Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

മധുരം കണ്ടാല്‍ മനസ്സു മടുക്കുന്നവരുടെ ദിവസമാണ് ഇന്ന്- ലോക പ്രമേഹദിനം. 1922 ല്‍ ചാള്‍സ് ബെസ്റ്റിന് ഒപ്പം ഇന്‍സുലിന്‍ കണ്ടെത്തിയ സര്‍ ഫ്രെഡറിക് ബാന്‍ടിങിന്റെ ജന്മദിനമാണ് ലോകാരോഗ്യ സംഘടന ലോക പ്രമേഹദിനമായി ആചരിക്കുന്നത്. കുടുംബവും പ്രമേഹവും എന്നതാണ് ഈ വര്‍ഷത്തെ പ്രമേഹദിനത്തിന്റെ പ്രചാരണ ആശയം.
ഹൃദയവും വൃക്കകളും ഉള്‍പ്പെടെ ശരീരത്തിന്റെ എല്ലാ ജീവല്‍പ്രധാന അവയവങ്ങളെയും ബാധിക്കുന്ന പ്രമേഹം അതുകൊണ്ടുതന്നെ ഒരു വ്യക്തിയില്‍ മാത്രം ഒതുങ്ങുന്ന രോഗമല്ല. കുടുംബങ്ങളുടെ നിലനില്പിനെത്തന്നെ ബാധിക്കുന്ന പ്രമേഹം പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് കുടുംബവും പ്രമേഹവും എന്ന ആശയം.
പ്രമേഹ ദിനാചരണവുമായി ബന്ധപ്പെട്ട് ലോകമെമ്പാടും നടക്കുന്ന ചര്‍ച്ചകളും സെമിനാറുകളും ക്യാമ്പുകളും നിര്‍ഭാഗ്യവശാല്‍ ഇന്‍സുലിന്‍ മരുന്നു കമ്പനികളുടെയും ഇന്‍സുലിന്‍ പമ്പ് ഉത്പാദകരുടെയും സ്‌പോണ്‍സേര്‍ഡ് പരിപാടിയായി മാറിയിട്ടുണ്ട്. പ്രതിരോധം ഫലപ്രദമായാല്‍ ഇല്ലാതാകുന്നത് ഇവരുടെ കച്ചവട താത്പര്യങ്ങളാണ്. സ്വാഭാവികമായും, പ്രതിരോധ മാര്‍ഗങ്ങളേക്കാള്‍ ഈ ചര്‍ച്ചകളിലും സെമിനാറുകളിലും പ്രാമുഖ്യം ലഭിക്കുന്നത് ചികിത്സയ്ക്കായിരിക്കും.
പാരമ്പര്യത്തിന് പ്രമേഹ സാധ്യതയില്‍ നിര്‍ണയക സ്വാധീനമുണ്ടെങ്കിലും ലോകമെങ്ങും പ്രമേഹത്തെ കരുതുന്നത് ജീവിതശൈലീ രോഗമായാണ്. ശീലങ്ങള്‍ കാരണമുണ്ടാകുന്ന ഏതു രോഗത്തിനും പ്രതിവിധി ആ ശീലങ്ങളുടെ ക്രമീകരണം തന്നെയാണ്. പ്രമേഹത്തിന്റെ കാര്യത്തില്‍ ഈ പ്രതിരോധം വലിയൊരളവ് ഫലപ്രദവുമാണ്. രക്തത്തില്‍ ഗ്‌ളൂക്കോസിന്റെ അളവ് ക്രമം വിട്ട് തുടര്‍ച്ചയായി ഉയര്‍ന്ന അളവില്‍ നില്‍ക്കുന്നതാണ് പ്രമേഹ കാരണം.
