Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

കാസ്പ് എന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (ഇന്‍ഷ്വറന്‍സ്) സാധാരണക്കാര്‍ക്ക് സമഗ്രചികിത്സയ്ക്ക് വിപുലമായ സൗകര്യം നല്‍കുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക് ആണയിടുമ്പോള്‍ മൂടിവയ്ക്കുന്ന ഒരു സത്യമുണ്ട്- ഓരോന്നിനും പരമാവധി അനുവദിച്ചിട്ടുള്ള നിരക്ക് എത്രയാണെന്ന കാര്യം!
നിലവില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന പട്ടിക അനുസരിച്ച് വിവിധ വിഭാഗങ്ങളിലായി ശസ്ത്രക്രിയകള്‍ക്കും ചികിത്സയ്ക്കും 1974 രോഗങ്ങള്‍ക്കാണ് ആനുകൂല്യം. മഹാസംഭവമാണെന്ന് ആര്‍ക്കും തോന്നും. അനുവദിച്ചിരിക്കുന്ന പരമാവധി തുകയുടെ ഇരട്ടി നിരക്കില്‍പ്പോലും ഒറ്റ ആശുപത്രിയിലും ആ ചികിത്സയോ ശസ്ത്രക്രിയയോ നടത്താനാവില്ലെന്നു മാത്രം! പ്രയോജനമില്ലാത്ത വെറും പ്രഖ്യാപനംകൊണ്ട് പാവപ്പെട്ടവരുടെ കണ്ണില്‍ പൊടിയിടാമെന്നല്ലാതെ ആര്‍ക്കാണ് പ്രയോജനം?
വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് കാരുണ്യ ബെനവലന്റ് ഫണ്ട് അനുസരിച്ച് നേരത്തേ പല ഇനത്തിലായി രോഗിക്ക് മൂന്നു ലക്ഷം രൂപ വരെ ലഭിക്കുമായിരുന്നെങ്കില്‍, കാസ്പ് അനുസരിച്ച് നല്‍കുന്ന പരമാവധി തുക വെറും ഒന്നര ലക്ഷം. അര്‍ബുദം ബാധിച്ചോ പരിഹരിക്കാനാകാത്ത വിധം പരിക്കേറ്റോ പ്രവര്‍ത്തനരഹിതമായ ഒരു വൃക്ക, ശസ്ത്രക്രിയ വഴി നീക്കം ചെയ്യുന്നതാണ് നെഫ്രക്ടമി. ഇതിന് കാസ്പ് നല്‍കുക വെറും 30,000 രൂപ. നിലവില്‍, അപ്പെന്‍ഡിസൈറ്റിസ് ശസ്ത്രക്രിയയ്ക്കു പോലും ഇതിലും വലിയ നിരക്ക് നല്‍കേണ്ടി വരുമ്പോഴാണ് വൃക്ക മുറിച്ചു മാറ്റുന്നത് പോലെയുള്ള സങ്കീര്‍ണ സര്‍ജറിക്ക് കാസ്പിന്റെ കാര്യുണ്യമായി നിസ്സാര തുക.
കാസ്പ് പദ്ധതിയുടെ നടത്തിപ്പു ചുമതലയുള്ള സ്വകാര്യ കമ്പനിയായ റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സിന്റെ മാനദണ്ഡങ്ങളും നിബന്ധനകളും പഴയ കാരുണ്യ ബെനവലന്റ് ഫണ്ട് തണലായിരുന്ന രോഗികള്‍ക്ക് തുണയാകില്ലെന്നു മാത്രമല്ല, അവരെ മരണത്തിലേക്ക് തള്ളിവിടുന്നതു കൂടിയാണ്. കിഡ്‌നി ട്രാന്‍സ്പ്‌ളാന്റിന് നേരത്തേ കിട്ടുമായിരുന്ന തുക വെട്ടിക്കുറച്ച് പകുതിയാക്കിയെന്നു മാത്രമല്ല, ഇടിവെട്ടായി തുടര്‍ചികിത്സാ ആനുകൂല്യം നിറുത്തലാക്കുകയും ചെയ്തു. ഇതെല്ലാമായിട്ടും കാസ്പ് പദ്ധതിക്കായി ധനമന്ത്രി കടുംപിടിത്തം തുടരുന്നതാണ് ദുരൂഹവും അദ്ഭുതവും.
