Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:16 pm
  • 10th May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 94 %
  • Wind: 1.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

'കര്‍ത്താവിന്റെ നാമത്തില്‍' എഴുതാവുന്ന കാര്യങ്ങളല്ല സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ ആത്മകഥ  ഗ്രന്ഥത്തില്‍ വെളിപ്പെടുത്തുന്നത്. 'ആമേന്‍' എന്ന ശീര്‍ഷകത്തില്‍ നേരത്തേ സിസ്റ്റര്‍ ജെസ്മി എഴുതിയതും സഭയെയും വൈദികരെയും കുറിച്ച് അത്ര വിശുദ്ധമായ വചനങ്ങളല്ല. ക്രൈസ്തവ സഭകളില്‍ നിന്നു മാത്രമല്ല, ഹൈന്ദവ ആശ്രമങ്ങളില്‍ നിന്നും മഠങ്ങളില്‍ നിന്നും സന്യാസവസ്ത്രം ത്യജിച്ച് പുറത്തുപോകുന്നവരുടെ ആത്മകഥാ ഗ്രന്ഥങ്ങള്‍ എക്കാലത്തും വിപണിയിലെ ചൂടപ്പങ്ങളാണ്. അനുഭവിച്ച പീഡനങ്ങള്‍ തുറന്നു പറയാനുള്ള വെമ്പലാണോ, അതോ ലൈംഗികാനുഭവങ്ങള്‍ തുറന്നെഴുതുന്നതിലൂടെ പുസ്തക വില്പന വര്‍ദ്ധിപ്പിച്ച് പണമുണ്ടാക്കാനുള്ള ശ്രമമാണോ എന്നത് വായനക്കാര്‍ക്കു വിടുക.

കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ തെരുവില്‍ സമരം നടത്തി ശ്രദ്ധേയയായ സ്ത്രീയാണ് ലൂളി കളപ്പുരയ്ക്കല്‍. അതിന്റെ പേരില്‍ത്തന്നെ സിസ്റ്റര്‍ ലൂസി ഒടുവില്‍ സഭയ്ക്ക് പുറത്താകുകയും ചെയ്തു. നേരത്തെ സിസ്റ്റര്‍ ജെസ്മി 'ആമേന്‍' എന്ന ആത്മകഥാ ഗ്രന്ഥത്തില്‍ വെളിപ്പെടുത്തിയിട്ടുള്ള അതേ വകുപ്പില്‍പ്പെടുന്ന ചൂടന്‍ വിഷയങ്ങള്‍ തന്നെയാണ് ലൂസി കളപ്പുരയ്ക്കലിന്റെ പുസ്തകത്തിലും.

കന്യാസ്ത്രീകളെ ലൈംഗിക ഉപകരണങ്ങളാക്കുന്ന വൈദികരും ബിഷപ്പുമാരും, കന്യാസ്ത്രീ മഠങ്ങളിലെ സ്വവര്‍ഗ ലൈംഗികത, ജൂനിയര്‍ കന്യാസ്ത്രീകളെ ലൈംഗിക അടിമകളാക്കുന്ന സീനിയര്‍ മണവാട്ടികള്‍, മഠങ്ങളില്‍ അശ്ലീല പുസ്തകങ്ങള്‍ വായിക്കുന്ന കന്യാസ്ത്രീകള്‍, അവര്‍ക്ക് കൊച്ചുപുസ്തകം എത്തിച്ചു കൊടുക്കുന്ന വൈദികര്‍.... അങ്ങനെ നീളുന്നു ആ തട്ടുപൊളിപ്പന്‍ വിഷയങ്ങള്‍. കൂട്ടത്തില്‍ സ്വയം പീഡനത്തിന് ഇരയായതിന്റെ ചില്ലറ വെളിപ്പെടുത്തലുകളും...

