Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:14 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
viyyur police

ഒറ്റ നിമിഷത്തെ തോന്നലിന് വിലപ്പെട്ട ഒരു ജീവൻ അവസാനിപ്പിക്കാൻ വളരെ എളുപ്പമാണ്. സ്വപ്രയത്നത്തിലൂടെ ഒരു ജീവൻ പൊലിയാതെ കൈവെള്ളയിൽ കൊണ്ട് നടന്ന് കാക്കുന്നവരെ നാം ദൈവത്തെപോലെയാണ് കാണാറ്. ഇവിടെയിതാ ഒരു കൂട്ടം പോലീസുകാർ എങ്ങനെ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥരാകാമെന്നും എങ്ങെനെ സഹാനുഭൂതിയുള്ള സഹജീവി ആകാമെന്നും മാതൃക കാണിക്കുന്നു. 
 
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം. വിയ്യൂര്‍ എസ്.എച്ച്.ഒ ഡി.ശ്രീജിത്ത് മനുഷ്യാവകാശ കമ്മീഷന്‍റെ ഹിയറിംഗില്‍ പങ്കെടുക്കുന്നതിനായി തിരുവനന്തപുത്തേയ്ക്കുളള യാത്രയ്ക്കിടെ രാത്രി 11 മണിയോടെ ഒരു സ്ത്രീ ഫോണില്‍ വിളിച്ച് കുറ്റിമുക്കിലുളള അവരുടെ സുഹൃത്ത് ആത്മഹത്യ ചെയ്യുമെന്നും അവര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ട് അയാള്‍ വഴങ്ങുന്നില്ല എന്നും അറിയിച്ചു.  കുറ്റിമുക്ക് ക്ഷേത്രത്തില്‍ ഉത്സവം നടക്കുകയാണെന്ന് അറിയാമായിരുന്ന ശ്രീജിത്ത് ഉടനെ ഉത്സവഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ ഡി.സെല്‍വകുമാറിനെ വിവരമറിയിച്ചു. ക്ഷേത്രത്തില്‍ നിന്ന് അരകിലോമീറ്റര്‍ അകലെയുളള പളളത്ത് ലെയിനിലെ വീട്ടിലേയ്ക്ക് സെല്‍വകുമാറും ഡ്രൈവര്‍ ഷിനുമോന്‍.പി.സിയും ഹോം ഗാര്‍ഡ് ജസ്റ്റിന്‍ ഡേവിഡും ഉള്‍പ്പെടെയുളള പോലീസ് പാര്‍ട്ടി നിമിഷനേരം കൊണ്ടെത്തി.  ഉത്സവമായതിനാല്‍ പലവീടുകളിലും ആള്‍ക്കാര്‍ ഉറങ്ങാതിരുന്നതിനാല്‍ മിനിട്ടുകള്‍ കൊണ്ടു വീട് കണ്ടുപിടിക്കാന്‍ പോലീസിനായി. 
 
ഗേറ്റില്‍ തട്ടി ശബ്ദമുണ്ടാക്കി വിളിച്ചെങ്കിലും  വീട്ടുകാര്‍ എത്തുംമുമ്പ് കുരച്ചുകൊണ്ട് ചാടിയെത്തിയത് മുന്തിയ ഇനത്തില്‍പ്പെട്ട രണ്ട് ഭീമന്‍ വളര്‍ത്തുനായ്ക്കളായിരുന്നു.  പിന്നാലെ പ്രായമായ ഒരു സ്ത്രീയും പത്ത് വയസ്സ് പ്രായമുളള ഒരു കുഞ്ഞുമെത്തി.  നായ്ക്കളെ കൂട്ടിലാക്കിയ ശേഷം ഗേറ്റ് തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തന്നെക്കൊണ്ട് ആവില്ലെന്നും മകനാണ് നായ്ക്കളെ നോക്കുന്നതെന്നും അയാളെ വിളിക്കാമെന്നും അവര്‍ പറഞ്ഞു.  കാര്യത്തിന്‍റെ ഗൗരവം പറഞ്ഞാല്‍ അവര്‍ പരിഭ്രാന്തയാകുമെന്നറിയാമായിരുന്നതിനാല്‍ വേഗം മകനെ വിളിക്കാനാണ് പോലീസ് പറഞ്ഞത്.  ഉടനെ അവരുടെ യുവാവായ മകന്‍ ഇറങ്ങി വന്നു. ഗേറ്റ് തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇപ്പോള്‍ വരാമെന്നു പറഞ്ഞ് അയാള്‍ വീടിനകത്തു കയറിപ്പോയി.  അപ്പോഴും പട്ടികള്‍ ശൗര്യത്തോടെ പോലീസിനെ നോക്കി കുരച്ചുകൊണ്ട് ഗേറ്റില്‍ തന്നെ നിലയുറപ്പിച്ചു.   
 
