Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:09 pm
  • 9th August, 2026
  • Light Rain
27.1°C27.1°C
  • Humidity: 80 %
  • Wind: 3.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കാലം മറ്റെന്തില്‍ വെള്ളം ചേര്‍ത്താലും മാതൃസ്‌നേഹത്തിന്റെ കാര്യത്തില്‍ അതു സംഭവിക്കുമെന്ന് കരുതാന്‍ ബുദ്ധിമുട്ട്. സംസ്ഥാനത്ത് കഴിഞ്ഞ നാലു വര്‍ഷത്തിനിടെ അമ്മമാര്‍ ഉപേക്ഷിച്ച കുഞ്ഞുങ്ങളുടെ കണക്ക് കഴിഞ്ഞ ദിവസം നിയമസഭയില്‍ വെളിപ്പെടുത്തിയത് ആരോഗ്യമന്ത്രി കെ.കെ. ശൈലജ തന്നെ. 2015  മുതല്‍ 2018 വരെ അമ്മമാര്‍ കൈവിട്ട കുഞ്ഞുങ്ങളുടെ എണ്ണം 187. വളര്‍ത്താനാകാത്ത സാഹചര്യം കാരണം ഇത്രയും അമ്മമാര്‍ കുഞ്ഞുങ്ങളെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചുവെന്നാണ് മന്ത്രിയുടെ വിശദീകരണം. വെറുതെ ഒറ്റവാചകത്തില്‍ പറഞ്ഞുകളഞ്ഞ ആ നിവൃത്തികേടിന്റെ സാഹചര്യത്തെക്കുറിച്ച് ആരെങ്കിലും വേവലാതിപ്പെടുന്നുണ്ടോ? മുമ്പ്, കുഞ്ഞുങ്ങളെ വളര്‍ത്താനാകാത്ത സാഹചര്യമെന്നാല്‍ അത് സാമ്പത്തിക കാര്യമായിരുന്നു. പത്തും പന്ത്രണ്ടും കുട്ടികളെ വരെ പെറ്റുപോറ്റിയിരുന്ന കാലം. വീണ്ടുമൊരു കുഞ്ഞിനെ വളര്‍ത്താനുള്ള നിസ്സഹായ സാഹചര്യം മനസ്സിലാക്കാം. അതല്ല ഇന്നത്തെ സ്ഥിതി. അതുകൊണ്ടുതന്നെ, ഈ ഉപേക്ഷിക്കലുകള്‍ക്കു പിന്നില്‍ സാമൂഹ്യവും മാനസികവുമായ പല ഘടകങ്ങളുമുണ്ട്.  വിവാഹത്തിനു മുമ്പേയുള്ള ലൈംഗിക ബന്ധങ്ങളില്‍, ആഗ്രഹിക്കാതെ പിറക്കുന്ന കുഞ്ഞുങ്ങളെ മിക്കവരും ഉപേക്ഷിക്കാനേ തീരുമാനിക്കാറുള്ളൂ. ട്രെയിനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ടോയ്‌ലറ്റുകളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്ന ചോരക്കുഞ്ഞുങ്ങള്‍ക്കു പിന്നില്‍, ഇത്തരം അവിശുദ്ധ കഥകളുണ്ടാകും. ആരോഗ്യമന്ത്രി സഭയില്‍ പറഞ്ഞ കണക്കനുസരിച്ച് നാലു വര്‍ഷത്തിനിടെ ഉപേക്ഷിക്കപ്പെട്ട 187 കുഞ്ഞുങ്ങളില്‍ തൊണ്ണൂറ്റിയഞ്ചും ആണ്‍കുട്ടികളാണ്. പെണ്‍കുഞ്ഞുങ്ങള്‍ 92. അപ്പോള്‍, കുഞ്ഞ് പെണ്ണായിപ്പോയതുകൊണ്ടല്ല അമ്മമാര്‍ ഈ ഉപേക്ഷിക്കല്‍ തീരുമാനമെടുക്കുന്നതെന്ന് വ്യക്തം. ഗര്‍ഭിണികളാകുന്ന വിധവകള്‍ക്ക് ആ നാണക്കേടു സഹിച്ച് ഈ സമൂഹത്തിനു മുന്നില്‍ കുഞ്ഞുമായി ജീവിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. ശരീരത്തിന്റെ ലൈംഗികാവശ്യങ്ങള്‍ അവസാനിച്ചുപോയിട്ടില്ലാത്ത പ്രായത്തില്‍ തനിച്ചായിപ്പോകുന്ന സ്ത്രീകളുടെ മാനസികവ്യഥയോ ശാരീരിക സമ്മര്‍ദ്ദമോ ഒന്നും വകവച്ചുകൊടുക്കുന്ന സമൂഹമല്ല നമ്മുടേത്. വിധവാ വിവാഹം തന്നെ ഇപ്പോഴും അദ്ഭുതത്തോടെ കാണുന്നവരുണ്ട് എന്നതല്ലേ സത്യം? പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉറ്റബന്ധുക്കളില്‍ നിന്ന് ഏല്‌ക്കേണ്ടിവരുന്ന ലൈംഗിക പീഡനങ്ങള്‍ പുറത്താകുന്നത് പലപ്പോഴും പെണ്‍കുട്ടി ഗര്‍ഭിണിയാകുമ്പോഴായിരിക്കും. വിവാഹിതരും ഭര്‍ത്താവ് അരികിലില്ലാത്തവരുമായ സ്ത്രീകള്‍ക്ക് ഭര്‍ത്യബന്ധുക്കളില്‍ നിന്നോ, അയല്‍ക്കാരായ യുവാക്കളില്‍ നിന്നോ ആയിരിക്കും പലപ്പോഴും ഗര്‍ഭസമ്മാനം. അത്തരം സാഹചര്യത്തിലും രഹസ്യമായി പ്രസവം നടത്തി കുഞ്ഞിനെ ഉപേക്ഷിക്കല്‍ മാത്രമാകും അവര്‍ക്കു മുന്നിലെ പരിഹാരം. കണക്കുകള്‍ കേട്ട് ഞെട്ടുന്നവരും കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന അമ്മമാരെ ശപിക്കുന്നവരും അവരുടെ നിവൃത്തികേടിന്റെ സ്വഭാവം കൂടി മനസ്സിലാക്കണം. വെറുതെ ഒരമ്മയും കുഞ്ഞിനെ ഉപേക്ഷിക്കില്ല. ആ നിവൃത്തികേടിന് സാമ്പത്തികത്തിനപ്പുറത്ത് പല മാനങ്ങളുമുണ്ടാകാം. പരിഷ്‌കൃതമെന്ന് നമ്മള്‍ അഭിമാനംകൊള്ളുന്ന സമൂഹത്തിന്റെ പല പൊള്ളത്തരങ്ങളിലേക്കും കടന്നുചെല്ലുന്നതാകും അത്തരം നിവൃത്തികേടുകളില്‍ പലതിന്റെയും ശരമുനകള്‍. തിരുത്തല്‍ വേണ്ടത് ആര്‍ക്കാണ്? 

Readers Comment

Add a Comment