Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:48 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഡോ. അനൂപ് കൃഷ്ണയുടെ അപ്രതീക്ഷിതവും വേദനാജനകവുമായ മരണത്തിനു ശേഷം, അതുമായി ബന്ധപ്പെടുത്തി മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ചില കാര്യങ്ങളുടെ യഥാർത്ഥ സ്ഥിതി പൊതുസമൂഹത്തിനു മുന്നിൽ വെളിപ്പെടുത്തുന്നതിനാണ് ഈ കുറിപ്പ്.

ഡോ. അനൂപ് കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽ സർജറിയെ തുടർന്ന് ആദിലക്ഷ്മി എന്ന ഏഴു വയസ്സുകാരി മരിക്കാനിടയായ സംഭവത്തെക്കുറിച്ച് ദിനപത്രങ്ങളും ടെലിവിഷൻ ചാനലുകളും സമൂഹമാദ്ധ്യമങ്ങളുമെല്ലാം വാർത്തകൾ നൽകിയിരുന്നു. ദൈനംദിന വാർത്തകൾ കൃത്യമായി കൈകാര്യം ചെയ്യുകയും, മാദ്ധ്യമധർമ്മത്തിലൂന്നി പ്രവർത്തിക്കുകയും ചെയ്യുന്ന മാദ്ധ്യമ സ്ഥാപനമെന്ന നിലയിൽ ഐ ടു ഐ ന്യൂസ് ചാനലും ഇതുമായി ബന്ധപ്പെട്ട് അന്വേഷണത്തിൽ ലഭ്യമായ വസ്തുതകളുടെയും, മരണമടഞ്ഞ കുഞ്ഞിന്റെ മാതാപിതാക്കളും ബന്ധുക്കളും നൽകിയ മൊഴികളുടെയും അടിസ്ഥാനത്തിൽ വാർത്ത നൽകിയിരുന്നു.

എന്നാൽ എല്ലാ ദിനപത്രങ്ങളും ടി.വി. ചാനലുകളും നൽകിയ വാർത്തകൾ കണ്ടില്ലെന്നു നടിച്ച്, ഐ.എം.എയും ഡോക്ടർമാരുടെ സമൂഹവും ചില തത്പരകക്ഷികളും ഓൺലൈൻ മാധ്യമങ്ങളെ മാത്രം  ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ വിഷയത്തിൽ ഇത്തരമൊരു പ്രതികരണത്തിന് തയ്യാറാകുന്നത്.

ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിക്കാനിടയായ സംഭവം ഞങ്ങൾ റിപ്പോർട്ട് ചെയ്തത്, മാദ്ധ്യമധർമ്മം പൂർണമായും പാലിച്ചും സാമൂഹിക പ്രതിബദ്ധതയോടെയും സത്യസന്ധമായുമാണ്. ഇക്കാര്യത്തിൽ ആശുപത്രിയുടെ ഭാഗത്തുനിന്ന് പിഴവുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടതും ഉചിതവും മാതൃകാപരവുമായ നടപടികൾ സ്വീകരിക്കേണ്ടതും പോലീസ് വകുപ്പാണ്. ആശുപത്രികളിൽ രോഗികൾക്ക് ഇത്തരം ദൗർഭാഗ്യകരമായ അനുഭവങ്ങൾ നേരിടേണ്ടിവരുന്നത് തുടർക്കഥയാകുന്ന സാഹചര്യത്തിൽ, അത്തരം അന്വേഷണമുണ്ടാകണമെന്നു മാത്രമാണ് ഞങ്ങൾ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്.

എന്നാൽ വിവിധ മാദ്ധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് വാർത്തകൾ വന്നതിനു ശേഷം, ഡോ. അനൂപ് കൃഷ്ണ ജീവനൊടുക്കിയത് ഞങ്ങളെയും ഞെട്ടിക്കുകയും ദു:ഖത്തിലാഴ്ത്തുകയും ചെയ്തു. ഒരു മാനേജ്‌മെന്റ് കൺസൾട്ടന്റ് എന്ന നിലയിൽ എനിക്ക്  ഡോ. അനൂപ് കൃഷ്ണയുമായും അദ്ദേഹത്തിന്റെ ആശുപത്രിയുമായും ദീർഘകാല ബന്ധമുണ്ട്. ഡോ. അനൂപ് കൃഷ്ണയുടെ ആശുപത്രി ഓർത്തോ സ്പെഷ്യാലിറ്റി കേന്ദ്രമായി  പ്രവർത്തിച്ചു തുടങ്ങിയപ്പോൾ മുതൽ വളരെ അടുത്ത സൗഹൃദത്തോടെ പ്രവർത്തിച്ചിട്ടുമുണ്ട്.

