Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:13 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഡോ. സഞ്ജീവ് ഭാസ്‌കര്‍ 

ശരീരത്തിന് കൃത്യമായ ആകൃതിയും രൂപഘടനയും നല്‍കുന്നതും ആന്തരാവയവങ്ങളെ പൊതിഞ്ഞു സംരക്ഷിക്കുന്നതും അസ്ഥിവ്യവസ്ഥയാണ്. പ്രായപൂര്‍ത്തിയായ ഒരാളുടെ ശരീരം ചെറുതും വലുതുമായ 206 അസ്ഥികളുടെ ഘടനയാണ്. ജനനസമയത്ത് ശരീരത്തില്‍ 270 അസ്ഥികള്‍ കാണുമെങ്കിലും ഇവയില്‍ ചിലത് വളര്‍ച്ചയുടെ ഘട്ടത്തില്‍ പരസ്പരം കൂടിച്ചേരുകയാണ് ചെയ്യുക.

ശരീരത്തിന് ബലവും കരുത്തും നല്‍കുന്നത് അസ്ഥികളാണെങ്കിലും, ചലനം സാദ്ധ്യമാക്കുന്നത് യഥാര്‍ത്ഥത്തില്‍ സന്ധികളാണ്. കൈമുട്ടുകളും കാല്‍മുട്ടുകളും പോലെ, രണ്ടോ അതിലധികമോ അസ്ഥികള്‍ പരസ്പരം ചേരുന്ന ജംഗ്ഷന്‍ ആണ് സന്ധി. സ്ഥാനവും ധര്‍മ്മവും അനുസരിച്ച് ചലനസ്വാതന്ത്ര്യം നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഈ സന്ധികള്‍ ഘര്‍ഷണമില്ലാതെ പ്രവര്‍ത്തിക്കുമ്പോഴേ ചലനം സുഗമമാകൂ.

സന്ധികളുടെ
ഘടന

ഒരു വശത്തേക്കു മാത്രം തുറക്കാവുന്ന വാതിലിന്റെ വിജാഗിരികള്‍ പോലെയാണ് സന്ധികള്‍. വിജാഗിരികള്‍ മുറുകിയാല്‍ വാതില്‍ തുറക്കുന്നത് ശ്രമകരമാകും. അപ്പോള്‍ നമ്മള്‍ എണ്ണയിട്ടുകൊടുക്കും. കാലിലെയും കൈമുട്ടിലെയും സന്ധികള്‍ സെല്‍ഫ് ലൂബ്രിക്കേറ്റിംഗ് ആണ്. പക്ഷേ, ഉപയോഗം കൊണ്ട് തേയ്മാനം സംഭവിക്കുകയോ, സന്ധികളുടെ ലൂബ്രിക്കേഷന്‍ നഷ്ടമാവുകയോ ചെയ്താല്‍ സന്ധിവേദനയും കൈകാലുകള്‍ ചലിപ്പിക്കാന്‍ ബുദ്ധിമുട്ടുമാണ് ഫലം.

ചുരുട്ടിപ്പിടിച്ച കൈത്തലം (മുഷ്ടി) മറ്റേ കൈയുടെ ഉള്ളിലേക്കു കടത്തിപ്പിടിച്ചാല്‍ എങ്ങനെയുണ്ടാകുമോ അതുപോലെയാണ് സന്ധിയുടെ പ്രവര്‍ത്തനമെന്നു പറയാം. അസ്ഥികള്‍ ബലമേറിയവ ആയതുകൊണ്ട്, രണ്ട് അസ്ഥികള്‍ ചേരുന്നിടത്ത് ഇവയെ നേരിട്ട് ബന്ധിപ്പിക്കാനാകില്ല. അപ്പോഴത്തെ ഘര്‍ഷണം ഒഴിവാക്കാന്‍ താരതമ്യേന മൃദുവായ തരുണാസ്ഥികള്‍ കൊണ്ട് ഈ ഭാഗം പൊതിഞ്ഞാണിരിക്കുന്നത്. സന്ധികളെ പൊതിയുന്ന സൈനോവിയല്‍ സ്തരം ഉത്പാദിപ്പിക്കുന്ന സൈനോവിയല്‍ ദ്രവം ആ ഭാഗത്തെ ഘര്‍ഷണരഹിതമാക്കുകയും, ലൂബ്രിക്കേറ്റിംഗ് ഫ്‌ളൂയിഡ് ആയി പ്രവര്‍ത്തിക്കുകയും ചെയ്യും.

