Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:24 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 മൂന്നാറില്‍ ലോക്കല്‍ സെക്രട്ടറിയെ കൊല്ലാന്‍ സി.ഐ.ടി.യു നേതാവ് ക്വട്ടേഷന്‍ കൊടുത്തെന്ന പരാതി അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച് സി.പി.ഐ.എം. മൂന്നാറില്‍ ചേര്‍ന്ന സി.പി.ഐ.എം ഏരിയ കമ്മിറ്റിയാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്.

പത്ത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പാര്‍ട്ടി നിര്‍ദ്ദേശം. ഇടുക്കി ജില്ലാ കമ്മിറ്റി അംഗം കെ.രാജേന്ദ്രന്‍, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എ.രാജ, മൂന്നാര്‍ ഏരിയ കമ്മിറ്റി അംഗം മഹേഷ് കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

കഴിഞ്ഞ ദിവസമാണ് സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറിയെ കൊല്ലാന്‍ സി.ഐ.ടി.യു നേതാവ് ക്വട്ടേഷന്‍ നല്‍കിയെന്ന് വെളിപ്പെടുത്തലുമായി യുവാവ് രംഗത്തെത്തിയത്.

മൂന്നാര്‍ ഏരിയാ കമ്മിറ്റിക്കുകീഴിലുള്ള ലോക്കല്‍ സെക്രട്ടറിയെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം കൊല്ലാന്‍ അഞ്ചുലക്ഷം രൂപയ്ക്ക് സി.ഐ.ടി.യു. നേതാവ് ക്വട്ടേഷന്‍ നല്‍കിയെന്നായിരുന്നു യുവാവിന്റെ വെളിപ്പെടുത്തല്‍.

അഞ്ച് ലക്ഷം രൂപയ്ക്കാണ് തനിക്ക് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് യുവാവ് പറഞ്ഞത്. ചൊക്കനാട് സ്വദേശിയും നിരവധി കേസുകളിലെ പ്രതിയുമായ യുവാവ് മൂന്നാര്‍ ഏരിയാ കമ്മിറ്റി ഓഫീസില്‍ മുതിര്‍ന്ന നേതാക്കളുടെ മുമ്പിലായിരുന്നു സംഭവം വെളിപ്പെടുത്തിയത്.

യുവാവിന്റെ വെളിപ്പെടുത്തല്‍ വീഡിയോ ആയി പുറത്ത് എത്തുകയായിരുന്നു. സി.ഐ.ടി.യു നേതാവും യുവാവും പിണങ്ങിയതോടെയാണ് സംഭവം ഏരിയാ കമ്മറ്റിയില്‍ എത്തിയത്.

നേരത്തെ യുവാവിനെ ഒരു തട്ടിപ്പുകേസില്‍ മൂന്നാര്‍ എസ്.ഐയുടെ നേതൃത്വത്തില്‍ പാലക്കാടുനിന്ന് അറസ്റ്റുചെയ്തിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യരുതെന്ന് സി.ഐ.ടി.യു നേതാവ് പറഞ്ഞത് കേള്‍ക്കാതെയായിരുന്നു പൊലീസ് യുവാവിനെ പിടികൂടിയത്. തുടര്‍ന്ന് തന്നെ എസ്.ഐ മര്‍ദിച്ചുവെന്നാരോപിച്ച് പ്രതി ചികിത്സ തേടിയിരുന്നു.

ഇതോടെ എസ്.ഐ അടക്കം മൂന്നുപേരെ ജില്ലാ പോലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തു. ഈ കേസില്‍ ഒത്തുതീര്‍പ്പായി മൂന്ന് ലക്ഷം രൂപ സി.ഐ.ടി.യു നേതാവിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ യുവാവിന് നല്‍കാന്‍ പൊലീസുകാര്‍ സമ്മതിച്ചിരുന്നു.

ഇതിന്റെ ആദ്യഘട്ടമായി 1.80 ലക്ഷം രൂപ നല്‍കി. ബാക്കി തുകയ്ക്കായി യുവാവ് ഓഗസ്റ്റ് മാസത്തില്‍ ഉദ്യോഗസ്ഥരെ സമീപിച്ചപ്പോഴാണ് സി.ഐ.ടി.യു. നേതാവിന്റെ വശം 1.20 ലക്ഷം നല്‍കിയതായി അറിഞ്ഞത്.

തുടര്‍ന്ന് നേതാവിനെ യുവാവ് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെയാണ് ഏരിയാ കമ്മിറ്റി ഓഫിസിലെത്തി തന്നെ പറ്റിച്ച വിവരവും ലോക്കല്‍ സെക്രട്ടറിയെ കൊല്ലാന്‍ തനിക്ക് ക്വട്ടേഷന്‍ നല്‍കിയ വിവരവും വെളിപ്പെടുത്തിയത്.

സംഭവം കേട്ടുനിന്ന പ്രവര്‍ത്തകരിലൊരാള്‍ ഇതിന്റെ വീഡിയോ എടുത്ത് ബന്ധപ്പെട്ടവര്‍ക്ക് അയച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. സംഭവം സംബന്ധിച്ച് ലോക്കല്‍ സെക്രട്ടറി വീഡിയോ ഉള്‍പ്പെടെ സി.പി.ഐ.എം. പോളിറ്റ് ബ്യൂറോ, സംസ്ഥാന സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.

സര്‍ക്കാര്‍ ഭൂമി കൈയേറി 20 പ്ലോട്ടുകള്‍ സ്വകാര്യ വ്യക്തികള്‍ക്ക് വിറ്റ സംഭവം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി കമ്മിറ്റിയില്‍ ചര്‍ച്ച നടത്തുകയും നടപടി ആവശ്യപ്പെട്ട് മേല്‍ കമ്മിറ്റികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിലാണ് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നായിരുന്നു വെളിപ്പെടുത്തല്‍.

Readers Comment

Add a Comment