Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കാസ്പ് ഇന്‍ഷ്വറന്‍സ് പദ്ധതിയനുസരിച്ച് ചികിത്സാ സഹായത്തിന് റിലയന്‍സ് കമ്പനി നിശ്ചയിച്ച മാനദണ്ഡങ്ങള്‍ കണ്ണടച്ച് ഒപ്പിട്ട് അംഗീകരിക്കുന്നതിനു മുമ്പ് ഈ സര്‍ക്കാര്‍ ആരോഗ്യ- ചികിത്സാരംഗത്തെ വിദഗ്ദ്ധരുമായോ, ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുമായോ ഏതെങ്കിലും വിധത്തിലുള്ള അഭിപ്രായം തേടുകയോ ചര്‍ച്ചകള്‍ നടത്തുകയോ ചെയ്തിരുന്നോ? എങ്കില്‍, ലക്ഷക്കണക്കിന് വൃക്കരോഗികളും അര്‍ബുദ രോഗികളും ഉള്‍പ്പെടെയുള്ളവരുടെ തുടര്‍ചികിത്സാ സഹായം നിഷേധിക്കുന്ന വിചിത്രവ്യവസ്ഥകള്‍ പദ്ധതിയുടെ ഭാഗമാകുമായിരുന്നില്ല. അതല്ല, ചര്‍ച്ചകള്‍ നടത്തിയിരുന്നു എന്നാണ് സര്‍ക്കാര്‍ വാദമെങ്കില്‍ അവര്‍ സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനിക്ക് ബിസിനസ് ഉണ്ടാക്കിക്കൊടുക്കുന്ന കുഴലൂത്തുകാര്‍ ആയിരിക്കും.
സംസ്ഥാന സര്‍ക്കാരും റിലയന്‍സ് ഇന്‍ഷ്വറന്‍സ് കമ്പനിയുമായി ഉഭയകക്ഷി ധാരണപ്രകാരം ഒപ്പിട്ട കരാര്‍ അനുസരിച്ച് കഴിഞ്ഞ ഏപ്രില്‍ ഒന്നിന് ആരംഭിച്ച കാസ്പ് (കാരുണ്യ ചികിത്സാ സഹായ പദ്ധതി) ഇനി വേണ്ടെന്നു വയ്ക്കാനാകില്ല. ഇപ്പോഴത്തെ വ്യവസ്ഥകളോടെ തുടരുന്നതില്‍ അര്‍ത്ഥവുമില്ല. പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ഭൂരിപക്ഷം പേര്‍ക്കും ലഭിക്കാന്‍ സാധ്യതയില്ലാത്തതാണെങ്കില്‍, അത് ആനുകൂല്യങ്ങളില്ലാത്തതിന് തുല്യമല്ലേ? ഇനി ചെയ്യേണ്ടത്, ചില തിരുത്തലുകളാണ്. തന്നിഷ്ടവും ധാര്‍ഷ്ട്യവും വകുപ്പു മന്ത്രിമാര്‍ തമ്മിലുള്ള താന്‍പോരിമയുടെ പോരും മാറ്റിവച്ച് നിസ്സഹായരായ രോഗികള്‍ക്കു വേണ്ടി ഒരുമിച്ചിരിക്കണം.
1. ആദ്യം വേണ്ടത്, പദ്ധതി നടപ്പാക്കിയപ്പോള്‍ രോഗികള്‍ നേരിട്ട പ്രശ്‌നങ്ങള്‍ തിരിച്ചറിയുകയാണ്. തുടര്‍ചികിത്സയ്ക്ക് സഹായം ലഭിക്കുന്നില്ലെങ്കില്‍ ഈ സര്‍ക്കാര്‍ പദ്ധതികൊണ്ട് വൃക്ക രോഗികളും, ഹൃദ്രോഗികളും, അര്‍ബുദ രോഗികളും, ഹീമോഫീലിയ രോഗികളും ഉള്‍പ്പെടെ അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കും അതിസങ്കീര്‍ണ സര്‍ജറികള്‍ക്കും വിധേയരായവരും, ദീര്‍ഘകാലത്തെ തുടര്‍ചികിത്സ വേണ്ടവരുമായ ലക്ഷക്കണക്കിനു രോഗികള്‍ക്ക് ഒരു പ്രയോജനവും ലഭിക്കില്ല. ദുരിതങ്ങളും ആശങ്കകളും നേരിടുന്നത് രോഗികളാണ്. കിഡ്‌നി ട്രാന്‍സ്പ്‌ളാന്റ് കഴിഞ്ഞവര്‍ക്ക് പോര്‍ഫ എന്ന സംഘടനയുണ്ട്. അതിന് എല്ലാ ജില്ലകളിലും ഭാരവാഹികളുണ്ട്. അതുപോലെ മറ്റു സന്നദ്ധ സംഘടനകളും. ഇവരുടെ യോഗം വിളിച്ച് ആവലാതികളും ആവശ്യങ്ങളും ക്ഷമാപൂര്‍വം കേള്‍ക്കണം.