പ്രവര്‍ത്തനം
എങ്ങനെ?

അസ്ഥികളെ പരസ്പരം ബന്ധിപ്പിക്കുന്നതും അവയുടെ ചലനം നിയന്ത്രിക്കുന്നതും ഇലാസ്തിക സ്വഭാവമുള്ള ലിഗമെന്റുകളും, അസ്ഥികളെ പേശികളുമായി ബന്ധിപ്പിക്കുന്നത് ടെന്‍ഡനുകളുമാണ്. ഇതിനു പുറമെ അസ്ഥികള്‍ക്കിടയില്‍ കുഷ്യനുകള്‍ പോലെ പ്രവര്‍ത്തിക്കുന്ന ഭാഗങ്ങളുമുണ്ട്. കൈമുട്ടുകളുടെയും കാല്‍മുട്ടുകളുടെയും ചലനം ഘര്‍ഷണരഹിതവും സുഗമവുമാക്കാന്‍ അതീവ സങ്കീര്‍ണമായൊരു സംവിധാനമാണ് നമ്മുടെ ശരീരത്തിലുള്ളതെന്ന് മനസ്സിലായല്ലോ.

ഉപയോഗം കൊണ്ട് തരുണാസ്ഥികള്‍ക്കു സംഭവിക്കുന്ന തേയ്മാനം, ലൂബ്രിക്കേറ്റിംഗ് സംവിധാനത്തിന്റെ കാര്യക്ഷമതയില്ലായ്ക, ഘര്‍ഷണം ഒഴിവാക്കുന്ന സംവിധാനത്തിന്റെ തകരാറു കാരണം അസ്ഥികള്‍ തമ്മില്‍ ഞെരുക്കം ഇവയെല്ലാം സന്ധികളില്‍ അസഹ്യമായ വേദനയ്ക്ക് കാരണമാവുകയും, ചലനം തന്നെ ബുദ്ധിമുട്ടുള്ളതുമാക്കും. അസ്ഥികളെ ബാധിക്കുന്ന ആര്‍ത്രൈറ്റിസ് ആണ് ഏറ്റവും കൂടുതല്‍ പേരില്‍ സന്ധിവേദനയ്ക്ക് വഴിയൊരുക്കുന്നത്. സന്ധികളില്‍ അസ്ഥികളെ പൊതിയുന്ന തരുണാസ്ഥികള്‍ ഉപയോഗംകൊണ്ട് തേയുന്ന അവസ്ഥയാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്. ഏതു സന്ധികളിലും ഇതു സംഭവിക്കാമെങ്കിലും ഏറ്റവും കൂടുതല്‍ പേരില്‍ കാണുന്നത് കാല്‍മുട്ടുകള്‍, കൈമുട്ടുകള്‍, ഇടുപ്പെല്ല്, നട്ടെല്ല് എന്നിവിടങ്ങളിലെ സന്ധികളിലാണ്.

എന്തുകൊണ്ട്
മുട്ടുവേദന?

അസ്ഥികളെ പൊതിയുന്ന തരുണാസ്ഥികള്‍ ഒരേസമയം മൃദുവും ഉറപ്പുള്ളതും റബ്ബര്‍ പോലെ  കുഷ്യന്‍ സ്വഭാവമുള്ളതുമാണ്. തരുണാസ്ഥികള്‍ക്ക് നാശം സംഭവിച്ചാല്‍, അവയ്ക്ക് സ്വയം അറ്റകുറ്റപ്പണി നടത്താനാകില്ല. തരുണാസ്ഥികളിലേക്ക് രക്തക്കുഴലുകളോ രക്തയോട്ടമോ ഇല്ല എന്നുതന്നെ കാരണം. തരുണാസ്ഥികള്‍ നശിക്കുന്നതോടെ അസ്ഥികള്‍ പരസ്പരം സ്പര്‍ശിക്കാനും ഞെരുങ്ങാനും ഇടവരികയും സന്ധികളില്‍ വേദനാജനകമായ ഘര്‍ഷണം ഉണ്ടാവുകയും ചെയ്യും. ഇതാണ് അസഹ്യമായ വേദനയായി അനുഭവപ്പെടുന്നത്.