സഹോദര തുല്യനായ ഡോ. അനൂപ് കൃഷ്ണയുടെ ആകസ്മിക വേർപാടിൽ അങ്ങേയറ്റം വേദനിച്ചിരിക്കുമ്പോഴാണ്, ഓൺലൈൻ മാധ്യമങ്ങളെ  ടാർഗറ്റ് ചെയ്യുന്നുവെന്ന സംശയം ജനിപ്പിക്കത്തക്ക വിധം ചില കേന്ദ്രങ്ങളിൽ നിന്ന് ഇടപെടലുകൾ ഉണ്ടാകുന്നത്. ഡോ. അനൂപിന്റെ ആശുപത്രിയിൽ വച്ച് ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിക്കാനിടയായ സംഭവം 2020 സെപ്തംബർ 23 നു വൈകിട്ടു തന്നെ ഞങ്ങൾ അറിഞ്ഞിരുന്നെങ്കിലും, നിജസ്ഥിതി അറിയാൻ ഡോ. അനൂപിനെ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും ലഭിക്കാതിരുന്നതിനാൽ അന്ന് വാർത്ത നൽകിയില്ല. കാര്യങ്ങൾ ശരിയായി അപഗ്രഥിച്ച ശേഷം  ഇരുപത്തിയാറാംതീയതി മാത്രമാണ് ഞങ്ങൾ വാർത്ത നൽകിയത്.

കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള വാർത്തകൾ പ്രചരിക്കുകയും, ആശുപത്രിയുടെ ഭാഗത്തു നിന്ന് ദുരൂഹവും സംശയജനകവുമായ ഇടപെടലുകൾ ഇക്കാര്യത്തിൽ ഉണ്ടായതായി കേൾക്കുകയും ചെയ്തപ്പോൾ നിജസ്ഥിതി അറിയുന്നതിനായി ഞങ്ങൾ കുട്ടിയുടെ വീട്ടിൽ നേരിട്ടെത്തുകയായിരുന്നു. ഇതിനു പുറമെ, ദീർഘകാലമായി അടുത്തു പരിചയമുള്ളയാളും, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പോസ്റ്റ്‌മോർട്ടത്തിനു ശേഷം കുഞ്ഞിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയ  സ്പാർക്ക്  ആംബുലൻസിന്റെ  ഡ്രൈവറുമായ കമാലിക്കയെ കണ്ട് വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു.

തിരുവനന്തപുരത്തു നിന്ന് കൊല്ലത്തേക്കുള്ള ആംബുലൻസിന്റെ യാത്രയിൽ പോലീസ് പിൻതുടർന്നിരുന്നതായും, വഴിയിൽ വച്ച് വാഹനം തടഞ്ഞുനിർത്തി തന്നെ കയ്യേറ്റം ചെയ്യാനൊരുങ്ങുകയും അസഭ്യവർഷം ചൊരിയുകയും, ആംബുലൻസിന്റെ താക്കോൽ പിടിച്ചുവാങ്ങുകയും ചെയ്തതായും ഇദ്ദേഹം വിശദീകരിച്ചിരുന്നു. ആശുപത്രിയിൽ സംഭവിച്ച കാര്യങ്ങൾ കുഞ്ഞിന്റെ അച്ഛനമ്മമാരും അടുത്ത ബന്ധുക്കളും വിശദീകരിച്ചു. ഞങ്ങൾ നൽകിയ വാർത്തകളിൽ സ്വന്തം അഭിപ്രായങ്ങളോ നിഗമനങ്ങളോ അവതരിപ്പിച്ചിട്ടില്ലെന്നും, ഡോ. അനൂപ് കൃഷ്ണയെ തേജോവധം ചെയ്യുന്ന വിധത്തിലുള്ള യാതൊരു പരാമർശങ്ങളും നടത്തിയിട്ടില്ലെന്നും ആ റിപ്പോർട്ട് പരിശോധിച്ചാൽ വ്യക്തമാകുന്നതാണ്. വാർത്ത വളച്ചൊടിക്കാതെ ഒന്നും മറച്ചുവെക്കാതെ ഞങ്ങൾ പുറത്തുവിട്ടു.

