Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സ്വന്തം കാറിനെ പ്രേമിക്കുന്നവര്‍ക്ക് മഴക്കാലം കഷ്ടകാലം. എങ്ങനെയെല്ലാം സൂക്ഷിച്ചാലും റോഡിലിറക്കി ഓടിക്കേണ്ടത് മഴയത്തും ചെളിയിലുമാകുമ്പോള്‍ അധിക ശ്രദ്ധ അത്യാവശ്യം. കാര്‍ വൃത്തിയായി സൂക്ഷിക്കുന്നതില്‍ വിശ്വാസമില്ലാത്ത അലസന്മാര്‍ ഇല്ലാതാക്കുന്നത് കാറിന്റെ ആയുസ്സു മാത്രമല്ല, സ്വന്തം സുരക്ഷിതത്വം കൂടിയാണെന്ന് ഓര്‍മ്മിക്കുക. കാരണം, മഴക്കാലത്ത് അപകടനിരക്ക് മറ്റു കാലാവസ്ഥകളിലേതിനെ അപേക്ഷിച്ച് നാലോ അഞ്ചോ ഇരട്ടിയാണ്. 1. മഴക്കാലത്ത് കാറിന്റെ ബോഡിയില്‍ ചെളി, മണ്‍തരികള്‍, ഇലകള്‍ മറ്റു മാലിന്യങ്ങള്‍ എന്നിവയെല്ലാം അടിഞ്ഞുകൂടാന്‍ സാദ്ധ്യത അധികം. ഓരോ യാത്രയ്ക്കു ശേഷവും കാര്‍ വൃത്തിയാക്കുക. ഉരച്ചു കഴുകരുത്. ചെറു മണ്‍തരികള്‍ പറ്റിപ്പിടിച്ചിരിക്കുന്നതുകൊണ്ട് ഇത് പെയിന്റിംഗില്‍ പോറലുകള്‍ വീഴ്ത്തും. 2. പോര്‍ച്ച് ഇല്ലാത്തവര്‍ മുറ്റത്ത് പ്‌ളാസ്റ്റിക് കവര്‍ കൊണ്ട് മൂടി, കാറിനെ മഴയില്‍ നിന്ന് സംരക്ഷിക്കുകയാണ് പതിവ്. പൊടിയും ഇലകളും വെള്ളവും വീഴാതിരിക്കാന്‍ ഈ കവര്‍ സഹായിക്കും. പക്ഷേ, മഴ കഴിഞ്ഞ് അന്തരീക്ഷം തെളിയുമ്പോള്‍ വെയില്‍ ഇല്ലെങ്കില്‍ ഈ കവര്‍ കാറിന്റെ ബോഡിയില്‍ പറ്റിച്ചേര്‍ന്ന് ഒട്ടിപ്പിടിക്കാന്‍ ഇടയുണ്ട്. പിന്നീട് ഇത് വലിച്ചിളക്കേണ്ടിവന്നാല്‍ പെയിന്റിംഗില്‍ സ്ഥിരമായ കേടുപാടുകള്‍ വരുത്തിയേക്കാം. 3. ബോണറ്റിനും ബൂട്ട് ലിഡിനും അടിയില്‍ മഴയത്ത് ചെറിയ ഇലകളും മറ്റു മാലിന്യങ്ങളും അടിഞ്ഞുകൂടിയേക്കാം. ഇതും വൃത്തിയാക്കുക. ഡോറുകള്‍ക്കിടയില്‍ ഇലകളോ മറ്റോ കുടുങ്ങിയിരിക്കുന്നത് മാറ്റിയില്ലെങ്കില്‍ ഇതുവഴി മഴവെള്ളം കാറിനകത്തേക്ക് അരിച്ചിറങ്ങിയേക്കാം. ബോഡിയില്‍ വീഴുന്ന വെള്ളം ഒഴുക്കിക്കളയുന്ന ഡ്രെയിനേജ് ഗട്ടറുകള്‍ മാലിന്യം കട്ടപിടിച്ച് തടസ്സപ്പെടാതെ ശ്രദ്ധിക്കുക. 4. നമ്മുടെ കാഴ്ചയില്‍പ്പെടുന്ന ഭാഗമല്ല കാറിന്റെ അടിവശം. എന്നാല്‍, മഴവെള്ളവും ചെളിയും തങ്ങിനിന്ന് അടിഭാഗത്ത് തുരുമ്പെടുക്കാന്‍ സാദ്ധ്യത അധികമാണ്. മഴക്കാലത്ത് ചെയ്യാവുന്ന ഒരു മുന്‍കരുതലാണ് അണ്ടര്‍ ബോഡി കോട്ടിംഗ്. ഡീസലിന്റെയും എന്‍ജിന്‍ ഓയിലിന്റെയും മിശ്രിതം അടിഭാഗത്ത് സ്‌പ്രേ ചെയ്യുന്നത് വെള്ളം തങ്ങിനില്‍ക്കുന്നത് തടയുമെങ്കിലും, പരിചയ സമ്പന്നനായ ഒരാള്‍ ചെയ്യുന്നതാണ് സുരക്ഷിതം. അതുകൊണ്ട് അണ്ടര്‍ ബോഡി ആന്റി റസ്റ്റ് കോട്ടിംഗ് ചെയ്യുന്നെങ്കില്‍ സര്‍വീസ് സെന്ററുകളുടെ സഹായം തേടുക. 5. മഴക്കാലത്തെ പെയിന്റ് പ്രൊട്ടക്ഷന്‍ ഫിലിം ഫലപ്രദമാണെങ്കിലും അതിന് ചെലവേറും. പകരം, ചെലവു കുറഞ്ഞ സറാമിക് പെയിന്റ് കോട്ടിംഗോ കാര്‍ വാക്‌സിംഗ് രീതിയോ അവലംബിക്കാം. മഴവെള്ളവും ഈര്‍പ്പവും കാറിന്റെ ബോഡിയില്‍ തങ്ങിനില്‍ക്കുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കും. 