Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോവിഡ് 19 കണ്ടെത്തുന്നതിന് നടത്തുന്ന ആന്റിജന്‍ ടെസ്റ്റിനെ കുറിച്ച് ചില തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുന്നുവെന്ന് ഡോക്ടര്‍ ബി. ഇഖ്ബാല്‍. ആന്റിജന്‍ ടെസ്റ്റിന് അരമണിക്കൂര്‍ സമയം മതി, ടെസ്റ്റ് നടത്തുന്നിടത്ത് വച്ച് തന്നെ ഫലവും അറിയാന്‍ പറ്റുമെന്നാണ് ഇതിന്റെ പ്രത്യേകതയെന്ന് ഇഖ്ബാല്‍ പറയുന്നു. കോവിഡ് രോഗ നിര്‍ണ്ണയത്തിനായി പി സി ആര്‍, ആന്റി ജന്‍, ആന്റിബോഡി എന്നിങ്ങനെ പലതരം ടെസ്റ്റുകളുണ്ടെന്നും ഇവക്കോരൊന്നിനും അതിന്റേതായ പ്രാധാന്യവും പ്രസക്തിയുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ടെസ്റ്റുകളുടെ ശാസ്ത്ര തത്വം മനസ്സിലാക്കി എല്ലാവരും സഹകരിക്കണമെന്നും തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ബി. ഇഖ്ബാല്‍ ആവശ്യപ്പെടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ആന്റിജന്‍ ടെസ്റ്റിനെ പറ്റി ചില തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുന്നതായി അറിയാന്‍ കഴിഞ്ഞു
കോവിഡ് രോഗ നിര്‍ണ്ണയത്തിനായി പി സി ആര്‍, ആന്റി ജന്‍, ആന്റിബോഡി എന്നിങ്ങനെ പലതരം ടെസ്റ്റുകളുണ്ട്. ഇവക്കോരൊന്നിനും അതിന്റേതായ പ്രാധാന്യവും പ്രസക്തിയുമുണ്ട്.
കോവിഡിന് കാരണമായ കൊറോണ വൈറസിന് പ്രധാനമായും രണ്ട് ഘടകങ്ങളാണുള്ളത്. ന്യൂക്ലിക്ക് ആസിഡ് എന്ന ഉള്‍ ഭാഗവും പ്രോട്ടിന്‍ എന്ന പുറം ഭാഗവും. പി സി ആര്‍ ടെസ്റ്റ് ന്യൂക്ലിയിക്ക് ആസിഡ് ഭാഗവും ആന്റിജന്‍ ടെസ്റ്റ് പ്രോട്ടീന്‍ ഭാഗവുമാണ് ടെസ്റ്റ് ചെയ്യുന്നത്. രണ്ടും ഒരു പോലെ രോഗ നിര്‍ണ്ണയത്തിന് സഹായകരമാണ്. എന്നാല്‍ പി സി ആര്‍ ടെസ്റ്റ് ചെയ്ത് റിസള്‍ട്ട് കിട്ടാന്‍ 4 മുതല്‍ ആറു മണിക്കൂര്‍ വരെ സമയം വേണ്ടിവരും. പ്രത്യേകമായി സജ്ജീകരിച്ച ലാബുകളുടെയും യന്ത്രങ്ങളുടെയും സഹായവും വേണം.ആന്റിജന്‍ ടെസ്റ്റിന് അരമണിക്കൂര്‍ സമയം മതി. ടെസ്റ്റ് നടത്തുന്നിടത്ത് വച്ച് തന്നെ ഫലവും അറിയാന്‍ പറ്റും. ലാബറട്ടറിയില്‍ അയക്കേണ്ടതുമില്ല.
രണ്ടിനും ചില പരിമിതികളുമുണ്ട്. രോഗം ഭേദമായി കഴിഞ്ഞാലും ചിലരില്‍ പി സി ആര്‍ ടെസ്റ്റ് പോസിറ്റീവ് ആയെന്ന് വരാം. വൈറസിന്റെ ചില ഭാഗങ്ങള്‍ തുടര്‍ന്നും പുറത്ത് വരുന്നത് കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്താല്‍ നെഗറ്റീവായിരിക്കും. അത് പോലെ രോഗലക്ഷണമുള്ളവരില്‍ ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവായാല്‍ പോലും ഒരു സുരക്ഷക്ക് വേണ്ടി പിസി ആര്‍ ടെസ്റ്റ് നടത്താറുമുണ്ട്.
