Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:13 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എന്തിനാണ് അച്ഛാ എന്നെ
ഡോക്ടര്‍ ആക്കുന്നത്?

നല്ല ചെറുപ്പക്കാരനായിരുന്നു ഖായിസ് റഷീദ്. പക്ഷേ, ഖായിസ് ഇന്നില്ല. മകനെ ഡോക്ടറാക്കാന്‍ നോമ്പുനോറ്റിരുന്ന അച്ഛനമ്മമാരോട് നിശ്ശബ്ദമായി പ്രതികാരം ചെയ്ത്, ജീവിതത്തില്‍ ഒരിക്കല്‍പ്പോലും സ്വയം ഒരു ഡോക്ടറായി സ്വപ്‌നം കാണാതിരുന്ന അവന്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തു. ആരോഗ്യം അത്യാഹിതം പരമ്പരയുടെ ഈ ഭാഗം ഞങ്ങള്‍ കൊല്ലം പന്മനയിലെ ഖായിസ് റഷീദിനു സമര്‍പ്പിക്കുന്നു. കാരണം ഖായിസ് ഒരു ചൂണ്ടുപലകയാണ്. കേരളത്തിന്റെ മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തെ ഗുരുതരമായ അപചയങ്ങളിലൊന്നിലേക്കുള്ള വിരല്‍ചൂണ്ടല്‍.

ഖായിസിന്റെ സ്വപ്‌നങ്ങളെക്കുറിച്ച് നമുക്കറിയില്ല. എങ്കിലും ഒന്നറിയാം- ഡോക്ടറാകാന്‍ അവന്‍ ആഗ്രഹിച്ചില്ല. വീട്ടുകാര്‍ക്കു മുന്നില്‍ സ്വന്തം അഭിരുചികള്‍ വെളിപ്പെടുത്താനാകാതെ ഖായിസ് ആ സമ്മര്‍ദ്ദങ്ങള്‍ നിശ്ശബ്ദം മനസ്സിലേറ്റി. നീറ്റ് പരീക്ഷയില്‍ സ്‌കോര്‍ കുറഞ്ഞപ്പോള്‍ റിപ്പീറ്റേഴ്‌സ് കോഴ്‌സിനു വിട്ടു. എന്നിട്ടും മെച്ചപ്പെട്ട  റാങ്കിലെത്താനായില്ലെന്നറിഞ്ഞ് ഖായിസ് നടുറോഡില്‍ കഴുത്തും കൈത്തണ്ടയും മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഖായിസ് പിറ്റേന്ന് നാലാം നിലയിലെ മുറിയുടെ ജനാലയിലൂടെ താഴേയ്ക്കു ചാടിയാണ് മരണത്തിന് സ്വയം സമര്‍പ്പിച്ച് സമ്മര്‍ദ്ദങ്ങലില്ലാത്ത ലോകത്തേക്കു യാത്രയായത്. ആ അച്ഛനമ്മമാരുടെ പേരില്‍ മാപ്പ്, പ്രിയപ്പെട്ട ഖായിസ്.

ആരോഗ്യരക്ഷാ പ്രവര്‍ത്തനങ്ങളിലെ ലോക മാതൃകയെന്നു നമ്മള്‍ മേനി നടിക്കുന്ന കേരളം. നീതി ആയോഗിന്റെ ഏറ്റവും പുതിയ ആരോഗ്യസൂചികാ റിപ്പോര്‍ട്ടില്‍ വലിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയ കേരളം. ഈ അഹങ്കാര പ്രഖ്യാപനങ്ങള്‍ക്കപ്പുറം, അതിന്റെ പൊള്ളത്തരവും കള്ളത്തരവും ആരറിയുന്നു? കേരളത്തിന്റെ ആരോഗ്യരംഗത്ത് യഥാര്‍ത്ഥ ഗുണനിലവാര പരിശോധന നടക്കുന്നുണ്ടോ? ഏറ്റവും മികച്ച ആധുനിക സംവിധാനങ്ങളുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന ഗവ. മെഡി. കോളേജ് ആശുപത്രികളുടെ പരിമിതികള്‍ രോഗികളല്ലാതെ ആര് അറിയുന്നു? രക്ഷിതാക്കളുടെ നിര്‍ബന്ധം കാരണം, സ്വകാര്യ- സ്വാശ്രയ കോളേജുകളില്‍ കോടികള്‍ മുടക്കി പഠിച്ചിറങ്ങുന്നവര്‍ സാധാരണക്കാരായ രോഗികള്‍ക്കു മുന്നില്‍ രക്ഷകരോ ?

