Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇന്ത്യയുടെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തില്‍ സാമൂഹ്യചിന്തയില്‍ സംഭവിക്കേണ്ട പരിവര്‍ത്തനങ്ങളെക്കുറിച്ച് സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാനും ബി.ഡി.ജെ.എസ് അധ്യക്ഷനുമായ സുഭാഷ് വാസു മനസ്സു തുറക്കുന്നു.
ഒരു മനുഷ്യായുസ്സിന്റെ ദൈര്‍ഘ്യമുണ്ട്, ഏഴര പതിറ്റാണ്ടിന്. രാഷ്ട്രചരിത്രത്തിലാകട്ടെ, അത് കുറേക്കൂടി ദീര്‍ഘമായൊരു കാലപരിധിയാണ്. സ്വാതന്ത്ര്യത്തിന്റെ ഏഴുപത്തിനാലാം വര്‍ഷത്തിലേക്ക് ഇന്ത്യ പദമൂന്നുമ്പോള്‍ ശാസ്ത്രനേട്ടങ്ങളും സാമ്പത്തിക വികസനവും ഉള്‍പ്പെടെ ഭൗതികമായ മുന്നേറ്റങ്ങള്‍ പലതും എണ്ണിപ്പറയാമെങ്കിലും, ആത്യന്തികമായി ഏതു മനുഷ്യന്റെയും വ്യക്തിത്വവും അസ്തിത്വവും അവന്റെ ആത്മചിന്തയിലാണ്. സത്യനിഷ്ഠയുടെയും ധര്‍മ്മചിന്തയുടെയും ആ ദീര്‍ഘപാതയിലൂടെ നമ്മള്‍ എത്ര ദൂരം സഞ്ചരിച്ചു?
ഇന്ത്യന്‍ ഗ്രാമങ്ങളുടെ ആത്മാവു കണ്ടറിഞ്ഞ മഹാനുഭാവനാണ് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി. ഭാരതം ജീവിക്കുന്നത് ഗ്രാമങ്ങളുടെ ആത്മാവിലാണെന്ന് അദ്ദേഹം വിശ്വസിച്ചു. ഗ്രാമീണഭാരതം കര്‍ഷക ഭാരതമാണ്. കാര്‍ഷിക സ്വയംപര്യാപ്തിയെന്നത് ഏതു രാജ്യത്തിന്റെയും സ്വാശ്രയത്വമാണ്. കേരളത്തിന്റെ പശ്ചാത്തലത്തില്‍ ചിന്തിച്ചാല്‍പ്പോലും, ഒരിക്കല്‍ ഭക്ഷ്യസ്വയംപര്യാപ്തമായിരുന്ന സംസ്ഥാനത്ത് കാര്‍ഷികവിസ്തൃതി പ്രതിവര്‍ഷം കുറഞ്ഞുവരുന്നതാണ് ചിത്രം.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിമൂന്ന് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഇന്ത്യ ഇറക്കുമതിരാജ്യമാണ്. ഭൂവിസ്തൃതി ഇല്ലാത്തതല്ല നമ്മുടെ പരിമിതി. മനുഷ്യവിഭവശേഷിയിലെ കുറവോ വിദ്യാഭ്യാസ സൗകര്യങ്ങളുടെ കുറവോ അല്ല പ്രശ്‌നം. അത് ഒരു മനോഭാവമാണ്. പണമുണ്ടെങ്കില്‍ എന്തും പുറത്തുനിന്ന് വാങ്ങുകയും നമുക്ക് വെറുതെയിരിക്കുകയും ചെയ്യാമല്ലോ എന്ന മൗഢ്യചിന്തയാണ് അതിന്റെ പച്ചമലയാളം. ഇറക്കുമതി കുറയ്‌ക്കേണ്ടിവരികയോ, പൂര്‍ണമായും വേണ്ടെന്നുവയ്ക്കുകയോ ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ എന്തു സംഭവിക്കുമെന്നത് ഈ കൊറോണ കാലത്ത് നമ്മള്‍ പഠിച്ചുതുടങ്ങുകയാണ്.
കൊറോണ എന്ന വൈറസിന്റെ പ്രഭവകേന്ദ്രം ചൈനയാണ് എന്ന് പല ലോകരാഷ്ട്രങ്ങളും കരുതുന്നുണ്ട്. ചൈനയെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുമ്പോഴാണ് നാം ചൈനീസ് വിപണിയുടെ വ്യാപ്തി തിരിച്ചറിഞ്ഞത് . ആത്മനിര്‍ഭര്‍ എന്ന മുദ്രാവാക്യവുമായി പ്രതിരോധം ഉള്‍പ്പെടെ സുപ്രധാന മേഖലകളില്‍പ്പോലും സ്വാശ്രയത്വം കൈവരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം ഈ തിരിച്ചറിവില്‍ നിന്നാണ്.
