Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മനുഷ്യർക്കെല്ലാം അവരവരുടെ ആത്മാഭിമാനം വളരെ വിലയേറിയതാണ്. മനുഷ്യൻ മറ്റ് മനുഷ്യരിൽ നിന്നും വിവേചനം നേരിടേണ്ടി വരുമ്പോളെല്ലാം ആത്മാഭിമാനം മുറിവേൽക്കുന്നു. തൊലിയുടെ നിറത്തിന്റെ പേരിൽ, ജനിച്ച് പോയ വംശത്തിന്റെ പേരിൽ, ജന്മം കൊണ്ട ജാതിയുടെ പേരിൽ ഒക്കെ മനുഷ്യനായി പോലും അംഗീകരിക്കപ്പെടാതിരുന്ന ഒരു ജനതയുടെ ആത്മാഭിമാനത്തിന്റെ മുറിവുകളെ ഓർമ്മിപ്പിക്കുന്ന ഒരു ദിവസമാണ് ഇന്ന്. കറുത്തവരുടെ ആത്മാഭിമാനത്തിന്റെ മുറിവിന് മുകളിൽ അവരെ അടിമച്ചന്തകളിൽ വിറ്റും, മർദ്ദിച്ച് മതി വരുമ്പോൾ കൊന്നും, മാടിനെ പോലെ പണിയെടുപ്പിച്ചും വെളുത്തവർ കെട്ടിപ്പൊക്കിയ സാമ്രാജ്യങ്ങളെക്കൂടി ഈ ദിനം ചോദ്യം ചെയ്യുന്നുണ്ട്.
1960 ൽ ദക്ഷിണാഫ്രിക്കയിലെ ഷാർപ്‌വില്ലെയിൽ സമാധാനപരമായി സംഘം ചേർന്ന ഒരു കൂട്ടം കറുത്തവർഗ്ഗക്കാരെ വെളുത്തവർഗ്ഗക്കാരുടെ പോലീസ് നിർദയം നിറയൊഴിച്ച് കൊലപ്പെടുത്തിയതിന്റെ ഓർമ്മയ്ക്കാണ് എല്ലാവർഷവും മാർച്ച് 21 അന്താരാഷ്ട്രവർണ്ണവിവേചനവിരുദ്ധ ദിനമായി ആചരിക്കുന്നത്. വർണ്ണവിവേചനത്തിനെതിരെ സമാധാനപരമായി പോരാടി ഷാർപ്‌വില്ലെയിൽ മരിച്ച് വീണ 69 ധീരരക്തസാക്ഷികളുടെ പേരിലാണ് പിന്നീട് വർണ്ണവിവേചനത്തിനെതിരെയുള്ള പോരാട്ടങ്ങളെ അംഗീകരിക്കാൻ ഒരു ദിനം ഉണ്ടാകുന്നത്.
ആത്മാഭിമാനത്തോടെ ജീവിക്കുമെന്നും ചങ്ങലകൾ പൊട്ടിച്ചെറിയുമെന്നും സ്വപനങ്ങൾ കാണുമെന്നും പ്രഖ്യാപിച്ച കറുത്ത നേതാക്കളുടെ പോരാട്ടങ്ങൾ കൊണ്ടാണ് ലോകത്തെയാകെ ബാധിച്ച വർണ്ണവിവേചനം എന്ന വിഷത്തെ ഒരു പരിധിവരെ തോൽപ്പിക്കാൻ സാധിച്ചത്. ആഫ്രിക്കൻ അമേരിക്കൻ രാജ്യങ്ങളിൽ മാത്രമല്ല ലോകത്തിലാകെ പല നിലയ്ക്കും നിലനിന്നിരുന്ന പ്രകടമായ വർണ്ണവിവേചനം മനുഷ്യത്വത്തെത്തന്നെ ചോദ്യം ചെയ്യുന്ന രീതിയിലായിരുന്നു. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ വർണ്ണ വിവേചനം ജാതി വിവേചനമായി മാറിയെങ്കിൽ മറ്റ് പല രാജ്യങ്ങളിലും അത് ചില പ്രത്യേക വംശത്തോടുള്ള വിവേചനമായി. മറ്റ് മനുഷ്യരുടെ മേൽ ആക്രമണങ്ങൾ അഴിച്ചു വിടുന്നത് മാത്രമല്ല വർണ്ണ വിവേചനം. കറുത്തവർക്കൊപ്പമോ പ്രത്യേക ജാതിയിൽപെട്ടവർക്കൊപ്പമോ ഇരുന്ന് ഭക്ഷണം കഴിക്കാനാകാത്ത അറപ്പ് പോലും വർണ്ണ വിവേചനത്തിന്റെ പരിധിയിൽ വരും.
എനിക്ക് ഒരു സ്വപ്നമുണ്ടായിരുന്നു എന്ന് ഉറക്കെ പ്രഖ്യാപിച്ച മാർട്ടിൻ ലൂഥർ കിങ്ങും ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം കണ്ട് തന്റെ വഴി രാഷ്ട്രീയപ്രവർത്തനമാണെന്ന് തിരിച്ചറിഞ്ഞ മഹാത്മാഗാന്ധിയും ഞാൻ ഇവിടെ ജനിച്ചുപോയത് മാത്രമാണ് എന്റെ തെറ്റ് എന്ന് എഴുതി വെച്ച് ആത്മഹത്യ ചെയ്ത രോഹിത് വെമുലയും തങ്ങളുടെ ജീവിതം കൊണ്ട് പോരാടിയത് ഇതേ വിഷത്തിനെതിരെയായിരുന്നു. പഴയകാലത്തെ പോലെ പ്രകടമായിട്ടല്ലെങ്കിലും സമൂഹമനസാക്ഷിയുടെ അടിത്തട്ടിൽ ഉറഞ്ഞു കൂടിയിട്ടുള്ള വർണ്ണ വിവേചനത്തിന്റെ കറകൂടി കഴുകി കളയാൻ ഉൾക്കാഴ്ച നല്കുന്നതാകട്ടെ ഈ വർഷത്തെ അന്താരാഷ്ട്ര വര്ണവിവേചനവിരുദ്ധ ദിനവും.
30.82°C








