Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:13 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോകമെങ്ങും, ജീവിതശൈലിയുമായി ബന്ധപ്പെട്ട് ആരോഗ്യരംഗം നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളികളിലൊന്നാണ് വൃക്കരോഗങ്ങളുടെ വ്യാപനനിരക്കിലെ ആശങ്കാജനകമായ വർദ്ധ. ലോകാരോഗ്യ സംഘടന രണ്ടു വർഷം മുമ്പ് പുറത്തുവിട്ട കണക്കുകൾ അനുസരിച്ചു പോലും, വൃക്ക തകരാറുകളുമായി ബന്ധപ്പെട്ട് പ്രതിവ‌ർഷം മരണത്തിനു കീഴടങ്ങുന്നരുടെ എണ്ണം 10 ദശക്ഷത്തോളമാണ്! ഇന്ത്യയിലാകട്ടെ, ആയുസ്സെത്തുന്നതിനു മുമ്പ് മരണകാരണമാകുന്ന രോഗങ്ങളിൽ എട്ടാം സ്ഥാനമുണ്ട്, ക്രോണിക് കിഡ്നി ഡിസീസിന്.

പ്രമേഹം, അധിക രക്തസമ്മർദ്ദം, മൂത്രാശയ കല്ലുകൾ തുടങ്ങിയ രോഗങ്ങളെ ജീവിതശൈലിയിലെയും ആഹാരശീലങ്ങളിലെയും മാറ്റങ്ങളുമായി ബന്ധപ്പെടുത്തി മനസ്സിലാക്കുന്നവർ പോലും വൃക്കരോഗങ്ങളെ അങ്ങനെ കണ്ടുതുടങ്ങിയിട്ടില്ല എന്നതാണ് വിചിത്രം. ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കാൻ അച്ചടക്കമുള്ള ജീവിതശൈലിയും, ആരോഗ്യകരമായ ആഹാരക്രമവും, ഊർജ്ജസ്വലമായ ദിനചര്യങ്ങളും ശീലിക്കുമ്പോൾ അതുവഴി വൃക്കരോഗത്തെക്കൂടിയാണ് പ്രതിരോധിക്കുന്നതെന്ന് മനസ്സിലാക്കുക.

പ്രതിരോധം
പ്രധാനം

ശരീരത്തിന്റെ അരിപ്പകളാണ് വൃക്കകൾ. വൃക്കകൾ പൂർണമായും പ്രവർത്തനരഹിതമായാൽ ജീവൻ നിലനിർത്താൻ പതിവായുള്ള ഡയാലിസിസോ വൃക്ക മാറ്റിവയ്‌ക്കലോ മാത്രമാണ് പരിഹാരം. രണ്ടും ഒരുപോലെ ചെലവേറിയതും മറ്റു പലവിധ ബുദ്ധിമുട്ടുകൾക്ക് വഴിവയ്‌ക്കുന്നതുമാണ്. പാരമ്പര്യമായി വൃക്കരോഗ സാദ്ധ്യതയുള്ളവർ ഉൾപ്പെടെ എല്ലാവരും വൃക്കരോഗ നിർണയ പരിശോധനകൾക്ക് വിധേയരാവുകയും, രോഗം സ്ഥിരീകരിക്കപ്പെടുന്നെങ്കിൽ ആദ്യഘട്ടത്തിൽത്തന്നെ ചികിത്സ ആരംഭിക്കുകയും ചെയ്യുക എന്നത് പ്രധാനമാണ്. തിരിച്ചറിയപ്പെടാതെയും ചികിത്സിക്കപ്പെടാതെയും തുടർന്നാൽ വൃക്കരോഗം, അതിന്റെ ഏറ്റവും ഗുരുതരമായ ഘട്ടത്തിലേക്ക് പരിണമിക്കുകയും ഡയാലിസിസോ വൃക്ക മാറ്റിവയ്‌ക്കലോ ഒഴിവാക്കാനാകാതെ വരികയും ചെയ്യും.

ഇത്തവണ, ലോക വൃക്കാരോഗ്യ ദിനത്തിൽ വേൾഡ് കിഡ്നി ഫൗണ്ടേഷൻ നൽകുന്ന സന്ദേശം, വൃക്കാരോഗ്യം എല്ലാവർക്കും എവിടെയും എന്നതാണ്. വൃക്കരോഗ വ്യാപനത്തിൽ തൊഴിൽ സാഹചര്യങ്ങൾക്ക് വലിയ സ്വാധീനമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യായാമരഹിതവും സംഘ‌ർഷഭരിതവുമായ തൊഴിൽ സാഹചര്യം അധിക രക്തസമ്മർദ്ദത്തിനും പ്രമേഹത്തിനും അതുവഴി വൃക്കരോഗങ്ങൾക്കും കാരണമാകും. മൂത്രാശയക്കല്ലുകൾ, മൂത്രാശയ രോഗാണുബോധ, മൂത്ര തടസ്സമുണ്ടാക്കുന്ന രോഗങ്ങൾ തുടങ്ങിയവയെല്ലാം വൃക്കരോഗങ്ങൾക്ക് വഴിവയ്‌ക്കുന്നതാണ്.