നമ്മള്‍ അഭിമാനകരമായ നേട്ടങ്ങള്‍ വെട്ടിപ്പിടിച്ച ആധുനിക മേഖലകളിലൊന്ന് ബഹിരാകാശ ശാസ്ത്രമാണ്. വികസിത രാഷ്ട്രങ്ങള്‍ക്കു വേണ്ടിക്കൂടി ഏറ്റവും ലാഭകരമായി ഉപഹ്രഹവിക്ഷേപണം സാദ്ധ്യമാക്കിയ നമ്മള്‍ ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കാന്‍ ഒരുങ്ങുന്നു. അസൂയാര്‍ഹമായ ഇത്തരം നേട്ടങ്ങള്‍ക്കിടയിലും കാര്‍ഷികമേഖല, വ്യവസായ വികസനം, ഊര്‍ജ്ജോത്പാദനം തുടങ്ങിയ അടിസ്ഥാന മേഖലകളില്‍ നമ്മള്‍ ഇപ്പോഴും പിന്നോക്കമാണ്. നഗരവികസനത്തില്‍ മാത്രം ശ്രദ്ധയൂന്നുമ്പോള്‍, അഗവണിക്കപ്പെടുന്നതും നിരന്തരം ദരിദ്രവത്കരിക്കപ്പെടുന്നതും ഗ്രാമങ്ങളാണ്.
ആത്മീയമായോ ധാര്‍മ്മികമായോ ഒരു ജനത എത്ര ഉന്നതിയിലെത്തിയെന്നതും നാളേയ്ക്കുള്ള ചുവടുവയ്പില്‍ പ്രധാനമാണ്. ധര്‍മ്മചിന്തയില്‍ എന്നതിനെക്കാള്‍ മതങ്ങളില്‍ അധിഷ്ഠിതമാണ് നമ്മുടെ ആത്മീയസങ്കല്പം. ഓരോ മതത്തിനും ഓരോ തരം ആത്മീയ വിശ്വാസമുണ്ട്. ആചാരങ്ങളും ആരാധനാരീതികളും വ്യത്യസ്തമാണ്. മതരാഹിത്യമല്ല, മതേതരത്വമാണ് നമ്മള്‍ എന്നും പിന്തുടര്‍ന്നുപോന്ന ആത്മീയരീതി. മതേതര ചിന്തയുടെ ഔന്നത്യത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ത്തന്നെ, മതം ഇന്ത്യന്‍ സമൂഹത്തെ എത്രമാത്രം സങ്കുചിതമാക്കിയെന്നും ചിന്തിക്കണം.
സത്യത്തില്‍ ആത്മീയചിന്ത ഇത്രമാത്രം മതാധിഷ്ഠിതമാകേണ്ടതുണ്ടോ? ദൈവം, ആരാധനാലയം, വിശ്വാസം, ആചാരം തുടങ്ങിയവയെല്ലാം മതബന്ധിതമാണ്. അതേസമയം ആത്മീയചിന്തയിലാകട്ടെ സ്‌നേഹം, കാരുണ്യം, നീതിബോധം, ധര്‍മ്മചിന്ത തുടങ്ങിയ മൂല്യങ്ങള്‍ക്കാണ് പ്രാമുഖ്യം. ഇത്തരം ആത്മീയനിഷ്ഠകളെ മതചിന്തകളുമായി ബന്ധിപ്പിക്കാനാണ് ശ്രമം വേണ്ടത്. അതാകട്ടെ, ഈ ഏഴര പതിറ്റാണ്ടിനു ശേഷവും ഇന്ത്യയില്‍ സംഭവിക്കുന്നില്ല. വര്‍ഗത്തെ വിഭജിച്ച് മതവും, മതത്തെ വിഭജിച്ച് ജാതിയും അതിനെ വേര്‍തിരിച്ച് ഉപജാതികളും ചേര്‍ന്ന് സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ഇന്ത്യന്‍ മതസമൂഹത്തെ ധര്‍മ്മചിന്തയില്‍ അധിഷ്ഠിതമായ ആത്മീയതയിലേക്ക് പരിവര്‍ത്തനം ചെയ്യുകയെന്ന സങ്കല്പമാണ് ഇനി യാഥാര്‍ത്ഥ്യമാകേണ്ടത്.
