Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:43 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

നിത്യജീവിതത്തിൽ തക്കാളിയില്ലാത്ത ഒരു അടുക്കളെയെ കുറിച്ച് നമുക്ക് ചിന്തിക്കാൻ പോലും ആവില്ല . പതിവായി തയ്യാറാക്കുന്ന മിക്ക വിഭവങ്ങളിലും  നമ്മൾ തക്കാളി ചേർക്കാറുമുണ്ട്. ഇങ്ങനെയിരിക്കെ, തക്കാളി  ആരോഗ്യ പ്രശനങ്ങൾ ഉണ്ടാക്കും എന്നറിയുമ്പോൾ   സ്വാഭാവികമായി വലുതല്ലാത്ത ഒരു ആശങ്കയുണ്ടാകുമെന്നതിൽ സംശയവുമില്ല.

' തക്കാളി അധികം കഴിച്ചാൽ മൂത്രത്തിൽ കല്ല് വരും.'- തക്കാളി കഴിക്കുന്നത് കാണുമ്പോൾ പലരും  ഈ താക്കീത് നിങ്ങൾക്കും തന്നുകാണണം. ചിലർ മൂത്രാശയക്കല്ല് പേടിച്ച് തക്കാളി കഴിക്കുന്നത് പരിപൂർണ്ണമായിത്തന്നെ ഒഴിവാക്കിയവരുണ്ട്. മറ്റ് ചിലരാണെങ്കിൽ, അളന്ന് മുറിച്ച്  മാത്രമേ  ഉപയോഗിക്കൂ.
നമ്മുടെ ആരോഗ്യത്തിന് പല തരത്തിലുള്ള ഗുണങ്ങളുള്ള  പച്ചക്കറിയാണ് തക്കാളി. വിറ്റാമിൻ-സി, വിറ്റാമിൻ- എ, പൊട്ടാസ്യം, ഫൈബർ, പ്രോട്ടീൻ എന്നുതുടങ്ങി ഇതിലടങ്ങിയിരിക്കുന്ന പല ഘടകങ്ങളും ശരീരത്തിന്റെ വിവിധ ആവശ്യങ്ങൾക്ക് ഏറെ ഉപകരിക്കുന്നവയാണ്. പ്രമേഹത്തിന്റെ ബുദ്ധിമുട്ടുകൾക്ക് ആയാസം നൽകുക, കാഴ്ചശക്തിയെ മെച്ചപ്പെടുത്തുക , ചർമ്മത്തെ ഭംഗിഉള്ളതും  ആരോഗ്യമുള്ളതായും നിലനിർത്തുക എന്നുതുടങ്ങി പ്രോസ്‌റ്റേറ്റ് ക്യാൻസർ  വരെ പ്രതിരോധിക്കാൻ തക്കാളി സഹായിക്കുമെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകൾ പറയുന്നത്.

എന്നാൽ മൂത്രാശയക്കല്ല് വരുമെന്ന ഒറ്റ ഉത്കണ്ഠയിൽ പലപ്പോഴും തക്കാളിയെ തള്ളിപ്പറയുന്നു. സത്യത്തിൽ എന്താണ് ഈ വാദത്തിന്റെ അടിസ്ഥാനമെന്ന് നിങ്ങൾ അന്വേഷിച്ചിട്ടുണ്ടോ ?
മൂത്രാശയക്കല്ല് തന്നെ, പല തരത്തിലുമുണ്ട്. സാധാരണയായി കണ്ടുവരുന്നത് 'കാത്സ്യം കല്ലുകൾ' ആണ്. അതായത്, വൃക്കയിൽ അമിതമായി 'കാത്സ്യം ഓക്‌സലേറ്റ്' അടിഞ്ഞുകൂടുന്നത് കൊണ്ടുണ്ടാകുന്ന മൂത്രാശയക്കല്ല്. ഈ 'കാത്സ്യം ഓക്‌സലേറ്റ്' എന്ന ഘടകം പ്രകൃതിദത്തമായി പല പച്ചക്കറികളിലും പഴങ്ങളിലുമെല്ലാം അടങ്ങിയിട്ടുള്ളതാണ്. ഇവ കഴിക്കുന്നതിലൂടെ നമ്മളിലേക്കും 'കാത്സ്യം ഓക്‌സലേറ്റ്' എത്തും. ഇതിന് പുറമെ, നമ്മുടെ കരളും നിശ്ചിത അളവിൽ ദിവസവും കാത്സ്യം ഉത്പാദിപ്പിക്കുന്നുണ്ട്.

