Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇത് പിണറായി സഖാവിന്... ഇത് മണി സഖാവിന്... മീനാ മേനോന്റെ കൈയിലെ വലിയ കത്രിക അവരുടെ ഇടതൂര്‍ന്ന മുടിയിലൂടെ ക്രില്‍... ക്രില്‍ ശബ്ദത്തോടെ ചലിച്ചുകൊണ്ടിരുന്നു. ജനാധിപത്യം നോക്കിനില്‍ക്കെ ഒരു സാധാരണ സ്ത്രീയുടെ പ്രതിഷേധമെന്ന മുഖവുരയോടെയായിരുന്നു ധീരവും അസാധാരണവുമായ ആ പ്രതികരണം. എറണാകുളത്ത് വടക്കന്‍ പറവൂരിലെ ശാന്തിവനമെന്ന രണ്ടേക്കര്‍ പച്ചത്തുരുത്തിനായി ആറു വര്‍ഷം നടത്തിയ പോരാട്ടങ്ങള്‍ക്കൊടുവില്‍, ആ വനസമൃദ്ധിയുടെ ശിഖരങ്ങള്‍ കൊയ്യാനെത്തിയ കെ.എസ്.ഇ.ബി കൂലിപ്പടയ്ക്കും കാക്കിയുടെ കാവലാളുകള്‍ക്കും മുന്നില്‍ മീനാ മേനോന്റേത് പരാജിതയുടെ ശബ്ദമായിരുന്നില്ല. യന്ത്രവാളുകള്‍ ശാന്തിവനത്തിന്റെ ശിഖരങ്ങള്‍ അരിഞ്ഞുവീഴ്ത്തുന്ന ശബ്ദത്തിനും മീതെ ആ മുന്നറിയിപ്പ് ഇടിമുഴക്കം പോലെ കാറ്റില്‍ പടര്‍ന്നു. മുറിച്ചെടുത്ത മുടി കൈയില്‍ വച്ച് മീന പറഞ്ഞു: ഇളിച്ചു നില്‍ക്കുന്ന കെ.എസ്.ഇ.ബിക്കാരേ, നാളെ മക്കള്‍ നിങ്ങളോടു ചോദിക്കും, അവര്‍ക്കു വേണ്ടി എന്തു ബാക്കിവച്ചുവെന്ന്. അന്നു നിങ്ങള്‍ നാണിച്ച് തല താഴ്‌ത്തേണ്ടിവരും... മീന പിന്നെയും കത്രികയുയര്‍ത്തി. പിണറായി സഖാവേ, ഇത് നിങ്ങള്‍ക്ക്. മണി സഖാവേ ഇനി നിങ്ങള്‍ക്ക്. ഇത് കെ.എസ്.ഇ.ബിക്ക്. എന്റെ മുടി മുറിക്കാന്‍ എനിക്ക് കെ.എസ്.ഇ.ബിയുടെ അനുവാദം വേണ്ടല്ലോ... അപൂര്‍വ സസ്യജാലങ്ങളുടെയും കിളികളുടെയും ശലഭങ്ങളുടെയും ചീവീടുകളുടെയും ദേശാടനപ്പക്ഷികളുടെയും ഉരഗങ്ങളുടെയും അനന്തകോടി സൂക്ഷ്മജീവികളുടെയും ആവാസകേന്ദ്രമായിരുന്ന ജൈവവൈവിധ്യത്തിനു കാവലായിരുന്നു മീന മേനോന്‍. പാരമ്പര്യമായി കിട്ടിയ, വൃക്ഷനിബിഡമായ രണ്ടേക്കര്‍ ഭൂമി. കൊടുത്താല്‍ കോടികള്‍ കിട്ടുന്ന ഭൂമിയില്‍ മീന ഒരിക്കല്‍പ്പോലും ഒരു കോടാലിക്കൈയുയര്‍ത്തിയില്ല. അരിവാള്‍കൊണ്ട് പുല്‍ച്ചെടികളെപ്പോലും നോവിച്ചില്ല. ഒന്നു ശബ്ദമുയര്‍ത്തിപ്പോലും ജീവിജാലങ്ങളെ അലോസരപ്പെടുത്തിയില്ല. അവിടേക്കാണ് ഇന്നലെ വൈദ്യുതി ബോര്‍ഡിന്റെ സന്നാഹമെത്തിയത്. വൃക്ഷശിഖരങ്ങള്‍ മുറിക്കാന്‍ നേരത്തേ നോട്ടീസ് നല്‍കിയിരുന്നു. വന്നാല്‍ എതിര്‍ക്കുമെന്ന് ശാന്തിവനം സംരക്ഷണ സമിതി പറഞ്ഞു. ഇന്നലെ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ മരം