Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ചായ കുടിക്കുന്നെങ്കില്‍ തട്ടുകടയില്‍ നിന്നു വേണം. ഓരോ ചായപ്രേമികള്‍ വന്ന് ചായയുടെ വെറൈറ്റി ഐറ്റംസ് പറയുന്നതു കേള്‍ക്കണം. ലൈറ്റ്, മീഡിയം, സ്‌ട്രോംഗ്, ഡബിള്‍ സ്‌ട്രോംഗ്, വിത്തൗട്ട്. ഇങ്ങനെ അഞ്ചെണ്ണം ജനറല്‍ കാറ്റഗറിയില്‍ വരും. പിന്നെ ഉപവിഭാഗങ്ങളാണ്. അത് ഓരോരുത്തരുടെ ടേസ്റ്റ് അനുസരിച്ച് മാറും. ചിലര്‍ക്ക് വെള്ളം കുറച്ച്, ചിലര്‍ക്ക് പാല്‍ കുറച്ച്, പിന്നെ കടുപ്പം കുറച്ച്... പിന്നെ ഇതിന്റെയൊക്കെ റിവേഴ്‌സ്... നമ്മുടെ പേഴ്‌സണ്‍ല്‍ ചായ അടിച്ചുപതഞ്ഞ് റെഡിയായി വരുന്നതിന്റെ സുഖമറിയാന്‍ തട്ടുകടയിലേക്കു തന്നെ വിടണം. സാമാന്യം ജാടയുള്ള ഹോട്ടലിലാണെങ്കിലോ? (സായിപ്പിന്റെ ഭാഷയില്‍ ഹൊട്ടെയ്ല്‍ എന്നു വേണമത്രേ പറയാന്‍) ചായ പറഞ്ഞാല്‍ ഒരു ലോഡ് സാധനങ്ങള്‍ മേശപ്പുറത്തു വരും. കപ്പ്, ജഗ്, തേയിലവെള്ളം, പാല്, പഞ്ചസാര, സ്പൂണ്‍, സോസര്‍. പഞ്ചസാര തന്നെ ഒറിജിനലും ഷുഗറുകാര്‍ക്ക് പ്രത്യേകവും. അപ്പോള്‍ ചായയിടുന്നതാര്? അത് നമ്മള്‍ തന്നെ. ജാടയില്‍ ചായ കുടിക്കാന്‍ പോയി ഗമയില്‍ ഇരിക്കുന്നവരെ ചായക്കടക്കാരനാക്കിയേ വിടൂ. റേറ്റാണെങ്കിലോ? സിംഗിള്‍ ടീയ്ക്ക് 15 മുതല്‍ 45 വരെ. തട്ടുകടയിലും സാദാ ചായക്കടയിലും ഏഴു രൂപയ്ക്ക്, നമ്മുടെ ടേസ്റ്റ് അനുസരിച്ച് അടിച്ചുപതപ്പിച്ച് ഗ്‌ളാസില്‍ മേശപ്പുറത്ത് ടക്കനെ വയ്ക്കുന്ന ചുടുചായയാണ് ഇവന്മാര്‍ അതിന്റെ ആറിരട്ടി ഈടാക്കിയിട്ട് നമ്മളെക്കൊണ്ട് പണി ചെയ്യിക്കുന്നത്. മിടുക്കന്മാര്‍! ചായയുടെ കാര്യമല്ല പറയാന്‍ വന്നത്; നമ്മുടെ ബഹുമാനപ്പെട്ട വൈദ്യുതി ബോര്‍ഡിനെക്കുറിച്ചാണ്. പണ്ട് വീട്ടിലെ മീറ്ററിന് എന്തു കേടുപാടുണ്ടെങ്കിലും ബോര്‍ഡിന്റെ ഉത്തരവാദിത്വമായിരുന്നു. കാരണം, വൈദ്യുതി മീറ്റര്‍ ബോര്‍ഡിന്റെ പ്രോപ്പര്‍ട്ടിയാണ്. മീറ്റര്‍ കേടായാല്‍ പുതിയത് കൊണ്ടുന്ന് ഫിറ്റ് ചെയ്യുന്നതും ബോര്‍ഡ് ആയിരുന്നു. അതു കണക്ട് ചെയ്യാന്‍ വരുന്നയാള്‍ക്ക് നമ്മള്‍ എന്തെങ്കിലും സന്തോഷം കൈയില്‍ വച്ചു