Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കാസര്‍ഗോഡ് ചീമേനി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ 25 വയസ്സുകാരി ഭാഗ്യലക്ഷ്മിയെ കണ്ടെത്തുമ്പോള്‍ അവര്‍ ഓര്‍മ്മകളെല്ലാം മാഞ്ഞുപോയൊരു സ്ത്രീയായിരുന്നു. ആരെന്നോ എന്തെന്നോ എവിടുന്നെന്നോ അറിയാതെ മനസ്സിന്‍റെ താളം തെറ്റി അലഞ്ഞുതിരിഞ്ഞ് എത്തിയ ഒരു തമിഴ്നാട്ടുകാരി. പോലീസിന്‍റെ സമയോചിതമായ ഇടപെടലിലൂടെ കളളാര്‍ ബെത്ലഹേം അഗതി മന്ദിരത്തില്‍ എത്തിച്ച് പരിചരണത്തിലായിരുന്ന ഭാഗ്യലക്ഷ്മി രണ്ട് മാസങ്ങള്‍ക്കുശേഷം തന്‍റെ ഓര്‍മ്മകളിലേക്കും പ്രിയപ്പെട്ടവരിലേക്കും തിരികെ എത്തി.
ചീമേനി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ലിസ കഴിഞ്ഞ ഡിസംബര്‍ 31 ന് എല്ലാ ചൊവ്വാഴ്ചയുമുളള പതിവ് പഞ്ചായത്ത് ബീറ്റ് ഡ്യൂട്ടിക്ക് പഞ്ചായത്ത് ഓഫീസില്‍ എത്തിയതായിരുന്നു. പൊതുജനങ്ങളുടെ പരാതിയും കുശലങ്ങളും കേള്‍ക്കുന്നതിനിടയില്‍ അവിടെയെത്തിയ ഒരു സ്ത്രീ കരിയാപ്പ് വെയിറ്റിംഗ് ഷെഡ്ഡില്‍ പരിചയമില്ലാത്ത ഒരു സ്ത്രീ കിടക്കുന്നതായി പറഞ്ഞു. ലിസ ഉടനെ ചീമേനി സ്റ്റേഷനില്‍ വിവരമറിയിച്ചു.
പോലീസ് സ്റ്റേഷനില്‍ നിന്ന് എസ്.ഐ ടി.ദിവാകരന്‍ ഉള്‍പ്പെടെയുളളവര്‍ സ്ഥലത്തെത്തുമ്പോള്‍ ക്ഷീണിച്ച് അവശയായി മുഷിഞ്ഞ വേഷം ധരിച്ച പ്രായം കുറഞ്ഞ ഒരു സ്ത്രീയെ കണ്ടെത്തി. വിവരം തിരക്കാന്‍ ശ്രമിച്ചെങ്കിലും പോലീസുകാരുടെ ചോദ്യങ്ങളോട് സഹകരിക്കാന്‍ ആദ്യമവര്‍ തയ്യാറായില്ല. നിര്‍ബന്ധിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ അക്രമാസക്തയായി. അനുനയ ശ്രമങ്ങള്‍ക്കൊടുവില്‍ വല്ലാതെ വിശക്കുന്നുണ്ടെന്ന് മാത്രം പറഞ്ഞു. വളരെ നാളായി ഭക്ഷണം കഴിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ചീമേനി പോലീസ് ആദ്യം അവര്‍ക്ക് ഭക്ഷണം വാങ്ങിക്കൊടുത്തു. പിന്നെ അനുനയിപ്പിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഭക്ഷണം കഴിക്കുന്നതിനിടയിലെ സംസാരത്തില്‍ നിന്ന് ആള്‍ തമിഴ്നാട്ടുകാരിയാണെന്ന് മനസ്സിലായി. പോലീസുകാര്‍ അറിയുന്ന തമിഴിലൊക്കെ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ആരാണെന്നോ എവിടെനിന്ന് വന്നതാണെന്നോ ഒരു വിവരവും കിട്ടിയില്ല. ചികിത്സയും പരിചരണവും ആവശ്യമുളളയാളാണെന്ന് മനസ്സിലായതിനാല്‍ ചീമേനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൈത്താങ്ങ് സന്നദ്ധ സംഘടനയുടെ ആള്‍ക്കാരുമായി ബന്ധപ്പെട്ട് പോലീസ് റിപ്പോര്‍ട്ട് സഹിതം അശരണര്‍ക്കായി പ്രവര്‍ത്തിക്കുന്ന കളളാറിലെ ബത്ലഹേം അഗതി മന്ദിരത്തില്‍ പ്രവേശിപ്പിച്ചു.