ബി.പി എന്ന
വില്ലൻ

അധിക രക്തസമ്മർദ്ദമാണ് വൃക്കരോഗം വരുത്തിവയ്‌ക്കുന്ന പ്രധാന വില്ലൻ. ഇത് വൃക്കകളുടെ ആരോഗ്യം ക്ഷയിക്കാൻ കാരണമാകുമെന്നു മാത്രമല്ല, ചെറിയ തോതിലുള്ള വൃക്കരോഗങ്ങൾ മൂർച്ഛിക്കുന്നതിന് കാരണമാവുകയും ചെയ്യും. വൃക്കകളെ മാത്രമല്ല, ഹൃദയം, കാഴ്ചശക്തി എന്നിവ മുതൽ പ്രത്യുത്പാദന ശേഷിയെ വരെ ദോഷകരമായി ബാധിക്കുന്നതാണ് അധിക രക്തസമ്മർദ്ദം. അതുകൊണ്ടുതന്നെ രക്തസമ്മ‌ർദ്ദ നിരക്ക് നിയന്ത്രിച്ചു നിറുത്തുന്നത് രോഗപ്രതിരോധത്തിൽ പ്രധാനമാണ്.

അമിത രക്തസമ്മർദ്ദം പാരമ്പര്യ സാദ്ധ്യതയുള്ള രോഗം കൂടിയായതിനാൽ 35 വയസ്സ് പിന്നിടുമ്പോൾ മുതൽ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തി രക്തസമ്മർദ്ദ നിരക്ക് ആരോഗ്യകരമായ തോതിൽ നിയന്ത്രിച്ചു നിറുത്തണം. മലയാളികളിൽ പന്ത്രണ്ടു ശതമാനം പേരും പ്രമേഹ രോഗികളെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്. വൃക്കരോഗത്തിന് ഡയാലിസിസ് വേണ്ടിവരുന്ന ഭൂരിഭാഗം പേരിലും പ്രമേഹമാണ് പ്രധാന കാരണം. പ്രമേഹം വരാതെ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ല പ്രതിരോധം. പാരമ്പര്യസാദ്ധ്യതയുള്ളവർ, അമിത ശരീരവണ്ണമുള്ളവർ, വ്യായാമരഹിതമായ ജീവിതശൈലി തുടരുന്നവർ, ഗർഭകാലത്ത് പ്രമേഹബാധയുണ്ടാകുന്ന സ്ത്രീകൾ എന്നിവർക്ക് ഭാവിയിൽ പ്രമേഹരോഗ സാദ്ധ്യത അധികമാണ്. ആഹാര നിയന്ത്രണം, സ്ഥിരമായ വ്യായാമം എന്നിവയിലൂടെ രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് നിയന്ത്രിച്ചു നിറുത്താൻ ശ്രദ്ധിക്കുക.

മരുന്നുകളും
കുഴപ്പക്കാർ

വേദനസംഹാരികൾ, വിവിധ രോഗങ്ങളുടെ ചികിത്സയ്‌ക്ക് ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകൾ, ചിലയിനം അർബുദ ചികിത്സാ ഔഷധങ്ങൾ, ആയു‌ർവേദം, ഹോമിയോപ്പതി, പാരമ്പര്യചികിത്സ എന്നിവയിലെ ചില ഔഷധങ്ങൾ തുടങ്ങിയവ വൃക്കകളുടെ ആരോഗ്യകരമായ പ്രവർത്തനത്തിൽ വ്യതിയാനമുണ്ടാക്കിയേക്കും. ഈ സാഹചര്യത്തിൽ സ്വയം ചികിത്സ അപകടകരമാണ്. മരുന്നുകളുടെ അമിത ഉപയോഗവും ആശാസ്യമല്ല.