സഭയില്‍ നിന്ന് പുറത്തു പോവുകയോ പുറത്താക്കപ്പെടുകയോ ചെയ്യുന്ന കന്യാസ്ത്രീ ആത്മകഥയെഴുതുന്നു എന്നു പറയുമ്പോഴേ അതിന്റെ ഉള്ളടക്കം വായനക്കാര്‍ ഊഹിച്ചുകഴിയും. അതിന്റെ വില്പനസാധ്യത പ്രസാധകരും കണക്കുകൂട്ടും. പിന്നെ നടക്കുന്നത് കച്ചവടമാണ്. അല്ലെങ്കില്‍, വെറും കന്യാസ്ത്രീയായി മഠത്തില്‍ കഴിഞ്ഞിരുന്ന ഒരാളില്‍ നിന്ന് വായനക്കാര്‍ എന്ത് അനുഭവകഥനം പ്രതീക്ഷിക്കാനാണ്. പ്രതീക്ഷിക്കുന്നത് ഒന്നു മാത്രം: മഠങ്ങളിലെ ഇക്കിളിക്കഥകള്‍. അനുഭവസ്ഥയായതുകൊണ്ട് അതു പറയാനുള്ള യോഗ്യതയുമുണ്ട്. വായനക്കാര്‍ക്ക് ഇക്കിളി, എഴുത്തുകാരിക്ക് ബാങ്ക് ബാലന്‍സ്, പ്രസാധകന് കൊയ്ത്ത്...

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന്റെ കര്‍ത്താവിന്റെ നാമത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഡി.സി ബുക്‌സ് ആണ്. പുസ്തകം എങ്ങനെ വില്‍ക്കണമെന്ന് ഡി.സി ബുക്‌സിനെ ആരും പഠിപ്പിക്കണ്ട. ആദ്യം ആത്മകഥാ രചനയുടെ വാര്‍ത്ത പുറത്തുവരുന്നു, പിന്നെ കവര്‍ച്ചിത്രം പുറത്തുവരുന്നു, ഉള്ളടക്കത്തിലെ ചില രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നു, ഇതിലൂടെയൊക്കെ വിപണിയെ ചൂടുപിടിപ്പിച്ചു നിര്‍ത്തിയതിനു ശേഷമാണ് ഒഫിഷ്യല്‍ പ്രസാധനം. സിസ്റ്റര്‍ ലൂസിയുടെ പുസ്തകത്തിന്റെ ഉള്ളടക്ക സംഗ്രഹം പുറത്തുവന്നിട്ട് മൂന്നാഴ്ചയോളമായി. പ്രകാശനം കഴിഞ്ഞ ദിവസമായിരുന്നു.

പക്ഷേ, ആദ്യമേ പുറത്തുവന്ന ഇക്കിളികളല്ലാതെ കൂടുതല്‍ വിഭവങ്ങളൊന്നും പുസ്‌കത്തില്‍ ഇല്ലെന്നാണ് വായനക്കാരുടെ പരാതി. ചില സിനിമകളുടെ പോസ്റ്റര്‍ കണ്ടു കൊതിച്ച് ബ്‌ളാക്കില്‍ ടിക്കറ്റെടുത്ത് തിയേറ്ററില്‍ ഇടിച്ചുകയറി ഇരുന്നുകൊടുക്കുമ്പോള്‍ പോസ്റ്ററില്‍ ഉള്ളതു പോലും വെള്ളിത്തിരയില്‍ പതിയാത്ത പഴയ നൂണ്‍ഷോക്കാലം പോലെ! അപ്പോള്‍ ഇത് ശുദ്ധ കച്ചവടമല്ലേ? സിസ്റ്റര്‍ ലൂസിയുടെ ആത്മകഥയില്‍ പ്രതിപാദിക്കുന്ന കാര്യങ്ങളെക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ കേസുമായി ബന്ധപ്പെട്ടും, ഇരയായ കന്യാസ്ത്രീയുമായി ബന്ധപ്പെട്ടും പത്രവായനക്കാര്‍ക്ക് അറിയാം.

പുറത്താക്കപ്പെടുന്ന സന്യാസിനിമാര്‍ പുസ്തകത്തിലൂടെ പറയുന്ന കാര്യങ്ങള്‍ മുഴുവന്‍ ശരി തന്നെയെന്ന് സഭാ മേധാവികളും സമ്മതിക്കുന്നതാണ്. വൈദികരുടെ ലൈംഗിക വിക്രിയകളും പീഡിപ്പിക്കപ്പെടുന്ന കന്യാസ്ത്രീകളുടെ കഥകളും പുതിയ വിഷയമല്ല താനും. ഇനി മറ്റൊരു കന്യാസ്ത്രീ ഏതെങ്കിലും ക്രൈസ്തവ സഭയില്‍ നിന്ന് പുറത്താക്കപ്പെട്ടാല്‍ അപ്പോഴും ഇതു തന്നെ സംഭവിക്കും. ആര്‍ത്തി മൂത്ത വായനക്കാര്‍ ക്യൂ നിന്ന് പുസ്തകം വാങ്ങി വായിക്കും. എഴുത്തുകാരിയും പ്രസാധകനും കാശു വാരും.

