Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:07 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചോദ്യക്കടലാസ് ചോര്‍ച്ച, ഹൈടെക് കോപ്പിയടി, മാര്‍ക്ക് ദാനം... തുടങ്ങിയ കലാപരിപാടികളുമായി നമ്മുടെ സര്‍വകലാശാലകളും മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെ പ്രൊഫഷണല്‍ കലാലയങ്ങളും വിദ്യാഭ്യാസ ബോര്‍ഡുകളും ചേര്‍ന്ന് നമ്മുടെ പരീക്ഷാ നടത്തിപ്പു രീതിയാകെ കുളംതോണ്ടിയിരിക്കെ, അതിനു കുടപിടിക്കാന്‍ പൊലീസും!പി എസ്.സി പരീക്ഷയിലെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയും സ്മാര്‍ട്ട് വാച്ച് ഫെയിം കോപ്പിയടിയും കൊണ്ട് രാജ്യാന്തരപ്രശസ്തി നേടിയ പൊലീസ് കോണ്‍സ്റ്റബിള്‍ നിയമന പരീക്ഷയില്‍ പിടിക്കപ്പെട്ട മൂന്നു പേര്‍ ഒഴികെ ലിസ്റ്റിലെ മറ്റെല്ലാവരും നിയമനത്തിനു യോഗ്യരാണെന്നാണ് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം പി.എസ്.സിയെ അറിയിച്ചത്. പിന്നെന്തു വേണം?

പി.എസ്.സി ചോദ്യപ്പേപ്പര്‍ ചോര്‍ന്നത് എങ്ങനെയെന്നോ പുറത്തുകടത്തിയതിനു പിന്നില്‍ ആരെല്ലാമെന്നോ പല കേന്ദ്രങ്ങളിലായി പരീക്ഷയെഴുതിയ പ്രതികള്‍ക്ക് ഒരേ കോഡ് നമ്പറിലുള്ള ചോദ്യക്കടലാസ് എങ്ങനെ കിട്ടിയെന്നോ എത്ര ഉത്തരങ്ങള്‍ എസ്.എം.എസ് സന്ദേശങ്ങള്‍ വഴി പരീക്ഷാഹാളിലേക്ക് എത്തിയെന്നോ ഒന്നും ഇതുവരെ ഒരു തിട്ടവുമില്ല. കോപ്പിയടിക്ക് ഉപയോഗിച്ചതായി കരുതപ്പെടുന്ന മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയിട്ടില്ല. സമാനമായ രീതിയില്‍ കൂടുതല്‍ പേര്‍ തട്ടിപ്പു നടത്തിയിട്ടുണ്ടോ എന്നു വ്യക്തമല്ല. ഇതൊന്നുമറിയാതെ ആ പരീക്ഷയുടെ പട്ടിക, പ്രതികളെ ഒഴികെ സാധുവാക്കുന്നതിന്റെ ഗുട്ടന്‍സ് എന്താണ്?

കേരള സര്‍വകലാശാല കഴിഞ്ഞ ദിവസം ഒരു പരീക്ഷ റദ്ദാക്കിയതിന്റെ കാരണം കേട്ടാല്‍ ചിരിക്കാതിരിക്കാനാവില്ല. എം.എ ഇക്കണോമിക്‌സ് പരീക്ഷ നടത്താന്‍ ഈ വര്‍ഷംതന്നെ ഫെബ്രുവരിയില്‍ ഉപയോഗിച്ച ഒരു ചോദ്യപ്പേപ്പര്‍ തന്നെ പുതിയ തീയതി  ചേര്‍ത്ത് അടുത്ത പരീക്ഷയ്ക്കും ഉപയോഗിച്ചു!സംഭവം പുറത്തായപ്പോള്‍ ന്യായീകരണം വന്നു; ചോദ്യപ്പേപ്പര്‍ തയ്യാറാക്കേണ്ടിയിരുന്ന അധ്യാപികയോട് അക്കാര്യം പറയാന്‍ മറന്നുപോയി. പരീക്ഷാദിവസം രാവിലെയാണ് പിന്നം സംഭവം ഓര്‍ക്കുന്നത്. ഉത്തരക്കടലാസും പരീക്ഷാര്‍ത്ഥികളും പരീക്ഷാഡ്യൂട്ടിക്കുള്ള അധ്യാപകരുമെല്ലാം റെഡി. പക്ഷേ, ചോദ്യക്കടലാസില്ല! പഴയ ചോദ്യപ്പേപ്പര്‍ ഉപയോഗിക്കാതെന്തു ചെയ്യും? സര്‍വകലാശാലാ തലത്തില്‍പ്പോലും പരീക്ഷാ നടത്തിപ്പ് എത്ര ഉദാസീനമായാണ് നടക്കുന്നത് എന്നതിന് ഇതിനേക്കാള്‍ വലിയ ഉദാഹരണം വേണോ?