കാസ്പ് അനുസരിച്ച് ഇന്‍ഷ്വറന്‍സ് സഹായം കിട്ടുന്ന രോഗങ്ങളുടെ പട്ടികയില്‍ 90 ശതമാനത്തിനും തീര്‍ത്തും തുച്ഛമായ തുകയാണ് അനുവദിക്കുക. അതുതന്നെ റിലയന്‍സ് കമ്പനിക്ക് കണക്ക് ബോദ്ധ്യപ്പെട്ടാല്‍ മാത്രം. ക്‌ളെയിം തീര്‍പ്പാക്കി തുക നല്‍കാതിരിക്കാന്‍ ഗവേഷണം നടത്തുന്ന ഇന്‍ഷ്വറന്‍സ് കമ്പനികളിലെ കണക്കപ്പിള്ളമാര്‍ക്ക് രോഗികളെ വഴിയാധാരമാക്കുന്ന പഴുതുകള്‍ കണ്ടെത്താന്‍ ഒരു ബുദ്ധിമുട്ടുമില്ല. പരാതിയുമായി സര്‍ക്കാരിനെ സമീപിച്ചാല്‍, എല്ലാം നടപ്പാക്കുന്നത് ഇന്‍ഷ്വറന്‍സ് കമ്പനിയാണ് എന്ന മറുപടിയും കിട്ടും.
പദ്ധതിയില്‍ അംഗമാകുന്ന ഓരോരുത്തരുടെയും പേരില്‍ സര്‍ക്കാര്‍ നിശ്ചിത തുക റിലയന്‍സ് കമ്പനിക്ക് പ്രീമിയം നല്‍കണം. അത് കാരുണ്യ ലോട്ടറിയില്‍ നിന്നുള്ള ലാഭത്തില്‍ നിന്ന്. പ്രീമിയം അടച്ച് ഇന്‍ഷ്വറന്‍സ് നേടാനാണെങ്കില്‍പ്പിന്നെ സാധാരണ ഇന്‍ഷ്വറന്‍സ് പരിരക്ഷാ പദ്ധതികളും സര്‍ക്കാര്‍ നടപ്പാക്കുന്ന കാസ്പ് പദ്ധതിയും തമ്മില്‍ എന്താണ് വ്യത്യാസമെന്നാണ് പാവം രോഗികള്‍ക്ക് പിടികിട്ടാത്തത്.
വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷം വിലയേറിയ തുടര്‍ചികിത്സ വേണ്ടിവരുന്ന രോഗികളെപ്പോലെ തന്നെയാണ് അര്‍ബുദ ശസ്ത്രക്രിയ, ഹീമോഫീലിയ, കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ എന്നിവയുടെ കാര്യവും. സര്‍ജറിക്കു ശേഷം ഇവര്‍ക്ക് ആശുപത്രിയില്‍ കിടന്ന് ചികിത്സ തേടേണ്ട കാര്യമില്ല. അതേസമയം ആജീവനാന്തം മരുന്നുകളും പരിശോധനകളും ജീവന്‍ നിലനിര്‍ത്താന്‍ നിര്‍ബന്ധമാണു താനും. അതിനുള്ള ആനുകൂല്യം എടുത്തുകളഞ്ഞ്, സര്‍ജറിക്ക് തുച്ഛമായ തുക അനുവദിക്കുന്നതിലെ ക്രൂരത പൊതുസമൂഹം ചോദ്യംചെയ്യേണ്ടതാണ്.
