Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ലോകത്തിലെ സർവ്വചരാചരങ്ങളുടെയും നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ് മഴ . മഴയെ ഇഷ്ടപ്പെടുന്നതോടൊപ്പം പേടിയുള്ളവരും ആണ് നമ്മിൽ ഭൂരിഭാഗം പേരും. മഴക്കാല രോഗങ്ങളാണ് ഈ പേടിയുടെ ആധാരം. രോഗാണുക്കൾ പെറ്റുപെരുകാനുള്ള സാഹചര്യങ്ങൾ മഴക്കാലത്ത് കൂടുതലാകുന്നു എന്നതിനാൽ രോഗങ്ങൾ കൂടുതലായി ഉണ്ടാകുകയും വളരെ എളുപ്പത്തിൽ പടരുകയും ചെയ്യുന്നു. ഇക്കാലത്ത് പലവിധ മാലിന്യങ്ങളും വഹിച്ചുകൊണ്ട് ഒഴുകുന്ന വെള്ളവും പലപ്പോഴും ജനങ്ങളെ പേടിപ്പെടുത്തുന്നു. രോഗാണുക്കളാണ് രോഗം പരത്തുന്നത് എന്നുപറയാമെങ്കിലും രോഗാണുക്കൾ വളരാനുള്ള സാഹചര്യം ഒരുക്കുന്നത് പലപ്പോഴും മനുഷ്യർ തന്നെയാണ്. അതുകൊണ്ട് തന്നെ രോഗം പരത്തുന്നതിൽ രോഗാണുക്കളേക്കാൾ പ്രഥമസാധ്യത മാലിന്യങ്ങൾക്ക് തന്നെയാണ്. ഈർപ്പമുള്ള വായുവിലൂടെയും രോഗാണുസാധ്യത കൂടുന്നു. നമ്മുടെ ചെറിയ ഒരു അശ്രദ്ധ മതി രോഗങ്ങൾ ഉണ്ടാകാൻ.
വിവിധതരം മഴക്കാല രോഗങ്ങള്‍ ഏതെല്ലാമെന്ന് നമ്മുക്ക് നോക്കാം
കാലാവസ്ഥ വ്യതിയാനം ശ്വാസകോശത്തെയും ദഹനവ്യവസ്ഥയെയും ആണ് ആദ്യം ബാധിക്കുന്നത്. ശ്വാസകോശങ്ങൾക്കുള്ള സ്വയം സംരക്ഷണ മാർഗ്ഗങ്ങളാണ് തുമ്മലും ചുമയും ഒക്കെ. ചുമക്കുമ്പോഴും തുമ്മുമ്പോഴും രോഗാണുക്കൾ വായുവിലേക്ക് പടർന്ന് മറ്റുള്ളവർക്കും രോഗം ബാധിക്കാതിരിക്കാൻ മുൻകരുതലുകൾ എടുക്കേണ്ടതാണ്. പലപ്പോഴും ചെറിയ ചുമക്കും തുമ്മലിനും മരുന്ന് കഴിച്ച് അടിച്ചമർത്തുന്നതു വഴി ശ്വാസം മുട്ടുണ്ടാകാറുണ്ട്. ഇത്തരം രോഗങ്ങൾ ഗുരുതരമാകുന്നതിന് കാരണം രോഗപ്രതിരോധ ശേഷി ഇല്ലാത്തതിനാലാണ്.
തുമ്മലും ചുമയും കുറയാനും നെഞ്ചിലെ കഫക്കെട്ട് കുറയാനും മുഖത്തും നെഞ്ചിനും ആവി പിടിക്കുന്നത് ആശ്വാസകരമാകുന്നു. ചുക്ക് കഷായം വച്ചുകുടിക്കുന്നതും നല്ലത് തന്നെ. കൃഷ്ണ തുളസിനീരിൽ തേൻ ചേർത്ത് വെറും വയറ്റിൽ കുടിക്കുന്നത് കഫശല്യം കുറക്കുന്നു.