നാണക്കേടു തോന്നിയെങ്കിലും ആ പരീക്ഷ റദ്ദാക്കാനുള്ള വകതിരിവ് സര്‍വകലാശാല കാണിച്ചു. ഇനി അറിയേണ്ടത്, വിവാദത്തിലായ പി.എസ്.സി പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ റദ്ദാക്കുമോ എന്നാണ്. ലിസ്റ്റില്‍ നിന്ന് പ്രതികളുടെ പേരുകള്‍ വെട്ടിക്കളിഞ്ഞിട്ട് ബാക്കി മുഴുവന്‍ പേര്‍ക്കും പൊലീസില്‍ നിയമനം നല്‍കുന്നതില്‍ ഒരു കുഴപ്പവുമില്ലെന്നു പറഞ്ഞത് പൊലീസ് തന്നെയാണ്!തങ്ങളുടെ കൂട്ടത്തില്‍ ഇത്തരക്കാരൊക്കെ മതിയെന്നായിരിക്കും!

അതിനിടയിലാണ്, പി.എസ്.സി പരീക്ഷാ തട്ടിപ്പു കേസിലെ പ്രതി നസീം തന്റെ ഫേസ്ബുക്കില്‍, കോപ്പിയടിച്ചെങ്കില്‍ അത് എന്റെ കഴിവ് എന്ന ആപ്തവാക്യം കുറിച്ച് പി.എസ്.സിയെയും പൊലീസിനെയും കൊഞ്ഞനംകുത്തിയത്. അതു ചോദ്യം ചെയ്ത രണ്ട് മുന്‍ യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് എസ്.എഫ്.ഐക്കാരുടെ മര്‍ദ്ദനവും കിട്ടി. നസീമിന്റെ കുറിപ്പിന് നെഗറ്റീവ് കമന്റ് ഇട്ടതായിരുന്നു കുറ്റം! മര്‍ദ്ദനത്തിന് എതിരെ പരാതി നല്‍കാന്‍ ഒരുങ്ങിയ രണ്ടു വിദ്യാര്‍ത്ഥികളെ പാര്‍ട്ടിക്കാര്‍ തന്നെ പിന്നീട് ഭീഷണിപ്പെടുത്തി പിന്‍തിരിപ്പിക്കുകയും ചെയ്തു.

പ്രിയപ്പെട്ട പി.എസ്.സീ...., ഇനി ഐ.എ.എസിന്റെ ഒരു ചെറിയ പതിപ്പ് കെ.എ.എസ് എന്ന പേരില്‍ അവിടുന്ന് നടത്താന്‍ പോവുകയാണല്ലോ. ഡിമാന്‍ഡ് ഉള്ള സംഭവമായതുകൊണ്ട് ഒന്ന് എഴുതിയാല്‍ കൊള്ളാമെന്നുണ്ട്. അനുവദനീയമായ തട്ടിപ്പുകള്‍ ഏതെല്ലാമെന്നും, ചോദ്യപ്പേപ്പര്‍ എവിടെ കിട്ടുമെന്നും, ആരൊക്കെയാണ് ഏജന്റുമാരെന്നും രഹസ്യമായി അറിയിച്ചാല്‍ കൊള്ളാം. ഉദ്ദിഷ്ടകാര്യം സാധിച്ചാല്‍ ഉപകാരസ്മരണ ഉണ്ടാകും. ഒറപ്പ്...

Readers Comment

Add a Comment