മുറിക്കാന്‍ തൊഴിലാളികളുമായി ആദ്യമെത്തിയപ്പോള്‍ സംരക്ഷണ സമിതിക്കാന്‍ പ്രതിഷേധിച്ചു. മടങ്ങിപ്പോയ ഉദ്യോഗസ്ഥസംഘം തിരികെയെത്തിയത് പൊലീസിന്റെ വന്‍പടയുമായാണ്. ആ യുദ്ധപ്പുറപ്പാടു കണ്ട് മീന ചോദിച്ചു: ആരെ പേടിച്ചാണ് നിങ്ങളുടെ ഈ സന്നാഹം? ഞാന്‍ നിങ്ങളുടെ തല കൊയ്യാന്‍ പോകുന്നില്ല. പകരം, ഇതാ പ്രകൃതിയുടെ പരാതി പോലെ എന്റെ സ്വന്തം മുടി ഈ സര്‍ക്കാരിനു സമര്‍പ്പിക്കുന്നു! മീനയുടെ പ്രതിഷേധത്തിനിടെ, ശാന്തിവനം സംരക്ഷണ സമിതി അംഗങ്ങള്‍ നിസ്സഹായരായി സാക്ഷിനില്‍ക്കെ തൊഴിലാളികള്‍ വൃക്ഷശിഖരങ്ങള്‍ മുറിച്ചുതള്ളിക്കൊണ്ടിരുന്നു. അതു കണ്ടുനില്‍ക്കാനാകാതെ, ഭരിക്കുന്ന പാര്‍ട്ടിക്കായി പണ്ട് ഒരുപാട് മുദ്രാവാക്യം വിളിച്ചിട്ടിട്ടുള്ള മീന മേനോന്‍ നിശ്ശബ്ദം നടന്നു. ശാന്തിവനത്തിന്റെ കഥ ലോക പരിസ്ഥിതി ദിനാഘോഷം കഴിഞ്ഞതേയുള്ളൂ. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പരിപാടികള്‍ എല്ലായിടത്തും കേമമായി നടന്നു. വൃക്ഷത്തൈ നടീല്‍, സ്‌കൂളുകളില്‍ വൃക്ഷത്തൈ വിതരണം, പ്രകൃതി സംരക്ഷണ പ്രതിജ്ഞ, കൂട്ടയോട്ടം, മാധ്യമങ്ങളില്‍ മന്ത്രിശ്രേഷ്ഠരുടെ ഹരിതസാഹിത്യം... ഇന്നലെ, ശാന്തിവനത്തിന്റെ വനനിശ്ശബ്ദതയില്‍ സര്‍ക്കാരിന്റെ തന്നെ യന്ത്രമഴു വീണപ്പോള്‍ ഇവരിലാരെയും കണ്ടില്ല. സ്വന്തം സ്തനങ്ങള്‍ മുറിച്ചെറിഞ്ഞു പ്രതിഷേധിച്ച കണ്ണകിയെപ്പോലെ, മുടി മുറിച്ചെറിഞ്ഞ് ജനാധിപത്യത്തിനു നേരെ വിരല്‍ചൂണ്ടിയ ഒരു സാധു സ്ത്രീയുടെ കൂടെ നിന്ന് ശബ്ദമുയര്‍ന്നാന്‍ കപട പരിസ്ഥിതി വാദികളെയും കണ്ടില്ല. അവരിലാര്‍ക്കെങ്കിലുമാകുമോ, ഒരായുസ്സു കൊണ്ട് ഇതുപോലൊരു വനസമൃദ്ധി നട്ടുനനച്ചു വളര്‍ത്തുവാന്‍? ഇരുന്നൂറാണ്ടു പഴക്കമുണ്ട് ശാന്തിവനം എന്ന ഈ സാന്ദ്രഹരിത ഭൂമിക്ക്. അമ്പതു വര്‍ഷം മുമ്പാണ് പരമ്പരാഗതമായി അത് മീനയ്ക്കും അച്ഛനും കിട്ടിയത്. നഗരത്തിന്റെ ഇരമ്പങ്ങള്‍ക്കു നടുവിലെ ആ ഇത്തിരി പച്ചപ്പ് അവര്‍ പ്രകൃതിയുടെ നിധി പോലെ കാത്തു, ഇത്ര കാലവും. മുപ്പതാണ്ടു മുമ്പ് കെ.എസ്.ഇ.ബി ചെറായി സബ് സ്റ്റേഷന്‍ പദ്ധതി തയ്യാറാക്കിയപ്പോള്‍ മുതല്‍ തുടങ്ങുന്ന ശാന്തിവനത്തിനു മീതെ ഈ മഴുഭീഷണി. 1999 ലാണ് പദ്ധതി അംഗീകരിക്കപ്പെട്ടത്. ബോര്‍ഡിന്റെ 110 കെ.വി ലൈനിനു കടന്നുപോകാന്‍ കെ.എസ്.ഇ.ബി നിശ്ചയിച്ച രൂപരേഖ ശാന്തിവനത്തിന്റെ ഹൃദയത്തിലൂടെയാണ്. 