Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പണ്ടേയ്ക്കു പണ്ടേയുള്ള ഒരു ആക്ഷേപമുണ്ട്. മീന്‍ കയറ്റി വരുന്ന ലോറികളില്‍ ലോഡിനു മുകളിലിരുന്നു വരുന്ന മത്സ്യത്തൊഴാലാളി സ്ത്രീകള്‍ വെളുപ്പാന്‍കാലത്ത് അതിനു മുകളില്‍ നിരന്നിരുന്ന് മൂത്രവിസര്‍ജ്ജനം നടത്തും! കാര്യം സാധിക്കാന്‍ ലോറി നിറുത്തിക്കൊടുക്കാത്തതുകൊണ്ടല്ല, മീന്‍ കേടാകാതിരിക്കാന്‍ ഉപ്പു വിതറുന്നതിന്റെ പതിന്മടങ്ങ് ഫലം ചെയ്യും ഈ യൂറിന്‍ വിദ്യ. പകല്‍നേരത്ത് മതിയായത്ര വെള്ളം കുടിക്കാന്‍ സാവകാശമില്ലാത്തവരുടെ മൂത്രത്തില്‍ യൂറിന്‍ സാള്‍ട്ടിന്റെ അളവ് സാന്ദ്രീകൃത നിലയിലായിരിക്കുകയും ചെയ്യും. അങ്ങനെ ഒരു ചൂണ്ടയില്‍ രണ്ടു മീന്‍. നമ്പര്‍ വണ്ണും നടക്കും, ഉത്പന്നം ഫ്രെഷ് ആയി ഇരിക്കുകയും ചെയ്യും.
ഈ പ്രാകൃത സംരക്ഷണവിദ്യയൊക്കെ പുതിയ വിദ്യകളുടെ കാലത്ത് എന്ത്!ലോകവ്യാപകമായി മത്സ്യം കേടുവരാതെ സൂക്ഷിക്കാന്‍ പ്രയോഗിക്കുന്ന രാസവിദ്യയാണ് ഫോര്‍മാലിന്‍ പ്രയോഗം. ഫോര്‍മാല്‍ഡിഹൈഡ് 40 ശതമാനവും വെള്ളം 60 ശതമാനവും- അതാണ് ഫോര്‍മാലിന്‍. ലായനിയില്‍ ഫോര്‍മാലിന്റെ ഡോസ് കൂടുന്തോറും ഇഫക്ടും കൂടും. അതിനനുസരിച്ച് അപകടസാദ്ധ്യതയും. മോര്‍ച്ചറികളില്‍ മൃതശരീരങ്ങള്‍ അഴുകിപ്പോകാതെ സൂക്ഷിക്കാനുള്ള രാസലായനിയാണ് ഫോര്‍മാലിന്‍. അത്രയും അറിയുമ്പോള്‍ അതിന്റെ വീര്യം പിടികിട്ടുമല്ലോ- അളവിലധികം ശരീരത്തിനകത്തു ചെന്നാല്‍ ക്യാന്‍സറിന് വഴിവച്ചേക്കാവുന്ന വില്ലന്‍.
ഈ ഫോര്‍മാലിനില്‍ മുങ്ങിയാണ് അന്യസംസ്ഥാനങ്ങളില്‍ നിന്ന് ലോറികളില്‍ നമുക്കു കഴിക്കാനുള്ള മത്സ്യസമ്പത്തിന്റെ വരവ്. അഞ്ചു ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവില്‍ സൂക്ഷിച്ചില്ലെങ്കില്‍ മീന്‍ ചീത്തയായിപ്പോകും. നമ്മുടെ നാടന്‍ മാര്‍ക്കറ്റിലേക്ക് മീന്‍ലോഡ് എത്തുന്നത് മത്സ്യബന്ധനം കഴിഞ്ഞ് പലപ്പോഴും എട്ടോ പത്തോ ദിവസങ്ങളോ ചിലപ്പോള്‍ ആഴ്ചകളോ കഴിഞ്ഞാണെന്ന് എത്ര പേര്‍ക്കറിയാം? ആഴക്കടല്‍ മത്സ്യബന്ധനത്തിനു പോകുന്ന ബോട്ടുകള്‍ ഒരാഴ്ച പിന്നിട്ടായിരിക്കും നിറയെ മത്സ്യവുമായി തീരമടുക്കുന്നതു തന്നെ. അവിടെ നിന്ന് ഗോഡൗണിലേക്കും രണ്ടു ദിവസം കഴിഞ്ഞ് ലോറിയിലേക്കും അതില്‍ക്കിടന്ന് ദീര്‍ഘയാത്ര പിന്നിട്ട് മാര്‍ക്കറ്റിലേക്കും പിന്നെ നമ്മുടെ തീന്‍മേശയിലേക്കും എത്തുമ്പോള്‍ ദിവസമെത്ര കഴിഞ്ഞിരിക്കും!