ഇത് പോലെ ആന്റിബോഡീ ടെസ്റ്റുമുണ്ട്. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന ആന്റി ബോഡീ (പ്രതി വസ്തു) പരിശോധിക്കാനാണ് ആന്റിബോഡി ടെസ്റ്റ് ചെയ്യുന്നത്. പ്രധാനമായും രോഗവ്യാപനം സമൂഹത്തിലോ ഒരു വിഭാഗത്തിലോ സംഭവിച്ചിട്ടുണ്ടോ എന്നറിയാനാണ് ആന്റി ബോഡി ടെസ്റ്റ് ചെയ്യുന്നത്. ആന്റിബോഡി ടെസ്റ്റ് ചെയ്ത് ഐ ജി എം എന്ന പ്രതിവസ്തൂ കണ്ടാല്‍ രോഗമുണ്ടെന്ന് സൂചന ലഭിക്കും അവര്‍ക്ക് പി സി ആര്‍ ടെസ്റ്റോ ആന്റി ജന്‍ ടെസ്റ്റോ നടത്തേണ്ടിവരും. രോഗലക്ഷണം കണ്ടിട്ട് ഏതാനും ദിവസം കഴിഞ്ഞു മാത്രമേ ഐജി എം പ്രത്യക്ഷപ്പെടൂ എന്ന പരിമിതിയുണ്ട്. ഐ ജി ജി പ്രതിവസ്തു കണ്ടാല്‍ രോഗം ഭേദമായെന്നാണ് അര്‍ത്ഥം.
ആന്റിജന്‍ ടെസ്റ്റ് വന്നതോടെ രോഗം കണ്ടെത്തുക എളുപ്പമായിട്ടുണ്ട്. കോവിഡ് സ്‌ക്രീനിങ്ങിനായി ആന്റിജന്‍ ടെസ്റ്റ് ആണ് പരക്കെ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. വൈറസിന്റെ പുറംപാളിയിലുള്ള മാംസ്യ (പ്രോട്ടീന്‍) തന്മാത്രകളെ രോഗിയാകാന്‍ സാധ്യതയുള്ള ആളുകളുടെ സ്രവത്തില്‍ കണ്ടെടുക്കുകയാണ് ഈ ടെസ്റ്റ് വഴി ചെയ്യുന്നത്. കോവിഡ് - 19 പ്രാഥമികമായി ശ്വസനവ്യവസ്ഥയെയാണ് ബാധിക്കുന്നത് എന്നതിനാല്‍ മൂക്കിന്റെ പിന്‍ ഭാഗത്തും തൊണ്ടയിലും ആയിരിക്കും വൈറസിന്റെ സാന്നിദ്ധ്യം കൂടുതല്‍ കാണുന്നത്. അതിനാല്‍ ഈ ഭാഗങ്ങളിലുള്ള സ്രവമാണ് പരിശോധനക്ക് എടുക്കുന്നത്. വളരെ കുറച്ച് വൈറസുകള്‍ മാത്രമേ ഉള്ളൂ എങ്കില്‍ ടെസ്റ്റ് നെഗറ്റീവ് ആകാമെങ്കിലും രോഗികള്‍ അല്ലാത്തവര്‍ പോസിറ്റീവ് ആകാനുള്ള സാധ്യത വിരളമാണ്. . RT PCR എന്ന പരിശോധനക്ക് റിസള്‍ട്ട് വരാന്‍ സമയം കൂടുതല്‍ എടുക്കും എന്നതും സമൂഹത്തില്‍, ഫീല്‍ഡില്‍ വച്ചു തന്നെ റിസള്‍ട്ട് കിട്ടണമെന്നതും കണക്കിലെടുക്കുമ്പോള്‍ ആന്റിജന്‍ ടെസ്റ്റാണ് ഏറ്റവും നല്ല സ്‌ക്രീനിങ് ടെസ്റ്റ് .
ഇവക്ക് പുറമേ പി സി ആര്‍ ടെസ്റ്റിനു സമാനമായ ട്രൂനാറ്റ്, ജെന്‍ എക്‌സ്പ്രസ്സ് എന്നീ ടെസ്റ്റുകളുമുണ്ട്. ഇവ ഉപയോഗിച്ചാല്‍ 30-45 മിനിട്ട് കൊണ്ട് റിസള്‍ട്ട് കിട്ടും. എന്നാല്‍ ഒരു മെഷീനില്‍ ചെയ്യാവുന്ന ടെസ്റ്റുകള്‍ക്ക് പരിമിതിയുണ്ട്. ശസ്ത്രക്രിയക്ക് മുന്‍പ് സ്‌ക്രീനിംഗിനായിട്ടാണു ഇത്തരം ടെസ്റ്റുകള്‍ ചെയ്യുന്നത്.
ടെസ്റ്റുകളുടെ ശാസ്ത്ര തത്വം മനസ്സിലാക്കി എല്ലാവരും സഹകരിക്കണമെന്ന് താല്പര്യപ്പെടുന്നു
29.68°C