2013 ല്‍ ഇതിനെതിരെ മീന മേനോന്‍ കോടതിയെ സമീപിച്ചു. കേസ് ഇപ്പോഴും നടക്കുന്നു. അതിനിടെ ജില്ലാ കളക്ടര്‍ ഇടപെട്ടു. ബോര്‍ഡ് ശാന്തിവനത്തില്‍ നടത്തിയ നിര്‍മ്മാണ ജോലികള്‍ തത്കാലം നിറുത്തിവയ്പിച്ചു. ശാന്തിവനം പരിസ്ഥിതി സ്‌നേഹികളുടെ തീര്‍ത്ഥാടന സ്ഥലമായി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആ വിസ്മയദ്വീപ് കാണാന്‍ ദൂരെ നിന്നുപോലുമെത്തി. മീന എല്ലാവരെയും എല്ലാം കൊണ്ടുനടന്ന് കാണിച്ചു. ലൈന്‍ കടന്നു പോകുന്ന അലൈന്‍മെന്റ് മാറ്റാന്‍ മീന ഇടയ്ക്ക് വൈദ്യുതി മന്ത്രി എം.എം. മണിയെ കണ്ടു. ഇരുപതു വര്‍ഷം മുമ്പ് തുടങ്ങിയ പദ്ധതിയാണ്. ഇതുവരെ 30 കോടി രൂപ മുടക്കി. ഇനി ചെറിയ പണികളേ ബാക്കിയുള്ളൂ. ഈ സമയത്തു വന്ന് തടസ്സം പറഞ്ഞാല്‍ ജനം കൈവയ്ക്കും- ഇടുക്കിയുടെ വനസമൃദ്ധി കണ്ടു വളര്‍ന്ന മന്ത്രിസഖാവിന്റെ മറുപടി. ലൈന്‍ കടന്നുപോകുന്ന പാതയില്‍ ഒരൊറ്റ ടവറിന്റെ സ്ഥാനം മാറ്റിയാല്‍പ്പോലും ശാന്തിവനത്തെ രക്ഷിക്കാനാകുമെന്ന് മീന പറയുന്നു. ശാന്തിവനത്തിനു തൊട്ടടുത്ത ഭൂമിയില്‍ അതിനു സ്ഥലമുണ്ട്. പക്ഷേ, കെ.എസ്.ഇ.ബി അവിടേയ്ക്കു നോക്കില്ല. കാരണം ലളിതമാണ്. ആ ഭൂമി വൈദ്യുതി ബോര്‍ഡിലെ ഒരു മുന്‍ എന്‍ജിനിയറുടെ മകന്റേതാണ്! ശാന്തിവനത്തിലൂടെ വൈദ്യുതി ലൈന്‍ കടത്തിവിടാനുള്ള പദ്ധതി വിവാദമായപ്പോള്‍ എഴുത്തുകാരന്‍ സേതു ആ വനദ്വീപു കാണാനെത്തി. അദ്ദേഹം പറഞ്ഞു: ഇക്കാലത്ത്, ഇതുപോലൊരു ദൗത്യം ഏറ്റെടുക്കുന്ന ഒരു സ്ത്രീയെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് ഒരു ഇടതു സര്‍ക്കാരിന്റെ കടമയല്ലേ? ആ ചോദ്യം ഇന്നലെ ആരും ചോദിച്ചുകേട്ടില്ല. ഞങ്ങള്‍ക്കായി ഈ ഭൂമിയില്‍ അച്ഛാ, അമ്മേ... നിങ്ങള്‍ ഈ ഉഷ്ണവും കത്തുന്ന വെയിലും വരണ്ട മണ്ണുമല്ലാതെ മറ്റെന്ത് ബാക്കിവച്ചുവെന്ന് വരുംതലമുറ ചോദിക്കുമ്പോള്‍ നമ്മളെന്തു പറയും? ശാന്തിവനത്തിലെ വൃക്ഷശിഖരങ്ങള്‍ ധാര്‍ഷ്ട്യത്തിന്റെ മഴുത്തലപ്പുകള്‍ കാര്‍ന്നുതിന്നുന്നതു പോലും കൈനീട്ടി തടയുവാനാവാത്ത നമ്മള്‍ എങ്ങനെ ഈ ഭൂമിയെ, മരങ്ങളെ, വനങ്ങളെ, ആകാശത്തെ, ജലത്തെ, ജീവിജാലങ്ങളെ സംരക്ഷിക്കും? മുടി മുറിച്ചെറിഞ്ഞ പെണ്‍ശാപം ഒരായിരം മനുഷ്യരുടെയും കുഞ്ഞുങ്ങളുടെയും ശലഭങ്ങളുടെയും ശാപത്തിന്റെ പ്രളയജലമായി നാളെ പെയ്തിറങ്ങും.
30.82°C