ഫോര്‍മാലിന്‍ ലായനിയിലും അമോണിയത്തിലും മുങ്ങിയെത്തുന്ന മത്സ്യം ഐസ് കട്ടകളിട്ട് സൂക്ഷിക്കുന്നതായിരുന്നു പഴയ രീതി. ഇപ്പോള്‍ മീനിലിടാനുള്ള ഐസ് നിര്‍മ്മിക്കുന്നതു തന്നെ ഫോര്‍മാലിന്‍ ലായനികൊണ്ടാണ്. ദിവസങ്ങളോളം ഫോര്‍മാലിന്‍ സമ്പര്‍ക്കത്തിലാകുന്ന മത്സ്യത്തിനകത്ത് സ്വാഭാവികമായും ഫോര്‍മാല്‍ഡിഹൈഡ് അംശം അധികമായിരിക്കും. ദിവസമെത്ര കഴിഞ്ഞാലും കണ്ടാല്‍ ചെകിളപ്പൂവിലെ ചോരമയം പോലും പോകാത്തത്ര ചുവപ്പോടെ മീന്‍തരങ്ങള്‍ മാര്‍ക്കറ്റില്‍ നിരക്കുന്നതിനു പിന്നില്‍ വിഷമയമായ രാസപദാര്‍ത്ഥങ്ങളുടെ വിളയാട്ടം തന്നെ.
ഇത്തരം വിഷമത്സ്യങ്ങളുടെ വരവും വിപണനവും തടയാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം നടത്തിയ റെയ്ഡ് ആണ് ഓപ്പറേഷന്‍ സാഗര്‍ റാണി. അപകടകരമായ അളവില്‍ ഫോര്‍മാലിന്‍ അടങ്ങിയ പതിനായിരക്കണക്കിന് കിലോഗ്രാം മത്സ്യം അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ പിടിച്ചു. നല്ല കാര്യം. ഓപ്പറേഷന്റെ പിറ്റേന്നു തന്നെ വീണ്ടും അതേ മത്സ്യം, അതേ ലോറിയില്‍, അതോ റൂട്ടിലൂടെ കേരളത്തിലെത്തി. അതാണ് കോടികള്‍ മറിയുന്ന മീന്‍വിപണിയിലെ ഒത്തുകച്ചവടം. പരിശോധന നടത്തേണ്ട ഉദ്യോഗസ്ഥര്‍ക്കു വരാനുള്ളത് പ്രതിമാസം കൃത്യമായി എത്തുമ്പോള്‍ പരിശോധന പ്രഹസനമാകും. അല്ലെങ്കില്‍ത്തന്നെ, മാധ്യമങ്ങളുടെയും നാട്ടുകാരുടെയും കണ്ണില്‍ പൊടിയിടാന്‍ നടത്തുന്ന പരിശോധനകളല്ലാതെ സംസ്ഥാനത്ത് ഇത്തരം മുന്‍കരുതലുകള്‍ എവിടെ നടക്കുന്നു? അതിന് എന്തു ലബോറട്ടറി സംവിധാനമുണ്ട്, നമുക്ക്?
മത്സ്യങ്ങള്‍ വിഷമയമായപ്പോള്‍ ചിക്കനിലേക്കു തിരിഞ്ഞവര്‍ക്ക് വിനയാകുന്നത്, കോഴിക്കുഞ്ഞുങ്ങളില്‍ കുത്തിവയ്ക്കുന്ന കൃത്രിമ വളര്‍ച്ചാ ഹോര്‍മോണുകളാണ്. മനുഷ്യരിലും മൃഗങ്ങളിലും കാണുന്ന സ്വാഭാവിക വളര്‍ച്ചാ ഹോര്‍മോണുകള്‍ മൂന്നെണ്ണമാണ്- ഈസ്ട്രജന്‍, പ്രൊജസ്റ്ററോണ്‍, ടെസ്‌റ്റോസ്റ്റിറോണ്‍. ഇവയ്ക്കു പുറമേ കൃത്രിമമായി ഉത്പാദിപ്പിച്ചെടുത്തിട്ടുള്ള രണ്ട് ഗ്രോത്ത് ഹോര്‍മോണുകളാണ് സെറാനോള്‍, ട്രെന്‍ബലോണ്‍ അസറ്റേറ്റ് എന്നിവ. കാലികളില്‍ ഈ വളര്‍ച്ചാ ഹോര്‍മോണുകളുടെ പ്രയോഗം അനുവദിച്ചിട്ടുണ്ടെങ്കിലും കോഴിവളര്‍ത്തലില്‍ നിയമവിരുദ്ധമാണ്. പക്ഷേ, കൃത്രിമ വളര്‍ച്ചാ ഹോര്‍മോണുകളുടെ അപകടഭാരവും പേറിയാണ് കോഴിയിറച്ചിയുടെ വരവെന്ന് മറന്നുപോകരുത്.
