Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നോട്ട് നിരോധനംകൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ലെന്നും, നിരോധിക്കപ്പെട്ട കറന്‍സികളില്‍ 99.3 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയെന്നും കണക്കുകള്‍ മുന്നില്‍ വച്ച് റിസര്‍വ് ബാങ്ക് ആണയിട്ടാലും, ഒരു കാര്യം പച്ചപ്പരമാര്‍ത്ഥമാണ്: കള്ളപ്പണത്തിന്റെ കളി പണ്ടത്തെപ്പോലെയില്ല. സംസ്ഥാനത്ത് ഭൂമി ഇടപാടുകള്‍ തീരെ മോശം. പ്രമുഖ ബില്‍ഡര്‍മാര്‍ അല്ലാതെ പുത്തന്‍ റിയല്‍ എസ്‌റ്റേറ്റ് കമ്പനികള്‍ രായ്ക്കുരാമാനം യമണ്ടന്‍ പരസ്യങ്ങള്‍ നല്‍കിയിരുന്ന പ്രതിഭാസം തീരെ ഇല്ലാതായി. നഗരമേഖലകളില്‍ വന്‍കിട ഷോപ്പിംഗ് കോംപ്‌ളക്‌സുകളുടെ നിര്‍മ്മാണം നിലച്ചു. മറ്റൊന്നു കൂടിയുണ്ട്: പുറത്തുനിന്ന് വന്‍തോതില്‍ പണമൊഴുക്കുണ്ടായിരുന്ന മത സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്കും നോട്ട് നിരോധനം വിലങ്ങിട്ടു. ഭൂമി ഇടപാട്- വാണിജ്യ രംഗത്തെ ലളിതമായ ഒരു തിയറിയുണ്ട്. കണക്കു കാണിക്കേണ്ട പണം വിപണിയിലിറക്കി ഒരുത്തനും കോടികളുടെ ഇടപാടുകള്‍ നടത്തില്ല. കൈവശമുള്ള കള്ളപ്പണം വച്ചാണ് കളികളെല്ലാം. അങ്ങനെ നോക്കിയാല്‍, കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ ചലനാത്മകമാക്കി നിര്‍ത്തിയിരുന്നത് ഈ കള്ളപ്പണമാണ്. ഇടതടവില്ലാത്ത പണം കൈമാറ്റമാണ് സമ്പദ് രംഗത്തിന്റെ ഊര്‍ജ്ജസ്വലത. കൈമാറ്റം നിലച്ചപ്പോള്‍ സ്വാഭാവിക മാന്ദ്യമായി. 2016 നവംബര്‍ എട്ടിനായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കറന്‍സി നിരോധനമെന്ന ചരിത്രപ്രഖ്യാപനം. പ്രഖ്യാപനം വന്ന് മൂന്നു മണിക്കൂറിനകം അത് നിലവില്‍ വരത്തക്ക വിധമായിരുന്നു എല്ലാം. നിലവിലുണ്ടായിരുന്ന അഞ്ഞൂറിന്റെയും ആയിരം രൂപയുടെയും കറന്‍സികള്‍ക്ക് ആയുസ്സില്ലാതാകുന്നു എന്നറിഞ്ഞ കോടീശ്വരന്മാരും കള്ളപ്പണക്കാരും ബോധമറ്റു വീണു. ചുരുങ്ങിയ സമയത്തിനകം കോടികളുടെ കള്ളപ്പണം വെളുപ്പിച്ചെടുക്കാന്‍ നിവൃത്തിയില്ലാത്തതുകൊണ്ട്, ആദായനികുതി പരിശോധന പേടിച്ച് കറന്‍സികള്‍ രായ്ക്കുരാമാനം കൂട്ടിയിട്ട് കത്തിച്ചു കളഞ്ഞവരുണ്ട്, കക്കൂസില്‍ മുക്കിത്താഴ്ത്തിയവരുണ്ട്, പുഴയില്‍ ഒഴുക്കിയവരുണ്ട്, ചാക്കില്‍ കെട്ടി കൊക്കയിലെറിഞ്ഞവരുണ്ട്... സഹകരണ ബാങ്കുകള്‍ വഴി നിക്ഷപത്തീയതിയില്‍ കള്ളത്തരം കാണിച്ച് കോടിക്കണക്കിനു രൂപ കണക്കില്‍ കൊള്ളിച്ചവരുമുണ്ട്. വിചിത്രമായിരുന്നു കള്ളപ്പണക്കാര്‍ ഈ പണം സൂക്ഷിച്ചിരുന്ന രീതികള്‍. ചിലര്‍ കട്ടിലിന് പ്രത്യേക അറകള്‍ പണിത്, പല കള്ളികളിലായി കറന്‍സി കെട്ടുകള്‍ നിറച്ച് അതിനു മീതെ മെത്ത വിരിച്ച് സുഖമായുറങ്ങി, ചിലര്‍ രഹസ്യമായി നിലവറകള്‍ പണിത് കള്ളപ്പണം അവിടെ ലോക്കറുകളിലാക്കി. ഭിത്തികളില്‍ രഹസ്യ അറകളുണ്ടാക്കി കറന്‍സി അടുക്കിയവരുണ്ട്, അടുക്കളയുടെ പാതകത്തിനു കീഴെയും, പട്ടിക്കൂടിന്റെ മേല്‍ക്കൂരയ്ക്കടിയിലും സെപ്റ്റിക് ടാങ്കിനകത്ത് പ്രത്യേക അറകള്‍ പണിതും പണം സൂക്ഷിച്ചവരുണ്ട്. എല്ലാം അന്നത്തോടെ തീര്‍ന്നു! 