ദഹനപ്രക്രിയയ്ക്കു ശേഷം പോഷക പദാര്‍ത്ഥങ്ങളില്‍ നിന്ന് വേര്‍തിരിക്കപ്പെടുന്ന ഗ്‌ളൂക്കോസിനെ കാര്യക്ഷമമായി സ്വീകരിക്കാനോ ഉപയോഗിച്ചു തീര്‍ക്കാനോ ശരീരകോശങ്ങള്‍ക്കു കഴിയാതിരിക്കുന്ന അവസ്ഥയിലാണ് രക്തത്തില്‍ ഗ്‌ളൂക്കോസിന്റെ അളവ് ഉയര്‍ന്നുനില്‍ക്കുക. ഗ്‌ളൂക്കോസ് എരിച്ചുകളയാന്‍ വ്യായാമത്തേക്കാള്‍ ഫലപ്രദമായ മാര്‍ഗം വേറെയില്ല!
മാറിയ ജീവിതശൈലി ശാരീരിക വ്യായാമത്തിന് തീരെ അവസരം നല്‍കുന്നതല്ല. സ്വന്തം വാഹനങ്ങളിലുള്ള യാത്ര, പടിക്കെട്ടുകള്‍ക്കു പകരം സ്ഥിരമായി ലിഫ്റ്റ് ഉപയോഗിക്കുന്ന ശീലം, കംപ്യൂട്ടറിനോ ടിവിക്കോ മുന്നില്‍ ദീര്‍ഘനേരം ഒരേയിരിപ്പിലുള്ള ശാരീരിക നില, കൊഴുപ്പിന്റെ അംശം അധികമായ ആഹാര പദാര്‍ത്ഥങ്ങള്‍, ഉപ്പ്, മധുരം എന്നിവയുടെ അമിത ഉപയോഗം ഇവയെല്ലാം പ്രമേഹത്തിന് വഴിയൊരുക്കുന്നതാണ്. ഈ പറഞ്ഞവയെല്ലാം ക്രമേണ മാറ്റിയെടുക്കാവുന്ന ശീലങ്ങളുമാണ്.
പ്രമേഹ പ്രതിരോധത്തിന് അവലംബിക്കാവുന്ന 10 വഴികള്‍ ഇതാ:
1. തവിടു നീക്കാത്ത അരിയും മുറിക്കുകയോ പൊടിക്കുകയോ ചെയ്യാത്ത ധാന്യങ്ങളും ഉപയോഗിക്കുക. പച്ചക്കറികളും പഴവര്‍ഗങ്ങളും നിത്യാഹാരത്തില്‍ ഉള്‍പ്പെടുത്തുക.
2. ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഉപ്പിന്റെ അളവ് കുറയ്ക്കുക. രക്തസമ്മര്‍ദ്ദ നിരക്ക് വര്‍ധിപ്പിക്കുന്ന ഘടകമാണ് കറിയുപ്പ്. അമിത രക്തസമ്മര്‍ദ്ദം ഹൃദ്രോഗങ്ങള്‍ക്ക് വഴിവയ്ക്കും. അതിനൊപ്പം പ്രമേഹം കൂടിയുണ്ടെങ്കില്‍ സ്ഥിതി ഗുരുതരമാകും.
3. റെഡ് മീറ്റ്, സംസ്‌കരിച്ച ഇറച്ചി വിഭവങ്ങള്‍ എന്നിവ ഒഴിവാക്കുക. ഇവയെല്ലാം ഹൃദയാരോഗ്യത്തിന് വിരുദ്ധവും അമിത രക്തസമ്മര്‍ദ്ദത്തിന് ഇടയാക്കുന്നവയുമാണ്. ഇറച്ചിക്കു പകരം മത്സ്യ വിഭവങ്ങള്‍ പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
4. നാരുകള്‍ ഉള്ള പച്ചക്കറികളും പഴവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹത്തെ പ്രതിരോധിക്കാന്‍ മാത്രമല്ല, ഹൃദ്രോഗത്തെ അകറ്റാനും പ്രയോജനപ്പെടും. പഴച്ചാറുകള്‍ക്കു പകരം പഴങ്ങള്‍ തന്നെ കഴിക്കാന്‍ ശ്രദ്ധിക്കുക. ദിവസത്തില്‍ പല തവണയായി പഴങ്ങള്‍ കഴിക്കുന്നതാണ് കൂടുതല്‍ പ്രയോജനകരം.