വൃക്കരോഗ സാദ്ധ്യതയുള്ളവ‌ർ മറ്റു രോഗങ്ങൾക്ക് ചികിത്സ തേടുമ്പോൾ ഡോക്‌ടറോട് വിവരം പറഞ്ഞ് അത്യാവശ്യ മരുന്നുകൾ മാത്രം കഴിക്കാൻ ശ്രദ്ധിക്കുകയും, മരുന്നുകളുടെ അളവ് ക്രമീകരിക്കുകയും ചെയ്യണം. ചികിത്സയ്‌ക്കിടെ വൃക്കകളുടെ പ്രവർത്തനത്തെ മരുന്നുകൾ ബാധിക്കുന്നുണ്ടോ എന്ന് തീർച്ചപ്പെടുത്താൻ നിശ്ചിത ഇടവേളകളിൽ രക്തപരിശോധനകൾ നടത്തുകയും വേണം. എലിപ്പനി പോലെയുള്ള ചില രോഗങ്ങൾ വൃക്കകളുടെ അപ്രതീക്ഷിത സ്തംഭനത്തിന് ഇടയാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.പകർച്ചപ്പനികൾ വ്യാപകമാകുന്ന ഇക്കാലത്ത്, ഇവ വൃക്കകളെ ബാധിക്കുന്നുണ്ടോ എന്നു കൂടി ശ്രദ്ധിക്കണം.

ഡയാലിസിസിലേക്ക്
എത്താതിരിക്കട്ടെ

ശരീരത്തിന്റെ അരിപ്പകളാണ് വൃക്കകളെന്നു പറഞ്ഞല്ലോ. രക്തത്തിൽ അധികമുള്ള ജലാംശം, ലവണങ്ങൾ, അശുദ്ധ ഘടകങ്ങൾ, ആഹാരത്തിലൂടെയും മറ്റും രക്തത്തിൽ കലരുന്ന വിഷാംശങ്ങൾ തുടങ്ങിയവയെ അരിച്ച് മൂത്രത്തിലൂടെ പുറത്തുകളയുന്നത് വൃക്കകളാണ്. വൃക്കളുടെ പ്രവർത്തന വൈകല്യം ഈ ഘടകങ്ങൾ രക്തത്തിൽത്തന്നെ തുടരുന്നതിനും വൃക്കകൾ തകരാറിലാകുന്നതിനും കാരണമാകും. വൃക്കകളുടെ പ്രവർത്തനം തടസ്സപ്പെട്ടാൽ, അവയുടെ അതേ പ്രവൃത്തി യന്ത്രസഹായത്തോടെ നി‌ർവഹിക്കുന്നതാണ് ഡയാലിസിസ്.

വൃക്കകൾ മാറ്റിവയ്‌ക്കുന്നതിനാകട്ടെ, അനുയോജ്യമായ വൃക്ക ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടിനു പുറമേ അവയവ കൈമാറ്റവുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങളും, ശസ്ത്രക്രിയയ്‌ക്ക് വേണ്ടിവരുന്ന ഭീമമായ നിരക്കും, ശസ്ത്രക്രിയാനന്തര സങ്കീർണതകൾക്കുള്ള സാദ്ധ്യകളുമുണ്ട്. വൃക്കകളുടെ ആരോഗ്യം സൂക്ഷിക്കുന്നതിൽ അല്‌പമൊരു ശ്രദ്ധ മതി ഈ അപകടങ്ങളെല്ലാം മറികടക്കാൻ.

പ്രമേഹവും രക്തസമ്മ‌ർദ്ദവും നിയന്ത്രിച്ചു നിറുത്തുക.ആഹാരനിയന്ത്രണം പാലിക്കുക. വ്യായാമം ശീലമാക്കുക. പാരമ്പര്യമായി വൃക്കരോഗ സാദ്ധ്യതയുള്ളവർ നേരത്തേ തന്നെ പരിശോധനകൾ നടത്തി രോഗമുണ്ടോ എന്ന് ഉറപ്പാക്കുകയും നേരത്തേ ചികിത്സ ആരംഭിക്കുകയും ചെയ്യുക. 35 വയസ്സു പിന്നിടുമ്പോൾ മുതൽ നിശ്ചിത ഇടവേളകളിൽ പരിശോധന നടത്തി രക്തസമ്മർദ്ദ നിരക്ക് ആരോഗ്യകരമായി നിയന്ത്രിക്കുകയും പ്രമേഹമില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുക. ദിനചര്യകൾ ഊർജ്ജസ്വലമാക്കുക.

(ലേഖകൻ പ്രമുഖ നെഫ്രോളജിസ്റ്റും സേവ് കിഡ്നി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറിയുമാണ്. വൃക്കരോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. രാജ്യത്തിനകത്തും വിദേശരാജ്യങ്ങളിലും വൃക്കരോഗ നിവാരണവുമായി ബന്ധപ്പെട്ട സെമിനാറുകളിലെ പ്രബന്ധങ്ങളിലൂടെ ശ്രദ്ധേയനായി)

Readers Comment

Add a Comment