കാത്സ്യം, നമുക്കറിയാം എല്ലുകളുടേയും പേശികളുടേയും വളർച്ചയ്ക്കും ബലത്തിനുമെല്ലാം അടിയന്തരമായി വേണ്ട ഘടകമാണ്. രക്തത്തിൽ നിന്ന് എല്ലുകളും പേശികളുമെല്ലാം അവയ്ക്കാവശ്യമായ 'കാത്സ്യം' സ്വാംശീകരിച്ചെടുക്കുകയാണ് ചെയ്യുന്നത്. എന്നാൽ രക്തത്തിൽ കാത്സ്യത്തിന്റെ അളവ് അമിതമായാലോ?

ശരീരത്തിന് ആവശ്യമില്ലാത്ത  പദാർത്ഥങ്ങളെ ശരീരം തന്നെ സ്വയം പുറന്തള്ളും. മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ അസുഖങ്ങളോ ഇല്ലാത്തവരിൽ ഈ പ്രക്രിയ നിത്യേന നടക്കുന്നുണ്ട്. അതായത്, ആവശ്യമില്ലാത്തവയെ എളുപ്പത്തിൽ വൃക്കയിലേക്കെത്തിക്കും. അവിടെ നിന്ന് മൂത്രത്തിലൂടെ അവ പുറന്തള്ളപ്പെടും. നേരത്തേ സൂചിപ്പിച്ച കാത്സ്യം അമിതമായി കാണപ്പെടുന്ന സാഹചര്യത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നത്.

എന്നാൽ ചിലരുടെ വൃക്കയ്ക്ക് ഇത്തരത്തിൽ കാത്സ്യത്തെ പുറന്തള്ളാൻ കഴിയാത്ത അവസ്ഥയുണ്ടാകും. കൂടുതലും  വൃക്കയുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നമുള്ളവരിലാണ് ഇത് സംഭവിക്കാറ്. അങ്ങനെ വരുമ്പോൾ ഈ കാത്സ്യം വൃക്കയിൽ തന്നെ അടിഞ്ഞുകിടന്ന് കല്ലുകളായി രൂപാന്തരപ്പെടുന്നു. അങ്ങനെയാണ് 'കാത്സ്യം ഓക്‌സലേറ്റ്' കല്ലുകളുണ്ടാകുന്നത്.

തക്കാളിയിലും പ്രകൃതിദത്തമായി 'കാത്സ്യം ഓക്‌സലേറ്റ്' അടങ്ങിയിട്ടുണ്ട്. 100 ഗ്രാം തക്കാളിയിൽ 5 ഗ്രാം ഓക്‌സലേറ്റാണ് അടങ്ങിയിട്ടുള്ളത്. ശരാശരി ആരോഗ്യമുള്ള ഒരാളെ സംബന്ധിച്ച് ഇതൊരു പേടിപ്പെടുത്തുന്ന അളവല്ല. അതായത്, ശരാശരി ആരോഗ്യമുള്ളവർ തക്കാളി കഴിക്കുന്നത് കൊണ്ട് പേടിക്കേണ്ടതില്ലെന്ന് സാരം. അതേസമയം, വൃക്കരോഗമുള്ളവർ തക്കാളി കഴിക്കുന്നതിൽ നിയന്ത്രണം വരുത്തേണ്ടതായി വരാറുണ്ട്. വൃക്ക പ്രശ്‌നമായവർക്ക് തക്കാളി മാത്രമല്ല, ബീറ്റ്‌റൂട്ട്, ബീൻസ് തുടങ്ങി പല സാധനങ്ങളിലും നിയന്ത്രണം വരുത്തേണ്ടതായി വന്നേക്കാം. ഇത് ഡോക്ടർമാർ തന്നെ കൃത്യമായി രോഗികൾക്ക് വിശദീകരിച്ചു നൽകാറുണ്ട്.

