Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഡോ. മീന അശോകന്‍
106 കിലോ ശരീരഭാരം! വയസ്സ് 45 മാത്രം. രണ്ടു കുട്ടികളുടെ അമ്മ... ഭാരംകൊണ്ട് ഇടിഞ്ഞുതൂങ്ങിയ വയറുമായി വര്‍ക്കല ഇടവയില്‍ നിന്ന് അവര്‍ വന്നത് പറഞ്ഞുതീരാത്ത സങ്കടങ്ങളുമായാണ്. ഈ വയര്‍ കാരണം കുടുംബജീവിതം തന്നെ തകരുമെന്ന അവസ്ഥ. വീട്ടുജോലികള്‍ ചെയ്യുന്നതു പോയിട്ട്, നടക്കാന്‍ തന്നെ ബുദ്ധിമുട്ട്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരിഹാസം...
പട്ടിണി കിടന്നുനോക്കി, കടുത്ത വ്യായാമങ്ങള്‍ പരീക്ഷിച്ചുനോക്കി, ഒറ്റമൂലികള്‍ പ്രയോഗിച്ചുനോക്കി... വിശപ്പ് കൂടിക്കൂടി വരികയും വയര്‍ വീര്‍ത്തുവീര്‍ത്ത് വരികയും ചെയ്തതല്ലാതെ ഫലമൊന്നുമുണ്ടായില്ല. അപ്പോഴാണ് അബ്‌ഡൊമിനോപ്‌ളാസ്റ്റിയെക്കുറിച്ച് ആരോ പറഞ്ഞറിഞ്ഞത്. എന്താണ് സംഭവമെന്ന് വലിയ പിടിയില്ല. തടി കുറയ്ക്കാനുള്ള ശസ്ത്രക്രിയ ആണെന്നു മാത്രമേ അറിയാവൂ. പരാതികളും അബ്‌ഡൊമിനോപ്‌ളാസ്റ്റിയെക്കുറിച്ച് പരിമിതമായ അറിവുമായി എത്തുമ്പോള്‍ ഒറ്റ ആവശ്യമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ: എന്തു ചെയ്തിട്ടായാലും എന്റെ വയര്‍ കുറച്ചുതരണം ഡോക്ടര്‍...
ശസ്ത്രക്രിയയ്ക്കു മുന്നോടി നടത്തിയ പരിശോധനകളില്‍ അവര്‍ക്ക് അമിത ശരീരഭാരം കാരണം സാധാരണ അനുഭവപ്പെടുന്ന പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. പ്രമേഹം, കൊളസ്റ്ററോള്‍, അമിത രക്തസമ്മര്‍ദ്ദം... ഒന്നുമില്ല. ഉള്ളത് വയര്‍ മാത്രം! കഴിഞ്ഞ ദിവസം കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ അബ്‌ഡൊമിനോപ്‌ളാസ്റ്റിക്ക് വിധേയയായ അവര്‍ രണ്ടു ദിവസം കഴിഞ്ഞ് ആശ്വാസപൂര്‍വം പറഞ്ഞു: ഡോക്ടര്‍, എനിക്കു തിരിച്ചുകിട്ടിയത് എന്റെ കുടുംബജീവിതം തന്നെയാണ്. എന്റെ എല്ലാ ഭാരവും ഒഴിഞ്ഞു. കുറച്ചുകൂടി നേരത്തേ ചെയ്യേണ്ടതായിരുന്നു...!
അബ്‌ഡൊമിനോപ്‌ളാസ്റ്റി ശസ്ത്രക്രിയയെക്കുറിച്ച് അറിയാതെ, തൂങ്ങിയ അടിവയറും അടിഞ്ഞുകൂടിയ കൊഴുപ്പു കാരണമുള്ള അമിത ഭാരവുമായി ബുദ്ധിമുട്ടുകളും പരിഹാസവും സഹിച്ചു കഴിയുന്ന ആയിരക്കണക്കിനു സ്ത്രീകളുണ്ടാകാം. ശരീര സൗന്ദര്യവത്കരണ ശസ്ത്രക്രിയകളുടെ (ഈസ്‌തെറ്റിക് സര്‍ജറികള്‍) കൂട്ടത്തിലാണെങ്കിലും, അമിതമായ വയറും ഭാരവും ഒഴിഞ്ഞുകിട്ടുന്നതോടെ ആരോഗ്യസുരക്ഷിതത്വം കൂടിയാണ് കൈവരിക.
അബ്‌ഡൊമിനോപ്‌ളാസ്റ്റി
എന്നാല്‍ എന്ത്?