ഹൈന്ദവ മഠങ്ങളിലെ അന്തേവാസിനികള്‍ എഴുതിയ പുസ്തകങ്ങളില്‍ ഏറ്റവും പ്രശസ്തം, പണ്ട് മാതാ അമൃതാനന്ദമയിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആയിരുന്ന ഗെയ്ല്‍ ട്രെഡ് വെല്‍ എഴുകിയ ഹോളി ഹെല്‍ (വിശുദ്ധ നരകം) ആണ്. അതിലും ഉള്ളടക്കത്തില്‍ വലിയ വ്യത്യാസമൊന്നുമില്ല. പീഡനകരുടെ വേഷം ളോഹയ്ക്കു പകരം കാഷായമെന്നു മാത്രം. പിന്നെ, മഠത്തിന്റെ മറവില്‍ നടക്കുന്ന ബിസിനസ് ഇടപാടുകളും. ഉത്തരാധുനികത പോലും പഴഞ്ചനായിപ്പോയ കാലത്ത് മലയാളി വായനാസമൂഹത്തിനു മുന്നില്‍ ഇക്കിളിക്കഥകള്‍ ഇറക്കി ലാഭം കൊയ്യുന്ന ടെക്‌നിക്ക് എല്ലാ അര്‍ത്ഥത്തിലും ഒന്നാന്തരം ബിസിനസ് ട്രിക്ക് തന്നെയല്ലേ?

ഒരൊറ്റ പുസ്തകം കൊണ്ട് ആജീവനാന്തം ആഘോഷിക്കപ്പെടുന്ന എഴുത്തുകാരുള്ള ഭാഷയാണ് മലയാളം. എത്രയോ നോവലുകള്‍ എഴുതിയിട്ടും പെരുമ്പടവം ശ്രീധരന്‍ ഇപ്പോഴും ആഘോഷിക്കപ്പെടുന്നത് ഒരു സങ്കീര്‍ത്തനം പോലെയുടെ പേരിലാണ്. പെരുമ്പടവത്തിന്റെ പുസ്തകങ്ങള്‍ മാത്രം പ്രസിദ്ധീകരിക്കുന്ന സങ്കീര്‍ത്തനം ബുക്‌സ്, പ്രസാധകന് സങ്കീര്‍ത്തനം എന്ന പേരില്‍ വീട്... അങ്ങനെ പോകുന്നു വിപണനതന്ത്രങ്ങള്‍. പെരുമ്പടവം ഒന്നാന്തരം നോവലിസ്റ്റും മനുഷ്യനും തന്നെ. പുസ്തകക്കച്ചവടത്തിലെ പ്രസാധന തന്ത്രത്തെക്കുറിച്ച് പറഞ്ഞെന്നേയുള്ളൂ. ആഘോഷിക്കപ്പെടാന്‍ മറ്റൊന്നുമില്ലാതിരിക്കെ വീണുകിട്ടുന്ന ഇമ്മാതിരി നുറുങ്ങുവെട്ടങ്ങള്‍ പ്രസാധകര്‍ ഊതിക്കത്തിച്ച് സൂര്യശോഭയാക്കിക്കൊള്ളും.

പുറത്താക്കപ്പെടുന്ന കന്യാസ്ത്രീകളെ സംബന്ധിച്ച് ആത്മകഥയെന്ന ഒറ്റ ചാന്‍സേയുള്ളൂ. അത്, മഠത്തില്‍ നിന്ന് പുറത്തിറങ്ങി എത്രയും വേഗത്തിലാകുന്നുവോ, അത്രയും വില്പനസാധ്യത കൂടും. അതറിയാവുന്നതുകൊണ്ടാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന്റെ ആത്മകഥ ഡി.സി. ബുക്‌സ് യുദ്ധകാലാടിസ്ഥാനത്തില്‍ പുറത്തിറക്കിയത്. കുറച്ചു നാളത്തേക്ക് മലയാളത്തില്‍ ഏറ്റവും അധികം വില്ക്കപ്പെടുന്ന ഗ്രന്ഥം ഇതായിരിക്കുകയും ചെയ്യും. കര്‍ത്താവിന്റെ നാമത്തില്‍ കച്ചവടം പൊടിപൊടിക്കട്ടെ. ആമേന്‍...

Readers Comment

Add a Comment