അറ്റകുറ്റപ്പണി നടത്താനാകാത്ത ഏതു യന്ത്രഭാഗത്തിനും റീപ്‌ളേസ്‌മെന്റ് (മാറ്റിവയ്ക്കല്‍) മാത്രമാണ് പരിഹാരം. കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ നിര്‍വഹിക്കുന്നത് ഇതാണ്. സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രിക്രിയയില്‍, തേഞ്ഞതും ഉരഞ്ഞ് പരിക്കു പറ്റിയതുമായ അസ്ഥിയുടെയും തരുണാസ്ഥിയുടെയും ഭാഗങ്ങള്‍ മുറിച്ചുകളഞ്ഞതിനു ശേഷം, ലോഹക്കൂട്ടുകളോ ഹൈ- ഗ്രേഡ് പ്‌ളാസ്റ്റിക്കോ പൊളിമെറുകളോ കൊണ്ട് നിര്‍മ്മിക്കപ്പെട്ട കൃത്രിമ സന്ധി വച്ചുപിടിപ്പിക്കുകയാണ് ചെയ്യുക. എക്‌സ് റേ വഴി സന്ധികളുടെ തേയ്മാനവും അസ്ഥികളുടെ ബലവും വിലയിരുത്തിയതിനു ശേഷമാകും, സന്ധി മാറ്റിവയ്ക്കല്‍ ആവശ്യമുണ്ടോ എന്ന് ഓര്‍ത്തോപീഡിക് സര്‍ജന്‍ നിശ്ചയിക്കുക.

ഒറിജിനലിനു
പകരമാകില്ല

സന്ധികളുടെ തേയ്മാനം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവരും സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നിര്‍ദ്ദേശിക്കപ്പെട്ടവരും പ്രാഥമികമായി അറിഞ്ഞിരിക്കേണ്ടത്, എത്ര ഗുണനിലവാരമുള്ള കൃത്രിമ സന്ധിയും നമ്മുടെ സ്വാഭാവിക സന്ധികള്‍ക്കു പകരമാകില്ല എന്നതാണ്. അതുകൊണ്ടുതന്നെ, മാറ്റിവയ്ക്കല്‍ (റീപ്‌ളേസ്‌മെന്റ്) അല്ലാതെ പരിഹാരമില്ല എന്ന അവസ്ഥയില്‍ മാത്രമെ അതിനു തീരുമാനിക്കാവൂ. മറ്റുള്ളവര്‍ക്ക്, ശരീരഭാരം നിയന്ത്രിച്ചും സന്ധികള്‍ക്ക് ആയാസമുണ്ടാക്കുന്ന പ്രവൃത്തികള്‍ ഒഴിവാക്കിയും സന്ധികള്‍ക്ക് ആരോഗ്യം നല്‍കുന്ന പ്രത്യേക തരം വ്യായാമങ്ങള്‍ ശീലിച്ചും മുട്ടു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പരമാവധി ഒഴിവാക്കാവുന്നതാണ്.

പ്രായം കാരണം അസ്ഥികള്‍ക്കു സംഭവിക്കുന്ന ബലക്ഷയവും സന്ധികളുടെ തേയ്മാനവും നമുക്ക് പരിഹരിക്കാവുന്നതല്ല. പക്ഷേ, സന്ധികളുടെ അനാരോഗ്യത്തിനും പരിക്കുകള്‍ക്കും കാരണം പ്രായം മാത്രമല്ല. അമിത ശരീരഭാരമാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസിന് വഴിവയ്ക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. നമ്മുടെ ശരീരഭാരത്തിന്റെ സമ്മര്‍ദ്ദം മുഴുവന്‍ ഏല്‌ക്കേണ്ടിവരുന്നത് കാലുകളാണ്. ഈ ശരീരഭാരവുമായി നടക്കേണ്ടിവരുമ്പോള്‍ കാല്‍മുട്ടുകളിലെ സന്ധികളില്‍ ഏല്ക്കുന്ന സമ്മര്‍ദ്ദം ഓര്‍ത്തുനോക്കൂ. സ്വാഭാവികമായും ഈ അവസ്ഥ ദീര്‍ഘനാള്‍ തുടരുന്നത് തരുണാസ്ഥികളുടെ തേയ്മാനത്തിനും നാശത്തിനും കാരണമാകും.