വൈറൽ പനി: മഴക്കാലത്ത് ഏറ്റവും കൂടുതലായി കാണപ്പെടുന്ന പനികളിലെ പ്രധാനിയാണ് വൈറൽ പനി. വായുവിലൂടെയാണിത് പകരുന്നത്. പലതരം വൈറസുകളാൽ വൈറൽപനി ഉണ്ടാകുന്നു.ശക്തമായ പനി, ജലദോഷം, മൂക്കടപ്പ്, തൊണ്ടവേദന, ശരീരവേദന, തലവേദന, ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയവയാണ് വൈറൽ പനിയുടെ മുഖ്യലക്ഷണങ്ങൾ.പനി ഒരു രോഗമല്ലെന്നും മറിച്ച് രോഗലക്ഷണം മാത്രമാണെന്നും ശരീരം സ്വയം സൃഷ്ടിക്കുന്ന ഒരു പ്രതിരോധ മാർഗം മാത്രമാണ് പനി എന്നതും മനസ്സിലാക്കിക്കൊണ്ട് തുറസ്സായ അന്തരീക്ഷത്തിൽ വളരെ ലഘുവായ ഭക്ഷണം മാത്രം കഴിച്ച് പൂർണ്ണമായ വിശ്രമത്തിലൂടെ മാറ്റിയെടുക്കാവുന്നതാണ്.
ടൈഫോയിഡ്: 'സാൽമൊണെല്ല ടൈഫി' എന്ന ബാക്ടീരിയ അണുബാധയെത്തുടർന്നാണ് ടൈഫോയിഡ് ഉണ്ടാകുന്നത്. ലോകം മുഴുവനായി കാണപ്പെടുന്ന ഒരു പകർച്ച വ്യാധിയാണിത്. ക്രമേണ വർദ്ധിച്ചുവരുന്ന പനി, തലവേദന, വയറുവേദന, ക്ഷീണം, വയറിളക്കം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. വെള്ളത്തിലൂടേയും ഭക്ഷണത്തിലൂടെയും ആണ് ഇത് പകരുന്നത്.
ടൈഫോയിഡ് തടയാനുള്ള പ്രതിരോധ മാർഗ്ഗങ്ങളാണ് പൊതുസ്ഥലങ്ങളിലെ ശുചിത്വവും വ്യക്തിശുചിത്വവും. ആഹാരത്തിന് മുന്പ് നന്നായി കൈകഴുകുന്നതും ശ്രദ്ധയോടുകൂടിയ ഭക്ഷണരീതിയും ഈ ശുചിത്വത്തിൽപെടുന്നു. മലിനകരമായ സാഹചര്യത്തിലെ ഭക്ഷണം, വെള്ളം എന്നിവ ഒഴിവാക്കുക തന്നെ ചെയ്യുക. ധാരാളം ശുദ്ധജലം കുടിക്കുകയും വേണം.