6. നനഞ്ഞ വസ്ത്രങ്ങളും വെള്ളമൂറുന്ന കുടയും ചെളിപറ്റിയ ഷൂസുമെല്ലാം ചേര്‍ന്ന് മഴക്കാലത്ത് കാറിന്റെ ഉള്‍ഭാഗം അലങ്കോലമാക്കും. കാറിന്റെ ഫ്‌ളോറില്‍ വീണ വെള്ളം തുണികൊണ്ട് തുടച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനേക്കാള്‍ നല്ലത്, നനവുള്ളിടത്ത് ന്യൂസ് പേപ്പര്‍ വിരിക്കുകയാണ്. ന്യൂസ് പേപ്പര്‍ ഈര്‍പ്പം പെട്ടെന്ന് വലിച്ചെടുത്ത് കാറിന്റെ ഉള്‍ഭാഗം ഈര്‍പ്പരിഹതമാക്കും. 7. മഴക്കാലത്ത് സീറ്റ് കവറുകള്‍ വലിയ ടൗവല്‍ കൊണ്ട് പൊതിയുകയോ, ഹെഡ് റെസ്റ്റിനു മുകളിലൂടെ ടൗവല്‍ വിരിക്കുകയോ ചെയ്യുന്നത്, നിങ്ങള്‍ മഴയില്‍ നനഞ്ഞാണ് കാറിനുള്ളിലേക്ക് കയറുന്നതെങ്കില്‍ സീറ്റ് കവറുകളില്‍ നനവ് പടരാതിരിക്കാന്‍ സഹായിക്കും. ലെതര്‍ സീറ്റ് കവറുകളില്‍ പറ്റിയിരിക്കുന്ന ഈര്‍പ്പം പെട്ടെന്ന് ഉണങ്ങാന്‍ ബുദ്ധിമുട്ടാണ്. നനഞ്ഞ സീറ്റ് കവറുകള്‍ കാറിനുള്ളില്‍ ദുര്‍ഗന്ധത്തിന് ഇടയാക്കുകയും ചെയ്യും. 8. കാറില്‍ ഓട്ടോമേറ്റഡ് ഡീ ഫോഗര്‍ ഇല്ലെങ്കില്‍, ബ്‌ളോവര്‍ ഫുള്‍ സ്പീഡില്‍ ഫ്രഷ് എയര്‍ ഇന്‍ടേക്ക് മോഡിലാക്കി, ഫ്രണ്ട് ഡീഫോഗര്‍ പൊസിഷനില്‍ പ്രവര്‍ത്തിപ്പിക്കുക. വിന്‍ഡ് സ്‌ക്രീനിലെ ഈര്‍പ്പം മാറും. തുണികൊണ്ടോ മറ്റോ വിന്‍ഡ് സ്‌ക്രീന്‍ തുടയ്ക്കാന്‍ ശ്രമിക്കുന്നത് ഗ്‌ളാസില്‍ പാടുകളും പോറലുകളും വീഴാന്‍ ഇടയാക്കും. 9. മഴയക്കാലത്ത് ഏറ്റവും ദുരിതം അനുഭവിക്കുന്നത് ടയറുകളാണ്. ഗട്ടറുകള്‍ നിറഞ്ഞ റോഡില്‍, മഴവെള്ളം ഒഴുക്കിക്കൊണ്ടുന്ന കല്ലുകള്‍ക്കും മാലിന്യത്തിനും മീതെ, റോഡുമായുള്ള ഗ്രിപ്പ് സൂക്ഷിക്കാന്‍ ടയര്‍ കണ്ടിഷന്‍ മികച്ചതായിരിക്കണം. വിയര്‍ മാര്‍ക്കറുകള്‍ പരിശോധിച്ച്, ടയറുകള്‍ മാറ്റാറായോ എന്ന് നിങ്ങള്‍ക്കു തന്നെ പരിശോധിക്കാം. കാറിന്റെ മുന്‍ ടയറുകള്‍ മാത്രം മാറ്റി, പിന്നില്‍ പഴയ ടയറുകള്‍ ഇടുന്നതാണ് പൊതുവെയുള്ള ശീലം. ഇത് അത്ര സുരക്ഷിതമല്ല. സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ അല്പലാഭം നോക്കാതിരിക്കുക. 10. മഴക്കാലത്ത്, റോഡിന്റെ വശംചേര്‍ന്ന് കാറോടിക്കരുത്. ചെരിവുള്ള ഈ ഭാഗത്ത് വെള്ളം കെട്ടിനില്പുണ്ടാകും. അവിടെ റോഡ് പൊട്ടിപ്പൊളിഞ്ഞതോ ഗട്ടറുകള്‍ ഉള്ളതോ ആയിരിക്കാം. വെള്ളം വാര്‍ന്നുപോകത്തക്ക വിധം മദ്ധ്യഭാഗം അല്പം ഉയര്‍ന്നും ഇരുവശത്തേക്കും ചരിവുമായാണ് റോഡുകളുടെ നിര്‍മ്മിതി. കഴിവതും സെന്റര്‍ ലൈനിലൂടെയോ അതിനോടു ചേര്‍ന്നോ വാഹനമോടിക്കുക. മഴക്കാലത്ത് അരികുകളിലൂടെയുള്ള ഡ്രൈവിംഗ് ഒഴിവാക്കുക.
30.82°C








