Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ഡോ. വിനോദ് ജേക്കബ്
ചികിത്സയുടെ ഫലപ്രാപ്തിയില്‍ രോഗനിര്‍ണയത്തിലെ കൃത്യതയാണ് ഏറ്റവും പ്രധാനം. ശാസ്ത്ര സാങ്കേതികരംഗത്തെ വികാസം ആധുനിക രോഗനിര്‍ണയ സാങ്കേതികവിദ്യകളെ ഓരോ ദിവസവും മാറ്റിമറിക്കുന്നതിനൊപ്പം, രോഗനിര്‍ണയത്തിന് ഉപയോഗിക്കാവുന്ന ശരീരദ്രവങ്ങളുടെ കാര്യത്തിലും ശാസ്ത്രീയ ഗവേഷണങ്ങള്‍ ദീര്‍ഘകാലമായി നടക്കുന്നുണ്ട്. പകര്‍ച്ചപ്പനി മുതല്‍ അര്‍ബുദം വരെ തിരിച്ചറിയാനുള്ള പരിശോധനകള്‍ക്ക് രക്തത്തെ ആശ്രയിക്കുന്നതിനു പകരം, അതേ കൃത്യതയോടെ ഉമിനീര് ഉപയോഗിക്കാനാകും എന്നതാണ് ശ്രദ്ധേയമായ കണ്ടെത്തല്‍.
വദനരോഗങ്ങളുടെ നിര്‍ണയത്തിനു മാത്രമല്ല, മറ്റു ശരീരഭാഗങ്ങളെ ബാധിക്കുന്ന അര്‍ബുദങ്ങള്‍, ഹൃദ്രോഗം, വൃക്കരോഗങ്ങള്‍ തുടങ്ങിയവ പ്രാരംഭഘട്ടത്തില്‍ത്തന്നെ നിര്‍ണയിക്കാന്‍ ഉമിനീര്‍ പരിശോധന സഹായകമാകും. രക്തത്തിലുള്ളതു പോലെ തന്നെ വിവിധ രോഗങ്ങള്‍ തിരിച്ചറിയാന്‍ സഹായകമായ ബയോമാര്‍ക്കറുകളുടെ സാന്നിധ്യം ഉമിനീരിലുമുണ്ട്. ഈ ബയോമാര്‍ക്കറുകളുടെ പരിശോധനയിലൂടെയാണ് ഉമിനീരില്‍ നിന്ന് വിവിധ രോഗങ്ങളുടെ സാന്നിധ്യം തിരിച്ചറിയാനാവുക.
ഹദ്രോഗങ്ങളുടെ കാര്യത്തില്‍ സി- റിയാക്ടീവ് പ്രോട്ടീന്‍, മയോഗ്‌ളോബിൻ , കാര്‍ഡിയാക് ട്രോപോനിൻസ് തുടങ്ങി ഉമിനീരില്‍ നിന്ന് തിരിച്ചറിയാവുന്ന ബയോമാര്‍ക്കറുകള്‍ പലതുണ്ട്. ഉദാഹരണമായി, ഹൃദയാഘാതം സംഭവിക്കുന്ന ഒരാളുടെ ഉമിനീരില്‍ മയോഗ്‌ളോബിൻ ആയ മയിലോപെറോക്സിഡേസിന്റെ അളവ് ഉയര്‍ന്നിരിക്കും. സിസ്റ്റിക് ഫൈബ്രോസിസ് ഉള്ളവരുടെ ഉമിനീരില്‍ കാല്‍സ്യം, ഫോസ്‌ഫേറ്റ്, യൂറിയ, യൂറിക് ആസിഡ് എന്നിവയുടെ അളവ് ക്രമംവിട്ട് ഉയരും. പ്രമേഹ നിര്‍ണയത്തിന് ഉമിനീരിലെ ഗ്‌ളൂക്കോസ്, പൊട്ടാസ്യം, പ്രോട്ടീനുകള്‍ എന്നിവയുടെ നില പരിശോധിച്ച് രക്തപരിശോധനയിലേതിനേക്കാള്‍ കൃത്യമായി രോഗനിര്‍ണയം സാധ്യമാണെന്നും കണ്ടെത്തിയിട്ടുണ്ട്.
വദനാര്‍ബുദം മാത്രമല്ല, അണ്ഡാശയ ക്യാന്‍സര്‍, പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ എന്നിവ മുതല്‍ സ്തനാര്‍ബുദം വരെ പ്രാഥമിക ഘട്ടത്തിലെ ഉമിനീര്‍ പരിശോധനയിലൂടെ വ്യക്തമാകും. ക്യാന്‍സറുകള്‍ക്കും ട്യൂമറുകള്‍ക്കുമെതിരെ ശരീരം പുറപ്പെടുവിക്കുന്ന പ്രോട്ടീനുകളുടെ സാന്നിധ്യമാണ് ഇവിടത്തെ ബയോമാര്‍ക്കറുകള്‍. സിഎ 15-3 എന്ന പ്രോട്ടീന്‍ ആണ് സ്തനാര്‍ബുദ സൂചകമായി ഉമിനീരില്‍ കാണപ്പെടുക.
ഇവയ്ക്കു പുറമെ എച്ച്.ഐ.വി ഉള്‍പ്പെടെയുള്ള വൈറസ് രോഗങ്ങളുടെയും ബാക്ടീരിയല്‍ രോഗങ്ങളുടെയും നിര്‍ണയത്തിനും രക്തപരിശോധനയെ എന്നതു പോലെ തന്നെ ആശ്രയിക്കാവുന്നതാണ് ഉമിനീര്‍ പരിശോധനയും. അണുബാധയ്‌ക്കെതിരെ ശരീരം പുറപ്പെടുവിക്കുന്ന ആന്റിബോഡികളുടെയും ആന്റിജനുകളുടെയും സാന്നിധ്യം രക്തത്തില്‍ മാത്രമല്ല, അതേ അളവില്‍ ഉമിനിരീലുമുണ്ടാകും എന്നതാണ് ഇതിനു കാരണം.
രക്തപരിശോധനയ്ക്കായി രോഗിയുടെ ശരീരത്തില്‍ നിന്ന് കുത്തിവയ്പിലൂടെ രക്തം എടുക്കേണ്ടിവരുന്നത് ഒഴിവാക്കാനാകും എന്നത് ഉമിനീര്‍ പരിശോധനയുടെ ഏറ്റവും വലിയ സൗകര്യമാണ്. രക്തത്തെ അപേക്ഷിച്ച് ഉമിനീര്‍ സാമ്പിളുകള്‍ ശേഖരിക്കാനും സൂക്ഷിക്കാനും എളുപ്പം. ചെലവു കുറഞ്ഞതും, അതേസമയം രക്തപരിശോധനയുടെ അതേ കൃത്യത നല്‍കുന്നതുമായ ഉമിനീര്‍ പരിശോധന വ്യാപകമാകുന്നതോടെ രോഗപരിശോധനാ രംഗത്ത് വിപ്‌ളവകരമായ മാറ്റമാണ് സംഭവിക്കാനിരിക്കുന്നത്.
(പ്രമുഖ റേഡിയോളജിസ്റ്റും ക്വയിലോണ്‍ സ്‌കാന്‍സ് ആന്‍ഡ് ഡയഗ്നോസ്റ്റിക്‌സ് സാരഥിയുമായ ലേഖകന്‍ വിവിധ ടിവി ചാനലുകളില്‍ ആരോഗ്യപരിപാടികളുടെ അവതാരകന്‍ എന്ന നിലയിലും ശ്രദ്ധേയനാണ്)