ശമ്പളത്തിനോ മറ്റ് ആനുകൂല്യങ്ങള്‍ക്കോ ജോലി സ്ഥിരപ്പെടുത്താനോ ഉള്ള സമരമല്ല പോര്‍ഫ- സംഘടന നടത്താനിരിക്കുന്നത്. രോഗികളുടേത് ഒരു സമരസംഘടനയേയല്ല. നിവൃത്തികേടു കൊണ്ട് ഒത്തുകൂടിയ അവര്‍ പൊരുതുന്നതിനു പിന്നില്‍ ഒരു രാഷ്ട്രീയവുമില്ല. സ്വന്തം ജീവന്‍ നിലനിര്‍ത്താനുള്ള പൗരാവകാശമാണ് അവര്‍ ഈ ജനാധിപത്യ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. ഒരു സര്‍ക്കാരിനും പൊതുസമൂഹത്തിനും അത് കേള്‍ക്കാതിരിക്കാനാവില്ല.
2. രോഗികളുടെ സംഘടനകളുമായി ചര്‍ച്ച നടത്തി, അവരുടെ പരാതികളും പദ്ധതിയുടെ പോരായ്മകളും ക്രോഡീകരിച്ച് അക്കമിട്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയതിനു ശേഷം ആരോഗ്യ മേഖലയിലെ വിദഗ്ദ്ധരുടെ ആലോചനായോഗം ചേരണം. ഈ വിഷയം ഗൗരവപൂര്‍വം കൈകാര്യം ചെയ്യുന്ന ഒന്നോ രണ്ടോ മാധ്യമ പ്രതിനിധികളെ കൂടി യോഗത്തില്‍ പങ്കെടുപ്പിക്കണം. ആരോഗ്യവകുപ്പ് മന്ത്രി, ധനമന്ത്രി, രണ്ടു വകുപ്പുകളുടെയും ഉദ്യോഗസ്ഥ പ്രമുഖര്‍, ഡോക്ടര്‍മാര്‍, സാമൂഹ്യ പ്രവര്‍ത്തന മേഖലയിലെ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ കൂടിയിരുന്ന് പരാതികള്‍ ചര്‍ച്ച ചെയ്ത് പരിഹാരം ആലോചിക്കണം.
രോഗികള്‍ക്ക് ആനുകൂല്യം നിഷേധിക്കുകയും, അപേക്ഷകരെ വട്ടംകറക്കുകയും ചെയ്യുന്ന വ്യവസ്ഥകളും നിബന്ധനകളും എങ്ങനെയെല്ലാം പരിഷ്‌കരിച്ച് രോഗീസൗഹൃദം (പേഷ്യന്റ് ഫ്രണ്ട്‌ലി) ആക്കാമെന്ന് ആ യോഗത്തില്‍ ധാരണയുണ്ടാകണം. ഒരൊറ്റ യോഗം കൊണ്ട് ധാരണ ഉരുത്തിരിയുന്നുവെന്ന് ഉറപ്പാക്കണം. കാരണം, അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് തുടര്‍ചികിത്സ സ്വീകരിക്കുന്ന രോഗികള്‍ക്ക് ചെറിയൊരു കാലതാമസം പോലും മരണത്തിനു സമമാണ്. അവരുടെ ജീവന്‍ കാത്തിരിക്കില്ല.
