Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:14 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം: ഇന്ത്യയും മാലദ്വീപുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാരും റീജിയണല്‍ കാന്‍സര്‍സെന്ററും സംയുക്തമായി മാലദ്വീപിലെ ആരോഗ്യ മന്ത്രാലയവുമായി സഹകരണക്കരാറില്‍ ഏര്‍പ്പെടുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ എന്നിവര്‍ ചേര്‍ന്ന് സഹകരണ കരാര്‍ (എം.ഒ.യു.) മാലദ്വീപ് ആരോഗ്യവകുപ്പ് മന്ത്രി അബ്ദുള്ള അമീന് കൈമാറി. റീജിയണല്‍ കാന്‍സര്‍ സെന്ററിനു വേണ്ടി ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെയും മാലദ്വീപ് സര്‍ക്കാരിന് വേണ്ടി മാലദ്വീപ് ആരോഗ്യവകുപ്പ് മന്ത്രി അബ്ദുള്ള അമീനുമാണ് കരാറില്‍ ഒപ്പിട്ടത്.

തുടര്‍ന്ന് ആര്‍.സി.സി.യില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, മാലദ്വീപ് ആരോഗ്യവകുപ്പ് മന്ത്രി അബ്ദുള്ള അമീന്‍, മാലദ്വീപ് സ്റ്റേറ്റ് ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഷാ അബ്ദുള്ള മാഹിര്‍, ഇന്ത്യയിലെ മാലദ്വീപ് അമ്പാസഡര്‍ ഐഷാദ് മുഹമ്മദ് ദീദി, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, നഗരസഭ കൗണ്‍സിലര്‍ എസ്.എസ്. സിന്ധു, ആര്‍.സി.സി. ഡയറക്ടര്‍ ഡോ. രേഖ എ. നായര്‍ എന്നിവര്‍ പങ്കെടുത്തു.

ക്യാന്‍സര്‍ ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റം ഉണ്ടാക്കാന്‍ ഈ കരാറിലൂടെ സാധിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കേരളവും മാലദ്വീപുമായി അടുത്ത ബന്ധമാണുള്ളത്. ഈ കരാറിലൂടെ മാലദ്വീപ് നിവാസികള്‍ക്ക് ചികിത്സാരംഗത്ത് വലിയ പുരോഗതിയുണ്ടാക്കാന്‍ സാധിക്കും. ഇതോടൊപ്പം കേരളത്തിനും വലിയ അനുഭവ സമ്പത്ത് നേടാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

കാന്‍സര്‍ ചികിത്സയിലും പ്രതിരോധ പ്രവര്‍ത്തനങ്ങളിലുമുള്ള റീജിയണല്‍ കാന്‍സര്‍ സെന്ററിന്റെ വൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്തി മാലദ്വീപിലെ കാന്‍സര്‍ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക എന്നതാണ് കരാറിന്റെ ലക്ഷ്യം. കാന്‍സര്‍ പ്രതിരോധം, കാന്‍സര്‍ ചികിത്സ, രോഗനിര്‍ണയ സൗകര്യങ്ങള്‍ എന്നിവ ലഭ്യമാക്കുന്ന ആശുപത്രികള്‍ സ്ഥാപിക്കുന്നതില്‍ റീജിയണല്‍ കാന്‍സര്‍ സെന്റര്‍ മാലദ്വീപ് ആരോഗ്യ മന്ത്രാലയത്തെ സഹായിക്കുന്നതാണ്. ഇതുവഴി മാലദ്വീപിലെ ജനങ്ങള്‍ക്ക് ഗുണമേന്മയുള്ള കാന്‍സര്‍ ചികിത്സാ പരിചരണങ്ങള്‍ ലഭ്യമാക്കാന്‍ കഴിയും.

ആര്‍.സി.സി. നടപ്പാക്കുന്ന വിവിധ ക്ഷേമപരിപാടികള്‍ ഏതൊരു കാന്‍സര്‍ ആശുപത്രിക്കും മാതൃകയായി സ്വീകരിക്കാവുന്നതാണ്. സൗജന്യ ഭക്ഷണം, സൗജന്യ ഔഷധം, മറ്റ് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ക്ഷേമ പദ്ധതികള്‍ എന്നിവയൊക്കെ മാലദ്വീപില്‍ സ്ഥാപിക്കുന്ന കാന്‍സര്‍ ആശുപത്രികള്‍ക്ക് ഒരു മാതൃകയാകുമെന്നതില്‍ സംശയമില്ല.

