Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മാർച്ച് ഏഴിന് ഉത്തർ പ്രദേശിലെ ഏഴാംഘട്ട വോട്ടെടുപ്പ് അവസാനിക്കുന്നതോടെ ഇന്ത്യക്കാരെ കാത്തിരിക്കുന്നത് വിനാശകരമായ ഇന്ധന ബോംബ്. യുക്രൈനിലെ സങ്കർഷത്തോടെ ആഗോള വിപണിയിൽ എണ്ണ വില ഉയരുകയാണ്. ഇതിന്റെ പ്രതിഫലനം രാജ്യത്തുണ്ടാകും. അങ്ങനെ വന്നാൽ വലിയ രീതിയിലുള്ള വിലക്കയറ്റത്തിന് സാധ്യത തെളിയും. യൂറോപ്പിനെ ആകെ ആശങ്കയിലാക്കുന്ന യുദ്ധം മുന്നിലുള്ളതാണ് ഇതിന് കാരണം. കുതിച്ചുയരുന്ന പണപ്പെരുപ്പത്തിനൊപ്പം ഇന്ധനവില വർധന സാധാരണക്കാരന് താങ്ങാനാകില്ല. ഇന്നലെ മാത്രം ആഗോള എണ്ണവിലയിൽ രണ്ടു ശതമാനത്തിന്റെ അടുത്ത് വർധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ആഗോള എണ്ണവില സമീപകാലത്തെ റെക്കോഡിലേക്കു നീങ്ങി. 10 വർഷത്തിലാദ്യമായി എണ്ണവില 97 ഡോളർ പിന്നിടുകയും ചെയ്തു. ആയിരക്കണക്കിന് കിലോമീറ്റർ അകലെ ഒരു യുദ്ധം നടന്നാൽ അത് ഇന്ത്യയെ ബാധിക്കുമോ? യുദ്ധമാണ് പുട്ടിൻ കൈക്കൊള്ളുന്ന അന്തിമ തീരുമാനമെങ്കിൽ അത് ലോകരാഷ്ട്രങ്ങളേയും മനുഷ്യജീവിതത്തേയും ബാധിക്കുന്ന വലിയ പ്രതിസന്ധിക്കാകും വഴിവയ്ക്കുക. സാമ്പത്തിക മേഖലയെ പിടിച്ചുകുലുക്കുന്നതായിരിക്കും അത്. ക്രൂഡ് ഓയിൽ നിർമാണത്തിലെ ഭീമനാണ് റഷ്യ. അതുകൊണ്ടുതന്നെ യുക്രൈനിലെ പ്രതിസന്ധി അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില ഉയർത്തും. 2014 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഇപ്പോൾ വില എത്തിക്കഴിഞ്ഞു.
രാജ്യത്തെ തെരഞ്ഞെടുപ്പു ചൂട് അകലുന്നത് എണ്ണക്കമ്പനികൾക്കു നേട്ടവും സമൂഹത്തിനു തിരിച്ചടിയുമാണ്. രാജ്യന്തര എണ്ണവില പ്രാദേശിക വിപണികളിൽ പ്രതിഫലിക്കാതായിട്ട് മാസങ്ങളായി. വരുമാനം ഉയർത്തുന്നതിനായി കമ്പനികൾ മൗനം തുടരുമ്പോൾ നികുതിക്കായി സർക്കാർ മൗനം തുടരുന്നു. കൊവിഡിനിടെ ഒപെക് രാജ്യങ്ങൾ എണ്ണ ഉൽപ്പാദനം കുറച്ചിരുന്നു. എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾക്കു ശേഷം ആവശ്യകത ഉയർന്നിട്ടും ഉൽപ്പാദനം വർധിപ്പിക്കാൻ കമ്പനികൾ തയാറായിട്ടില്ല. ഇതും വില കുതിക്കാൻ കാരണമായി. സമീപഭാവിയിലെ റെക്കോഡിലാണ് എണ്ണവില. വില 90 ഡോളറിനു മുകളിൽ തുടരുന്നത് ആശ്വാസകരമല്ല.