ദൈവതുല്യരായിരുന്നു പണ്ട് ഡോക്ടര്‍മാര്‍. ജീവന്റെ രക്ഷാദൂതര്‍. സ്‌കൂള്‍ പഠനകാലം തൊട്ടേ ജീവിതനിയോഗം ചികിത്സകന്റേതെന്ന് തിരിഞ്ഞറിഞ്ഞവര്‍. ആ അഭിരുചിയും വിദ്യാഭ്യാസ മികവും മനസ്സില്‍ സാധാരണക്കാരോടുള്ള കാരുണ്യവും ചേര്‍ന്നാണ് അവരെ രോഗികളുടെ കാണപ്പെട്ട ദൈവങ്ങളാക്കിയത്. അത്തരം ഡോക്ടര്‍മാരുടെ എണ്ണം ഇപ്പോഴെത്ര കാണും?

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഒതുങ്ങിയിരുന്ന മെഡിക്കല്‍ വിദ്യാഭ്യാസം സ്വകാര്യ- സ്വാശ്രയ മേഖലയിലേക്കു പറിച്ചുനട്ടപ്പോള്‍ അതിന്റെ ഗുണനിലവാരം ഉറപ്പാക്കണമെന്ന് ആര്‍ക്കും തോന്നിയില്ല. മാനേജ്‌മെന്റ് ക്വാട്ടയുടെ പഴുതില്‍ കോടികള്‍ തലവരി കൊടുത്ത് അച്ഛനമ്മമാരുടെ അഹങ്കാരമുദ്രകളായി വളര്‍ത്തപ്പെടുന്ന ന്യൂജെന്‍ ഡോക്ടര്‍മാരുടെ യഥാര്‍ത്ഥ അഭിരുചികളെക്കുറിച്ച് ആരും അന്വേഷിച്ചില്ല.

ചികിത്സകരാകാന്‍ അഭിരുചിയോ പഠന മികവോ സാമൂഹിക പ്രതിബദ്ധതയോ ഇല്ലാത്ത കുട്ടികളെയും ഡോക്ടര്‍മാരാക്കാന്‍ അച്ഛനമ്മമാര്‍ക്ക് കഴിയും. അതിന് കൈയില്‍ കോടികള്‍ മാത്രം മതി. പക്ഷേ, ഇപ്പോള്‍ നീറ്റ് എന്നൊരു പ്രവേശന കടമ്പയുണ്ട്. മാനേജ്‌മെന്റ് ക്വാട്ടയിലേക്കുള്ള പ്രവേശനവും ആ പട്ടികയില്‍ നിന്നു വേണം. അതിനു സമ്മര്‍ദ്ദമായി. അത്തരം സമ്മര്‍ദ്ദങ്ങള്‍ താങ്ങാനാകാതെ ആത്മഹത്യയില്‍ അഭയം തേടുന്ന കുട്ടികളുടെ സംഖ്യ ഓരോ വര്‍ഷവും പെരുകി വരുന്നത് ആരോഗ്യവിദ്യാഭ്യാസ രംഗത്തെ പുതിയ കാലത്തിന്റെ അത്യാഹിതങ്ങളിലൊന്നാണ്.

ഇന്ത്യയില്‍ ഓരോ 55 മിനിട്ടിലും ഒരു യുവാവോ യുവതിയോ ആത്മഹത്യ ചെയ്യുന്നുണ്ട്. ഏറെയും 14-നും 17-നും ഇടയ്ക്ക് പ്രായക്കാര്‍. കൗമാരം വിടാത്തവര്‍. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഇന്ത്യയില്‍ ആത്മഹത്യ ചെയ്തത് 26,000 വിദ്യാര്‍ത്ഥികളാണെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സിന്റെ (നിംഹാന്‍സ്) പഠനം വെളിപ്പെടുത്തുന്നു. ഇവരില്‍ പതിനാറു ശതമാനം പേര്‍ ജീവനൊടുക്കിയത് പഠനവുമായി ബന്ധപ്പെട്ട് മാതാപിതാക്കളില്‍ നിന്നുള്ള സമ്മര്‍ദ്ദം സഹിക്കാനാകാതെയാണ്.

