Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നാടൻപാട്ടിന്റെയും അഭിനയമികവിന്റെയും മണിനാദം നിലച്ചിട്ട് ഇന്നേക്ക് 4 വർഷം. നാടൻ പാട്ടുകളിലും അഭിനയത്തിലും തന്റേതായ കയ്യൊപ്പ് ചാർത്തിയ പ്രതിഭ. ഇങ്ങനെ നിരവധി വിശേഷണങ്ങളാണ് നടൻ കലാഭവൻ മണിക്കുള്ളത്. കൊച്ചിൻ കലാഭവനിലൂടെയാണ് മണി കലാരംഗത്ത് സജീവമായത്. കോമഡി വേഷങ്ങളിലൂടെയാണ് സിനിമയിൽ തുടക്കമിട്ടതെങ്കിലും പിന്നീട് നായകവേഷങ്ങളിലൂടെയും തിളങ്ങി. നാടൻ പാട്ടുകളുടെ അവതരണം, ആലാപനം എന്നിവയിൽ കഴിവ് തെളിയിച്ച മണി മലയാളികളുടെ മനസ്സിൽ എന്നും പ്രത്യേക ഇടം നേടിയിരുന്നു. കേരളത്തിലെ നാട്ടിൻപുറങ്ങളിൽ പാടി പ്രചരിച്ചിരുന്ന നാടൻ പാട്ടുകളും, പുതിയ തലമുറയിലെ സിനിമാ സംഗീതത്തിന് സമാന്തരമായി അറുമുഖൻ വെങ്കിടങ് അടക്കമുള്ള പ്രമുഖ ഗാനരചയിതാക്കൾ എഴുതിയ നാടൻ വരികളും, നാടൻ ശൈലിയിൽ തന്നെ അവതരിപ്പിച്ചായിരുന്നു മണി ജന ശ്രദ്ധ പിടിച്ചു പറ്റിയത്.
ചാലക്കുടി ചേന്നത്തുനാട് കുന്നിശ്ശേരി വീട്ടിൽ പരേതരായ രാമന്റെയും അമ്മിണിയുടെയും മകനായി 1971 ലെ പുതുവത്സരദിനത്തിലായിരുന്നു മണിയുടെ ജനനം. സ്കൂൾ പഠനകാലത്ത് പഠനമൊഴികെ എല്ലാ വിഷയത്തിലും മണി മുന്നിലായിരുന്നു. പത്താം ക്ലാസ്സിൽ പഠനം നിർത്തിയ മണി പിന്നീട് ചാലക്കുടി ടൗണിൽ ഒരു ഓട്ടോറിക്ഷ ഡ്രൈവറായി ജോലി നോക്കി. ഇതിനിടയിൽ കൊച്ചിൻ കലാഭവനിൽ ചേരുകയും,1995 ൽ സിബി മലയിൽ സംവിധാനം ചെയ്ത 'അക്ഷരം' എന്ന ചിത്രത്തിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷം ചെയ്തുകൊണ്ട് മണി ചലച്ചിത്ര ലോകത്തേക്ക് കടക്കുകയും ചെയ്തു.
ചലച്ചിത്ര രംഗത്തും മറ്റും സജീവമായി നിൽക്കുമ്പോഴാണ് 2016 മാർച്ച് 6 ന് തികച്ചും അപ്രതീക്ഷിതമായി മണി മരണത്തിന് കീഴടങ്ങിയത്. കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അതേസമയം അദ്ദേഹത്തിന്റെ ശരീരത്തിൽ മാരകമായ വിഷാംശം കണ്ടെത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ദുരൂഹമാണ്. ആദ്യ സംശയം പോയത് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളിലേക്ക് തന്നെയായിരുന്നു. മണി മരിക്കുന്നതിന്റെ രണ്ട് ദിവസം മുൻപേ അദ്ദേഹത്തിന്റെ വീടിനടുത്തുള്ള ഗസ്റ്റ് ഹൗസായ പാഡിയിൽ ഒരു മദ്യവിരുന്ന് നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട പല ദുരൂഹതയുടെ ചുരുളുകൾ ഇനിയും അഴിയാനുണ്ട്.
മലയാളികളുടെ പ്രിയ നടൻ ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുകയാണ്. ഒരിക്കലും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളും, പാട്ടുകളും പ്രേക്ഷകർക്ക് സമ്മാനിച്ച ഈ അതുല്യ നടന്റെ വിയോഗം ഇന്നും മലയാളികൾക്ക് ഒരു വേദനയാണ്. ആടിയും പാടിയും അഭിനയിച്ചും ആ മണിനാദം ഇന്നും മലയാളി പ്രേക്ഷകരുടെ മനസ്സിൽ മുഴങ്ങുകയാണ്.
24.92°C