മാനസിക പ്രശ്നമുണ്ടായിരുന്ന ഭാഗ്യലക്ഷ്മി അവിടുത്തെ പരിചരണത്തില്‍ സാവകാശം ജീവിതത്തിലേക്ക് മടങ്ങി എത്തി. പിന്നിലേക്ക് ഓടിമാഞ്ഞ ഓര്‍മ്മകള്‍ ഓരോന്നായി തിരികെ വന്നു. ഒടുവില്‍ കഴിഞ്ഞ ദിവസം ഭര്‍ത്താവിന്‍റെ പേരും ഫോണ്‍ നമ്പറും ചെകഞ്ഞെടുത്തു. സേലം സ്വദേശി പ്രകാശം ആണ് ഭാഗ്യലക്ഷ്മിയുടെ ഭര്‍ത്താവ്. പോലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് പ്രകാശവും അച്ഛന്‍ വീരമണിയും ഭാഗ്യലക്ഷ്മിയെ കൂട്ടിക്കൊണ്ടുപോകാന്‍ ഉടനെ സ്ഥലത്തെത്തി. പോലീസ് കണ്ടെത്തിയിട്ട് രണ്ട് മാസമേ ആയുളളൂ എങ്കിലും ഭാഗ്യലക്ഷ്മിയെ വീട്ടില്‍ നിന്ന് കാണാതായിട്ട് എട്ട് മാസമായിരുന്നു. കഴിയാവുന്ന എല്ലാ സ്ഥലത്തും അന്വേഷിച്ചിട്ടും കണ്ടെത്താനാകാതെ ഉളളുനീറി കഴിയുകയായിരുന്നു ആ കുടുംബം.
രണ്ട് മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം തമിഴ്നാട്ടിലെ സേലത്തിനടുത്തായിരുന്നു ഭാഗ്യലക്ഷ്മി താമസിച്ചിരുന്നത്. ഇടയ്ക്ക് മനസ്സിന്‍റെ താളം തെറ്റാറുണ്ടായിരുന്ന ഭാഗ്യലക്ഷ്മിയെ വീടിനകത്താക്കിയിട്ടാണ് പ്രകാശം കൂലിപ്പണിക്ക് പോയിരുന്നത്. വേണ്ടപ്പെട്ടവരുടെ ശ്രദ്ധയൊന്ന് തെറ്റിയപ്പോഴാണ് ഭാഗ്യലക്ഷ്മി വീട് വിട്ടിറങ്ങിയത്. ഇത്തരത്തില്‍ എല്ലാം മറവിയില്‍ മാഞ്ഞ് ഒറ്റപ്പെട്ടലയുന്നതും ഇതാദ്യമാണെന്ന് വീട്ടുകാര്‍ പറയുന്നു. പോലീസിനും ഭാഗ്യലക്ഷ്മിയെ പരിചരിച്ച ബെത്ലഹേം ആശ്രമത്തിലെ പരിചാരകര്‍ക്കും ഒരുപാട് നന്ദി പറഞ്ഞാണ് ഭാഗ്യലക്ഷ്മിയുമായി ബന്ധുക്കള്‍ സേലത്തേക്ക് മടങ്ങിയത്. ചീമേനി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും മടക്കത്തിന് സാക്ഷിയായി.
30.82°C








