Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ഡിസംബര്‍ 28 ന് രാത്രി ഒരു മണിയോടെ കലശലായ നെഞ്ചുവേദന അനുഭവപ്പെട്ട മധു ആശുപത്രിയില്‍ പോകാന്‍ സഹായത്തിനായി പരിചയക്കാരെയും സുഹൃത്തുക്കളെയും മാറിമാറി വിളിച്ചു. ആരും ഫോണെടുത്തില്ല. വേദന അസഹനീയമായപ്പോള്‍ സ്വന്തം സ്കൂട്ടറില്‍ ഭാര്യ സജിനിയുമായി അടുത്തുളള സ്വകാര്യ ആശുപത്രിയിലെത്തി. പരിശോധനയില്‍ ഇ.സി.ജിയില്‍ കാര്യമായ വ്യത്യാസമുണ്ടെന്നും കടുത്ത ഹൃദയാഘാതത്തിന്‍റെ ലക്ഷണമാണെന്നും എത്രയും വേഗം കൂടുതല്‍ സൗകര്യങ്ങളുളള ആശുപത്രിയില്‍ എത്തിക്കണമെന്നും ഡോക്ടര്‍ അറിയിച്ചു. ഡോക്ടര്‍ തന്നെ പല ആംബുലന്‍സുകാരെയും വിളിച്ചുവെങ്കിലും ആ സമയത്ത് ആരെയും ലഭിച്ചില്ല.
സമയം കളയാതെ പുറത്തിറങ്ങിയ മധുവും ഭാര്യയും കിട്ടിയ ഓട്ടോയില്‍ അടുത്ത ആശുപത്രിയിലേക്ക് പാഞ്ഞു. ഓട്ടോഡ്രൈവര്‍ പരമാവധി വേഗത്തില്‍ ഓടിച്ചെങ്കിലും മധുവിന് വേദനയും അസ്വസ്ഥതയും കൂടിവന്നു. എന്‍.എച്ചില്‍ തട്ടാമല ഹയര്‍ സെക്കന്‍ററി സ്കൂളിന് സമീപത്തെത്തിയപ്പോള്‍ പോലീസ് വാഹനം കണ്ടു. ആദ്യം പോലീസ് വാഹനത്തെ മറികടന്ന് പോയെങ്കിലും മധുവിന്‍റെ ജീവന്‍ രക്ഷിക്കാന്‍ തന്‍റെ വാഹനത്തിന്‍റെ വേഗം പോരെന്ന് തോന്നിയ ഓട്ടോ ഡ്രൈവര്‍ തിരികെ പോലീസ് വാഹനത്തിനടുത്തെത്തി കാര്യം പറഞ്ഞു. പിന്നെ നടന്നത് മധുവിന് അവിശ്വസനീയമായി തോന്നിയ കാര്യങ്ങള്‍.
പോലീസ് ജീപ്പില്‍ ഉണ്ടായിരുന്ന സീനിയര്‍ പോലീസ് ഓഫീസര്‍ കെ.ജെ.ഡാനിയേലും സിവില്‍ പോലീസ് ഓഫീസര്‍ ഉമേഷ് ലോറന്‍സും ചേര്‍ന്ന് മധുവിനെയും ഭാര്യയെയും ജീപ്പില്‍ കയറ്റി. ആശുപത്രി ലക്ഷ്യമാക്കി ഹോണ്‍ മുഴക്കി സാധ്യമായ വേഗത്തില്‍ ഒരാള്‍ ജീപ്പോടിച്ചപ്പോള്‍ മറ്റേയാള്‍ ശ്വാസം നിലയ്ക്കാറായ മധുവിന് കൃത്രിമശ്വാസോച്ഛാസം ഉള്‍പ്പെടെയുളള പ്രഥമശുശ്രൂഷ നല്‍കി ശ്വാസം നിലനിര്‍ത്തി. ബോധം മറയുമെന്ന് തോന്നിയ ഘട്ടങ്ങളിലെല്ലാം ഭാര്യയോട് മധുവിനെ വിളിച്ച് ഉണര്‍ത്തിയിരുത്താന്‍ പോലീസുകാരന്‍ ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു. വിയര്‍ത്ത് കുളിച്ച മധുവിനോട് ഉടന്‍ ആശുപത്രിയിലെത്തുമെന്നും ഒന്നും സംഭവിക്കില്ലെന്നും യാത്രയിലുടനീളം ആശ്വസിപ്പിച്ച് ആത്മവിശ്വാസം നല്‍കാനും പോലീസുകാര്‍ മറന്നില്ല.
ബോധം തെളിഞ്ഞപ്പോള്‍ മധു ജില്ലാ ആശുപത്രിയിലായിരുന്നു. തക്കസമയത്ത് ഉചിതമായ പ്രഥമശുശ്രൂഷ കിട്ടിയതുകൊണ്ടും സമയം കളയാതെ ആശുപത്രിയില്‍ എത്തിയതുകൊണ്ടും മാത്രമാണ് ജീവന്‍ തിരിച്ചുകിട്ടിയതെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ മധു നന്ദിയോടെ ഓര്‍ത്തത് തന്‍റെ ജീവന്‍ കൈയ്യിലെടുത്ത് വാഹനമോടിച്ച ആ രണ്ടു പോലീസുകാരെയാണ്. കൊല്ലം സിറ്റി കണ്‍ട്രോള്‍ റൂമിലെ സി.ആര്‍.വി 10 വാഹനത്തിലെ രാത്രി ഡ്യൂട്ടിക്കാരായ ഇവരുടെ സഹായം കൊണ്ടുമാത്രമാണ് താനിന്ന് ജീവിച്ചിരിക്കുന്നതെന്ന് മധു പറയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുടര്‍ ചികില്‍സ കഴിഞ്ഞ് വീട്ടിലെത്തിയ മധു തന്നെ സഹായിച്ച പോലീസുദ്യോഗസ്ഥരെയും ഓട്ടോഡ്രൈവറെയും കാണാന്‍ ആഗ്രഹമുണ്ടെന്ന് തന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരിക്കുകയാണ്. കൂട്ടിക്കട എച്ച്.പി ഗ്യാസ് ഗോഡൗണില്‍ ലോഡിംഗ് തൊഴിലാളിയാണ് മധു.