ഏകമകളെ ആകസ്മികമായി നഷ്ടമായ പാവപ്പെട്ട അച്ഛനമ്മമാരുടെ ഹൃദയവേദനയും അതിന് ഇടയാക്കിയ സംഭവങ്ങളും മാദ്ധ്യമധർമ്മം പാലിച്ചുകൊണ്ട് പൊതുസമൂഹത്തിനു മുന്നിലെത്തിക്കുകയെന്നതു മാത്രമാണ് ഐ ടു ഐ ന്യൂസ് ചെയ്തത്. സംഭവങ്ങൾ വിശദമാക്കിയിട്ടുള്ളതു മുഴുവൻ കുഞ്ഞിന്റെ മാതാപിതാക്കളും ബന്ധുക്കളുമാണ്. ആ അഭിപ്രായങ്ങളെ വളച്ചൊടിക്കാതെ പ്രേക്ഷകരിലെത്തിക്കുക മാത്രമാണ് ഐ ടു ഐ ന്യൂസ് ചെയ്തത്.

എന്നാൽ, ഡോ. അനൂപ് കൃഷ്ണയുടെ ആകസ്മികവും വേദനാജനകവുമായ മരണവിവരം അറിഞ്ഞയുടൻ തന്നെ, വീണ്ടും കൂടുതൽ പേരിലേക്ക് ആ വാർത്ത എത്തുന്നത് ഉചിതമല്ലെന്നു കരുതിയും, ഡോ. അനൂപ് കൃഷ്ണയോടുള്ള ബഹുമാനാദരങ്ങൾ കാരണവും യു ട്യൂബ് വീഡിയോ അപ്പോൾത്തന്നെ ഞങ്ങൾ പിൻവലിക്കുകയായിരുന്നു. 
 ഡോ. അനൂപ് കൃഷ്ണയുടെ മരണത്തിനു തലേദിവസം ആശുപത്രിയിൽ നിന്ന് പി.ആർ.ഒ  ഫോണിൽ വിളിക്കുകയും, ഡോ. അനൂപ് കൃഷ്ണ ഒരു കുറിപ്പെഴുതിവച്ചിട്ട് പുറത്തിറങ്ങിപ്പോയെന്നും അദ്ദേഹത്തെ കാണാനില്ലെന്നും അറിയിച്ചിരുന്നു . പോലീസിൽ പരാതി നൽകിയോ എന്നു ചോദിച്ചപ്പോൾ നൽകിഎന്ന് മറുപടി നൽകുകയും ചെയ്തു. പിറ്റേന്നാണ് ഡോ. അനൂപ് കൃഷ്ണ സ്വയം ജീവനൊടുക്കിയ വാർത്ത ഞങ്ങൾ അറിയുന്നത്.

വസ്തുതകൾ ഇതായിരിക്കെ, കുഞ്ഞിന്റെ മരണം സംബന്ധിച്ച് എല്ലാ വാർത്താമാദ്ധ്യമങ്ങളും വാർത്ത നൽകിയിരുന്നെങ്കിലും ഓൺലൈൻ മാധ്യമങ്ങളെ  മാത്രമായി ലക്ഷ്യമിട്ട് ഐ.എം.എ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ നിന്ന് നീക്കമുണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ പ്രതികരണം. ഈ സാഹചര്യത്തിൽ ചുവടെ പറയുന്ന കാര്യങ്ങൾ ഞങ്ങൾ ഐ എം എ യുടെയും,ഡോക്ടർമാരുടെയും,പൊതുസമൂഹത്തിന്റെയും ശ്രദ്ധയിൽപ്പെടുത്താൻ ആഗ്രഹിക്കുകയാണ്.

1. ഡോ. അനൂപ് കൃഷ്ണ ഒരു സർജനാണ്. ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ രോഗിയുടെ അപ്രതീക്ഷിത മരണം പോലെയുള്ള ആകസ്മിക സംഭവങ്ങൾ ഒരു സർജന് എപ്പോൾ വേണമെങ്കിലും നേരിടേണ്ടിവന്നേക്കാം. ഇതൊരു ട്രോമാ സർജറി ആയിരുന്നില്ല , ഇലക്ടിവ് സർജറി ആയിരുന്നു. യാതൊരുവിധ അടിയന്തിര സാഹചര്യവും ഉണ്ടായിരുന്നില്ല. ജന്മനായുള്ള കാലിന്റെ വളവു മാറ്റുവാനുള്ള  ഡിഫോമിറ്റി കറക്ഷൻ സർജറി. ആവശ്യത്തിന് സമയം എടുത്തു കാര്യങ്ങൾ പഠിച്ചശേഷം ചെയ്യാവുന്ന സർജറി. എന്നാൽ പാലിക്കേണ്ടുന്ന പ്രോട്ടോക്കോളോന്നും പാലിക്കാതെയാണ് സർജറി നടത്തിയതെന്ന്  കേസ് ഷീറ്റ് പരിശോധിച്ചതിൽനിന്നും വ്യക്തം. തങ്ങളുടെ ഉറ്റവരോ ഉടയവരോ  ചികിത്സക്കിടെ അനാസ്ഥകൊണ്ട്  മരണമടഞ്ഞാൽ കുടുംബാംഗങ്ങളും ബന്ധുക്കളും വൈകാരികമായി പ്രതികരിക്കും, നീതി നിക്ഷേധമോ പിഴവുകളോ സംഭവിച്ചാൽ മാധ്യമങ്ങൾ വാർത്ത നൽകും . അത്തരം സാഹചര്യങ്ങളെ മനക്കരുത്തോടെ, ആത്മസാന്നിദ്ധ്യത്തോടെ നേരിടേണ്ട സർജൻ ആത്മഹത്യയ്ക്ക് തുനിഞ്ഞത് എന്തുകൊണ്ടായിരിക്കും, എന്തുകൊണ്ടാണ് അദ്ദേഹം രക്തം കൊണ്ട് ഭിത്തിയിൽ സോറി എന്നെഴുതി വച്ചത്. അതിനെക്കുറിച്ച് ഐ.എം.എ-യും ഡോക്ടർ സുഹൃത്തുക്കളും മിണ്ടാത്തത് എന്തു കൊണ്ടാണ്?

