Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കന്യകാത്വ പരിശോധനകളും ജനനേന്ദ്രിയത്തിൽ വിരൽ പ്രവേശിപ്പിച്ച് നടത്തുന്ന പരിശോധനകളും (ഡബിൾ ഫിംഗർ ടെസ്റ്റ്) അശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാട്ടി, എം.ബി.ബി.എസ്. പാഠ്യപദ്ധതി പരിഷ്കരിക്കാൻ നാഷണൽ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി.) തീരുമാനിച്ചു.
മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം, ഭിന്നലൈംഗിക താത്‌പര്യക്കാരുടെ (എൽ.ജി.ബി.ടി.ക്യു.ഐ.എ.) ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ രൂപവത്കരിച്ച വിദഗ്ധ സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് നടപടി. യു.ജി. മെഡിക്കൽ എജ്യുക്കേഷൻ ബോർഡ് പ്രസിഡന്റ് അരുണ വാണികരുടെ നേതൃത്വത്തിലാണ് പാഠ്യപദ്ധതിയിൽ മാറ്റം വരുത്തുക.
വൈവാഹികബന്ധങ്ങളിലെ പ്രശ്നങ്ങളിലടക്കം കന്യകാത്വ പരിശോധനകൾ നടത്താൻ ഉത്തരവിടുന്ന കോടതിനടപടികളെ എപ്രകാരം കൈകാര്യം ചെയ്യണമെന്ന് മെഡിക്കൽ വിദ്യാർഥികളെ പഠിപ്പിക്കാനും പദ്ധതിയുണ്ട്. ഇത്തരം കേസുകളിൽ രാജ്യത്തുടനീളമുള്ള കോടതികൾ കന്യകാത്വ പരിശോധനയ്ക്ക് ഉത്തരവിടാറുണ്ട്. തുടർന്ന്, സ്ത്രീ കന്യകയാണോയെന്ന് പരിശോധിക്കാൻ കന്യാചർമം ഡോക്ടർമാർ പരിശോധിക്കും. യോനിയിലെ ലാക്സിറ്റി വിലയിരുത്താൻ വിരൽ പരിശോധനകളും നടത്താറുണ്ട്. എന്നാൽ, ഇവയ്‌ക്കൊന്നും ശാസ്ത്രീയമായ അടിസ്ഥാനമില്ലെന്ന് കോടതിയിൽ വിശദീകരിക്കാൻ ഡോക്ടർമാരെ നിലവിൽ പഠിപ്പിക്കുന്നില്ലെന്ന് മഹാത്മാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോ. ഇന്ദ്രജിത് ഖണ്ഡേക്കർ പറഞ്ഞു.
നിർഭയ കേസിനെത്തുടർന്ന് ലൈംഗികാതിക്രമനിയമത്തിൽ വലിയ മാറ്റം വന്നതാണിതിന്റെ പശ്ചാത്തലം. സ്ത്രീയുടെ അനുമതിയില്ലാതെ അവരുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുന്നത് അതിക്രമത്തിന്റെ പരിധിയിലാണ് വരുക.
ഈ നിയമം നടപ്പിൽവന്നിട്ടും വൈദ്യപാഠഭാഗങ്ങളിൽ കന്യകാത്വപരിശോധനയെന്ന ഭാഗം നിലനിന്നു. അതുപോലെ ട്രാൻസ്‌ജെൻഡറുകളെ ഉൾപ്പെടെയുള്ള വൈവിധ്യങ്ങൾ അംഗീകരിക്കും വിധത്തിൽ വൈദ്യപാഠങ്ങൾ വികസിക്കണമെന്ന ആവശ്യവും ഉണ്ടായിരുന്നു. ഇത്തരത്തിൽ ലിംഗനീതി ഉറപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ നവംബറിലാണ് വൈദ്യപാഠപുസ്തകങ്ങളിലെ കന്യകാനിർവചനം തിരുത്തിയത്. ഇതിന്റെ തുടർനടപടിയാണ് പുതിയ നീക്കം.
വിവാഹവുമായും അതിക്രമവുമായും ബന്ധപ്പെട്ട കേസുകളിൽ കോടതികളെ സഹായിക്കുന്ന പുതിയ വഴികൾ ഫൊറൻസിക് വിദ്യാർഥികളെ പരിശീലിപ്പിക്കാനും കമ്മിഷൻ പദ്ധതി തയ്യാറാക്കും. ഇത്തരം വിഷയങ്ങളിൽ പുതിയ വിവരങ്ങൾക്കൂടി ഉൾപ്പെടുത്തുന്ന വിധത്തിൽ മെഡിക്കൽ പാഠ്യപദ്ധതിയിൽ മാറ്റം വേണമെന്ന് മദ്രാസ് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി രൂപവത്കരിച്ച ഉപസമിതിയുടെ ശുപാർശപ്രകാരമാണ് കമ്മിഷന്റെ പുതിയ നടപടി.
29.82°C








