Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:53 am
  • 19th April, 2024
  • Broken Clouds
30.82°C28.17°C
  • Humidity: 79 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എയര്‍ ഇന്ത്യയ്ക്ക് ഇതില്‍പ്പരമൊരു നാണക്കേട് വരാനില്ല. അല്ലെങ്കില്‍ത്തന്നെ കടംകയറി മുടിഞ്ഞ് ആര്‍ക്കെങ്കിലും വിറ്റുതുലച്ചാല്‍ മതിയെന്ന മട്ടില്‍ നില്‍ക്കുകയാണ്. അതിനിടയിലാണ് കമ്പനിയുടെ ഒരു റീജിയണല്‍ ഡയറക്ടറെ സിഡ്‌നി പൊലീസ് പിടികൂടിയത്. കുറ്റം: ഷോപ്പ് ലിഫ്റ്റിംഗ്. പച്ചമലയാളത്തില്‍ ചൂണ്ടുക എന്നൊക്കെ പറയില്ലേ? അതുതന്നെ സംഭവം. സിഡ്‌നി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലാണ് മോഷണരംഗം. എയര്‍ ഇന്ത്യയുടെ കിഴക്കന്‍ മേഖലാ മേധാവി കൂടിയായ ക്യാപ്റ്റന്‍ രോഹിത് ഭാസിന്‍ കടയില്‍ കയറിയത് ഗര്‍ഭിണിയായ മരുമകള്‍ക്ക് ഒരു സമ്മാനം തപ്പിയാണ്. വില കൂടിയ ഒരു വാലറ്റ് തിരഞ്ഞെടുത്തെങ്കിലും കൗണ്ടറില്‍ അതിന്റെ പണമടയ്ക്കാതെ ക്യാപ്റ്റന്‍ കൂളായി നടന്നുപോയി. അതിനല്ലേ, നമ്മുടെ നാട്ടില്‍ സാധനം ചൂണ്ടുക എന്നു പറയുന്നത്. ഡ്യൂട്ടി ഫ്രീ ഷോപ്പുകാര്‍ കള്ളത്തരം കണ്ടുപിടിച്ചു. പൊലീസില്‍ കേസുകൊടുത്തു. പ്രതിയെ തിരിച്ചറിഞ്ഞപ്പോഴാണ് ആള്‍ എയര്‍ ഇന്ത്യയുടെ മേഖലാ ഡയറക്ടറും ക്യാപ്റ്റനുമൊക്കെ ആണെന്നറിയുന്നത്. എന്തായാലും, ക്യാപ്റ്റന്‍ സസ്‌പെന്‍ഷനിലായി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ എയര്‍ ഇന്ത്യയുടെ ഏതെങ്കിലും ഓഫീസിന്റെ പരിസരത്ത് കയറിപ്പോകരുതെന്നാണ് ഉത്തരവ്. പിടിക്കപ്പെടുമ്പോള്‍ എല്ലാവരും പറയുന്ന ന്യായം ക്യാപ്റ്റനും പറഞ്ഞു: കാശു കൊടുക്കാന്‍ ഓര്‍മ്മയില്ല. ഓര്‍മ്മ വന്നപ്പോഴേക്കും സിഡ്‌നിയില്‍ നിന്ന് ഫ്‌ളൈറ്റ് പറത്താന്‍ സമയമായി. സോറി.... സാധനങ്ങള്‍ മോഷ്ടിക്കാനുള്ള അടക്കിവയ്ക്കാനാകാത്ത ആസക്തിക്ക് ക്‌ളെപ്‌റ്റോമാനിയ എന്നാണ് പേര്. ചികിത്സ വേണ്ടുന്ന മനോരോഗമാണ അത്. പക്ഷേ, എല്ലാ ചൂണ്ടലുകളും (ഷോപ്പ് ലിഫ്റ്റിംഗ്) ക്‌ളെപ്‌റ്റോമാനിയ അല്ലെന്നാണ് മനോരോഗ വിദഗ്ദ്ധര്‍ പറയുന്നത്. കടകളിലും മറ്റും നടക്കുന്ന ആകെ മോഷണങ്ങളില്‍ പ്രതികള്‍ക്ക് ക്‌ളെപ്‌റ്റോമാനിയ ആരോപിക്കാവുന്നത് വെറും അഞ്ചു ശതമാനം കേസുകളില്‍ മാത്രം. അപ്പോള്‍ ബാക്കിയോ? സുന്ദരവും കലാപരവുമായ മോഷണം! ചികിത്സയല്ല, ശിക്ഷ മാത്രമേ പരിഹാരമുള്ളൂ. അമേരിക്കയില്‍ മാത്രം ഉദ്ദേശം 1300 കോടി ഡോളര്‍ മൂല്യമുള്ള വസ്തുക്കള്‍ കടകളില്‍ നിന്ന് പ്രതിവര്‍ഷം മോഷ്ടിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഓരോ വര്‍ഷവും പിടിക്കപ്പെടുന്ന ഷോപ്പ്‌ലിഫ്റ്റര്‍മാരുടെ സംഖ്യ 17 ദശലക്ഷം. ചൂണ്ടല്‍ വിദഗ്ദ്ധരെ കൗണ്‍സലിംഗിലൂടെ ശരിപ്പെടുത്തിയെടുക്കാനും, ഇത്തരം സംഭവങ്ങള്‍ കുറയ്ക്കാനും ലക്ഷ്യമിട്ട് അമേരിക്കയില്‍ ഒരു സംഘടനയുണ്ട്: നാസ്പ് (നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ഷോപ്പ്‌ലിഫ്റ്റിംഗ് പ്രിവന്‍ഷന്‍). ക്‌ളെപ്‌റ്റോമാനിയ എന്ന മനോരോഗമുള്ളവര്‍ക്ക് മോഷ്ടിക്കാനുള്ള വാസന അടക്കിവയ്ക്കാനാകില്ല. പിടിക്കപ്പെട്ടാലുണ്ടാകുന്ന അഭിമാനക്ഷതം, മോഷണത്തിന്റെ പ്രത്യാഘാതം, നിയമ നടപടി.... അതിനെല്ലാം മീതെയാണ് മോഷ്ടിക്കാനുള്ള വാസന ഏല്പിക്കുന്ന സമ്മര്‍ദ്ദം. ആ സമ്മര്‍ദ്ദം മറികടക്കാനാകാത്തതുകൊണ്ടാണ് അവര്‍ മോഷ്ടിക്കുന്നത്. ക്‌ളെപ്‌റ്റോമാനിയക്കാര്‍ മോഷ്ടിക്കുന്നത് അവര്‍ക്ക് ആവശ്യമുള്ള വസ്തുക്കളാകണമെന്നില്ല. ഉത്പന്നമല്ല അവരെ ആകര്‍ഷിക്കുകയും മോഷണത്തിനു പ്രേരിപ്പിക്കുകയും ചെയ്യുന്നത്, മോഷണമെന്ന ക്രിയയിലൂടെ അനുഭവിക്കുന്ന അജ്ഞാതവും അടക്കിവയ്ക്കാന്‍ കഴിയാത്തതുമായ ആനന്ദമോ നിര്‍വൃതിയോ ആണ്. ഷോപ്പ്‌ലിഫ്റ്റിംഗ് അതല്ല. അവിടെ, ഇഷ്ടപ്പെട്ട ഉത്പന്നം പൈസ നല്‍കാതെ സ്വന്തമാക്കുകയെന്ന മര്യാദകേടാണ് വിഷയം. പിടിക്കപ്പെട്ടാലുള്ള നാണക്കേടിനെക്കുറിച്ചും, പൊലീസില്‍ പരാതി എത്തിയാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചുമൊക്കെ ഇഷ്ടന് നന്നായി അറിയാം. പക്ഷേ, താനൊരു വിദഗ്ദ്ധ ചൂണ്ടല്‍ക്കാരനാണെന്ന ആത്മവിശ്വാസം അയാളെ ഭരിക്കും. ഇത്തരം വിശ്വാസം എപ്പോഴും രക്ഷിക്കപ്പെടണമെന്നില്ല. സ്ത്രീകള്‍ പിണങ്ങേണ്ട: അമേരിക്കന്‍ പൊലീസിന്റെ കണക്കനുസരിച്ച് ഷോപ്പ്‌ലിഫ്റ്റിംഗില്‍ അതീവ വൈദഗ്ദ്ധ്യം ലേഡീസിനാണ്. മേക്കപ്പും സെയില്‍സ് മാന്റെ ശ്രദ്ധ തിരിക്കുന്ന വസ്ത്രധാരണവുമാണ് മെയിന്‍ ടൂള്‍സ്. ശരീരഭാഗങ്ങള്‍ തുറന്നുകാണിക്കുന്ന വസ്ത്രത്തിനിടയിലൂടെ കസ്റ്റമറുടെ ആകാരവടിവു നോക്കി കടക്കാരന്‍ അന്തിച്ചു നില്‍ക്കുമ്പോള്‍ ഇവിടെ സാധനങ്ങള്‍ ബാഗിലേക്കും വസ്ത്രത്തിനടിയിലേക്കുമൊക്കെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കും. പിടിക്കപ്പെട്ടാലോ? കണ്ണീരും കൈയും ക്‌ളെപ്‌റ്റോമാനിയയും, പിന്നെ എന്തു വേണമെങ്കിലും ചെയ്യാമെന്ന നിരസിക്കാനാകാത്ത ഓഫറും. അപ്പോഴാണ് കടക്കാരന് വേറൊരു മാനിയ വരുന്നത്!

Readers Comment

Add a Comment