പ്ലസ് ടു സയന്‍സിന് ഉയര്‍ന്ന മാര്‍ക്കും പ്രവേശന പരീക്ഷകളില്‍ മികച്ച റാങ്കും നേടി മെഡിക്കല്‍ പ്രവേശനത്തിന് എത്തുന്ന വിദ്യാര്‍ത്ഥികളുടെ യഥാര്‍ത്ഥ അഭിരുചിയെക്കുറിച്ച് ആരും അന്വേഷിക്കുന്നില്ല. മെഡിക്കല്‍ പ്രൊഫഷന്‍ തിരഞ്ഞെടുക്കാന്‍ കാരണമെന്തെന്നു ചോദിച്ചാല്‍ അവരില്‍ പലരും പറയും: അച്ഛന്‍െയും അമ്മയുടെയും ഇഷ്ടമെന്ന്! ആതുരസേവനത്തില്‍ അഭിരുചിയും, സാമൂഹിക പ്രതിബദ്ധതയും, മനസ്സില്‍ കാരുണ്യവുമുള്ള ഡോക്ടര്‍മാരുടെ ജനുസ്സ് കുറഞ്ഞുവരികയാണ്. ഈ ഡോക്ടേഴ്‌സ് ദിനത്തിലെ ഏറ്റവും വലിയ ചോദ്യവും അതുതന്നെ.

1. മെഡിക്കല്‍ പ്രവേശനത്തിന് വിദ്യാര്‍ത്ഥികളുടെ യഥാര്‍ത്ഥ അഭിരുചി കൂടി തിരിച്ചറിയുള്ള സംവിധാനം വേണം. ബാഹ്യനിര്‍ബന്ധം കാരണമാണ് വിദ്യാര്‍ത്ഥി മെഡിക്കല്‍ പഠനം തിരഞ്ഞെടുക്കുന്നതെങ്കില്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് കൗണ്‍സലിംഗ് നല്‍കാന്‍ പ്രത്യേക സമിതി വേണം.

2. രോഗിക്ക് ചികിത്സയ്ക്കിടെ അപായം സംഭവിക്കുന്നത് ഡോക്ടറുടെ അനാസ്ഥ കൊണ്ടാകണമെന്നില്ല. പക്ഷേ, അങ്ങനെ രോഗിയുടെ ബന്ധുക്കള്‍ ധരിക്കുന്നത് ഡോക്ടറിലും നമ്മുടെ ചികിത്സാ സമ്പ്രദായത്തിലും വിശ്വാസം
നഷ്ടപ്പെടുന്നതുകൊണ്ടാണ്. ആ വിശ്വാസം വീണ്ടെടുക്കണം.

3. രാജ്യത്ത്, ഡോക്ടര്‍മാര്‍ക്കെതിരെ കൈയേറ്റങ്ങളും ആശുപത്രികള്‍ക്കെതിരെ ആള്‍ക്കൂട്ട ആക്രമണങ്ങളും പതിവാകുന്നു. ആശുപത്രികളെ ആളുകള്‍ ബിസിനസ് സ്ഥാപനങ്ങളായി കരുതുന്നു. ചികിത്സാമേഖല കോര്‍പ്പറേറ്റ്വത്കരിക്കപ്പെട്ടതിന്റെ ഗുരുതര പ്രത്യാഘാതമാണിത്.

കേരളത്തിന്റെ ആരോഗ്യരംഗം നേരിടുന്ന നൂറുനൂറു വെല്ലുവിളികളില്‍ ഒന്നു മാത്രമാണിത്. ഡോക്ടര്‍മാരായി എത്തുന്നത്, യഥാര്‍ത്ഥത്തില്‍ ചികിത്സകരാകേണ്ടവര്‍ തന്നെയാണോ? മക്കളുടെ അഭിരുചികള്‍ തിരിച്ചറിയാതെ അവരെ മെഡിക്കല്‍ പഠനത്തിന് നിര്‍ബന്ധിക്കുകയും, അതിനായി കോടികള്‍ മുടക്കുകയും ചെയ്യുന്ന മാതാപിതാക്കള്‍ ആ കുട്ടികളോടു മാത്രമല്ല, സമൂഹത്തോടു ചെയ്യുന്നതും കടുത്ത കുറ്റകൃത്യമല്ലേ? പന്മനയില്‍ ആത്മഹത്യ ചെയ്ത ഖായിസ് ഒരു ഓര്‍മ്മപ്പെടുത്തലാണ്- മാതാപിതാക്കള്‍ക്കും സമൂഹത്തിനും!

(പരമ്പര നാളെ തുടരും)

Readers Comment

Add a Comment