Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഹെല്‍മറ്റ് വീണ്ടും ഹീറോ ആയി. ബൈക്കിലും സ്‌കൂട്ടറിലും പിന്‍സീറ്റ് യാത്രക്കാര്‍ കൂടി ഹെല്‍മറ്റ് ധരിക്കണമെന്നാണ് സര്‍ക്കാരിന്റെ കര്‍ശന ഉത്തരവ്. കാറിലാണെങ്കില്‍ പിന്‍സീറ്റിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം. സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് സുരക്ഷാ ഉപാധികള്‍ കര്‍ശനമാക്കാന്‍ ഗതാഗത കമ്മിഷണര്‍ക്ക് ഗതാഗത വകുപ്പ് സെക്രട്ടറിയുടെ കത്ത്.
സര്‍ക്കാരിനെ വിട്ടേക്കാം. സത്യത്തില്‍ ഈ ഹെല്‍മറ്റ് കൊണ്ട് കാര്യമുണ്ടോ? ഇന്ത്യയില്‍ സംഭവിക്കുന്ന വാഹനാപകട മരണങ്ങളില്‍ 65 ശതമാനം കേസുകളിലും ഇരകളാകുന്നത് ഇരുചക്ര വാഹന യാത്രക്കാരാണ്. അടച്ചുറപ്പില്ലാത്ത വാഹനത്തിന് അത്രയും സേഫ്ടി കുറയുമല്ലോ. ഈ മരണങ്ങളില്‍ 86 ശതമാനവും സംഭവിക്കുന്നത് തലയില്‍ ഏല്ക്കുന്ന ആഘാതമോ ക്ഷതമോ കാരണമാണ്. ഒരു ഹെല്‍മറ്റ് ഉണ്ടായിരുന്നെങ്കില്‍.... എന്ന് പിന്നീട് ആലോചിക്കാന്‍ ആള്‍ ബാക്കി കാണില്ല.
വാഹനാപകടങ്ങളില്‍, തലയോട്ടിക്കും മസ്തിഷ്‌കത്തിനും ഏല്ക്കുന്ന ആഘാതം കുറയ്ക്കാന്‍ ഉറപ്പുള്ള ഹെല്‍മറ്റ് തീര്‍ച്ചയായും സഹായിക്കും. ഇടിയുടെ ആഘാതത്തില്‍ തലയോട്ടി പിളര്‍ന്ന് തലച്ചോറിന് പരിക്കേല്‍ക്കാനുള്ള സാധ്യത ഹെല്‍മറ്റ് തീര്‍ത്തും ഒഴിവാക്കും.
ഹെല്‍മറ്റ് ധരിക്കാതെയുള്ള യാത്രകളില്‍ സംഭവിക്കുന്ന അപകടങ്ങള്‍ കാരണം ശിരസ്സിന് നിസ്സാരമായ ക്ഷതമേ സംഭവിച്ചുള്ളൂവെങ്കില്‍പ്പോലും, മസ്തിഷ്‌കത്തിന് ഏല്‍ക്കുന്ന കനത്ത ആഘാതം (കുലുക്കം) കാരണം പിന്നീട് അത് ഓര്‍മ്മക്കുറവ്, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശേഷിക്കുറവ്, ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് വഴിവയ്ക്കാന്‍ സാദ്ധ്യതയുണ്ട്.
വിലക്കുറവ് നോക്കി, പൊലീസിനെ പറ്റിക്കാന്‍ തലയില്‍ എന്തെങ്കിലുമൊരു സാധനം വച്ചാല്‍പ്പോരാ. ഗുണമേന്മ ഉറപ്പാക്കാവുന്ന, വിശ്വസ്ത ബ്രാന്‍ഡുകളുടെ ഹെല്‍മറ്റ് തിരഞ്ഞെടുക്കുക. കടകളില്‍ പല അവസരത്തില്‍ ഉപയോഗിക്കാനുള്ള ഹെല്‍മറ്റുകള്‍ കണ്ടേക്കാം. കായിക മത്സരങ്ങള്‍ക്കോ ഫാക്ടറി സ്ഥലത്തോ വയ്ക്കാനുള്ള ഹെല്‍മറ്റുമായി ബൈക്കില്‍ കറങ്ങരുത്. പണി പാളും.
മികച്ച ഹെല്‍മറ്റ് ആയതുകൊണ്ടു മാത്രം കാര്യമില്ല. ധരിക്കേണ്ടതു പോലെ ധരിക്കുകയും വേണം. വെറുതേ തലയിലെടുത്തു വച്ച് വണ്ടി സ്റ്റാര്‍ട്ട് ചെയ്യേണ്ട- ആ ബക്കിള്‍ കൂടി ഇട്ടേക്കൂ. ഹെല്‍മറ്റ് പുറകോട്ട് ചരിച്ചോ, നെറ്റിയിലേക്ക് ഇറക്കിയോ ധരിക്കരുത്. നേരെ ഇരുന്ന്, നേരെ വയ്ക്കുക. അധികം ഇറുക്കമുള്ളതോ, അധികം ലൂസ് ആയതോ ആകരുത്. ഹെല്‍മറ്റിനകത്ത് നിങ്ങള്‍ക്ക് അസുഖകരമല്ലാത്ത വിധത്തില്‍ തല ഫിറ്റ് ആയിരിക്കണം. ഇന്നു മുതല്‍ ഹെല്‍മറ്റ് ഒരു ശീലമാക്കൂ- സ്വന്തം തലയുടെ കാര്യമല്ലേ, അതിന്റെ ഉത്തരവാദിത്വം പൊലീസുകാര്‍ക്കല്ല.
24.92°C








