Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരുവനന്തപുരം: സംസ്ഥാനത്ത് അപകട മരണ നിരക്ക് വർധിക്കുന്ന പശ്ചാത്തലത്തിൽ സർക്കാർ സൗജന്യ ആംബുലൻസ് സർവീസുകളുടെ ശൃംഖല രൂപീകരിക്കുന്നു. സംസ്ഥാനത്താകമാനം അപകടത്തില്‍പ്പെടുന്നവരെ അടിയന്തരമായി ആശുപത്രികളിലേക്ക് എത്തിക്കുന്നതിനുള്ള സൗജന്യ ആംബുലന്‍സ് ശൃംഖലയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്തംബര്‍ 17-ാം തീയതി ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍, എ.സി. മൊയ്തീന്‍, എ.കെ. ശശീന്ദ്രന്‍, ജി. സുധാകരന്‍ എന്നിവര്‍ പങ്കെടുക്കും.
'കനിവ് 108' എന്നതാണ് ഈ അംബുലന്‍സ് ശൃംഖലയുടെ പേര്. അത്യാധുനിക ജീവന്‍ രക്ഷാ ഉപകരണങ്ങളും പരിശീലനം സിദ്ധിച്ച സാങ്കേതിക വിദഗ്ധരും അടങ്ങിയ 315 ആംബുലന്‍സുകളുടേ സേവനമാണ് ഉറപ്പാക്കുന്നത്. സെപ്തംബര്‍ 17ന് 100 ആംബുലന്‍സുകളുടെ പ്രാഥമിക ശൃംഖല സംസ്ഥാനത്താകമാനം ഒരുക്കി ഒക്‌ടോബര്‍ മാസത്തോടെ 315 ആംബുലന്‍സുകളുടെ ശൃംഖല പൂര്‍ത്തീകരിക്കുന്നതാണ്. പൂര്‍ണമായ രൂപത്തില്‍ പദ്ധതി നടപ്പിലാകുമ്പോള്‍ തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ 28 വീതവും കൊല്ലം ജില്ലയില്‍ 21-ഉം പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ 15 വീതവും ആലപ്പുഴ ജില്ലയില്‍ 18-ഉം കോട്ടയം ജില്ലയില്‍ 17-ഉം എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ 32 വീതവും കോഴിക്കോട് ജില്ലയില്‍ 31-ഉം വയനാട് ജില്ലയില്‍ 11-ഉം കണ്ണൂര്‍ ജില്ലയില്‍ 21-ഉം കാസര്‍ഗോഡ് ജില്ലയില്‍ 14-ഉം ബേസിക് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകള്‍ വിന്യസിക്കുന്ന തരത്തിലാണ് പദ്ധതി ഏകോപിപ്പിച്ചിരിക്കുന്നത്.
ആംബുലന്‍സ് ശൃംഖലകളെ 24 മണിക്കൂര്‍ സേവനത്തിന് പ്രയോജനപ്പെടുത്തുക എന്ന തരത്തിലും റോഡപകടങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന 12 മണിക്കൂറുകളില്‍ (രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെയുള്ള സമയത്ത്) സേവനം ചെയ്യുന്നവ (Peak Hour) എന്ന ഗണത്തിലും ആക്കി നിജപ്പെടുത്തിയാണ് പൂര്‍ണമായ ഉപയോഗക്ഷമത ഉറപ്പാക്കുന്നത്. റോഡപകടങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സമയത്ത് 315 ആംബുലന്‍സുകളുടേയും സേവനം ദേശീയ-സംസ്ഥാന ഹൈവേകളിലും അപകടസാധ്യത കൂടിയ ഉള്‍നാടന്‍ റോഡുകളിലും ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ആംബുലന്‍സുകളില്‍ പരിശീലനം സിദ്ധിച്ച പൈലറ്റും എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യനും അടങ്ങുന്ന സാങ്കേതിക തികവുള്ള ജീവനക്കാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. റോഡപകടങ്ങളില്‍പ്പെടുന്ന ഏതൊരു വ്യക്തിക്കും കൃത്യതയും ഗുണനിലവാരമുള്ള അടിയന്തര ആതുര ശുശ്രൂഷ ഉറപ്പാക്കുക എന്നുള്ള ഏറ്റവും ശ്രമകരമായ സംരംഭത്തില്‍ എല്ലാവരുടേയും പിന്തുണയും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭ്യര്‍ത്ഥിച്ചു.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, കെ.എം.എസ്.സി.എല്‍. മാനേജിംഗ് ഡയറക്ടര്‍ ഷര്‍മ്മിള മേരി ജോസഫ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാബീവി, കെ.എം.എസ്.സി.എല്‍. ജനറല്‍ മാനേജര്‍ ഡോ. ദിലീപ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
30.82°C