5. അപകടകാരികളായ കൊഴുപ്പുകളെ അകറ്റി നിര്‍ത്തുക. കൊളസ്റ്ററോള്‍ എന്നത് നമ്മുടെ ശാരീരികാരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഘടകമാണ്. പക്ഷേ, റെഡ്മീറ്റ്, സംസ്‌കരിക്കപ്പെട്ട ഇറച്ചി വിഭവങ്ങള്‍, നെയ്യ്, വെണ്ണ, ബേക്കറി ഉത്പന്നങ്ങള്‍ എന്നിവയില്‍ പൂരിത കൊഴുപ്പാണ് ഉള്ളത്. ഇതിനു പകരം ആരോഗ്യകരമായ കൊഴുപ്പിനെ പ്രോത്സാഹിപ്പിക്കുക.
6. മുഴുവന്‍ ആഹാരപദാര്‍ത്ഥങ്ങളില്‍ നിന്നും ഒറ്റയടിക്ക് മധുരം പിന്‍വലിക്കുന്നത് കഠിനമാണ്. അതുകൊണ്ട് ആദ്യം ചായ, കാപ്പി തുടങ്ങിയ പാനീയങ്ങളില്‍ നിന്ന് പഞ്ചസാരയെ ഒഴിവാക്കിക്കൊണ്ട് തുടക്കമിടാം. വെള്ളം ധാരാളം കുടിക്കുകയും പാല്‍ കുടിക്കുമ്പോള്‍ പഞ്ചസാര ചേര്‍ക്കാതിരിക്കുകയും ചെയ്യുക.
7. ഇടനേരത്തെ ഭക്ഷണത്തിനായി ബിസ്‌കറ്റ്, ചോക്കലേറ്റ്, ബേക്കറി ഉത്പന്നങ്ങള്‍ എന്നിവയ്ക്കു പകരം ഉപ്പു ചേര്‍ക്കാത്ത നട്ട്‌സ്, പഴങ്ങള്‍, പാകംചെയ്യാത്ത പച്ചക്കറികള്‍ തുടങ്ങിയവ ഉപയോഗിക്കുക. വറുത്തതോ പൊരിച്ചതോ ആയ വിഭവങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക.
8. അമിത മദ്യപാനം ഒഴിവാക്കുക. ആല്‍ക്കഹോളില്‍ കലോറി കൂടിയ അളവിലുണ്ട്. മാത്രമല്ല, ഒഴിഞ്ഞ വയറോടെ മദ്യം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
9. പ്രമേഹം കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണം എന്നൊന്നില്ലെന്ന് മനസ്സിലാക്കുക. ചോറിനു പകരം ചപ്പാത്തി കഴിക്കാന്‍ നിര്‍ദ്ദേശിക്കുന്നത് അതില്‍ കലോറി മൂല്യം കുറവായതുകൊണ്ടല്ല. അരിയാഹാരം കഴിക്കുന്നത്ര അളവില്‍ നിങ്ങള്‍ ഗോതമ്പ് കഴിക്കില്ല എന്നതുകൊണ്ടാണ്. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കി, ഭക്ഷണത്തിന്റെ അളവ് മിതമാക്കുക. ഒരുമിച്ച് വയര്‍ നിറയെ കഴിക്കുന്നതിനു പകരം ഭക്ഷണം ചെറിയ അളവില്‍ പല തവണകളായി കഴിക്കുക.
10. പ്രമേഹ പ്രതിരോധത്തില്‍ വ്യായാമം പരമപ്രധാനമാണ്. ദിവസവും പത്തു മിനിട്ട് സമയമോ, 10 മിനിട്ട് വീതം സമയം ആഴ്ചയില്‍ അഞ്ചു ദിവസമോ വ്യായാമത്തിന് കണ്ടെത്തുക.