2016 നവംബര്‍ എട്ടിന് മുന്നറിയിപ്പില്ലാതെ നിരോധിക്കപ്പെട്ട മഹാത്മാ ഗാന്ധി സീരീസിലെ 500, 1000 രൂപ കറന്‍സികളുടെ അന്നത്തെ ആകെ മൂല്യം 15.41 ലക്ഷം കോടിയായിരുന്നു. ഇതില്‍, 15.30 കോടിയുടെ കറന്‍സികളും ബാങ്കുകളില്‍ തിരികെയെത്തി സമ്പദ് വ്യവസ്ഥയുടെ ഭാഗമായെന്ന് റിസര്‍വ് ബാങ്ക് തന്നെ പിന്നീട് പുറത്തുവിട്ട കണക്കുകള്‍ വെളിപ്പെടുത്തുന്നു. അപ്രത്യക്ഷമായത് വെറും പതിനായിരം കോടിയുടെ കറന്‍സി മാത്രം. നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പിടിച്ചുലച്ചു. കൈവശമുള്ള കണക്കില്‍പ്പെട്ട പണം മാറ്റി വാങ്ങാന്‍ ജനം മണിക്കൂറുകള്‍ ക്യൂവില്‍ നിന്നു. ക്യൂവില്‍ നിന്ന പലരും കുഴഞ്ഞുവീണു മരിച്ചു. ഈ ദുരിതങ്ങള്‍ക്കിടയിലും ജനം കേന്ദ്ര സര്‍ക്കാരിനെ പഴി പറഞ്ഞില്ല. കാരണം, കള്ളപ്പണം ഇല്ലാതാക്കാനുള്ള മഹാദൗത്യത്തിനു പിന്നിലെ ഉദ്ദേശ്യശുദ്ധി എല്ലാവരും തിരിച്ചറിഞ്ഞു. ആരോപണങ്ങള്‍ പിന്നാലെയുണ്ടായി. റിലയന്‍സ് ഉള്‍പ്പെടെ വന്‍കിട കോര്‍പ്പറേറ്റ് കമ്പനികള്‍ നോട്ട് നിരോധന വിവരം നേരത്തേ അറിഞ്ഞെന്നും, പതിനായിരകണക്കിന് കോടികളുടെ കറന്‍സി ദിവസങ്ങള്‍ക്കു മുമ്പേ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെടുകയോ, സ്വര്‍ണമായി മാറ്റപ്പെടുകയോ, വിദേശ അക്കൗണ്ടുകളിലേക്കു മാറ്റുകയോ ചെയ്യപ്പെട്ടു. വ്യാവസായിക ഉത്പാദനരംഗം ഉലഞ്ഞു, രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദന നിരക്ക് ഇടിഞ്ഞു, ഓഹരി സൂചികകള്‍ നിലംപൊത്തി.... വാണിജ്യരംഗത്ത് അന്നുണ്ടായ മാന്ദ്യത്തിന്റെ ആഘാതത്തില്‍ നിന്ന് വിപണി പൂര്‍ണമായും കരകയറിയിട്ടുമില്ല. നോട്ട് നിരോധനത്തിനു ശേഷം രണ്ടു വര്‍ഷം പിന്നിട്ട്, 2018 നവംബര്‍ 18 ന് റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്ത് ആകെ കൈമാറ്റം ചെയ്യപ്പെടുന്ന കറന്‍സിയുടെ മൂല്യം 20.15 ലക്ഷം കോടിയാണ്. കള്ളപ്പണം പൂര്‍ണമായും ഇല്ലാതായെന്ന് വിശ്വസിക്കാനാവില്ല. എന്തായാലും, അളവറ്റ കണക്കില്‍ കള്ളപ്പണം കറന്‍സികളായി സ്വരൂപിച്ചു വയ്ക്കാന്‍ കോടീശ്വരന്മാര്‍ തയ്യാറല്ല. കുഴല്‍പ്പണ ഇടപാടുകളും പാടേ നിലച്ചു. പകരം കൊഴുത്തത് സ്വര്‍ണ കള്ളക്കടത്താണ്. വിമാനത്താവളങ്ങള്‍ വഴി, ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള സ്വര്‍ണത്തിന്റെ ഒഴുക്കു വര്‍ദ്ധിക്കാനുള്ള പ്രധാന കാരണം ഇതാണ്. ദുബായ് ആണ് പ്രധാന കേന്ദ്രം. പിടിക്കപ്പെടുന്നത് കാരിയര്‍ മാത്രമായിരിക്കും. അവര്‍ക്കാകട്ടെ, കള്ളക്കടത്തിന്റെ മൂഖ്യസൂത്രധാരനെ ഒരു പരിചയവും കാണില്ല. നിരോധിക്കാനാവാത്ത അമൂല്യനിധിയായി സ്വര്‍ണം തുടരുവോളം, വീണ്ടുമൊരു കറന്‍സി നിരോധനം വന്നാലും സ്വര്‍ണ കള്ളക്കടത്ത് തുടര്‍ന്നുകൊണ്ടേയിരിക്കും.
31.82°C