3. അടുത്തത്, സര്‍ക്കാര്‍ മേഖലയിലെയും സ്വകാര്യ മേഖലയിലെയും പ്രമുഖ ആശുപത്രികളുടെ മേധാവികള്‍, പദ്ധതി നടത്തിപ്പു ചുമതലയുള്ള റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനി പ്രതിനിധികള്‍, ആരോഗ്യ- സാമ്പത്തിക മേഖലാ വിദഗ്ദ്ധര്‍, ആരോഗ്യ- ധനവകുപ്പ് ഉദ്യോഗസ്ഥര്‍, ആസൂത്രണ വിദഗ്ദ്ധര്‍ എന്നിവരുടെ യോഗമാണ്. പുതിയ കാരുണ്യ പദ്ധതിയനുസരിച്ച് ഓരോ ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും നിശ്ചയിച്ചിട്ടുള്ള ആനുകൂല്യത്തുക വിലയിരുത്തണം.
ശ്രീചിത്ര ഉള്‍പ്പെടെ പ്രമുഖ സര്‍ക്കാര്‍ ആശുപത്രികള്‍ പോലും പദ്ധതിയില്‍ അംഗമാകാതിരിക്കുന്നതിന്റെ യഥാര്‍ത്ഥ കാരണം അപ്പോള്‍ അറിയാം. ഓരോ ഇനത്തിനും ആശുപത്രികള്‍ക്ക് വഹിക്കാവുന്ന മിനിമം നിരക്കു സംബന്ധിച്ച് ധാരണയിലെത്തണം. യുക്തിസഹമായ നിരക്കുകള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. നഷ്ടം സഹിച്ച് ഒരു ആശുപത്രിയും ഒരു പദ്ധതിക്കുമൊപ്പം നില്‍ക്കില്ല.
4. ആശുപത്രികള്‍ക്കു കൂടി സ്വീകാര്യമായ നിരക്ക് പദ്ധതിയനുസരിച്ച് ആനുകൂല്യത്തിന് അര്‍ഹമായ ഓരോ ഇനത്തിനും നിശ്ചയിച്ചതിനു ശേഷം ഇന്‍ഷ്വറന്‍സ് കമ്പനി മേധാവികളുമായി അവസാനവട്ട കൂടിക്കാഴ്ച നടത്താം. സാഹചര്യത്തിന്റെ ഗുരുതരാവസ്ഥയും, പ്രശ്‌നത്തിന്റെ അടിയന്തര സ്വഭാവവും അവരെ ബോദ്ധ്യപ്പെടുത്തണം. ഒറ്റ കൂടിക്കാഴ്ചകൊണ്ട് ഇന്‍ഷ്വറന്‍സ് കമ്പനി ഇതിനു വഴങ്ങില്ല. പക്ഷേ, സംസ്ഥാന സര്‍ക്കാരുമായുള്ള ഒരു കരാറില്‍ നിന്ന് ഏകപക്ഷിയമായി പിന്മാറാന്‍ ഒരു ബിസിനസ് കമ്പനിയും ആഗ്രഹിക്കുകയുമില്ല. അതുകൊണ്ട്, നിരക്കുകളുടെ അപര്യാപ്തതയും അതു പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകതയും അവരെ ബോധ്യപ്പെടുത്താന്‍ രണ്ടോ മൂന്നോ വട്ടം ചര്‍ച്ച വേണ്ടിവരും. അടുത്തടുത്ത ദിവസങ്ങളില്‍ത്തന്നെ അതു പൂര്‍ത്തീകരിച്ച് അന്തിമ ധാരണയിലെത്തണം.
