Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഉത്തർപ്രദേശും ബിഹാറും അതിർത്തിയിലെ ഏഴു ഗ്രാമങ്ങൾ വീതം പരസ്പരം കൈമാറും. ഗതാഗത, ഭരണ സൗകര്യങ്ങൾ കണക്കിലെടുത്താണ് ഗ്രാമങ്ങൾ കൈമാറാനുള്ള തീരുമാനം. ഇതിനായുള്ള നിർദേശം ഇരു സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി സമർപ്പിക്കും.
യുപി–ബിഹാർ അതിർത്തികളിലുള്ള ചില ഗ്രാമങ്ങളിലേക്കു പോകാൻ പരസ്പരം സംസ്ഥാന അതിർത്തി കടക്കേണ്ട അസൗകര്യം ഒഴിവാക്കാനാണ് ഗ്രാമങ്ങൾ കൈമാറുന്നത്. യുപിയിലെ കുശിനഗർ ജില്ലയിലെ ഗ്രാമങ്ങളും ബിഹാറിലെ പശ്ചിമ ചമ്പാരൻ ജില്ലയിലെ ഗ്രാമങ്ങളുമാണു കൈമാറാനുള്ള പട്ടികയിലുള്ളത്.
ബിഹാറിലെ ബൈറിസ്ഥാൻ, മഝരിയ, മഝരിയ ഖാസ്, ശ്രീപദ്നഗർ, നൈനഹാ, ഭൈസഹി, കതകി ഗ്രാമങ്ങൾ യുപിക്കു നൽകും. പകരം യുപിയിലെ മർഛഹവ, നരസിംഹപുർ, ശിവപുർ, ബാൽഗോവിന്ദ്, ബസന്ത്പുർ, ഹരിഹർപുർ, നരൈനപുർ ഗ്രാമങ്ങൾ ബിഹാറിന്റേതാകും.
സെപ്റ്റംബറിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ജനങ്ങളുമായി സംവദിക്കുന്ന ജനതാ ദർബാർ പരിപാടിയിൽ പങ്കെടുത്ത റിട്ട. അധ്യാപകൻ, തന്റെ ഗ്രാമം യുപിയോടു ചേർക്കണമെന്ന അപേക്ഷ സമർപ്പിച്ചിരുന്നു. തന്റെ ഗ്രാമം യുപി കുശിനഗർ ജില്ലയിലെ പ്രദേശങ്ങളാൽ ചുറ്റപ്പെട്ടിരിക്കുകയാണെന്നും മുഖ്യമന്ത്രിയെ ബോധിപ്പിച്ചു.
ചില ഗ്രാമങ്ങളിലേക്കു പോകാൻ യുപി അതിർത്തി കടക്കേണ്ടി വരുന്നതു ബുദ്ധിമുട്ടാണെന്നും വികസന പദ്ധതികൾ നടപ്പാക്കാൻ പ്രയാസമാണെന്നും ഉദ്യോഗസ്ഥരും സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു. ഇതേത്തുടർന്നാണ് ഇരു സംസ്ഥാന സർക്കാരുകളും കൂടിയാലോചിച്ചു ഗ്രാമങ്ങൾ പരസ്പരം കൈമാറാൻ തീരുമാനിച്ചത്.
28.54°C