2. ശസ്ത്രക്രിയയ്ക്കു വിധേയയാക്കപ്പെട്ട കുട്ടിക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു എന്നും, മറ്റ് ആശുപത്രികൾ ചെയ്യാൻ മടിച്ച ഓർത്തോപീഡിക് ശസ്ത്രക്രിയ നടത്താൻ ഡോ. അനൂപ് ധീരത കാണിക്കുകയായിരുന്നു എന്നും മറ്റും പ്രചരിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. കുഞ്ഞിന് യാതൊരുവിധത്തിലുമുള്ള ഹൃദയ സംബന്ധമായ തകരാറുകളും  ഉണ്ടായിരുന്നില്ലെന്ന്  മാതാപിതാക്കൾ സാക്ഷ്യപ്പെടുത്തുന്നു.. എന്നാൽ, അതിനു വിരുദ്ധമായി കുഞ്ഞിന് ഹൃദയസംബന്ധമായ തകരാറുകൾ ഉണ്ടായിരുന്നുവെന്ന് ഫേസ് ബുക്കിലൂടെ പ്രചരിപ്പിക്കുന്ന ഡോക്ടർമാരോട് ഒന്ന് ചോദിക്കട്ടെ , കാർഡിയോളജി പ്രോബ്ലം ഉള്ള കുട്ടിക്ക് എന്തുകൊണ്ട് ഒരു കാർഡിയോളജിസ്റ്റിന്റെ ഒപ്പീനിയൻ എടുത്തില്ല?  സർജറിക്ക്‌  മുൻപ്  എന്തുകൊണ്ട് എക്കോ, ടിഎംടി, ഇസിജി പരിശോധനകൾ നടത്തിയില്ല? ഫിറ്റ്നസ് നൽകുന്നതിന് മുൻപ് അനസ്തറ്റിസ്റ്റ് എന്തുകൊണ്ട് കാർഡിയോളജിസ്റ്റിന്റെ  ഒപ്പീനിയൻ ഇല്ലാതെ ഫിറ്റ്നസ് റിപ്പോർട്ട് നൽകാൻസാധിക്കില്ല എന്നുപറഞ്ഞില്ല ? മാത്രമല്ല  കുഞ്ഞിന്റെ കേസ് ഷീറ്റിൽ ഇ.സി.ജി നോർമൽ എന്ന് 7.15 പിഎം ന് എഴുതിച്ചേർക്കുകയാണ് ചെയ്തിട്ടുള്ളത്, അതും കുഞ്ഞിന് കോംപ്ലിക്കേഷൻ ഉണ്ടായതിനു ശേഷം . (ഇത്  വെറും ഊഹമല്ല കേസ് ഷീറ്റ്  റെഫർ ചെയ്യ്തതിനു ശേഷം എഴുതുന്നതാണ്) 

3.ഏഴു വയസുകാരിക്ക് സർജറി നടത്തുന്നതിന് മുന്നോടിയായിയുള്ള പ്രോട്ടോകോൾ പാലിക്കപ്പെട്ടിട്ടില്ല എന്നതിന് തെളിവാണ് കുട്ടിക്ക് ഒരു പീഡിയാട്രിക്  കൺസൾട്ടേഷനോ,കാർഡിയോളോജിസ്റ് കൺസൾട്ടേഷനോ നടത്തിയിട്ടില്ല എന്ന് മാതാപിതാക്കൾ സാക്ഷ്യപ്പെടുത്തുന്നത്. ഇവിടെയാകട്ടെ, ഇത്തരം നടപടിക്രമങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല എന്നുമാത്രമല്ല കോവിഡ് പരിശോധന പോലും നടത്തിയിട്ടില്ല , കുഞ്ഞ് പൂർണ ആരോഗ്യവതിയെന്ന് ഉറപ്പാക്കാതെയുമാണ് ശസ്ത്രക്രിയ നടത്തിയതെന്ന് വ്യക്തമാക്കുന്നതാണ് ഇതെല്ലാം. ഇതിൽ ഐ എം എ പ്രതിനിധികൾക്കെന്താണ് മറുപടി?