അടിവയര്‍ ഭാഗത്ത് കൊഴുപ്പ് അടിഞ്ഞുകൂടിയും, ഉദരചര്‍മ്മത്തിന്റെ മുറുക്കം നഷ്ടമായി വയര്‍ ഇടിഞ്ഞുതൂങ്ങിയും ബുദ്ധിമുട്ടുന്നവരുടെ ഉദരഭാഗത്തുനിന്ന് അധികഅളവിലുള്ള കൊഴുപ്പും അയഞ്ഞ ചര്‍മ്മവും നീക്കം ചെയ്ത്, ഉദരഭാഗത്തിന്റെ സ്വാഭാവിക ആകൃതി തിരികെ നല്‍കുന്ന സൗന്ദര്യവത്കരണ ശസ്ത്രക്രിയയാണ് ടമ്മി ടക്ക് സര്‍ജറി എന്നുകൂടി അറിയപ്പെടുന്ന അബ്‌ഡൊമിനോപ്‌ളാസ്റ്റി.
വേണ്ടിവരുന്നത്
എപ്പോള്‍?
പാരമ്പര്യ ശരീരപ്രകൃതി, പ്രായാധിക്യം, അടിവയര്‍ ഭാഗത്ത് വേണ്ടിവരുന്ന ചില ശസ്ത്രക്രിയകള്‍ (അംബിലിക്കല്‍, ഇന്‍സിഷണല്‍ ഹെര്‍ണിയകള്‍), ഗര്‍ഭാവസ്ഥ, ശരീരഭാരത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ എന്നിവ കാരണം അടിവയര്‍ ഭാഗത്ത് കൊഴുപ്പ് അടിഞ്ഞുകൂടുവാനും, ഉദരചര്‍മ്മത്തിന് ഇലാസ്തികത വര്‍ദ്ധിച്ച് വയര്‍ ഇടിഞ്ഞുതൂങ്ങുവാനും ഇടയാകും. കൊഴുപ്പു നിറച്ച വലിയൊരു സഞ്ചി പോലെ അടിവയര്‍ അയഞ്ഞുതൂങ്ങി ശരീരാകൃതി നഷ്ടപ്പെടുക മാത്രമല്ല, ശരീരത്തിന്റെ സ്വാഭാവിക ചലനങ്ങള്‍ക്കു കൂടിയും ബുദ്ധിമുട്ട് നേരിടും.
ശസ്ത്രക്രിയ
എങ്ങനെ?
ഇടുപ്പെല്ലുകള്‍ക്ക് ഇടയില്‍, അടിവയറിന്റെ ചര്‍മ്മത്തിലും പേശികളിലുമുണ്ടാക്കുന്ന സുഷിരം വഴിയാണ് അടിഞ്ഞുകൂടിയ കൊഴുപ്പും വലിഞ്ഞുനീണ്ട ചര്‍മ്മവും നീക്കം ചെയ്യുക. അതിന്റെ ഭാഗമായിത്തന്നെ ഈ ഭാഗത്ത് ഫേഷ്യ എന്ന് അറിയപ്പെടുന്ന കണക്ടീവ് ടിഷ്യുവില്‍ തുന്നലുകളിട്ട് ഇലാസ്തികത കുറയ്ക്കുകയും ചെയ്യും. നാഭീപ്രദേശത്തിനു താഴെയോ, അടിവയര്‍ ഭാഗത്തോ കൊഴുപ്പ് നിക്ഷേപം അടിഞ്ഞുകൂടി വയര്‍ തൂങ്ങിയ നിലയിലുള്ള ആര്‍ക്കും ഈ ശസ്ത്രക്രിയയിലൂടെ കൊഴുപ്പ് നീക്കം ചെയ്ത്, വയര്‍ ഭാഗത്തിന്റെ സ്വാഭാവിക ആകൃതി വീണ്ടെടുക്കാം.