മഞ്ഞപ്പിത്തം: മഴക്കാലത്ത് വളരെ വേഗത്തിൽ പടർന്നുപിടിക്കുന്നു. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും അകപ്പെടുന്ന മാലിന്യങ്ങളാണ് രോഗത്തിനാധാരം. ക്ഷീണം, കടും മഞ്ഞനിറത്തിലുള്ള മൂത്രം, കണ്ണിൻറെ വെള്ള മുഴുവൻ മഞ്ഞനിറമാകൽ, ത്വക്കിന് മഞ്ഞനിറം, പനി തുടങ്ങിയവ ലക്ഷണങ്ങൾ. മഞ്ഞപ്പിത്തം കരളിനെയാണ് ബാധിക്കുന്നത്. കരൾ സംബന്ധമായ എല്ലാ രോഗങ്ങളിലും പ്രധാന ലക്ഷണം മഞ്ഞപ്പിത്തം തന്നെയാണ്.കരിക്ക്, കഞ്ഞി, സൂപ്പ് തുടങ്ങിയ ലഘുവായ ഭക്ഷണങ്ങൾ മാത്രം ഈ സമയങ്ങളിൽ കഴിക്കാം. കീഴാർനെല്ലി അരച്ചു കുടിക്കുന്നത് എല്ലാ കരൾ രോഗങ്ങൾക്കും നല്ലതുതന്നെയാണ്. ഉദരസ്നാനം ചെയ്യുന്നതും നല്ലതാണ്. മഴയില്ലാത്തപ്പോൾ ഇളംവെയിൽ കൊള്ളുന്നത് നന്നായിരിക്കും
ഡെങ്കിപ്പനി: ഡെങ്കിപ്പനി പരത്തുന്നത് കൊതുകാണ്. പനി, ശരീരവേദന, സന്ധിവേദന, ശരീരം ചുകന്നുതടിക്കൽ തുടങ്ങിയവയാണ് ലക്ഷണങ്ങൾ. എല്ലു നുറുങ്ങുന്ന വേദന അനുഭവപ്പെടുന്നതുകൊണ്ട് ഈ രോഗം 'ബ്രേക്ക് ബോൺ ഫീവർ' എന്ന പേരിലും അറിയപ്പെടുന്നു. മൂന്ന് നാല് ദിവസത്തെ ശക്തമായ പനിക്കുശേഷം ഏതാനും നാൾ രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാതിരിക്കുകയും വീണ്ടും പനി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നത് ഈ രോഗത്തിൻറെ പ്രത്യേകതാണ്.കൊതുകിനെ പ്രതിരോധിക്കുകയാണ് രോഗം തടയാനുള്ള മാർഗ്ഗം. കൊതുക് മുട്ടയിടുന്ന വെള്ളക്കെട്ടുകൾ ഒഴിവാക്കുക, കൊതുകു വല ഉപയോഗിക്കുക തുടങ്ങിയ മാർഗ്ഗങ്ങൾ സ്വീകരിക്കാം. രോഗമുള്ളപ്പോൾ പപ്പായ ഇലയുടെ നീര് കഴിക്കുന്നത് നല്ലതാണ്.
ഇപ്പോൾ നമ്മൾ പറഞ്ഞ എല്ലാ മഴക്കാല രോഗങ്ങളുടെയും പ്രധാന കാരണങ്ങൾ ശുചിത്വമില്ലായ്മയും പ്രതിരോധ ശേഷിക്കുറവും തന്നെയാണ്. മഴക്കാലത്ത് പരിസരപ്രദേശങ്ങളിൽ വെള്ളം കെട്ടിനിൽക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക, ഈറൻ വസ്ത്രങ്ങൾ തുടർച്ചയായി ഉപയോഗിക്കുന്ന ശീലം ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളിലുള്ള ശ്രദ്ധ പലപ്പോഴും രോഗസാഹചര്യങ്ങൾ കുറക്കുന്നു.
പരിസര ശുചീകരണവും വ്യക്തി ശുചിത്വവും, കൊതുകു നിർമ്മാർജ്ജനം, പഴകിയതും തണുത്തതുമായ ഭക്ഷ്യപദാർത്ഥങ്ങൾ ഒഴിവാക്കൽ, പുറത്ത് നിന്നുള്ള ഭക്ഷണം, കൃത്രിമ ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ്, എണ്ണയിൽ വറുത്തതും പൊരിച്ചതും ബേക്കറി സാധനങ്ങൾ, അമിത ഉപ്പ്, അമിത മസാലകൾ തുടങ്ങിയവ ഒഴിവാക്കൽ, വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കൽ, ശുദ്ധജലം മാത്രം കുടിക്കൽ ,ദിവസവും കുറഞ്ഞത് അരമണിക്കൂർ വ്യായാമം ചെയ്യൽ ,ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ മഴക്കാല രോഗങ്ങളെ നമുക്ക് നിസ്സംശയം നേരിടാവുന്നതാണ്.
29.68°C