ശരീരഭാരം കുറവാണെങ്കിലും സ്ഥിരമായി അമിത ഭാരം ചുമക്കുന്നവരുടെ കാല്‍മുട്ടുകള്‍ക്ക് സംഭവിക്കുന്നതും ഇതുതന്നെയാണ്. തരുണാസ്ഥികള്‍ക്ക് അനുഭവപ്പെടുന്ന ഞെരുക്കം അവയുടെ നാശത്തിന് വഴിവയ്ക്കുകയും സന്ധിയിലെ ലൂബ്രിക്കേഷന്‍ നഷ്ടമാവുകയും ചെയ്യും. ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം അമിത ഭാരം ചുമക്കാതിരിക്കുകയും, സന്ധികളുടെ അനായാസ ചലനം ഉറപ്പാക്കുന്ന വ്യായാമങ്ങള്‍ പതിവാക്കുകയും ചെയ്താല്‍ സ്വാഭാവിക സന്ധികളുടെ ആരോഗ്യം ദീര്‍ഘനാള്‍ നിലനിറുത്താനും സന്ധി മാറ്റിവയ്‌ക്കേണ്ടിവരുന്ന സാഹചര്യം പരമാവധി ഒഴിവാക്കാനും സാധിക്കും.

മുട്ട് മാറ്റിവയ്ക്കല്‍
വേണ്ടിവരുമ്പോള്‍

പക്ഷേ, സന്ധികളിലെ തരുണാസ്ഥികള്‍ക്കു സംഭവിച്ച നാശം പരിഹരിക്കാനാകുന്നതല്ലെങ്കില്‍ സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മാത്രമാണ് പോംവഴി. സന്ധികളുടെ തേയ്മാനം കാരണം അനുഭവിക്കേണ്ടിവരുന്ന അസഹ്യമായ വേദനയില്‍ നിന്ന് മോചനം, കാല്‍മുട്ടുകളുടെ ചലനശേഷി വീണ്ടുകിട്ടുന്നതു കാരണമുള്ള സൗകര്യം, നടക്കാനും സാധാരണ ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനും തടസ്സമില്ലാത്തതുകാരണം കൈവരുന്ന ജീവിതനിലവാരം എന്നിവയാണ് സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ സാധ്യമാവുക.

ശസ്ത്രക്രിയ നടത്തിയ കാല്‍മുട്ടില്‍ അണുബാധയ്ക്കുള്ള സാധ്യതയും, ശസ്ത്രക്രിയാനന്തരം അനുഭവപ്പെടുന്ന കടുത്ത വേദനയും കാരണം അതീവസങ്കീര്‍ണ സാധ്യതയുള്ള സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക്, കീഹോള്‍ (മിനിമലി ഇന്‍വേസീവ്) സര്‍ജറി പ്രചാരത്തിലെത്തിയതോടെ ഇത് കുറേക്കൂടി ലളിതവും സാധാരണവുമായിട്ടുണ്ട്. അതേസമയം, ശസ്ത്രക്രിയയിലൂടെ പൂര്‍ണഫലപ്രാപ്തി ഉറപ്പാക്കുന്നതില്‍ സര്‍ജന്റെ വൈദഗ്ദ്ധ്യവും പരിചയസമ്പന്നതയും, രോഗി സര്‍ജറിക്ക് വിധേയനാകുന്ന ആശുപത്രിയുടെ സാങ്കേതിക നിലവാരവും, ഉപയോഗിക്കുന്ന കൃത്രിമ സന്ധിയുടെ ഗുണനിലവാരവും (പ്രോസ്‌തെസിസ്) ഒരുപോലെ പ്രധാനമാണെന്ന് മറക്കരുത്.

(സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍, റിവിഷന്‍ സര്‍ജറി, അപകടങ്ങളിലും മറ്റും അസ്ഥികള്‍ക്കു സംഭവിക്കുന്ന ഗുരുതരമായ പരിക്കുകള്‍ക്കുള്ള ട്രോമ സര്‍ജറി എന്നിവയില്‍ ദേശീയതലത്തില്‍ത്തന്നെ ശ്രദ്ധേയനായ ഡോ. സഞ്ജീവ് ഭാസ്‌കര്‍ കൊല്ലം , ക്വയിലോണ്‍ ഓര്‍ത്തോ കെയര്‍ (ക്യു.ഒ.സി) ചീഫ് കണ്‍സള്‍ട്ടന്റ് ഓര്‍ത്തോപീഡിക് സര്‍ജന്‍ ആണ്. മൊബൈല്‍: 9387667585 , 
0474-2725002

Readers Comment

Add a Comment