എണ്ണ വില നൂറ് ഡോളർ കവിയുമെന്നും ഒരുപക്ഷേ 150 ഡോളർ വരെയെത്തിയേക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. അങ്ങനെ സംഭവിക്കുകയാണെങ്കിൽ അത് ആഗോള ജിഡിപി വളർച്ച 0.9 ശതമാനമായി ചുരുക്കും. വിദഗ്ധരുടെ അഭിപ്രായം അനുസരിച്ച് ഇന്ത്യയിൽ സിഎൻജി, വൈദ്യുത നിരക്ക് വർധിച്ചേക്കാം. ക്രൂഡ് ഓയിൽ വില വർധിക്കുന്ന സാഹചര്യത്തിൽ എൽപിജി, മണ്ണെണ്ണ എന്നിവയുടെ സബ്‌സിഡി വർധിപ്പിച്ചേക്കും. രാജ്യത്ത് തെരഞ്ഞെടുപ്പു ചൂടായതു മാത്രമാണ് എണ്ണക്കമ്പനികളെ വില വർധനയിൽ നിന്ന് അകറ്റി നിർത്തുന്നത്. കഴിഞ്ഞ കാലങ്ങളിലും തെരഞ്ഞെടുപ്പു സമയത്ത് കമ്പനികൾ വില മാറ്റമില്ലാതെ തുടർന്നിരുന്നു. തെരഞ്ഞെടുപ്പു കഴിയുന്നതോടെ പ്രാദേശിക ഇന്ധനവില കുതിക്കുമെന്ന സൂചനകൾ ശക്തമാകുകയാണ്. രാജ്യാന്തര എണ്ണവിലയ്ക്ക് അനുസൃതമായി പ്രാദേശിക ഇന്ധനവില മാറുന്ന സമ്പ്രദായമാണ് രാജ്യത്തുള്ളത്. എന്നാൽ ഇക്കാര്യം കമ്പനികളും, സർക്കാരും, പൊതുജനവും മറന്നിട്ട് നാലു മാസം ആകുന്നു. തുടർച്ചയായി രണ്ടു മാസത്തിനുമേൽ ഇന്ധനവില കൂപ്പുകുത്തിയപ്പോഴും എണ്ണക്കമ്പനികൾ കുലുങ്ങിയില്ല. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് തകർന്നടിഞ്ഞ എണ്ണവിലയാണ് വീണ്ടും കുതിക്കുന്നത്. മൂന്നാംതരംഗം രണ്ടാംതരംഗത്തിന്റെ അത്രയും മാരകമാകില്ലെന്ന റിപ്പോർട്ടുകളും, ഹോസ്പിറ്റലൈസേഷൻ കുറയുന്നതുമാണ് എണ്ണയ്ക്കു നേട്ടമായത്. കേസുകളുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും രാജ്യങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കാത്തത് എണ്ണയ്ക്കു കരുത്താണ്.
കഴിഞ്ഞ 120 ദിവസമായി ഉയരാതിരിക്കുന്ന ഇന്ധന വില മാർച്ച് 31 നു മുൻപ് ലിറ്ററിന് 20 രുപ വരെയെങ്കിലും വർധിക്കുമെന്നാണു ലഭിക്കുന്ന വിവരം. ഉത്തർ പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളുടെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കേന്ദ്ര സർക്കാർ ഇന്ധന വിലയുടെ നികുതി കുറച്ച് വില പിടിച്ചു നിർത്തിയത്. എന്നാൽ വോട്ടെടുപ്പ് കഴിയുന്നതോടെ അന്താരാഷ്‌ട്ര വിപണിക്ക് ആനുപാതികമായി ഇന്ധന വില ഉയർത്താനുള്ള അനുമതി എണ്ണക്കമ്പനികൾക്കു ലഭിക്കും. യുക്രൈൻ-റഷ്യ സങ്കർഷത്തോടെയാണ് എണ്ണവില ഉയരാനുള്ള കാരണം എന്നാണു പറയുന്നത്. എന്നാൽ, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറവായതിനാൽ അതു മാത്രമാണ് എണ്ണയ്ക്കു തീ പിടിപ്പിക്കുന്നതെന്നു പറയാനാവില്ല. റഷ്യയിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് ആകെ ഇറക്കുമതിയുടെ ഒരു ശതമാനം മാത്രമാണ്.
ഇന്ത്യയിൽ ഇതുവരെ പെട്രോളിന് രേഖപ്പെടുത്തിയ ഉയർന്ന വില 113.46 രൂപയാണ്. ഡീസലിനും 113 രൂപ വരെ ഉയർന്നിട്ടുണ്ട്.
ക്രൂഡ് വില 70-75 ഡോളർ എന്നു കണക്കാക്കിയാണ് കഴിഞ്ഞ ബജറ്റിൽ മന്ത്രി നിർമല സീതാരാമൻ ഇന്ത്യയുടെ ധനക്കമ്മി അടക്കമുള്ള കാര്യങ്ങൾ കണക്കാക്കിയത്. അതനുസരിച്ചാണ് വളർച്ച എട്ടര ശതമാനം പിന്നിടുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ നിലവിൽ 97 ഡോളറിലേക്കും ഇനി ഒരുവേള 150 ഡോളറിലേക്കും വില ഉയരുമ്പോൾ രാജ്യത്തെ ഇന്ധന വില എവിടെ വരെ ഉയരുമെന്ന് കണ്ടറിയണം.
30.82°C