അതിനാൽ സാധാരണനിലയ്ക്ക്, തക്കാളി കഴിക്കുന്നത് കൊണ്ട് ആശങ്കപ്പെടാൻ ഒന്നുമില്ല. ധൈര്യമായി ആസ്വദിച്ച് തന്നെ തക്കാളി കഴിക്കാം. കൃത്യമായ ഇടവേളകളിൽ ആന്തരീകാവയവങ്ങളുടെ ആരോഗ്യാവസ്ഥ പരിശോധിക്കുന്നത് എപ്പോഴും ഭക്ഷണകാര്യങ്ങളിലും ആകെ ജീവിതത്തിലും വലിയ ആത്മവിശ്വാസം നൽകും. അതിനാൽ ഇഷ്ടമുള്ള ഭക്ഷണങ്ങൾ ഇഷ്ടമുള്ളത്രയും കഴിക്കുന്നതിനൊപ്പം തന്നെ സ്വന്തം അവയവങ്ങളുടെ ആരോഗ്യാവസ്ഥയും പരിശോധിച്ച് ഉറപ്പുവരുത്തുന്ന ശീലം നിർബന്ധമാക്കണം.

തക്കാളി പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും കലവറയാണ്. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ, വിറ്റാമിൻ ബി 6, ഫോളേറ്റ്, തയമിൻ എന്നിവ തക്കാളിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ പൊട്ടാസ്യം, മാംഗനീസ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, ചെമ്പ്, നാരുകൾ, പ്രോട്ടീൻ, ജൈവ സംയുക്തങ്ങളായ ലൈക്കോപീൻ എന്നിവയും അടങ്ങിയിരിക്കുന്നു. കറികളിൽ രുചിയുടെ വകഭേദങ്ങൾ ഉണ്ടാക്കാൻ തക്കാളിക്ക് കഴിയുന്നു എന്നത് ഇവയെ ദൈനംദിന പാചകത്തിന് ഏറെ പ്രിയങ്കരമായ ഒരു പച്ചക്കറിയാക്കി മാറ്റുന്നു.  തക്കാളിയിലെ ജലത്തിന്റെ അളവ് 95 ശതമാനമാണ്. മറ്റ് 5% പ്രധാനമായും കാർബോയും ഫൈബറുമാണ്.

തക്കാളിയുടെ ഔഷധ ഗുണങ്ങൾ എന്തൊക്കെയാണ്?

ആരോഗ്യമുള്ള പല്ലുകൾ, അസ്ഥികൾ, മുടി, ചർമം എന്നിവ നിലനിർത്താൻ തക്കാളി സഹായിക്കും. തക്കാളി ജ്യൂസിന്റെ ഉചിതമായ ഉപയോഗം കടുത്ത സൂര്യതാപങ്ങൾ സുഖമാക്കും. തക്കാളി കൊണ്ടുണ്ടാക്കുന്ന ഫേസ് പായ്ക്കുകൾ ചർമത്തിലെ വരകളും ചുളിവുകളും നീക്കം ചെയ്യുന്നതിനും മുഖക്കുരു തടയുന്നതിനും നല്ലതാണ്. പ്രായമാകുന്നതു കൊണ്ട് മുഖത്തുണ്ടാകുന്ന ത്വക്കിന്റെ ഇലാസ്തികത മുതലായവയ്ക്ക് ഉപയോഗിക്കുന്ന പല സൗന്ദര്യ സംരക്ഷണ ലേപനങ്ങളും തക്കാളിയിലടങ്ങിയിട്ടുള്ള ധാതുക്കൾ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്.

ചർമത്തിന്റെ തിളക്കം കൂട്ടുന്നതിനായി തക്കാളിയുടെ നീര് ചർമത്തിൽ തേച്ചുപിടിപ്പിച്ച് 15 മിനിറ്റിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഇങ്ങനെ ഒരാഴ്ചയെങ്കിലും ചെയ്യുകയാണെങ്കിൽ ചർമത്തിലെ പഴയ കോശങ്ങൾ നീക്കം ചെയ്ത്, തക്കാളിയിലെ വിറ്റാമിൻ സി വഴി മുഖത്തിനു തിളക്കം ലഭിക്കും. നല്ലൊരു കണ്ടീഷണറായി പ്രവർത്തിക്കുന്ന തക്കാളി, താരനെ ഇല്ലാതാക്കാനും സഹായിക്കുന്നു. തക്കാളി കുഴമ്പുരൂപത്തിലാക്കി തലയോട്ടിയിൽ തേച്ചു പിടിപ്പിച്ചതിനു ശേഷം നന്നായി തല മസ്സാജ് ചെയ്യുക. 30 മിനിറ്റിന് ശേഷം കഴുകിക്കളയുക. തക്കാളി താരനെ അകറ്റുന്നു, പ്രകൃതിദത്ത കണ്ടീഷണറായി തലമുടിക്ക് തിളക്കവും മൃദുത്വവും പകരുന്നു.

