Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

നിങ്ങൾ ഇപ്പോൾ ഒരു രോഗി ആണെന്ന് ഒരു ഡോക്ടറിൽ നിന്ന് കേൾക്കാൻ ആരും ഇഷ്ടപ്പെടാനിടയില്ല. അങ്ങനെ ഒരു അവസ്ഥ വരുത്തരുതേ എന്നാണ് എല്ലാവരുടെയും പ്രാർത്ഥന. എന്നാൽ കയ്‌പ്പേറിയതാണെങ്കിലും ആ സത്യം കൃത്യസമയത്ത് അറിയാതിരുന്നാൽ, മധുരിക്കുന്ന ചില നുണകൾ കേട്ട് തൃപ്തിപ്പെട്ടാൽ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് എപ്പോഴെങ്കിലും ഓർത്ത് നോക്കിയിട്ടുണ്ടോ? താൻ രോഗിയല്ലെന്ന് അറിഞ്ഞു കഴിഞ്ഞാൽ രണ്ടാമതൊരു പരിശോധനയ്ക്ക് ആരെങ്കിലും മിനക്കെടാറുണ്ടോ? ഇല്ല എന്നാകും ഭൂരിഭാഗം ആളുകളുടെയും ഉത്തരം. എന്നാൽ രോഗപരിശോധനകളെയും രോഗനിർണ്ണയത്തെയും
സംബന്ധിച്ച് ആഗോളതലത്തിൽ അടുത്തിടെ നടന്ന പഠനം ആരോഗ്യരംഗത്തെയാകെ നടുക്കി കളയുന്നതായിരുന്നു. സൊസൈറ്റി ടു ഇമ്പ്രൂവ് ഡയഗ്നോസിസ് ഇൻ മെഡിസിൻ (SIDM) നടത്തിയ പഠനം ആണ് തെറ്റായ രോഗനിർണ്ണയം അഥവാ മെഡിക്കൽ മിസ് ഡയഗ്നോസിസ് എന്ന പ്രശ്നത്തിന്റെ രൂക്ഷത ലോകത്തിന് മുൻപിൽ വെളിപ്പെടുത്തിയത്.
എസ് ഐ ഡി എം പഠനത്തിലൂടെ കണ്ടെത്തിയ ചില കണക്കുകൾ പ്രകാരം അമേരിക്കയിൽ മാത്രം ഓരോ വർഷവും 12 മില്യൺ ആളുകളുടെ രോഗങ്ങൾ തെറ്റിദ്ധരിപ്പിക്കപ്പെടുകയോ തെറ്റായി നിര്ണയിക്കപ്പെടുകയോ കണ്ടെത്താനാകാതിരിക്കുകയോ ചെയ്യുന്നുണ്ട്. നാല്പതിനായിരം മുതൽ എൺപതിനായിരം വരെ ആളുകൾ അമേരിക്കയിൽ മാത്രം ഇത്തരത്തിൽ ഓരോ വർഷവും മരിക്കുന്നുണ്ട്. ആരോഗ്യ രംഗത്തെ വിദഗ്ദർ ഒരു അൽപ്പം കൂടി ജാഗ്രത കാണിച്ചിരുന്നെങ്കിൽ, രോഗികൾ ഒരു തവണ കൂടി സംശയ നിവാരണത്തിനായി രോഗനിർണ്ണയം നടത്തിയിരുന്നെങ്കിൽ രക്ഷപ്പെടുത്തിയെടുക്കാവുന്ന ജീവനുകളായിരുന്നു ഇവയിൽ ഭൂരിഭാഗവും. അമേരിക്ക പോലൊരു വികസിത രാജ്യത്തെ സ്ഥിതി ഇതാണെങ്കിൽ മറ്റ് രാജ്യങ്ങളുടെ കാര്യം ആലോചിക്കാവുന്നതേയുള്ളൂ.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ രോഗനിർണ്ണയത്തിൽ പിഴവുകൾ സംഭവിക്കാൻ 20 മുതൽ 30 ശതമാനം അധിക സാധ്യത ആണുള്ളതെന്ന് പഠനം കണ്ടെത്തുന്നു. യുവാക്കളുടെ കാര്യത്തിൽ പിഴവുകൾ സംഭവിക്കാൻ വയോജനങ്ങളുടേതിനേക്കാൾ സാധ്യത കൂടുതലാണെന്നതാണ് വസ്തുതയെന്നും പഠനം പറയുന്നു. അത്യപകടകാരികളായ വൈറസുകൾ അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ജലദോഷമോ ശരീര വേദനയോ വന്നാൽ പോലും മതിയായ ശ്രദ്ധ നൽകണമെന്ന് സൊസൈറ്റി അംഗങ്ങൾ നിർദ്ദേശിക്കുന്നുമുണ്ട്. രോഗ നിർണ്ണയത്തിനുപയോഗിക്കുന്ന ഉപകരണങ്ങളുടെ കൃത്യത പരിശോധിക്കുക, രോഗ നിർണ്ണയം നടത്തുന്ന വിദഗ്ധരുടെ യോഗ്യത പരിശോധിക്കുക, രോഗനിർണ്ണയവുമായി ബന്ധപ്പെട്ട ചട്ടങ്ങളും നിയമങ്ങളും കർശനമാക്കുക, പൊതുജനങ്ങൾക്ക് പുതിയ രോഗങ്ങളെയും ലക്ഷങ്ങളെയും സംബന്ധിച്ച് ബോധവൽക്കരണം നടത്തുക തുടങ്ങിയ നിർദ്ദേശങ്ങളും പഠനം മുന്നോട്ട് വെയ്ക്കുന്നുണ്ട്.