Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 8:40 pm
  • 27th November, 2022
  • Light Rain
24.82°C24.82°C
  • Humidity: 92 %
  • Wind: 0.92 km/h

Breaking News

  • മിൽമ പാൽ വില ലിറ്ററിന് ആറ് രൂപ  കൂട്ടാൻ സർക്കാർ അനുമതി 
  • വില വർധന എന്ന് നിലവിൽ വരുമെന്ന് മിൽമ ചെയർമാൻ പ്രഖ്യാപിക്കും
  • മാധ്യമ പ്രവർത്തകൻ കെ എം ബഷീറിന്റെ മരണം    നരഹത്യ കേസ് ഒഴിവാക്കിയതിനെതിരെ ഹൈകോടതിയിൽ സർക്കാർ അപ്പീൽ

പത്തു കോടിയുടെ പൂജാ ബമ്പർ ലോട്ടറിയടിച്ച നിർഭാഗ്യവാനെ ഒരാഴ്ച കഴിഞ്ഞിട്ടും കണ്ടുപിടിക്കാൻ പറ്റിയിട്ടില്ല. നിർഭാഗ്യവാൻ എന്നു പറഞ്ഞത് ചുമ്മാതല്ല- അനുഭവയോഗം വേണം! സെവൻ കോഴ്സ് ലഞ്ചിന് ഫ്രീ കൂപ്പൺ കൈയിൽ കിട്ടിയാലും, പോയി കഴിക്കാൻ സമയം വേണം. അതാണ് അനുഭവയോഗം. സംസ്ഥാനത്ത് കോൺഗ്രസിന് അതിന്റെ ആയുഷ്കാലത്ത് പ്രതീക്ഷിക്കാവുന്നതല്ല, ശശി തരൂരിനെപ്പോലെ ഒരു ബമ്പർ സമ്മാനം. ആവേശത്തോടെ കൈപ്പറ്റി, തരൂരിനെ ക്യാപ്റ്റനാക്കി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കപ്പടിക്കുന്നതിനു പകരം സതീശനും സുധാകരനും , സരിത വേണുഗോപാലും വേറെ കാക്കത്തൊള്ളായിരം മരമണ്ടന്മാരും കൂടി മൈതാനം നിറഞ്ഞു കളിക്കുന്നത് തരൂരിനെ ബൗണ്ടറിക്കു പുറത്താക്കാനാണ്. കാരണം സിംപിളാണ്- കോൺഗ്രസിന് ഭാഗ്യമുണ്ട്;പക്ഷേ അനുഭവയോഗമില്ല.

ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറൽ ആകാനും, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആകാനുമൊക്കെ മത്സരിച്ച ശശി തരൂർ ഒന്നും കാണാതെ ഒരു മലബാർ കലാപം പ്ളാൻ ചെയ്യുമോ? തരൂരിന്റെ വടക്കൻ പര്യടനം തുടങ്ങിയപ്പോൾ കോൺഗ്രസിൽ പരക്കെയുണ്ടായ അടക്കംപറച്ചിൽ അതായിരുന്നു- എന്താണ് തരൂരിന്റെ മനസ്സിൽ? തരൂർ പോയി എം.ടിയെ കാണുന്നു, പിറ്റേന്ന് ടി. പത്മനാഭനെ കാണുന്നു, അതിനു പിറ്റേന്ന് പാണക്കാട് തങ്ങളുടെ വീട്ടിൽ പോയി പ്രാതൽ  കഴിക്കുന്നു, താമരശേരി ബിഷപ്പിനെ കണ്ട് കൈ മുത്തുന്നു, വൈകിട്ട് കാന്തപുരം മുസലിയാരെ കാണുന്നു.... ഇനി, പാലായിലെ ബിഷപ്പ് ഹൗസിലേക്കും നായർ മഹാ സമാജത്തിലേക്കുമൊക്കെ തരൂർ പോകുന്നുണ്ട്. അപ്പോൾ, തരൂരിന്റെ പൊളിറ്റിക്കൽ റൂട്ട് ക്ളിയറാണ്. റൂട്ട് പിടിക്കാൻ പറ്റാത്തത്  കോൺഗ്രസിനാണ്.

