Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അങ്ങനെ ഇന്ത്യന്‍ കോഫി ഹൗസില്‍ തലപ്പാവണിഞ്ഞ രാജാക്കന്മാര്‍ക്ക് ഒപ്പം 'റാണിമാരു'മായി! കോഫി ഹൗസിന്റെ ആറു പതിറ്റാണ്ടിലേറെ നീണ്ട ചരിത്രത്തില്‍ ആദ്യമായാണ് വനിതാ വെയിറ്റര്‍മാര്‍. ഈ കുറിപ്പിനൊപ്പമുള്ള ചിത്രം, തിരുവനന്തപുരത്ത് എം.എല്‍.എ ക്വാര്‍ട്ടേഴ്‌സിലുള്ള ഇന്ത്യന്‍ കോഫി ഹൗസില്‍ നിന്നാണ്.
കോഫി ഹൗസുകളില്‍ വനിതാ വെയിറ്റര്‍മാര്‍ക്കു കൂടി അവസരമൊരുങ്ങിയതിനു പിന്നില്‍ ഒരു കണ്ണീരിന്റെ കഥ കൂടിയുണ്ട്. തിരുവനന്തപുരത്ത്, പേട്ടയിലെ ഇന്ത്യന്‍ കോഫി ഹൗസ് ജീവനക്കാരന്‍ ആയിരുന്ന സന്തോഷ് കുമാര്‍ വാഹനാപകടത്തില്‍ മരണമടഞ്ഞപ്പോള്‍ അടഞ്ഞുപോയത് ഒരു കുടുംബത്തിന്റെ ആശ്രയത്തിന്റെ വാതിലുകളായിരുന്നു. അതിനു ശേഷം സന്തോഷ് കുമാറിന്റെ ഭാര്യ ഷീന, സംസ്ഥാന വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഒരു കത്തെഴുതി. ഒരു ജോലിക്കായുള്ള അപേക്ഷയായിരുന്നു അത്.
ഷീനയുടെ അപേക്ഷ പരിഗണിച്ച വ്യവസായ വകുപ്പ് സെക്രട്ടറി, ആ കത്തിന്റെ പകര്‍പ്പു കൂടി വച്ച് കോഫി ഹൗസ് അധികൃതര്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വനിതാ വെയിറ്റര്‍മാര്‍ എന്ന ആശയം ഭരണസിമിതി അംഗീകരിച്ചത്. നേരത്തേയും ആശ്രതി നിയമത്തിനുള്ള ഇത്തരം അപേക്ഷകള്‍ കോഫി ഹൗസ് അധികൃതര്‍ക്ക് ലഭിച്ചിരുന്നെങ്കിലും രാത്രി 10 മണി വരെ ദീര്‍ഘിച്ച ഷിഫ്റ്റുകളില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ കാരണം മാറ്റിവയ്ക്കുകയായിരുന്നു. കോഫി ഹൗസിന്റെ, കണ്ണൂര്‍ സൊസൈറ്റിക്കു കീഴിലുള്ള ഔട്ട്‌ലെറ്റുകളില്‍ നേരത്തേ തന്നെ അടുക്കള ജോലികള്‍ക്കായി ആറ് വനിതകളെ നിയമിച്ചിട്ടുണ്ടെങ്കിലും, രുചികള്‍ വിളമ്പാന്‍ പെണ്‍കരങ്ങള്‍ വരുന്നത് ഇപ്പോള്‍ മാത്രം.
1936 ല്‍ ഇന്ത്യന്‍ കോഫി സെസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രാജ്യത്തെ ആദ്യ കോഫി ഹൗസ് മുംബയില്‍ പിറന്നത്. 1940 കള്‍ ആയപ്പോഴേക്കും ബ്രിട്ടീഷ് ഇന്ത്യയില്‍ കോഫി ഹൗസുകളുടെ എണ്ണം 50 ആയി. പക്ഷേ, 1959 കളുടെ പകുതി ആയപ്പോഴേക്കും നയപരമായ കാരണങ്ങള്‍കൊണ്ട് സെസ് കമ്മിറ്റി ഒരു തീരുമാനമെടുത്തു- ഇന്ത്യന്‍ കോഫി ഹൗസുകള്‍ അടച്ചുപൂട്ടുക!
ഇക്കാലത്താണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ. ഗോപാലന്റെ നേതൃത്വത്തില്‍ കോഫി ബോര്‍ഡ് ജീവനക്കാര്‍, ഒരു കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന ആശയം ബോര്‍ഡിനു മുന്നില്‍വച്ചത്. ജീവനക്കാര്‍ തന്നെ രൂപികരിക്കുന്ന ഒരു സൊസൈറ്റിക്ക് കോഫി ബോര്‍ഡ് ഔട്ട്‌ലെറ്റുകള്‍ കൈമാറുക! അതായിരുന്നു, ഇന്ത്യ കോഫി ബോര്‍ഡ് വര്‍ക്കേഴ്‌സ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ തുടക്കം. അദ്യ സൊസൈറ്റി പിറന്നത് ബംഗളൂരുവില്‍ 1957 ആഗസ്റ്റ് 19ന്.
ഏഴു മാസം കൂടി കാത്തിരിക്കേണ്ടിവന്നു, കേരളത്തിലെ ആദ്യ ഇന്ത്യന്‍ കോഫി ഹൗസിന്. തൃശൂരില്‍ 1958 മാര്‍ച്ച് എട്ടിനായിരുന്നു അത്. രാജ്യത്തെ നാലാമത്തെ ഇന്ത്യന്‍ കോഫി ഹൗസ് ഔട്ട്‌ലെറ്റ്. ഇപ്പോള്‍, തൃശൂരും കണ്ണൂരും കേന്ദ്രീകരിച്ച് രണ്ട് സൊസൈറ്റികളുടെ കീഴിലായാണ് സംസ്ഥാനത്തെ ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തനം. ഇന്ത്യയിലൊട്ടാകെ വിവിധ സഹകരണ സംഘങ്ങളുടെ കീഴിലായി ഇപ്പോള്‍ നാന്നൂറിലധികം ഔട്ട്‌ലെറ്റുകളുണ്ട്, ഇന്ത്യന്‍ കോഫി ഹൗസിന്!
29.82°C








