Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:21 pm
  • 30th April, 2025
  • Overcast Clouds
25.78°C25.78°C
  • Humidity: 93 %
  • Wind: 0.3 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആളൊരു ലോലഹൃദയനാണോ? മറ്റുള്ളവരുടെ ദു:ഖം കേട്ടാല്‍ ഠപ്പേന്ന് മനസ്സ് അലിഞ്ഞുപോകുന്ന ആളാണോ? നിങ്ങള്‍ ഫേസ്ബുക്കും വാട്‌സ്ആപ്പും ട്വിറ്ററുമൊക്കെ പതിവായി ഉപയോഗിക്കുന്ന ആളാണെങ്കില്‍ അല്പമൊരു ശ്രദ്ധ വച്ചേക്കുക. സാമൂഹ്യ മാധ്യമങ്ങളില്‍ സദാ ആക്ടീവ് ആയിരിക്കുന്നയാള്‍ ഇങ്ങനെ ലോലന്‍ കൂടിയാണെങ്കില്‍ അവരില്‍ മാനസിക സംഘര്‍ഷത്തിന് സാധ്യത കൂടുതലാണെന്ന് അമേരിക്കന്‍ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
 ഫേസ്ബുക്കും വാട്‌സ്ആപ്പും മറ്റും വഴി പഴയ ക്ലാസ്‌മേറ്റ്‌സിനെയും, പണ്ടേ നാടുവിട്ട ബന്ധുവിനെയുമൊക്കെ കണ്ടെത്തിയ കഥകള്‍ മാധ്യമങ്ങളില്‍ പതിവായി വരാറുണ്ട്. നല്ലത്. എന്നാല്‍, സുഹൃത്തുക്കളുടെ ജീവിതത്തിലുണ്ടാകുന്ന ദുരന്തങ്ങളോ നഷ്ടങ്ങളോ ഫേസ്ബുക്കും വാട്‌സ്ആപ്പും വഴി അറിയുമ്പോള്‍ അവരുടെ ദുരനുഭവങ്ങളുമായി താദാത്മ്യം പ്രാപിക്കുന്നത് നിങ്ങളുടെ മനസ്സിനെ അസ്വസ്ഥവും സംഘര്‍ഷഭരിതവുമാക്കും.
 യഥാര്‍ത്ഥത്തില്‍, സുഹൃത്തിനു സംഭവിച്ച അനുഭവത്തിലുള്ള ദു:ഖമോ സഹതാപമോ എന്നതിനേക്കാള്‍ ഒരാളില്‍ ഉണര്‍ത്തുന്നത് ജീവിതത്തിന്റെ സുരക്ഷിതത്വമില്ലായ്മയെ കുറിച്ചുള്ള  ആശങ്കയോ ഭീതിയോ ആണത്രേ.
 അതായത്, സുഹൃത്തിന്റെ അനുഭവം നാളെ തനിക്കും ഉണ്ടായിക്കൂടെന്നില്ലല്ലോ എന്ന ചിന്തയും, അതേക്കുറിച്ച് ഓര്‍ത്തുള്ള ടെന്‍ഷനും. ആരുടെ ജീവിതത്തിലും അടുത്ത നിമിഷം സംഭവിക്കാന്‍ ഇരിക്കുന്നത് എന്തെന്ന് ആര്‍ക്കും പ്രവചിക്കാന്‍ ആവില്ലെന്ന് ഓര്‍ക്കുക. ഏതു വെല്ലുവിളികളെയും സധൈര്യം നേരിടാന്‍ മനസ്സിനെ സജ്ജമാക്കുക.