തരൂർ എന്ന ബമ്പർ ലോട്ടറിയുടെ സാദ്ധ്യത ആദ്യം പറഞ്ഞത് കുഞ്ഞാലിക്കുട്ടി സായ്‌വാണ്. തരൂരിനെ എങ്ങനെ ഉപയോഗിക്കണമെന്ന് കോൺഗ്രസ് തീരുമാനിക്കട്ടെ എന്നാണ് സായ്‌വ് പറഞ്ഞത്. അതായത്, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനഭരണം പിടിക്കാൻ യു.ഡി.എഫിനു മുന്നിൽ പ്രതീക്ഷിക്കാതെയും ശ്രമിക്കാതെയും കിട്ടിയ ഒന്നാന്തരം ചീട്ടാണ് ശശി തരൂർ. എട്ടാംക്ളാസും ഗുസ്തിയുമായി നടക്കുന്ന കോൺഗ്രസ് നേതാക്കൾക്കിടയിലെ വിശ്വപൗരൻ. സ്ത്രീകൾക്ക് പണ്ടേ പ്രിയങ്കരൻ, അറുപത്തിയാറാം വയസിലും ചെറുപ്പക്കാരൻ. കുഞ്ഞാലിക്കുട്ടിക്കും സുകുമാരൻ നായർക്കും ഒരുപോലെ വേണ്ടപ്പെട്ടവൻ. നയതന്ത്രജ്ഞതയിൽ മാത്രമല്ല, രാഷ്ട്രീയ തന്ത്രജ്ഞതയിലും മിടുമിടുക്കൻ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസിന് കണ്ണുംപൂട്ടി പറയാവുന്ന മറ്റൊരു അവതാരപ്പിറവി ഈ നൂറ്റാണ്ടിലെങ്ങും ഇനി സംഭവിക്കാനില്ല. ആകെ പറയാനുള്ള ദോഷം മൂന്നു കല്യാണം കഴിച്ചെന്നതാണ്. ലീഗിനാണെങ്കിൽ അതൊരു പ്രശ്നമേയല്ല.

കോൺഗ്രസിന്റെ ആഭ്യന്തര വിഷയങ്ങളിൽ ലീഗ് ഇടപെടില്ലെന്ന് കുഞ്ഞാലി സായ്‌വ് പറഞ്ഞപ്പോൾ എല്ലാം ക്ളിയറായി. അതായത്, തരൂരിനെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്ന് ലീഗ് പറയില്ല. അത് കോൺഗ്രസ് പറയണം. അങ്ങനെ പറഞ്ഞാൽ യു.ഡി.എഫിലെ രണ്ടാം കക്ഷിയായ   മുസ്ളിം ലീഗ് ഫുൾ സപ്പോർട്ട് നല്കും. അതോടെ, തരൂരിനായി ഐക്യമുന്നണിയുടെ ശബ്ദമുയർത്തിയ ആദ്യ നേതാവ് എന്ന ലേബലിൽ ചുളുവിൽ ഒരു ഉപമുഖ്യന്ത്രി സ്ഥാനവും ലീഗിന് ക്ളെയിം ചെയ്യാം. എങ്ങനെയുണ്ട്  കുഞ്ഞാപ്പയുടെ  ബുദ്ധി..!

ലീഗിനേക്കാൾ കൗതുകമുള്ളതാണ് തരൂരിന്റെ കാര്യത്തിലെ നായർ സമാജം നിലപാട്. ചങ്ങനാശേരിയിൽ ചെന്നാൽ വി.ഡി. സതീശനാണെങ്കിലും ഒന്നൊന്നര മണിക്കൂർ കാത്തുനിർത്തിയിട്ടേ സുകുമാരൻ നായർ വാതിൽ തുറക്കൂ. അതാണ് അനുഭവം. മന്നം ജയന്തി ആഘോഷ ചടങ്ങുകളിൽ കേൾവിക്കാരായിട്ടേ കോൺഗ്രസ് നേതാക്കൾക്ക് ക്ഷണം കിട്ടാറുള്ളൂ. അപ്പോഴാണ്, ജനുവരി രണ്ടിന് നടക്കുന്ന മന്നം ജയന്തി ആഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ തരൂരിന് എൻ.എസ്.എസിന്റെ ക്ഷണക്കത്ത്. കോൺഗ്രസിലാണെങ്കിൽ അസംതൃപ്തരുടെ ഒരു വലിയ പട തന്നെയുണ്ട്  . അവരെല്ലാവരും കൂടി ശശി തരൂരിനെ പരിപാടികളിൽ പങ്കെടുപ്പിക്കാൻ മത്സരത്തിലുമാണ്. തരൂർ ആഗ്രഹിച്ചില്ലെങ്കിൽപ്പോലും അദ്ദേഹം പാർട്ടിയുടെ പ്രധാന നേതാവായിത്തീരും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