ഇതിനു പുറമേ, ഗ്രാമപ്രദേശങ്ങങ്ങളില്‍ ഉള്ളവര്‍ക്ക് ആര്‍.സി.സി.യുടെ സേവനം വീട്ടുപടിക്കല്‍ എത്തിക്കുന്നതിനായി എറണാകുളം, പാലക്കാട്, കരുനാഗപ്പള്ളി, എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.സി.സി.യുടെ ഉപകേന്ദ്രങ്ങളുടെ പ്രവര്‍ത്തന രീതിയും മാലദ്വീപിന് ഉപകാരപ്പെടും.

പ്രതിദിനം ആയിരത്തോളം പഴയതും പുതിയതുമായ രോഗികള്‍ക്ക് ചികിത്സ നല്‍കുന്ന ആര്‍.സി.സി.യില്‍ പ്രതിവര്‍ഷം രണ്ടര ലക്ഷത്തില്‍പരം രോഗികളാണ് തുടര്‍ചികിത്സയ്ക്കായി എത്തുന്നത്. ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗവും, പീഡിയാട്രിക് ഓങ്കോളജി വിഭാഗവും പ്രവര്‍ത്തിക്കുന്ന ആര്‍.സി.സി.യിലാണ് പൊതുമേഖലയില്‍ കേരളത്തില്‍ ആദ്യമായി ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് യൂണിറ്റ് സ്ഥാപിച്ചിട്ടുള്ളത്. വേദനസംഹാര ക്ലിനിക്കും മോര്‍ഫിന്‍ പ്ലാന്റും സ്ഥാപിച്ച ആദ്യ കാന്‍സര്‍ സെന്ററും ആര്‍.സി.സി.യാണ്. പൊതുജനങ്ങള്‍ക്ക് സൗജന്യമായി കാന്‍സര്‍ ചികിത്സ ലഭ്യമാക്കാന്‍ വേണ്ടി കാന്‍സര്‍കെയര്‍ ഫോര്‍ ലൈഫ് എന്ന അതുല്യ ക്ഷേമപദ്ധതി നടപ്പിലാക്കിയതും ആര്‍.സി.സി.യാണ്. പൊതുമേഖലയില്‍ ആദ്യമായി എന്‍.എ.ബി.എച്ച്. അക്രഡിറ്റേഷന്‍ കിട്ടിയ കാന്‍സര്‍ ആശുപത്രിയും ആര്‍.സി.സി.യാണെന്ന് എടുത്തു പറയേണ്ടതുണ്ട്.

ആര്‍.സി.സി.യുടെ പ്രവര്‍ത്തനമികവും പശ്ചാത്തല സാങ്കേതിക സൗകര്യങ്ങളും അനുഭവജ്ഞാനവും മാലദ്വീപിലെ കാന്‍സര്‍ ചികിത്സാ നിയന്ത്രണ രംഗത്ത് ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഈ കരാര്‍വഴി സാധിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയുടെ അയല്‍രാജ്യമെന്ന നിലയില്‍ മാലദ്വീപുമായി തുടര്‍ന്നുവരുന്ന സഹകരണം കൂടുതല്‍ ക്രിയാത്മകവും ശക്തവുമാക്കാന്‍ ആരോഗ്യരംഗത്തെ ഈകാല്‍വയ്പ്പ് സഹായിക്കുമെന്നതില്‍ സംശയമില്ല.

മാലദ്വീപിലെ ജനങ്ങള്‍ക്ക് വലിയ സഹായമാണ് കേരളം നല്‍കിയിരിക്കുന്നതെന്ന് മാലദ്വീപ് ആരോഗ്യവകുപ്പ് മന്ത്രി അബ്ദുള്ള അമീന്‍ പറഞ്ഞു. ഇതിലൂടെ കാന്‍സറിനെതിരെ കേരളത്തിനും മാലദ്വീപിനും ഒന്നിച്ച് പൊരുതാന്‍ കഴിയുന്നതാണ്. ലോകത്ത് തന്നെ വലിയ അനുഭവ പരിചയമുള്ളവരാണ് ആര്‍.സി.സി.യിലെ ഡോക്ടര്‍മാര്‍. ആ അനുഭവസമ്പത്ത് മാലദ്വീപിലെ ജനങ്ങള്‍ക്ക് സഹായകരമാകുമെന്നും അബ്ദുള്ള അമീന്‍ വ്യക്തമാക്കി.

Readers Comment

Add a Comment