് വിചിത്രം! ടിവി ചാനല്‍ മുന്‍ അവതാരകയായ ഭാര്യ അന്ന ലിന്‍ഡയുടെ 'ബലാത്സംഗത്തമാശ' വിവാദമാവുകയും, കെണിയാകുമെന്നു കണ്ടപ്പോള്‍ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് ഖേദിക്കുകയും ചെയ്യേണ്ടിവന്നതില്‍ ജനപ്രതിനിധിയെന്ന നിലയില്‍ ആദ്യം രാജിവയ്‌ക്കേണ്ടത് ഹൈബി ഈഡന്‍ ആയിരുന്നില്ലേ? അതു സൗകര്യപൂര്‍വം മറന്ന് സൗമിനിക്കെതിരെ വാളെടുത്ത ഹൈബി ഒന്നു മറക്കരുത്- പ്രതിരോധിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് ആസ്വദിക്കുകയെന്ന ആപ്തവാക്യത്തിന് ഭംഗി വരുത്താന്‍ അന്ന ലിന്‍ഡ ഫേസ്ബുക്ക് പോസ്റ്റിനൊപ്പമിട്ടത്, വെള്ളപ്പൊക്ക ദുരിതത്തിനിടയില്‍ ഐസ്‌ക്രീം നുണഞ്ഞു രസിച്ചിരിക്കുന്ന ഭര്‍ത്താവിന്റെ ചിത്രമായിരുന്നു!
വെള്ളക്കെട്ടിനെ ബലാത്സംഗത്തോട് ഉപമിക്കാന്‍ അന്നയ്ക്കു തോന്നിയ മൃഗീയഭാവനയ്ക്ക് മാപ്പുകൊടുത്താലും, സ്ഥലം എം.എല്‍.എ ആയിരിക്കുകയും നിലവില്‍ പാര്‍ലമെന്റംഗമായി മെട്രോ നഗരത്തില്‍ കൊടിവച്ചു പറക്കുകയും ചെയ്യുന്ന ഹൈബിക്ക് ഈ വെള്ളക്കെട്ടു പ്രശ്‌നത്തില്‍ ഒരു ഉത്തരവാദിത്വവുമില്ലേ? ഭാര്യയുടെ വകതിരിവില്ലായ്മയുടെ പേരില്‍ ഹൈബി അല്ലേ കേരളീയ സമൂഹത്തോട് പരസ്യമായി മാപ്പു പറയേണ്ടിയിരുന്നത്?
കൊച്ചിയിലെ വെള്ളക്കെട്ട് സൗമിനി ജയിന്‍ കൊണ്ടുവന്നതല്ല. നഗരസഭ മാത്രം വിചാരിച്ചാല്‍ അതിനു പരിഹാരം സാധ്യവുമല്ല. തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ടിനു പരിഹാരമേകാന്‍ സര്‍ക്കാര്‍ നടപ്പാക്കിയ ഓപ്പറേഷന്‍ അനന്ത തിരുവനന്തപുരം കോര്‍പ്പറേഷന്റെ സംഭാവനയായിരുന്നില്ല. ഇപ്പോള്‍, അതേ മാതൃകയില്‍ കൊച്ചിയിലും പദ്ധതി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. രാഷ്ട്രീയവിരോധം തീര്‍ക്കേണ്ടത് ജനങ്ങളെ ദുരിതത്തിലാക്കിയല്ലെന്ന് ഇടതു സര്‍ക്കാര്‍ തിരിച്ചറിയുന്നത് ശുഭസൂചനയായി കരുതണം. മത്സരിക്കാന്‍ ഇനിയും തിരഞ്ഞെടുപ്പുകള്‍ ബാക്കിയുണ്ടെന്ന ഓര്‍മ്മ സി.പി.എമ്മിനുണ്ട്!
തോടുകള്‍ നിറഞ്ഞ കൊച്ചിയില്‍ നഗരാസൂത്രണമെന്ന കീറാമുട്ടി പ്രശ്‌നം നഗരസഭയും സര്‍ക്കാരും ഒരുമിച്ച് പരിഹരിക്കേണ്ടതാണ്. മെട്രോ റെയില്‍ നിലവില്‍ വന്നതിനു ശേഷം വരുത്തേണ്ടിയിരുന്ന നഗരപരിഷ്‌കാരം കൊച്ചിയില്‍ ഇപ്പോഴുമില്ല. നിലവിലെ തോടുകളും ഓടകളും അടച്ചു പണിത മെട്രോയുടെ തൂണുകള്‍ക്കിടയില്‍ കുടുങ്ങിപ്പോകുന്ന വെള്ളത്തിന് റോഡുകളിലേക്ക് ഇരച്ചുകയറി കെട്ടിക്കിടക്കാനും വീടുകളിലേക്ക് കടന്നുചെല്ലാനുമേ കഴിയൂ. സംസ്ഥാനത്തിന്റെ സാമ്പത്തിക തലസ്ഥാനമെന്ന് കൊച്ചിയുടെ പേരില്‍ മേനി നടിക്കുന്ന സര്‍ക്കാരിന് അവിടത്തെ വെള്ളക്കെട്ടിന്റെ കാര്യത്തിലും തുല്യ പങ്കാളിത്തമുണ്ട്.
എന്തായാലും, നഗരസഭയ്ക്ക് എതിരായ ഹൈക്കോടതി പരാമര്‍ശത്തിന്റേ പേരില്‍ മേയറെ ബലിയാടാക്കാനുള്ള കുതന്ത്രങ്ങള്‍ക്ക് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ തന്നെ കടിഞ്ഞാണിട്ട സാഹചര്യത്തില്‍ ഇനി കൊച്ചിയുടെ കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ വേണ്ടത് ഗ്രൂപ്പ് ഭേദമില്ലാത്ത ഐക്യമാണ്. യു.ഡി.എഫിനെ എന്നും തുണയ്ക്കുന്ന എറണാകുളത്തിന്റെ കാര്യത്തില്‍ ആ ഐക്യം ഒരു കൂട്ടുത്തരവാദിത്വവുമാണ്. പരാജയങ്ങളില്‍ നിന്ന് പാഠം പഠിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ലെങ്കില്‍ ഗ്രൂപ്പ് വിനോദങ്ങളില്‍ത്തന്നെ ഒടുങ്ങാനാകും പാര്‍ട്ടി വിധി.
24.47°C








