Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 10:51 pm
  • 30th April, 2025
  • Overcast Clouds
25.56°C25.56°C
  • Humidity: 94 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊല്ലം: ഗുരുതരാവസ്ഥയിൽ എത്തുംവരെ ലക്ഷണങ്ങൾ പ്രകടമാകില്ലെന്നതാണ് വൃക്കരോഗത്തെ ഏറ്റവും അപകടകാരിയായ വില്ലനാക്കുന്നതെന്ന് പ്രമുഖ നെഫ്രോളജിസ്റ്റും സേവ് കിഡ്നി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറിയുമായ ഡോ. പ്രവീൺ നമ്പൂതിരി. വൃക്കകളുടെ പ്രവർത്തനം എഴുപത്തിയഞ്ചു ശതമാനത്തോളം തകരാറിലാകുമ്പോഴേ പ്രകട ലക്ഷണങ്ങളുണ്ടാകൂ. അതുകൊണ്ടുതന്നെ വൃക്കരോഗത്തിന് ചികിത്സ തേടിയെത്തുമ്പോഴേക്കും 90 ശതമാനം പേരും രോഗത്തിന്റെ ഏറ്റവും ഗുരുതരമായ അവസ്ഥയിലെത്തിക്കഴിഞ്ഞിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോക വൃക്കദിനത്തിൽ സേവ് കിഡ്നി ഫൗണ്ടേഷനും കടപ്പാക്കട സ്‌പോർ‌ട്സ് ക്ളബും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ വൃക്കരോഗ നിർണയ ക്യാമ്പിനോട് അനുബന്ധിച്ചു നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു വൃക്കകളുള്ളതുകൊണ്ട് ചെറിയ തകരാറുകളുണ്ടെങ്കിലും ഇവ പ്രവർത്തനം ക്രമീകരിച്ച് ശാരീരിക പ്രവർത്തനങ്ങൾക്കു തടസ്സമില്ലാതെ സൂക്ഷിക്കും. തുടക്കത്തിൽത്തന്നെ ലക്ഷണങ്ങൾ തിരിച്ചറിയാൻ കഴിയില്ലെന്നതാണ് ദോഷം.

വൃക്കരോഗങ്ങളുടെ സാദ്ധ്യതയിലേക്കു വിരൽ ചൂണ്ടുന്ന പല ലക്ഷണങ്ങളും ശിരസ്സു മുതൽ പാദം വരെയുള്ള അവയവങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും പലപ്പോഴും ഇവ മറ്റു രോഗങ്ങളായി തെറ്റിദ്ധരിക്കപ്പെടും. മുടികൊഴിച്ചിൽ, താരൻ, നാക്ക് കുഴയുക, വയറുവേദന, മുട്ടുവേദന, കൈകാൽ കഴപ്പ്, വിയ‌ർക്കാതിരിക്കുക തുടങ്ങിയവയെല്ലാം ഇത്തരം ലക്ഷണങ്ങളാണ്. ഈ പ്രശ്നങ്ങൾക്ക് ചികിത്സ തേടുമ്പോൾ വൃക്കരോഗ സാദ്ധ്യത പരിശോധിക്കപ്പെടാതെ ബാക്കിനിൽക്കും- അദ്ദേഹം തുടർന്നു.

പ്രമേഹം, അമിത രക്തസമ്മർദ്ദം, വൃക്കയിലെ കല്ലുകൾ, മൂത്രാശയ അണുബാധ, വിവിധ മരുന്നുകൾ ദീർഘകാലം കഴിക്കുന്നതു മൂലം രക്തത്തിൽ കലരുന്ന രാസഘടകങ്ങൾ, പാരമ്പര്യഘടകങ്ങൾ എന്നിവയാണ് വൃക്ക തകരാറുകൾക്ക് വഴിവയ്‌ക്കുന്നത്. ആദ്യ രണ്ടു ഘട്ടങ്ങളിൽത്തന്നെ രോഗനിർണയം സാദ്ധ്യമായാൽ വൃക്കരോഗം ചികിത്സയിലൂടെ പൂർണമായും സുഖപ്പെടുത്താം. രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയുകയും അതേസമയം രക്തസമ്മർദ്ദനിരക്ക് കൂടുകയും ചെയ്യുന്നത് വൃക്കരോഗ ലക്ഷണമാകാം. വർഷത്തിൽ ഒരിക്കലെങ്കിലും വിദഗ്ദ്ധ പരിശോധന നടത്തി വൃക്കരോഗങ്ങളുണ്ടോ എന്നു തിരിച്ചറിഞ്ഞ് തുടക്കത്തിലേ ചികിത്സ ആരംഭിക്കുകയാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധമാർഗം. രോഗനിർണയവും ചികിത്സയും വൈകുന്നതു മൂലം ഡയാലിസിസും വൃക്കമാറ്റിവയ്ക്കലും പോലെ ചെലവേറിയതും സങ്കീർണവുമായ മാർഗങ്ങൾ അവലംബിക്കേണ്ടിവരികയും ചെയ്യും.

ആഹാരത്തിൽ ഉപ്പ്, കൊഴുപ്പ് എന്നിവ കുറച്ചും ജീവിതശൈലി ക്രമീകരിച്ചും വ്യായാമം പതിവാക്കിയും അമിത ശരീരവണ്ണം നിയന്ത്രണ വിധേയമാക്കുകയാണ് വൃക്കരോഗങ്ങളെ അകറ്റിനിറുത്താനുള്ള മുൻകരുതൽ മാർഗമെന്നും ഡോ. പ്രവീൺ നമ്പൂതിരി തുടർന്നു. ക്യാമ്പിനും സെമിനാറിനും ഡോ. പ്രവീൺ നമ്പൂതിരി നേതൃത്വം നൽകി.

വൃക്കരോഗ അവബോധവും സമഗ്ര പ്രതിരോധവും ലക്ഷ്യമിട്ട് സേവ് കിഡ്നി ഫൗണ്ടേഷൻ ആവിഷ്‌കരിച്ച മൂന്നു മാസം നീണ്ടുനിൽക്കുന്ന റിട്രീറ്റ് (റീനൽ എയ്ൽമെന്റ്സ് പ്രിവൻഷൻ, ഡിറ്റക്ഷൻ ആൻഡ് ഏർലി ട്രീറ്റ്മെന്റ്) പ്രചാരണ പദ്ധതിക്കും ക്യാമ്പിൽ തുടക്കമായി. ക്യാമ്പിന്റെയും റിട്രീറ്റ് പദ്ധതിയുടെയും ഉദ്ഘാടനം കൊല്ലം നഗരസഭാ മേയർ അഡ്വ. ആർ. രാജേന്ദ്രബാബു നിർവഹിച്ചു. ക്യാമ്പ് കോ- ഓർഡിനേറ്റർ സുനിൽ മാത്യു സ്വാഗതം ആശംസിച്ച ചടങ്ങിൽ കടപ്പാക്കട സ്പോർ‌ട്സ് ക്ളബ് ആർട്സ് കമ്മിറ്റി ചെയ‌ർമാൻ കെ.വി. ജ്യോതിലാൽ നന്ദി പ്രകാശിപ്പിച്ചു. ദക്ഷിണ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 450 ഓളം രോഗികൾ ക്യാമ്പിലും സെമിനാറിലും പങ്കെടുത്തു.

Readers Comment

Add a Comment