Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:31 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലയാളത്തിന് കേട്ടു മതിവരുംമുമ്പ്, പാട്ടിന്റെ പാതിവഴിയില്‍ മുറിഞ്ഞുപോയൊരു വിസ്മയരാഗമായിരുന്നു, ബാലഭാസ്‌കര്‍. നാല്പതു വയസ്സിനിടെ ബാലു സംഗീതാസ്വാദകരുടെ മനസ്സില്‍ പകര്‍ന്നത് മായാത്തൊരു മാന്ത്രികരാഗത്തിന്റെ നനുത്ത വിരലെഴുത്തുകളാണ്. ഇന്ന്, ഒരാണ്ടാകുന്നു ആ ദേവരാഗം മരണത്തിന്റെ ഇരുട്ടിലേക്ക് പെയ്‌തൊഴിഞ്ഞിട്ട്.

തിരുവനന്തപുരം പള്ളിപ്പുറത്ത്, 2018 സെപ്തംബര്‍ 25-നായിരുന്നു ബാലഭാസ്‌കര്‍ എന്ന സംഗീതപ്രതിഭയെ കവര്‍ന്നെടുത്ത കാറപകടം. ഗുരുവായൂരില്‍ നിന്നുള്ള മടക്കയാത്രയ്ക്കിടെ നാട്ടിലെത്താന്‍ ഏറെനേരമൊന്നും ബാക്കിയില്ലാതിരിക്കെ, പുലര്‍ച്ചയുടെ ആ തണുപ്പില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിനു പിന്നിലെ ദുരൂഹതകള്‍ ഇനിയും തിരഞ്ഞുതീര്‍ന്നിട്ടില്ല. ബാലുവിന്റെ മകള്‍ രണ്ടു വയസുകാരി തേജസ്വിനി അപകടസ്ഥലത്തു വച്ചുതന്നെ മരണമടഞ്ഞിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ബാലുവിനെയും, ഭാര്യ ലക്ഷ്മിയെയും അനന്തപുരി ആശുപത്രിയിലെത്തിക്കുമ്പോള്‍ മരണത്തിനും ജീവിതത്തിനുമിടയ്ക്കായിരുന്നു ഇരുവരും....

പിന്നെയും ആറു ദിവസമുണ്ടായിരുന്നു ബാലു. ജീവിതത്തിലേക്ക് തിരികെയെത്തിയെന്ന് വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും ബാലുവിനെ സ്‌നേഹിക്കുന്നവര്‍ക്കും പ്രതീക്ഷയുണര്‍ത്തിയ ചില ദിവസങ്ങള്‍. സുഹൃത്തുക്കളോട് സംസാരിക്കുക പോലും ചെയ്തു, ബാലു. പക്ഷേ, ഒക്ടോബര്‍ രണ്ടു വരെയേ ബാലുവിന്റെ ആയുസ്സിന് ദൈവം നീട്ടിനല്‍കിയുള്ളൂ. പാടാന്‍ ബാക്കിയുള്ള പാട്ടുകളും, വയലിനില്‍ മീട്ടാന്‍ ബാക്കിവച്ച രാഗങ്ങളും കൊതിയോടെ കാത്തുനില്‍ക്കെ ബാലു യാത്രപോലും പറയാതെ പോയി....

മൂന്നാം വയസ്സില്‍ അമ്മാവനും സംഗീതജ്ഞനുമായ ബി. ശശികുമാറിന്റെ വിരല്‍പിടിച്ച് രാഗസോപാനങ്ങളൊന്നൊന്നായി കയറുകയായിരുന്നു ബാലു. പന്ത്രണ്ടാം വയസില്‍ അരങ്ങേറ്റം. പതിനേഴാം വയസ്സില്‍ സിനിമാ സംഗീത സംവിധായകന്‍. ഉസ്താദ് സക്കീര്‍ ഹുസൈന്‍, ലൂയിസ് ബാങ്ക്‌സ്, വിക്കു വിനായക് റാം, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ശിവമണി, ഹരിഹരന്‍ തുടങ്ങി സംഗീതലോകത്തെ വിസ്മയ പ്രതിഭകള്‍ക്കൊപ്പം വിശ്വവേദികള്‍ കീഴടക്കിയ യാത്ര. ഫ്യൂഷന്‍ സംഗീതത്തിന്റെ മാന്ത്രികതയെ പുതിയ അനുഭവമാക്കിയ പ്രതിഭയ്ക്കു മുന്നില്‍ സംഗീതലോകം അമ്പരപ്പോടെ നിന്നു!

ഒടുവില്‍, മകളെ മാത്രം മരണത്തില്‍ ഒപ്പം കൂട്ടി ബാലു പോയി. ബാലുവിന്റെ വയലിന്‍ രാഗങ്ങള്‍ വേദികളില്‍ സുഹൃത്തുക്കള്‍ ഇപ്പോഴും മീട്ടുന്നുണ്ട്- പ്രിയസുഹൃത്തിനുള്ള അഞ്ജലിയായി. പാട്ടിനൊപ്പം പെയ്തിറങ്ങിയ ആ പുഞ്ചിരിയില്‍ ആരും കാണാത്തൊരു നോവിന്റെ നനവു പടര്‍ന്നിരുന്നുവെന്ന് ഇപ്പോള്‍ നമുക്കു തോന്നും. നാല്പതു വയസ്സിനിടെ എല്ലാം ചെയ്തു തീര്‍ക്കണമല്ലോ എന്ന വല്ലാത്തൊരു ധൃതിയോടെയെന്ന പോലെ ചെയ്തുതീര്‍ത്ത രാഗപരിശ്രമങ്ങള്‍, മ്യൂസിക്കല്‍ ആല്‍ബങ്ങള്‍, ബിഗ് ബാന്‍ഡ് എന്ന വലിയ സ്വപ്‌നം.... ബാലഭാസ്‌കര്‍ ഒരു വിസ്മയരാഗം തന്നെയാണ്.

 

 

Readers Comment

Add a Comment