ജാതീയമായ ഉച്ചനീചത്വങ്ങള്‍ ഒട്ടേറ അനുഭവിച്ച നാടാണ് കേരളം. ചാതുര്‍വര്‍ണ്യത്തിന്റെ ക്രൂരവും ദയാരഹിതവുമായ മുദ്രകള്‍ കേരളത്തിന്റെ സാമൂഹ്യചരിത്രത്തില്‍ എമ്പാടുമുണ്ട്. ആ ഇരുട്ടില്‍ നിന്ന് കേരളത്തെ വെളിച്ചത്തിലേക്കു നയിച്ച പ്രക്ഷോഭകനും വിപ്‌ളവകാരിയും സാമൂഹ്യ ശാസ്ത്രജ്ഞനും ആത്മീയപുരുഷനുമാണ് ശ്രീനാരായണ ഗുരുദേവന്‍. ശ്രീനാരായണ ധര്‍മ്മം എന്നത് ഏതെങ്കിലുമൊരു പ്രത്യേക സമുദായത്തെ മാത്രം ധര്‍മ്മചിന്തയിലേക്കും ധാര്‍മ്മിക ജിവിതത്തിലേക്കും നയിക്കുവാനുള്ള തത്വമല്ല. അതിന് സാര്‍വലൗകികമായൊരു മാനമുണ്ട്. ആത്മസുഖത്തിന് അവരവര്‍ അചരിക്കുന്നവ പോലും അന്യന്റെ സുഖത്തിനായിത്തീരണം എന്നതിനെക്കാള്‍ ഉദാത്തമായൊരു സങ്കല്പമുണ്ടോ?
ആ ഉദാത്തചിന്തയും ജീവിതധര്‍മ്മവും പ്രചരിപ്പിക്കുന്നതിനായാണ് ശ്രീനാരായണ ഗുരുദേവന്‍ എസ്.എന്‍.ഡി.പി യോഗം എന്ന ശ്രീനാരായണധര്‍മ്മ പരിപാലന യോഗത്തിന് ജന്മം നല്‍കിയത്. സത്യനിഷ്ഠയിലും നീതിബോധത്തിലും ധാര്‍മ്മിക മൂല്യങ്ങളിലും അടിയുറച്ചു നിന്ന് സര്‍വ്വമനുഷ്യരുടെയും പുരോഗതിക്കായി പ്രവര്‍ത്തിക്കുവാന്‍ ഗുരു വിഭാവനം ചെയ്ത സംഘടനയുടെ വര്‍ത്തമാനകാലസ്ഥിതിയെക്കുറിച്ച് എന്തു പറയട്ടെ! എസ്.എന്‍.ഡി.പി യോഗത്തെ വെറും ജാതിസംഘടനയാക്കുകയും, അതിന്റെ സര്‍വാധികാരിയായി ചിലര്‍ സ്വയം പ്രഖ്യാപിക്കുകയും, ഏകാധിപതിയായി ഭരണം നടത്തുകയും ചെയ്യുന്ന പരിഹാസ്യവും പ്രതിഷേധാര്‍ഹവുമായ കാഴ്ച മുന്നിലുണ്ട്.
ഗുരു വെളിച്ചത്തിലേക്കു നയിച്ച കേരളീയ സമൂഹത്തെ വീണ്ടും അന്ധകാരത്തിലേക്കു തിരികെ കൊണ്ടുപോകുന്നവരെ തിരിച്ചറിയുകയും ചെറുക്കുകയും ചെയ്യേണ്ട നിര്‍ണായക ഘട്ടമാണിത്. വെളിച്ചമാണ് ലോകത്തിന്റെ നിലനില്പിന്റെ ഊര്‍ജ്ജം. ജീവിതത്തിന്റെ ഉണ്മയും ഊര്‍ജ്ജവുമാകട്ടെ, ധര്‍മ്മചിന്തയുടെ ദീപ്തിയും. ഗുരു കൊളുത്തിയ പ്രകാശം കെടുത്തുന്നവരുടെ അന്ധകാരജടിലമായ മനസ്സും പ്രവൃത്തിയും തിരിച്ചറിഞ്ഞ്, അധാര്‍മ്മികതയുടെ ആ പാതയില്‍ നിന്ന് നമുക്ക് മാറിനടക്കാം. ഗുരു എന്ന പ്രകാശത്തിലേക്ക് നമുക്കൊരുമിച്ച് സഞ്ചരിച്ചുതുടങ്ങാം.
30.82°C