കൊടുത്താല്‍ മതി. അത് അന്തക്കാലം. ഇപ്പോള്‍ വൈദ്യുതി മീറ്റര്‍ എന്നല്ല, പോസ്റ്റ് മുതല്‍ സ്‌റ്റേ വയര്‍വരെ എന്തു സാധനം മാറ്റാനും കണ്‍സ്യൂമര്‍ കാശു മുടക്കണം. ത്രീഫേസ് മീറ്ററിന് വില 1200 രൂപ. അത് പുറത്തുനിന്ന് നമ്മള്‍ വാങ്ങണം. മീറ്റര്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ടെസ്റ്റിംഗ് സെക്ഷനില്‍ കൊണ്ടുപോയി ഫീസടച്ച് നമ്മള്‍ തന്നെ ടെസ്റ്റ് ചെയ്യിക്കണം. അതിന് 200 രൂപ. അപേക്ഷയും നമ്മള്‍ വാങ്ങിയ മീറ്ററും ബഹുമാനപുരസ്സരം സെക്ഷന്‍ ഓഫീസില്‍ ഏല്പിച്ചാല്‍ സൗകര്യം പോലെ ഒരു ദിവസം ഏമാന്മാര്‍ ഇറങ്ങും. രണ്ടു പേരുണ്ടാകും. അതിന് 250 വച്ച് സന്തോഷം കൈമടക്കില്‍ വച്ചുകൊടുക്കണം. അങ്ങനെ ആ വകയില്‍ ആകെ ചെലവ് 1900 രൂപ. നമ്മുടെ മെനക്കേട് വേറെ. ഒരു അനന്തര തമാശയുണ്ട്. കേടായ മീറ്റര്‍ കണ്‍സ്യൂമര്‍ക്ക് കിട്ടില്ല. അത് അവന്മാര്‍ കൊണ്ടുപോകും. നമ്മള്‍ കാശു മുടക്കി വാങ്ങി, കൈമടക്കു കൊടുത്ത് വയ്പിച്ച മീറ്റര്‍ കേടായാല്‍ അത് ഒരു പുരാവസ്തുവായി സൂക്ഷിക്കാനുള്ള മിനിമം പൗരാവകാശം കണ്‍സ്യൂമര്‍ക്കില്ലേ? ഈ പഴയ മീറ്റര്‍ കൊണ്ടുപോയിട്ട് ഇവന്മാര്‍ എന്തു ചെയ്യുന്നു? അതു നന്നാക്കി, ഡയല്‍ ഒന്നു മാറ്റി വീണ്ടും വില്‍പ്പനയ്‌ക്കെത്തിക്കുന്നു എന്നൊരു ആക്ഷേപം കേള്‍ക്കുന്നുണ്ട്. നമ്മള്‍ വാങ്ങി നല്‍കിയ പുതിയ മീറ്ററിനു പകരം നന്നാക്കിയെടുത്ത പഴഞ്ചന്‍ മീറ്റര്‍ ചിലേടത്ത് ഇന്‍സ്റ്റാള്‍ ചെയ്യുന്നുവെന്നുമുണ്ട് പരാതി. അല്ലെങ്കില്‍, ബില്ലില്‍ രേഖപ്പെടുത്തിയിരിക്കുന്ന മീറ്റര്‍ നമ്പര്‍ തന്നെയാണോ ഇവന്മാര്‍ കണക്ട് ചെയ്യാന്‍ കൊണ്ടുവരുന്ന മീറ്ററിനെന്ന് പരിശോധിക്കണം. എന്തെങ്കിലും ദോഷം പറഞ്ഞാല്‍ പിന്നെ വെളിച്ചം കണ്ട് ജീവിക്കാമെന്ന് കരുതുകയും വേണ്ട. തിരുവനന്തപുരം പട്ടത്ത്, വൈദ്യുതി ഭവന്‍ എന്ന യമണ്ടന്‍ കെട്ടിടത്തിനു മുന്നിലൂടെ പോകുമ്പോഴൊക്കെ ഓര്‍ക്കും: എല്ലാം മാന്യ ഉപഭോക്താവു തന്നെ ചെയ്യണമെങ്കില്‍പ്പിന്നെ ഇതിനകത്തെ സാറന്മാര്‍ക്ക് എന്തരപ്പാ ജോലികള്?
24.92°C