വൃക്ക രോഗികളുടെയും കിഡ്‌നി ട്രാന്‍സ്പ്‌ളാന്റ് കഴിഞ്ഞവരുടെയും ക്ഷേമത്തിനാണ് കോഴിക്കോട് കേന്ദ്രമാക്കിയുള്ള പ്രതീക്ഷ ഓര്‍ഗന്‍ (കിഡ്‌നി) റെസിപ്യന്റ്‌സ് ഫാമിലി അസോസിയേഷന്‍ എന്ന പോര്‍ഫ- സംഘടനയുടെ പ്രവര്‍ത്തനം. ഇതേ മാതൃകയില്‍ സംഘടിക്കാന്‍ ഒരുങ്ങുകയാണ് മറ്റ് ഗുരുതര രോഗങ്ങള്‍ക്ക് നേരത്തേ തുടര്‍ചികിത്സാ സഹായം ലഭ്യമായിരുന്ന ലക്ഷക്കണക്കിന് രോഗികളും. നിസ്സഹായതയില്‍ നിന്ന് പിറക്കുന്നതാണെങ്കിലും, ഇവരുടെ സ്വരം ശക്തമാണ്. അത് ജീവന്‍ നിലനിര്‍ത്താനുള്ള പൗരന്റെ അവകാശത്തിന്റെ മുഴക്കമുള്ള ശബ്ദമാണ്.
ആയിരക്കണക്കിന് കിഡ്‌നി ട്രാന്‍സ്പ്‌ളാന്റ് രോഗികളെ ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനു മുന്നിലെത്തിച്ച് മരുന്നും ആഹാരവും ഉപേക്ഷിച്ചുള്ള ഉപവാസ സമരത്തിന് തയ്യാറെടുക്കുകയാണ് പോര്‍ഫ. മരണമെങ്കില്‍ മരണം എന്ന ഇവരുടെ നിശ്ചയത്തിനു മുന്നില്‍ സര്‍ക്കാര്‍ എന്തു നിലപാടാകും സ്വീകരിക്കുകയെന്നാണ് പെതുസമൂഹം ഉറ്റുനോക്കുന്നത്. കാസ്പ് പദ്ധതിയിലെ ന്യൂനതകള്‍ക്കു പരിഹാരം കാണാതെ ഇത്രയും വൃക്കരോഗികള്‍ തലസ്ഥാനം വിടില്ലെന്നാണ് പോര്‍ഫയുടെ മുന്നറിയിപ്പ്.
പോര്‍ഫ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ബഷീർ.ടി.ടി. യെയും , സംസ്ഥാന ജനറൽ സെക്രെട്ടറി ഷിബു എം.എസ് നെകൂടാതെ
പോര്‍ഫ സംഘടനയില്‍ വിവിധ ചുമതലകള്‍ നിര്‍വഹിക്കുന്ന ഭാരവാഹികള്‍ ഇവരാണ്:
1. ഫ്രാന്‍സിസ് അസീസി (എറണാകുളം) - പോര്‍ഫ, ചീഫ് കോ-ഓര്‍ഡിനേറ്റര്‍
2. മോയിന്‍കുട്ടി (മലപ്പുറം) - സംസ്ഥാന വൈസ് പ്രസിഡന്റ് - മരുന്നു വിതരണത്തിന്റെ ചുമതല വഹിക്കുന്നു.
3. അജി മോഹന്‍ (കോട്ടയം) - സംസ്ഥാന ട്രഷറര്‍ സംഘടനയുടെ സാമ്പത്തിക കാര്യങ്ങള്‍ക്ക് ചുമതല വഹിക്കുന്നു.
4.ഖാലിദ് കെളവയല്‍ (കാസര്‍കോട്) - സംസ്ഥാന ജോയിന്റ് സെക്രട്ടറി, വടക്കന്‍ ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു.
അര്‍ഹരായ മുഴുവന്‍ സാധാരണക്കാര്‍ക്കും ചികിത്സാ പരിരക്ഷ ഉറപ്പാക്കുന്ന വിധത്തില്‍ കാസ്പ് പദ്ധതിയിലെ ന്യൂനതകള്‍ എങ്ങനെ പരിഹരിക്കാമെന്ന നിര്‍ദ്ദേശങ്ങള്‍, പരമ്പരയുടെ നാളത്തെ ഭാഗത്തില്‍ വായിക്കുക.