5. ഏതു ധാരണയനുസരിച്ചും ഉറപ്പാക്കേണ്ടുന്ന കാര്യങ്ങള്‍ ഇവയാണ്. കാരുണ്യ ബെനവലന്റ് ഫണ്ടില്‍ നിന്ന് ആനുകൂല്യം ലഭിച്ചിരുന്ന ഒരാള്‍ക്കു പോലും പുതിയ പദ്ധതിയില്‍ അംഗത്വം നിഷേധിക്കപ്പെടരുത്. നേരത്തേ തുടര്‍ചികിത്സാ സൗകര്യം ലഭിച്ചിരുന്ന ഒരാള്‍ക്കും അതു തടസ്സപ്പെടുത്തുന്ന ഒരു വ്യവസ്ഥയും പുതിയ പദ്ധതിയില്‍ ഉണ്ടാകരുത്. കാസ്പ് പദ്ധതിയില്‍ ഇന്‍ഷ്വറന്‍സ് അര്‍ഹത സംബന്ധിച്ച് മറച്ചുവയ്ക്കപ്പെട്ട നിബന്ധനകളോ മാനദണ്ഡങ്ങളോ വ്യവസ്ഥകളോ ഉണ്ടാകരുത്. ഇന്‍ഷ്വറന്‍സ് ക്ലെയിം തീര്‍പ്പാക്കല്‍ സങ്കീര്‍ണമായ നിയമ നടപടികള്‍ക്ക് ഇടവരുത്തുന്നതാകരുത്.
കാരുണ്യ ബെനവലന്റ് പദ്ധതിയില്‍ നടപടിക്രമങ്ങള്‍ ലളിതമായിരുന്നു. പദ്ധതിയില്‍ അംഗമായവര്‍ക്ക് സൗജന്യ മരുന്നും പരിശോധനാ സൗകര്യവും തുടര്‍ചികിത്സയുടെ ഭാഗമായി ലഭിക്കാന്‍ ചികിത്സിക്കുന്ന ഡോക്ടറുടെ കുറിപ്പടി മാത്രം മതിയായിരുന്നു. നടപടിക്രമങ്ങളുടെയും നിയമ പോരാട്ടങ്ങളുടെയും സമ്മര്‍ദ്ദങ്ങളിലേക്കു വലിച്ചിഴയ്ക്കപ്പെട്ടാല്‍ അതു താങ്ങാന്‍ ശാരീരിക- മാനസിക ശേഷിയുള്ളവരല്ല ഇവര്‍.
വിലയേറിയ ചികിത്സാ, ശസ്ത്രക്രിയകള്‍ കാരണം കടക്കെണിയില്‍ അകപ്പെട്ടവര്‍, പലരും സ്വന്തം കുടുംബത്തില്‍ത്തന്നെ ഒറ്റപ്പെട്ടവര്‍, സഹതാപം നിറഞ്ഞ കണ്ണുകള്‍കൊണ്ട് സമൂഹം വീക്ഷിക്കുന്നവര്‍, സാമൂഹ്യവും സാമ്പത്തികവുമെന്നതു പോലെ മാനസികവും വൈകാരികവുമായ സങ്കീര്‍ണ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവര്‍. മാറ്റിവയ്ക്കപ്പെട്ട അവയവത്തിന്റെ ആയുസ്സിനായി സ്വന്തം ശരീരത്തിന്റെ പ്രതിരോധ ശേഷി മരുന്നുകള്‍കൊണ്ട് കെടുത്തിക്കളയാന്‍ നിര്‍ബന്ധിതരായവര്‍... അവര്‍ക്ക് കാരുണ്യപൂര്‍വമായ പരിഗണയും, ഏറ്റവും ലളിതമായ നടപടിക്രമങ്ങളുമാണ് വേണ്ടത്.
കാരുണ്യം ഒരു ഔദാര്യമല്ല. അത് പൊതുസമൂഹത്തിന്റെയും സര്‍ക്കാരിന്റെയും കടമയാണ്. മരണത്തിനു മുന്നില്‍ ജീവന്‍ എന്നത് ഒരു ചോദ്യചിഹ്നമാകുമ്പോഴാണ് അവര്‍ കരച്ചിലില്‍ നിന്ന് പ്രതിഷേധത്തിലേക്ക് നടന്നുതുടങ്ങുന്നത്. കാസ്പ് അവര്‍ക്ക് കൊലക്കുരുക്കാകരുത്. ആ കണ്ണീരിന് എന്തിനെയും ഭസ്മമാക്കാനുള്ള ചൂടുണ്ട്. അവരുടെ സങ്കടത്തിന് ശാപവചനങ്ങളേക്കാള്‍ കരുത്തുണ്ട്. കാസ്പ് പദ്ധതിയില്‍ ഇപ്പോഴില്ലാത്തത് കാരുണ്യമാണ്. അതുണ്ടാകണം.
പരമ്പര അവസാനിക്കുന്നു.
30.82°C