4. കുഞ്ഞിന്റെ കാലിലെ വളവിനുള്ള ശസ്ത്രക്രിയ സൗജന്യമായി നിർവഹിക്കാമെന്ന് വീട്ടുകാരോട് സമ്മതിച്ചിരുന്നതായാണ് ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്നത്.  ഇത് പൂർണ്ണമായും തെറ്റാണ് . 1,80,000 രൂപ എന്ന നിരക്ക് നിശ്ചയിച്ചതിനു ശേഷമാണ് സർജറി നടന്നതെന്ന് കുട്ടിയുടെ മാതാപിതാക്കൾ വെളിപ്പെടുത്തുന്നുണ്ട്. വസ്തുത ഇതായിരിക്കെ, ഇക്കാര്യം മറച്ചുവച്ചാണ് സൗജന്യ ശസ്ത്രക്രിയയുടെ കെട്ടുകഥ ചിലർ സൃഷ്ടിച്ചെടുക്കുന്നത്.

5. ഏത് മേജർ ശസ്ത്രക്രിയയ്ക്കിടയിലും അപ്രതീക്ഷിതമായ സങ്കീർണതകൾ ഉണ്ടാകാം. അത്തരം സങ്കീർണ സാഹചര്യങ്ങളെ സമർത്ഥമായി കൈകാര്യം ചെയ്യുകയെന്നതാണ് ഏതു സർജന്റെയും കടമയും ഉത്തരവാദിത്വവും. അപ്രതീക്ഷിതമായി ഉടലെടുത്ത സങ്കീർണത കാരണം ജീവന് അപകടം വരാതെ സൂക്ഷിക്കുകയും, കൂടുതൽ വിദഗ്ദ്ധ സൗകര്യമുള്ള അടുത്ത ആശുപത്രിയുടെ സേവനം തേടുകയും ചെയ്യുക എന്ന ചുമതല മറന്നാണ് അനൂപ് ഓർത്തോ കെയർ അധികൃതർ പെരുമാറിയതെന്ന് എന്നല്ലേ നടപടിക്രമങ്ങൾ വ്യക്തമാക്കുന്നത്?

6. ശസ്ത്രക്രിയാ അവസരങ്ങളിൽ ഉടലെടുക്കാനിടയുള്ള അടിയന്തര സാഹചര്യങ്ങളിൽ അത്യാഹിതങ്ങൾ ഒഴിവാക്കുന്നതിന് കാർഡിയോളജി ഉൾപ്പെടെയുള്ള വിഭാഗങ്ങളുടെയോ, കാർഡിയോളജിസ്റ്റിന്റെയോ സേവനം അത്യാവശ്യമാണെന്നിരിക്കെ ഡോ. അനൂപ് കൃഷ്ണയുടെ ആശുപത്രിയിൽ അത്തരം സൗകര്യങ്ങൾ ഉണ്ടായിരുന്നോ? അത്തരമൊരു ഓൺ കാൾ ഫെസിലിറ്റി പോലും ഇവിടെ ഉണ്ടായിരുന്നില്ല എന്നത് എല്ലാവരും വിസ്മരിക്കുന്നത് എന്തുകൊണ്ട്?

7. ഡോ. അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള ആശുപത്രിക്ക് മേജർ ശസ്ത്രക്രിയകൾ നിർവഹിക്കുന്ന ഒരു സർജിക്കൽ സെന്റർ ആയി പ്രവർത്തിക്കുന്നതിന് ആവശ്യമായ ലൈസൻസുകൾ പലതും ഇല്ലായിരുന്നു എന്ന യാഥാർത്ഥ്യം കൂടി ഈ അവസരത്തിൽ  ഓർമ്മപ്പെടുത്തുകയാണ്.

8. കുഞ്ഞിന്റെ ശസ്ത്രക്രിയ നിർവഹിക്കുന്ന ഘട്ടത്തിൽ അനുബന്ധ വിഭാഗങ്ങളിലെ സീനിയർ ഡോക്ടർമാർ കൂടി ആശുപത്രിയിൽ ഉണ്ടായിരിക്കണമെന്നിരിക്കെ, ആ സമയത്ത് ഡോ. അനൂപും അദ്ദേഹത്തിന്റെ ഭാര്യയും മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത് എന്നതു കൂടി ഈ അവസരത്തിൽ ഓർമ്മിക്കേണ്ടതല്ലേ?