സെറാനോള്‍ ഉള്‍പ്പെടെ കൃത്രിമ വളര്‍ച്ചാ ഹോര്‍മോണുകള്‍ കുത്തിവയ്ക്കുന്ന കോഴിയിറച്ചി പതിവായി ഭക്ഷിക്കുന്നവരില്‍ അധിക റിസ്‌ക് സ്ത്രീകള്‍ക്കാണ്. കാരണം, സ്തനാര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് ഉത്തേജനം പകരുന്നതാണ് ഈ വില്ലന്‍ ഹോര്‍മോണ്‍. ഈസ്ട്രജനും പ്രൊജസ്റ്ററോണും സ്ത്രീ ഹോര്‍മോണുകളാണ്. സ്ത്രീശരീരത്തിന്റെ വളര്‍ച്ചയിലും പ്രവര്‍ത്തനങ്ങളിലും നിര്‍ണായക പങ്കു വഹിക്കുന്ന ഈ ഹോര്‍മോണുകള്‍ ചികിത്സാ ആവശ്യങ്ങള്‍ക്കായല്ലാതെ ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. കാരണം, അവയുടെ പാര്‍ശ്വഫലങ്ങള്‍ തന്നെ.
ഇതിന്റെ പല മടങ്ങ് പാര്‍ശ്വഫലങ്ങള്‍ക്ക് ഇടയാക്കുന്നതാണ് കൃത്രിമ വളര്‍ച്ചാ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം. നിരോധിത ഗ്രോത്ത് ഹോര്‍മോണ്‍ കുത്തിവയ്ക്കപ്പെടുന്ന കോഴിക്കുഞ്ഞുങ്ങള്‍ പെട്ടെന്ന് വളര്‍ന്നു, കൊഴുത്ത് വില്പനയ്ക്കു പാകമാകുന്നതു പോലെയാണ് ഈ ഹോര്‍മോണുകള്‍ ശരീരത്തിലെത്തുന്ന പെണ്‍കുട്ടികളുടെ അവസ്ഥയും. ആരോഗ്യവതിയായ പെണ്‍കുട്ടിയില്‍ ശരീരത്തിലെ വളര്‍ച്ചാ ഹോര്‍മോണുകളുടെ ഉത്പാദനവും പ്രവര്‍ത്തനവും കൃത്യമായി നടക്കുമ്പോള്‍, ചിക്കന്‍ വഴി കൃത്രിമ വളര്‍ച്ചാ ഹോര്‍മോണുകള്‍ സ്ഥിരമായി ശരീരത്തിലെത്തിയാല്‍ അത് ആദ്യം പ്രകടമാവുക ശരീരവളര്‍ച്ചയിലായിരിക്കും.
സ്ത്രീശരീരത്തിന്റെ വളര്‍ച്ചയ്ക്ക് സ്വാഭാവികമായൊരു ജൈവപദ്ധതിയുണ്ട്. ആര്‍ത്തവകാലം, സ്തനങ്ങളുടെ വളര്‍ച്ച ആരംഭിക്കുന്ന കാലം, അവ പൂര്‍ണവളര്‍ച്ച കൈവരിക്കുന്ന കാലം, മുലപ്പാല്‍ ചുരത്താന്‍ സ്തനകോശങ്ങള്‍ പാകപ്പെടുന്ന കാലം.... അങ്ങനെ. കൃത്രിമ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം ഈ ജൈവപ്രവര്‍ത്തനത്തെയാകെ താളം തെറ്റിക്കുകയും പെണ്‍കുട്ടികളിലെ ശരീര വളര്‍ച്ച തോന്നുംപടിയാക്കുകയും ചെയ്യും. അത് ആദ്യം പ്രകടമാകുന്നത് സ്തനങ്ങളുടെ അമിത വളര്‍ച്ചയിലും അരക്കെട്ടിന്റെ അമിതവണ്ണത്തിലുമായിരിക്കും. വറുത്തതും പൊരിച്ചതുമായ മാംസവിഭവങ്ങളിലെ അമിത കൊഴുപ്പും, ഉപയോഗിക്കുന്ന എണ്ണയുടെ പഴക്കവും കൂടി ചേരുമ്പോള്‍ നമ്മള്‍ സ്‌നേഹപൂര്‍വം കുട്ടികള്‍ക്ക് നല്‍കുന്ന മാംസവിഭവങ്ങള്‍ യഥാര്‍ത്ഥത്തില്‍ അവരോടു കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയാണെന്ന് അച്ഛനമ്മമാര്‍ മനസ്സിലാക്കുമോ?
പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, മത്സ്യ- മാംസ വിഭവങ്ങള്‍, ഭക്ഷ്യധാന്യങ്ങള്‍.... ഇവയിലെ മായവും മറിമായവും അപകടകരമായ രാസപദാര്‍ത്ഥങ്ങളുടെ അനധികൃത ഉപയോഗവും പരിശോധിക്കാനും നിരോധിക്കുവാനും നിയമങ്ങളും അധികാരികളുമുണ്ട്. എന്നിട്ടും അവര്‍ കൈയുംകെട്ടിയിരിക്കുന്നതെന്ത്? അത് നാളെ വായിക്കുക.
30.82°C