ഹൈപ്പർ ടെൻഷൻ എന്നറിയപ്പെടുന്ന ഉയർന്ന രക്തസമ്മർദം ഉണ്ടാകുന്നതിന്റെ സാധ്യത കുറയ്ക്കുന്നതിനായി തക്കാളി ദിവസേന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. തക്കാളിയിൽ കാണുന്ന പൊട്ടാസ്യമാണ് ഇവയ്ക്ക് പിന്നിലെ കാരണം.
പൊട്ടാസ്യം രക്തക്കുഴലുകളുടെയും ധമനികളുടെയും ഉത്തേജനം കുറയ്ക്കുകയും രക്തപ്രവാഹം, രക്തചംക്രമണം വർദ്ധിപ്പിക്കുകയും ഹൃദയത്തിൽ സമ്മർദം കുറയ്ക്കുകയും ചെയ്യുന്നു.

ദഹന പ്രശ്‌നങ്ങളെ പ്രതിരോധിക്കാൻ ദിവസേന തക്കാളി കഴിക്കുന്നത് നല്ലതാണ്. മാത്രമല്ല മഞ്ഞപ്പിത്തം തടയുകയും ശരീരത്തിലെ വിഷവസ്തുക്കളെ ഫലപ്രദമായി നീക്കം ചെയ്യുകയും ചെയ്യുന്നു. തക്കാളിയിൽ വളരെയധികം നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് മലബന്ധം, വയറിളക്കം എന്നിവ പ്രതിരോധിക്കാൻ ഉത്തമമാണ്.
നാരുകളുടെ ആരോഗ്യകരമായ അളവ് പെരിസ്റ്റാൽറ്റിക് ചലനത്തെ ഉത്തേജിപ്പിക്കുകയും ദഹനേന്ദ്രിയത്തിലെ അസ്വസ്ഥതകൾ എളുപ്പം അകറ്റുന്നതിനും സഹായിക്കും

അസാധാരണമായ, കാര്യകാരണസഹിതമല്ലാത്ത കോശവളർച്ച ശരീരത്തിലെ മറ്റുകലകളേയും ബാധിക്കുന്ന അവസ്ഥയാണ് കാൻസർ അല്ലെങ്കിൽ അർബുദം. യൂണിവേഴ്‌സിറ്റി ഓഫ് മോൺട്രിയൽ നടത്തിയ പഠനമനുസരിച്ച്, തക്കാളി അടങ്ങിയിട്ടുള്ള ഭക്ഷണക്രമം പാൻക്രിയാറ്റിക് കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു എന്നതാണ്.
ലൈക്കോപീൻ അടങ്ങിയ ഭക്ഷണക്രമം കാരണം 31% പാൻക്രിയാറ്റിക് കാൻസർ ഉണ്ടാകാനുള്ള സാധ്യത കുറച്ചു എന്നതാണ്. പ്രോസ്റ്റേറ്റ്, ശ്വാസകോശം, ത്വക്ക് തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന കാൻസറുകൾ കുറയ്ക്കുന്നതിന് തക്കാളിയും മറ്റു പച്ചക്കറികളും സഹായിക്കുമെന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. പഠനങ്ങൾ പറയുന്നത് ആഹാരം ഒരിക്കലും മരുന്നല്ല എന്നാൽ പോഷകസമൃദ്ധമായ ഭക്ഷണം വഴി രോഗങ്ങൾ ഒരു പരിധിവരെ തടയാൻ കഴിയും എന്നതാണ്.

Readers Comment

Add a Comment