9. കുഞ്ഞിനെ അടിയന്തര സാഹചര്യത്തിൽ കൂടുതൽ വിദഗ്ദ്ധ സൗകര്യങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നാൽത്തന്നെ ഓക്‌സിജൻ ഉൾപ്പെടെ നൽകി ജീവൻരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കിയിരിക്കണമെന്നിരിക്കെ, കുഞ്ഞിനെ ഓക്സിജൻ പോലും നൽകാതെ മൂന്നാം നിലയിൽനിന്നും ലിഫ്റ്റ് വഴി  കൈയിലെടുത്താണ് കൊണ്ടുപോയത് എന്നത് ഗുരുതര വീഴ്ചയല്ലേ? അത്യാഹിത സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടും ഉടനടി മറ്റൊരു ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റുന്നതിനു പകരം, അവിടെവച്ചു തന്നെ പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ച് വിലപ്പെട്ട സമയം പാഴാക്കിയതിന് ഉത്തരവാദികൾ ആരാണ്? (സിസി ടീവീ ദൃശ്യങ്ങൾ പരിശോധിക്കാവുന്നതാണ്)

10. ഡോ. അനൂപിന് ആശുപത്രിയുമായി ബന്ധപ്പെട്ട് കോടികളുടെ ബാദ്ധ്യത നിലവിലുള്ളതായാണ് അറിയാൻ കഴിയുന്നത്. ഇതും, സർജറിക്കിടെ കുഞ്ഞ് മരിക്കാനിടയായ സംഭവം തന്റെ പ്രൊഫഷണൽ ഭാവിക്ക് മങ്ങലേല്പിക്കാനിടയുണ്ട് എന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഡോ. അനൂപിന്റെ മനസ്സാന്നിദ്ധ്യം കെടുത്തിയിരിക്കാനിടയില്ലേ? ഇതെല്ലാം മറന്നുകൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ വന്ന വസ്തുതാപൂർണമായ വാർത്തയാണ് അദ്ദേഹത്തിന്റെ ആത്മഹത്യയ്ക്കു പ്രേരകമായത് എന്ന മട്ടിൽ പ്രചരിപ്പിക്കുന്നതിൽ എന്തെങ്കിലും ധാർമ്മികതയുണ്ടോ?

11. വൈദ്യശാസ്ത്രരംഗത്ത്, ആശുപത്രികളുടെ ഉദാസീനതയും ഡോക്ടർമാരുടെ കൈപ്പിഴയും മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് (മെഡിക്കൽ നെഗ്‌ളിജൻസ്) ഐ ടു ഐ ന്യൂസ് നേരത്തെ പല റിപ്പോർട്ടുകളും നൽകിയിട്ടുണ്ട്. വസ്തുതകളെ മാത്രം ആധാരമാക്കിയുള്ള ഇത്തരം റിപ്പോർട്ടുകൾ പ്രേക്ഷകരുടെയും പൊതുസമൂഹത്തിന്റെയും സജീവശ്രദ്ധ നേടിയിട്ടുള്ളതുമാണ്. ഐ.എം .എയുമായി ബന്ധപ്പെട്ട് പ്രതിഷേധാർഹമായ നടപടികൾ ഉണ്ടായിട്ടുള്ളപ്പോഴും ഞങ്ങൾ മാദ്ധ്യമധർമ്മമെന്ന നിലയിൽ നിശിത വിമർശനമുയർത്തിയിട്ടുണ്ട്. അവസരം വീണുകിട്ടിയപ്പോൾ ഇത്തരം ആരോപണങ്ങളിലൂടെ ഞങ്ങളുടെ ആത്മവീര്യം തകർക്കാൻ ശ്രമിക്കുന്നത് ശരിയാണോ ? ഡോക്ടറുടെ ജീവന് മാത്രമേ വിലയുള്ളോ? പാവപ്പെട്ട ഒരു പെൺകുട്ടിയാണ് മറുവശത്ത് എന്നതുകൊണ്ടാണോ ? കാലങ്ങൾ കാത്തിരുന്ന് ആറ്റുനോറ്റു കിട്ടിയ ഒരു കുഞ്ഞിനെ നഷ്ട്ടപെട്ട മാതാപിതാക്കളുടെ കരച്ചിൽ കാണാത്തതെന്ത്? ചരിത്രത്തിൽ ഇന്നുവരെ ഐ എം എ ഇത്തരം മരണങ്ങൾ ഉണ്ടാകുമ്പോൾ രോഗികളുടെ പക്ഷത്തുനിന്നിട്ടുണ്ടോ? ഡോക്ടറുടെ പക്ഷത്തു മാത്രം നിൽക്കേണ്ടവരാണോ ഐ എം എ ? അനൂപിന്റെ ആശുപത്രിയിൽ മരണം നടന്നപ്പോൾ മാധ്യമങ്ങളുടെ ഓഫീസിലേക്ക് ആദ്യം വിളിച്ചുപറഞ്ഞത് ആരാണ്? അദ്ദേഹത്തോട് പ്രഫഷണൽ ജലസ്സി ഉണ്ടായിരുന്ന ഡോക്ടർമാർതന്നെയാണ് ? വാർത്തകൾ അവർ ഡോക്ടർമാരുടെ ഗ്രുപ്പുകളിൽ ഷെയർ ചെയ്ത് ആഘോഷിച്ചു. അദ്ദേഹത്തിന് പരമാവധി മാനസിക സമ്മർദ്ദം നൽകി .ഇപ്പോൾ ഇവർ ഫേസ് ബുക്കിൽ  കണ്ടിട്ടില്ലാത്ത കേട്ടിട്ടില്ലാത്ത അനൂപിനായി മുതലക്കണ്ണീർ പൊഴിക്കുന്നു.