മറ്റു സര്‍ജറികള്‍ക്ക്
ഒപ്പം ചെയ്യാം
ഉദരപേശികള്‍ക്ക് ബലം കുറയുന്നതു മൂലം കുടലിന്റെ ഭാഗങ്ങള്‍ നാഭീപ്രദേശം വഴി പുറത്തേക്കു തള്ളി വലിയ മുഴ പോലെ രൂപപ്പെടുന്നതാണ് അംബിലിക്കല്‍ ഹെര്‍ണിയ. അടിവയര്‍ ഭാഗത്ത് വേണ്ടിവരുന്ന ചില ശസ്ത്രക്രിയകള്‍ക്കു ശേഷം മുറിവ് പൂര്‍ണമായും ഭേദമാകാതെ ഇതുവഴി കുടല്‍ഭാഗങ്ങള്‍ പുറത്തേക്കു തള്ളുന്ന സാഹചര്യവും ഉണ്ടാകും. ഇതാണ് ഇന്‍സിഷിണല്‍ ഹെര്‍ണിയ. ഈ രണ്ടു തരം ഹെര്‍ണിയകള്‍ക്കും ശസ്ത്രക്രിയ വേണ്ടിവരുമ്പോള്‍ അതിനൊപ്പം തന്നെ നിര്‍വഹിക്കാവുന്നതാണ് അബ്‌ഡൊമിനോപ്‌ളാസ്റ്റിയും.
ഉദരപേശികള്‍ വലിഞ്ഞ്, അവയുടെ മുറുക്കം കുറയുമ്പോള്‍ അംബിലിക്കല്‍ ഹെര്‍ണിയയ്ക്ക് സാധ്യത കൂടും. അതിന് സര്‍ജറി നിര്‍വഹിക്കുമ്പോള്‍ ഒപ്പം അബ്‌ഡൊമിനോപ്‌ളാസ്റ്റി കൂടി ചെയ്താല്‍ ഹെര്‍ണിയ ആവര്‍ത്തിക്കുന്നത് തടയാം. സ്ത്രീകളില്‍ ഗര്‍ഭാശയം നീക്കം ചെയ്യല്‍ വേണ്ടിവരുന്നെങ്കില്‍, അടിവയര്‍ ഭാഗത്ത് കൊഴുപ്പ് വര്‍ദ്ധിച്ച് വയര്‍ തൂങ്ങിയ നിലയിലുള്ളവരാണെങ്കില്‍ അബ്‌ഡൊമിനോപ്‌ളാസ്റ്റി കൂടി അതിനൊപ്പം ചെയ്യുന്നതാണ് സുരക്ഷിതവും എളുപ്പവും. ഇതിനായി രണ്ടാമതൊരു ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്നത് ഇങ്ങനെ ഒഴിവാക്കാം.
പ്രായം, ശരീരപ്രകൃതി, ജീവിതശൈലി, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ വിലയിരുത്തിയതിനു ശേഷം മാത്രമേ അബ്‌ഡൊമിനോപ്‌സാറ്റി വേണമോ എന്ന കാര്യം ലാപ്പറോസ്‌കോപ്പിക് സര്‍ജന്‍ നിശ്ചയിക്കൂ. അബ്‌ഡൊമിനോപ്‌ളാസ്റ്റിക്ക് വിധേയരാകുമ്പോള്‍ അതു നിര്‍വഹിക്കുന്ന ലാപ്പറോസ്‌കോപ്പിക് സര്‍ജന്റെ വൈദഗ്ദ്ധ്യവും, ഈസ്‌തെറ്റിക് സര്‍ജറികളില്‍ ഡോക്ടര്‍ക്കുള്ള പരിചയസമ്പത്തും ശസ്ത്രക്രിയ നിര്‍വഹിക്കപ്പെടുന്ന ആശുപത്രിയിലെ സാങ്കേതിക സൗകര്യങ്ങളും ഒരുപോലെ പ്രധാനമാണ്. ശരീരഭാരം കൂടുതലുള്ളവരില്‍ സാധാരണമായ പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയും അബ്‌ഡൊമിനോപ്‌ളാസ്റ്റിയിലൂടെ ഒഴിവാക്കാനാകും. ഭാരം കുറയ്ക്കാന്‍ വഴിയുള്ളപ്പോള്‍ അതിനെക്കുറിച്ചോര്‍ത്ത് മനോദു:ഖം വേണ്ടല്ലോ.
(ലേഖിക അബ്‌ഡൊമിനോപ്‌ളാസ്റ്റി ഉള്‍പ്പെടെ വിവിധ ഈസ്‌തെറ്റിക് സര്‍ജറികളില്‍ വൈദഗ്ദ്ധ്യം നേടിയ പ്രമുഖ ലാപ്പറോസ്‌കോപ്പിക് സര്‍ജന്‍ ആണ്. ഇപ്പോള്‍ കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജില്‍ അസോസിയേറ്റ് പ്രൊഫസറും സീനിയര്‍ കണ്‍സള്‍ട്ടന്റ് ലാപ്പറോസ്‌കോപ്പിക് സര്‍ജനുമായി സേവനമനുഷ്ഠിക്കുന്നു)
24.92°C