അഞ്ച് മിനിട്ട് കഴിഞ്ഞ് ആവര്‍ത്തിച്ച് വിളിച്ചിട്ടും ആരും പുറത്തേയ്ക്ക് വരാത്തതിനാല്‍ പോലീസ് ടോര്‍ച്ചടിച്ചു നോക്കിയപ്പോള്‍ രണ്ടാം നിലയുടെ ടെറസിന്‍റെ വിടവിലൂടെ റൂഫിംഗ് ഷീറ്റിലെ കമ്പിയില്‍കെട്ടിയ കയറില്‍ തൂങ്ങി പിടയുന്ന യുവാവിനെയാണ് കണ്ടത്.   പിന്നൊന്നും നോക്കിയില്ല.  ഗേറ്റില്‍ പട്ടികള്‍ നിലയുറപ്പിച്ചിരുന്നതിനാല്‍ മൂന്നുപേരും പിന്നിലെ മതില്‍ ചാടിക്കടന്ന് വീട്ടില്‍ ചാരിവച്ചിരുന്ന ഒരടിമാത്രം വീതിയുളള ഇരുമ്പുകോണിയിലൂടെ കയറി സണ്‍ഷെയ്ഡ് വഴി ടെറസിലെത്തി. തൂങ്ങിയാടുകയായിരുന്ന യുവാവിനെ എസ്.ഐ സെല്‍വകുമാറും ഹോംഗാര്‍ഡ് ജസ്റ്റിനും ചേര്‍ന്ന് ഉയര്‍ത്തിനിര്‍ത്തി.   ഷിനുകുമാര്‍ ഓടി അടുക്കളയില്‍ പോയി കത്തിയുമായി തിരിച്ചെത്തി കയര്‍ അറുത്തിട്ടു.  അപ്പോഴാണ് വീട്ടുകാര്‍ പോലും വിവരമറിഞ്ഞത്.  
 
പിന്നെ ഒരു നിമിഷം പോലും പാഴാക്കാതെ അബോധാവസ്ഥയിലായ ആളുമായി താഴേയ്ക്ക്.  നായ്ക്കളുടെ യജമാനനെ കൊണ്ടുപോവുന്നത് അവ കണ്ടാല്‍ കടിക്കുമെന്ന് ഉറപ്പായതിനാല്‍ ഒരടിമാത്രം വീതിയുളള കോണിയിലൂടെ മരണാസന്നനായ ആളെയും ചുമന്ന് അടുത്ത വീടിന്‍റെ മതിലിനപ്പുറത്തേയ്ക്ക് സാഹസികമായി ഇറക്കിയാണ് ജീപ്പിലെത്തിച്ചത്.   രക്ഷാപ്രവര്‍ത്തനത്തിലെ ഏറ്റവും ശ്രമകരമായ ദൗത്യവും ഇതായിരുന്നുവെന്ന് പോലീസുകാര്‍ പറയുന്നു. 
 
പിന്നെ മിന്നല്‍ വേഗത്തില്‍ തൃശൂര്‍ ജില്ലാ ആശുപത്രിയിലേയ്ക്ക്. വാഹനത്തിലിരുന്നുതന്നെ മെഡിക്കല്‍ ഓഫീസറെ ബന്ധപ്പെട്ട് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ പോലീസുദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഓക്സിജന്‍ നല്‍കി ജീവന്‍ നിലനിര്‍ത്തിയെങ്കിലും അവിടത്തെ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഉടനെ തൃശ്ശൂര്‍ മെഡിക്കല്‍കോളേജിലെത്തിച്ച 42 കാരന്‍ പിന്നീട് സുഖംപ്രാപിച്ച് ആശുപത്രിവിട്ടു. 
വീട്ടുവളപ്പിലുണ്ടായിരുന്നത് റോട്ട് വീലര്‍, ജര്‍മന്‍ ഷെപ്പേര്‍ഡ് എന്നീ ഇനത്തിലുളള പട്ടികളായിരുന്നെന്നും റോട്ട് വീലര്‍ ഇനത്തിലെ നായ്ക്കള്‍ കടിച്ചാല്‍ 
ആ ഭാഗത്തെ മാംസവും കൊണ്ടുമാത്രം പിടിവിടുന്ന തരമാണെന്നുമെല്ലാമറിഞ്ഞത് പിന്നീടാണെന്നും ആ സമയം പട്ടി കടിക്കുന്നതിനെ പറ്റിയൊന്നും ചിന്തിച്ചില്ലെന്നും എസ്.ഐ.സെല്‍വകുമാര്‍ പറയുന്നു. ഒരു നിമിഷം വൈകിയാല്‍ കയറില്‍ അവസാനിക്കുമായിരുന്ന ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് വിയ്യൂര്‍ സ്റ്റേഷനിലെ ഈ പോലീസ് സംഘം.

Readers Comment

Add a Comment