വസ്തുതകളും യാഥാർത്ഥ്യങ്ങളും മനസ്സിലാക്കാതെയും, കണ്ടില്ലെന്നു നടിച്ചും പകതീർക്കാനുള്ള അവസരമായി ഈ സന്ദർഭത്തെ വിനിയോഗിക്കുകയാണെന്ന് ഞങ്ങൾ സംശയിക്കുന്നതിന് കാരണം മേൽപ്പറഞ്ഞ കാര്യങ്ങളാണ്. ഇതിനെല്ലാം പുറമെ, ഇപ്പോൾ നടക്കുന്ന ദുഷ്പ്രചരണങ്ങൾക്കു പിന്നിൽ ചില ഡോക്ട്ടർമാരും, മാദ്ധ്യമധർമ്മത്തിനു വിരുദ്ധമായി പ്രവർത്തിക്കുന്ന ചില മാദ്ധ്യമ പ്രവർത്തകരുടെയും അണിയറ നീക്കങ്ങൾ ഉള്ളതായും ഞങ്ങൾ സംശയിക്കുന്നു. ഇക്കാര്യങ്ങളിലെല്ലാം അന്വേഷണം ഉണ്ടാകേണ്ടതാണ്.

കുഞ്ഞിന്റെ മരണത്തിനു പിന്നിലെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചും, ആശുപത്രി ആധികൃതരുടെ ഭാഗത്ത് വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അതേക്കുറിച്ചും, ഇപ്പോൾ നടക്കുന്ന ദുഷ്പ്രചരണങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തേണ്ടത് പോലീസ് ആണ്. ഒടുവലായി ഒരു ചോദ്യം കൂടി ഞങ്ങൾ ചോദിച്ചുകൊള്ളട്ടെ- ഡോ. അനൂപിനെയോർത്ത് വിലപിക്കുന്ന ഐ.എം.എ, കുഞ്ഞിന്റെ മരണത്തെ തുടർന്ന് ഡോ. അനൂപ് തീവ്രമായ മാനസിക സംഘർഷത്തിലായപ്പോൾ അദ്ദേഹത്തെ സഹായിക്കുവാനോ സാന്ത്വനിപ്പിക്കുവാനോ എന്തു ചെയ്തു? ഇപ്പോൾ കണ്ണീർ വാർക്കുന്ന ഡോക്ടർമാരുടെ സമൂഹം അന്ന് എവിടെയായിരുന്നു? സഹപ്രവർത്തകരായ ഡോക്ട്ടർമാരുടെ ഒരു ഫോൺകാൾ എങ്കിലും സ്വാന്തനമായി ലഭിച്ചിരുന്നുവെങ്കിൽ ഒരു പക്ഷെ ഇത്തരമൊരു മാനസികാവസ്ഥയിൽ അദ്ദേഹത്തെ എത്തിക്കുമായിരുന്നോ? ഇതൊന്നും ചെയ്യാതെ ഫേസ് ബുക്കിലൂടെ അലമുറയിടുന്നവരുടെ ഉദ്ദേശം എന്താണ്?