എന്തായാലും, ചത്തതിനൊക്കുമേ എന്ന പരുവത്തിലായിരുന്ന കോൺഗ്രസിന് കേരളത്തിൽ ഒരു നവജീവൻ കിട്ടിയിട്ടുണ്ട്. തോല്ക്കുമെന്ന് അറിഞ്ഞുകൊണ്ടു തന്നെ എ.ഐ.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്കു മത്സരിച്ച ശശി തരൂരിന് എന്തോ വലിയ കുഴപ്പമുണ്ടെന്ന് അന്നു പറഞ്ഞ നേതാക്കളാണ് സത്യം പറഞ്ഞാൽ ഇപ്പോൾ ശശിയായത്. അതോടെ, തരൂർ അഖിലേന്ത്യാ താരമായി. വേൾ‌ഡ് ലീഡർ ആയാലും ശരി, നാഷണൽ ലെവൽ ലീഡർ ആയാലും ശരി, കേരളത്തിൽ വന്ന് കളം പിടിക്കണമെങ്കിൽ ലീഗും നായന്മാരും ബിഷപ്പുമാരും കൂടി വിചാരിക്കണമെന്ന് തരൂരിന് അറിയാം. അതു ടാർജറ്റ് ആക്കിയായിരുന്നു വിശ്വപൗരന്റെ  ആ വടക്കൻ സെൽഫി!

ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറൽ ആയി മത്സരിച്ച തരൂർ ഇനി സംസ്ഥാന മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമോ എന്നൊരു ശുദ്ധഗതിക്കാരന്റെ ചോദ്യമുണ്ട്. എങ്കിൽ അങ്ങോട്ടൊരു ചോദ്യം ചോദിക്കാം- തരൂർ പിന്നെ എന്തു ചെയ്യാനാണ്? തരൂരിന്റെയൊരു ലെവൽ വച്ചു നോക്കുമ്പോൾ ബി.ജെ.പിയിലാണെങ്കിൽ ഒരു വിദേശകാര്യ മന്ത്രിപദത്തിനു വരെ സ്കോപ്പുണ്ട്. പക്ഷേ, ബി.ജെ.പിയില്ലേക്കില്ലെന്നു തരൂർ  പ്രഖ്യാപിച്ചിട്ടുണ്ട്. ആം ആദ്മിയിലേക്കാണ് തരൂരിന്റെ നോട്ടമെന്ന് വേറെ ചിലർ പറയുന്നുണ്ട്. പക്ഷേ, ഡൽഹിയിൽ സീറ്റ് ഒഴിവില്ല. കേരളത്തിലാണെങ്കിൽ അടുത്ത കാലത്തൊന്നും അങ്ങനെയൊരു സ്കോപ്പില്ല. കോൺഗ്രസിലാണെങ്കിൽ അദ്ധ്യക്ഷസ്ഥാനത്തിനു താഴെ, പ്രവർത്തകസമിതി അംഗമോ മറ്റോ ആയിട്ട് എന്തു പുണ്യം കിട്ടാനാണ്! അടുത്ത ഒരു തവണത്തേക്കു കൂടിയെങ്കിലും കേന്ദ്രത്തിൽ മോദിയല്ലാതെ ഒരു നേതാവിനെ ഇപ്പോഴത്തെ നിലയ്ക്ക് പ്രതീക്ഷിക്കാനും വയ്യ.

പിന്നെയുള്ളത് കേരളമാണ്. ഇവിടെയാണെങ്കിൽ, ഗ്രൂപ്പിസത്തിന്റെ പേരുദോഷം കേൾപ്പിക്കാത്തൊരു നേതാവില്ല. ഇതാണ് പറ്റിയ ചാൻസ്. അതുകൊണ്ടാണ്, തരൂരിന് എന്തിന്റെ സൂക്കേടാണെന്ന് നേതാക്കൾ ചോദിച്ചുകൊണ്ടിരുന്നപ്പോൾ  മുപ്പത്തിമൂന്നാമത്തെ അമേരിക്കൻ പ്രസി‌ഡന്റ് ആയിരുന്ന ഹാരി എസ്. ട്രൂമാന്റെ ഒരു പ്രശ്തവാക്യമെടുത്ത് തരൂർ ഫേസ് ബുക്കിൽ പോസ്റ്റിയത് . നേതാക്കളില്ലാത്ത സമൂഹം നിശ്ചലമാകും. ആ ശൂന്യത മിടുക്കുള്ളവർ പ്രയോജനപ്പെടുത്തും- അതായിരുന്നു ഫേസ് ബുക്ക് പോസ്റ്റ്. അതോടെ, സതീശന്റെയും സുധാകരന്റെയും തുറന്നിരുന്ന വായ ഠപ്പേന്ന് അടഞ്ഞു. കെ.പി.സി.സി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും ശേഷിയില്ലാത്തതുകൊണ്ടാണ് ഇപ്പോൾ താൻ കയറി സ്കോർ ചെയ്യുന്നതെന്ന് പച്ചയ്ക്ക് പറയുന്നതിനു തുല്യമായിപ്പോയി ആ വാചകം.


കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ, കോൺഗ്രസ് മുഖ്യമന്ത്രിയാകാൻ കുപ്പായവും തയ്പിച്ചിരുന്നയാളാണ് രമേശ് ചെന്നിത്തല. പാർട്ടി പൊട്ടിയതോടെ ആ കൊതി ആവിയായി. പ്രതിപക്ഷനേതാവായി വി.ഡി. സതീശൻ വരട്ടെ എന്ന് ഹൈക്കമാൻ‌ഡ് നിശ്ചയിച്ചതോടെ അടുത്ത മുഖ്യമന്ത്രിയാകാം എന്ന പൂതിയും പരണത്തായി. അങ്ങനെയെങ്കിൽ അടുത്ത കുപ്പായം തയ്പിക്കേണ്ടത് സതീശനാണ്. അതിനുള്ള സമയം ആയി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണ് അഡ്വാൻസായി ശശി തരൂർ എന്ന അവതാരപ്പിറവി. ഇനിയിപ്പോൾ സതീശൻ ശരിക്കും പേടിക്കണം. പാർട്ടി തരൂരിനെ നേതാവാക്കിയില്ലെങ്കിലും, അണികൾ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കും എന്നതാണ് സ്ഥിതി.

സത്യം പറഞ്ഞാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് കോൺഗ്രസിന് ഒരു ഗോൾഡൻ ചാൻസ് ആണ്. പിണറായിയേയും സി.പി.എമ്മിനേയും ഒരു തവണകൂടി  സഹിക്കുന്ന കാര്യം കേരളത്തിന് ചിന്തിക്കാൻ പോലും വയ്യ. കോൺഗ്രസിലാണെങ്കിൽ, വോട്ടുകൊടുക്കാൻ പറ്റിയ നേതാവുമില്ല! ആ ശൂന്യതയിലേക്കാണ് വിശ്വപൗരൻ ഇമേജുമായി തരൂർ സീറ്റു പിടിച്ചത്. സി.പി.എമ്മിലാണെങ്കിൽത്തന്നെ പിണറായിക്കു ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമുണ്ടോ? കോടിയേരിയും പോയതോടെ ആ നിര ഒഴിഞ്ഞുകിടക്കുകയാണ്. പിണറായി യുഗം കഴിയുന്നതോടെ ചരിത്രപരമായി സംസ്ഥാനത്ത് സി.പി.എമ്മിന്റെ അപചയം തുടങ്ങും. അങ്ങനെ കലങ്ങിമറിയാനിരിക്കുന്ന കേരള രാഷ്ട്രീയത്തിലേക്കാണ് ശശി തരൂരിന്റെ വരവ്. അത് ശരിക്കും പൊളിക്കുമോ .. പൊളിയുമോ .. ? കാത്തിരുന്നു  കാണാം !

ഇനിയൊരു പ്രായക്കണക്ക് നോക്കാം . ഉമ്മൻചാണ്ടിക്ക് വയസ് 79 ആയി. ആരോഗ്യനില  പോരാ . കെ. സുധാകരൻ  പഴയ പുലിയാണെങ്കിലും വയസ് 74 ആണ്. അതല്ല പ്രശ്നം- വായിൽത്തോന്നിയതൊക്കെ വിളിച്ചുപറഞ്ഞ്, താൻ ആർ.എസ്.എസിലാണോ കോൺഗ്രസിലാണോ എന്ന് സുധാകരനു തന്നെ ഇപ്പോൾ നല്ല തിട്ടമില്ല.

ആ സംശയം ലീഗിനും പാർട്ടിക്കു തന്നെയുമുണ്ട്. രമേശിന് തരൂരിന്റെ അതേ പ്രായമാണ്- 66. പക്ഷേ, സതീശനിരിക്കുമ്പോൾ ഇനി രമേശിന് ഒരു ക്ളെയിമും നടക്കില്ല. സതീശനാകട്ടെ 58 വയസേയുള്ളൂ. പറഞ്ഞിട്ടെന്തു കാര്യം? ലീഗിനും നായർക്കും സതീശനെ തീരെ പോരാ. ഈ തിയറിയൊക്കെ നോക്കുമ്പോൾ,  കുഞ്ഞാലിക്കുട്ടി സായ്‌വ് പന്ത് പാസ് ചെയ്തു കൊടുക്കും. സുകുമാരൻ നായരും കുഞ്ഞാലി സായ്‌വും സഭാദൈവങ്ങളും സ്ത്രോത്രം പറയും.  തരൂർ ഗോളടിക്കും.
ലോക കപ്പിലാണെങ്കിൽ പ്രതീക്ഷിക്കാത്ത ടീമൊക്കെ കേറി ഗോളടിക്കുന്ന സീസൺ ആണ്. അതാണ് കോണഗ്രസിൽ സംഭവിക്കുന്നതും, കേരളത്തിൽ സംഭവിക്കാനിരിക്കുന്നതും!