 അരക്ഷിതബോധം കഴിഞ്ഞാല്‍പ്പിന്നെ, ഇന്നേവരെ മരുന്നില്ലാത്ത മറ്റേ സൂക്കേട് ആണ് പ്രശ്‌നക്കാരന്‍- അസൂയ! പഴയ ക്ലാസ്‌മേറ്റിന്റെ ഇപ്പോഴത്തെ ജോലി, പദവി, സമ്പത്ത്, അയാളുടെ ഭാര്യയുടെ സൗന്ദര്യം എന്നു തുടങ്ങി, പഴയ സുഹൃത്തിന്റെ തലയില്‍ ഇപ്പോഴും ഒറ്റയിഴ പോലും കൊഴിയാതെ ശേഷിക്കുന്ന കറുകറുത്ത മുടി പോലും അസൂയയ്ക്ക് കാരണമായേക്കും!
 സ്വന്തം ജീവിതവും മറ്റൊരാളുടെ ജീവിതവുമായി താരതമ്യം ചെയ്യാതിരിക്കുക. പലപ്പോഴും അത് നിരാശയ്ക്കും മടുപ്പിനും വഴിവച്ചേക്കും. ആ സുഹൃത്തിന് ഇല്ലാത്തതോ, കൈവരിക്കാന്‍ കഴിയാത്തതോ ആയ ചില കാര്യങ്ങളെങ്കിലും നിങ്ങളുടെ ജീവിതത്തില്‍ തീര്‍ച്ചയായും ഉണ്ടാകും. എന്തിനെയും പണത്തിന്റെയോ സൗന്ദര്യത്തിന്റെയോ അടിസ്ഥാനത്തില്‍ വിലയിരുത്താതിരിക്കുക.   നിങ്ങള്‍ക്കുള്ളതെല്ലാം നിങ്ങള്‍ക്കു മാത്രമുള്ളതാണ്. സുഹൃത്തിനുള്ളത് അയാള്‍ക്കുള്ളതും.
 എല്ലാ കാര്യങ്ങളും, എല്ലാവരുടെ കാര്യങ്ങളും അപ്പപ്പോള്‍ അറിയാമല്ലോ- അതാണ് സാമൂഹ്യ മാധ്യമങ്ങളുടെ അനുഗ്രഹം. പക്ഷേ, അത്തരം കാര്യങ്ങളുടെ കൂട്ടത്തില്‍ നിങ്ങളെ അസ്വസ്ഥമാക്കുകയും ടെന്‍ഷനിലാക്കുകയും ചെയ്യുന്ന കാര്യങ്ങളാണ് അധികമെങ്കിലോ? എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കുമ്പോള്‍ത്തന്നെ, അവ നിങ്ങളുടെ മനസ്സിനെ ആശങ്കാകുലമാക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക.
 സ്‌നേഹവും സഹതാപവും കാരുണ്യവും സഹായമസ്ഥിതിയും വേണം- പക്ഷേ, സുഹൃത്തിനുണ്ടായ എല്ലാ അനുഭവങ്ങളും നിങ്ങള്‍ക്കു തന്നെ സംഭവിച്ചതാണെന്ന താദാത്മ്യം ഒഴിവാക്കുക. നമുക്കുതന്നെ ഉണ്ടല്ലോ വേണ്ടത്ര ടെന്‍ഷന്‍- ഇനി, മറ്റുള്ളവരുടെ ടെന്‍ഷന്‍ കൂടി ഏറ്റെടുക്കണോ! പങ്കുവയ്ക്കലും പങ്കാളിയാകലും തമ്മിലുള്ള വ്യത്യാസമാണ് അത്. സുഹൃത്തുക്കളോട് അനുഭവങ്ങള്‍ ഷെയര്‍ ചെയ്യുക. അത് നിങ്ങളുടെ ടെന്‍ഷന്‍ കുറയ്ക്കും. പക്ഷേ, മറ്റുള്ളവരുടെ ദുരനുഭവങ്ങളുടെ ഷെയര്‍ (ഓഹരി) ഇങ്ങോട്ടു വാങ്ങാതിരിക്കുക. പ്രത്യേകിച്ച്, ലോലഹൃദയന്മാര്‍!

Readers Comment

Add a Comment