പരസ്പരം വിരൽ ചൂണ്ടുമ്പോൾ ചിലകാര്യങ്ങൾ ചോദിച്ചോട്ടെ? എന്തുകൊണ്ടാകാം ഡോ. അനൂപ്  ഇത്തരമൊരു മനസികാവസ്ഥയിലേക്കെത്തിയത് ? എന്തൊക്കെ കാരണങ്ങൾ ഒരുപക്ഷെ അദ്ദേഹത്തെ ഈ തീരുമാനത്തിലേക്ക് നയിച്ചിരിക്കാം ? ആരായിരിക്കാം ഉത്തരവാദികൾ?

അനസ്‌തേഷ്യ യഥാർത്ഥത്തിൽ അന്ന്  നൽകേണ്ടിയിരുന്ന ഡോക്ട്ടർ വരാതിരുന്നതോ? കാർഡിയാക് അറസ്റ്റ് ഉണ്ടായി എന്നുമനസിലായപ്പോൾ വിളിച്ചിട്ടു ചെല്ലാഞ്ഞ കാർഡിയോളജിസ്‌റ്റോ? പ്രതിസന്ധി ഘട്ടങ്ങളിൽ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും അപകടമുണ്ടായി കുഞ്ഞിനെ ഷിഫ്റ്റ് ചെയ്യുവാനായി വിളിച്ചപ്പോൾ ബെഡ് ഒഴിവില്ല എന്ന് കളവുപറഞ്ഞു കൈയൊഴിഞ്ഞ അയത്തിലെ ആശുപത്രിയോ? ഒരു പതിനഞ്ചു മിനിട്ടു മുൻപ് കൊണ്ടുവന്നിരുന്നെങ്കിൽ ഞങ്ങൾ രക്ഷപെടുത്താമായിരുന്നു എന്ന് കുഞ്ഞിന്റെ ബന്ധുക്കളോട് പറഞ്ഞ ആശുപത്രി അധികൃതരോ? കോംപ്ലക്സ് - ഹൈ റിസ്ക് സർജറികൾ ചെയ്യുവാൻ ആത്മവിശ്യാസത്തോടൊപ്പം അടിസ്ഥാന സൗകര്യങ്ങളും അനുബന്ധ വിഭാഗങ്ങളും വേണമെന്ന്  പറഞ്ഞു നൽകാതിരുന്ന ഗുരുസ്ഥാനീയരോ? കൂടെയുണ്ടെന്ന്  വിശ്വസിപ്പിക്കുകയും ചെറിയ കാര്യങ്ങൾ പോലും പെരുപ്പിച്ചു പറഞ്ഞു മാനസിക സംഘർഷത്തിലാക്കിയ  വിശ്വസ്തരോ? രണ്ടു പ്രാവശ്യം വീട്ടിൽനിന്നിറങ്ങി പോകാൻശ്രമിച്ച മനസികാവസ്ഥയിലായിരുന്ന അനൂപിനെ കുറച്ചു ശ്രദ്ധ കൂടി നൽകാമായിരുന്ന വേണ്ടപ്പെട്ടവരോ? പ്രതിസന്ധി ഘട്ടത്തിൽ അകന്നു നിന്ന വിശ്വസ്ഥയോ? അന്വേഷണത്തിന്റെ പേരിൽ ആശുപത്രിയിൽ കയറിയിറങ്ങിയ പോലീസ് ഉദ്യോഗസ്ഥരോ? പണം നൽകിയില്ലെങ്കിൽ സമരം ചെയിതു ആശുപത്രി പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം പിടുങ്ങിയ രാഷ്ട്രീയക്കാരോ? പണം നൽകിയില്ലെങ്കിൽ വാർത്ത നൽകുമെന്ന് ഭീഷണി പെടുത്തിയ മാധ്യമങ്ങളോ? വാർത്തകൾ വിശദമായി നൽകിയ മാധ്യമങ്ങളോ? അതോ കുറ്റബോധമോ?

ഞാൻ ഈ കുറിപ്പെഴുതുന്നത് മുറിവേറ്റിരിക്കുന്നവരെ കൂടുതൽ വൃണപ്പെടുത്തുവാനല്ല, പക്ഷെ കാര്യങ്ങൾ വളച്ചൊടിച്ചു മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുവാനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നതായി മനസിലാക്കിയതിനാലാണ് . 

സഹോദരതുല്യനായ ഡോ. അനൂപ് കൃഷ്ണയുടെ ആകസ്മിക വേർപാടിലുള്ള ഹൃദയപൂർണമായ വേദനയും നഷ്ടബോധവും ഞങ്ങൾ ഒരിക്കൽക്കൂടി വെളിപ്പെടുത്തട്ടെ. ഡോ. അനൂപിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

സുനിൽ മാത്യു 
മാനേജിങ് എഡിറ്റർ
ഐ ടു ഐ ന്യൂസ് 

Readers Comment

Add a Comment