Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:41 am
  • 7th December, 2021
  • Broken Clouds
24.82°C24.82°C
  • Humidity: 98 %
  • Wind: 0.95 km/h

Breaking News

  • ഇടുക്കി ഡാമിൽ വെള്ളം 2401 അടി, ഓറഞ്ച് അലർട്ട്; 2 അടി ഉയർന്നാൽ ഷട്ടർ തുറന്നേക്കും
  • ജലനിരപ്പ് ഉയർന്നു; മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ വീണ്ടും തുറന്നു
i2i News Trivandrum

അശ്ലീല പ്രയോഗങ്ങളും തെറിവിളിയും മലയാളിക്ക് അപരിചിതമാണോ? സിനിമയിലും സാഹിത്യത്തിലും അത് എങ്ങനെയാണു പ്രയോഗിച്ചിട്ടുള്ളത്? ഭാഷാ പ്രയോഗത്തിൽ പ്രത്യേകം ഒരു ശ്രദ്ധ ആവശ്യമാണോ? പ്രത്യേകിച്ച് സിനിമയിൽ. ഗൃഹ സദസ്സുകൾ അതിനെ എങ്ങിനെയാവും സ്വീകരിക്കുക? മലയാള സിനിമയിലും സാഹിത്യത്തിലും ഉള്ള ഭാഷാ പ്രയോഗങ്ങളെക്കുറിച്ച് അധ്യാപകനും സാമൂഹിക നിരീക്ഷകനുമായ എം,എൻ.കാരശേരി സംവദിക്കുന്നു.

അടുത്ത കാലത്തു പുറത്തിറങ്ങിയ ചുരുളി എന്ന സിനിമയെ മുൻ നിർത്തി ചോദിക്കട്ടെ, ഈ സിനിമയിലെ തെറി പ്രയോഗങ്ങളെക്കുറിച്ചുള്ള വിമർശനങ്ങൾ മലയാളിയുടെ കപട സദാചാര ബോധത്തിന്റെ പ്രകടനമല്ലേ? 

ആ സിനിമ ഞാൻ കണ്ടിട്ടില്ല. എന്നാൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചില രംഗങ്ങൾ ശ്രദ്ധയിൽപെട്ടു. യൂട്യൂബിൽ അതിന്റെ ട്രെയിലർ കണ്ടു. അങ്ങനെയാണ് അതിന്റെ അർഥം ശബ്ദതാരാവലിയിൽ നോക്കിയത്. തേയിലത്തോട്ടങ്ങളിൽ തണലിനു വച്ചു പിടിപ്പിക്കാറുള്ള ഒരുതരം മരം എന്നാണ് അതിൽ പറഞ്ഞിരിക്കുന്നത്. ഈ സിനിമയ്ക്കു പേരിട്ടത് കഥ നടക്കുന്ന ഗ്രാമത്തിന്റെ പേരിലാണ്. ആ ഗ്രാമത്തിലെ ആളുകൾ ആ മട്ടിലാണു സംസാരിക്കുന്നത് എന്നാണ് അറിഞ്ഞത്. 
എന്നാൽ ഗൃഹ സദസ്സുകൾക്കു മുന്നിൽ ഉപയോഗിക്കാൻ പാടില്ലാത്ത ധാരാളം തെറിവാക്കുകൾ അതിലുണ്ട്. സെൻസറിങ് ഇല്ലാതെയാണ് ഒടിടി എന്ന മാധ്യമത്തിലൂടെ സിനിമകൾ പുറത്തു വരുന്നത്. തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന ചില സിനിമകൾക്ക് എ സർട്ടിഫിക്കറ്റ് നൽകാറുണ്ട്. അത് കുടുംബമായി പോയി സാധാരണ ആരും കാണാറില്ല. എന്നാൽ ഒടിടിയിൽ അങ്ങനെയല്ല. ഇയർ ഫോൺ ഉപയോഗിച്ചല്ല അതു ഗൃഹസദസ്സുകൾ കാണുന്നത്. ഇത്തരം സന്ദർഭങ്ങൾ ആ സമൂഹം എങ്ങനെയെടുക്കുമെന്നതു പരിഗണിക്കേണ്ടതാണ്. 

ഞാൻ കേട്ട ചില തെറി വാക്കുകൾ സാമാന്യമായി കുടുംബ സദസ്സുകളിൽ ഉപയോഗിക്കാറില്ല. കോപം ഇങ്ങനെ പ്രകടിപ്പിക്കുന്നത് ഹിംസയാണ്. വേറൊരാളെ വാളെടുത്തു വെട്ടുന്നതും വാക്കുകൊണ്ടു വെട്ടുന്നതും ഒരുപോലെയാണ്. വേറെ ഒരാളെ അധിക്ഷേപിക്കുന്നത് നന്നല്ല. കോപം പ്രകടിപ്പിക്കാൻ പല വഴികളുണ്ട്. ലൈംഗികാവവയങ്ങളുടെ പേരു പറയുന്നത് വീരസ്യമാണെന്ന സമീപനവും ശരിയല്ല. ഗൃഹസദസ്സിന് അത് അനഭിലഷണീയമാണ്. ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലെ കേരളീയ സമൂഹത്തിന് എന്തായാലും അതു സ്വീകാര്യമാവില്ല.

നമുക്കു പലതരം വികാരങ്ങളുണ്ട്. അതിനെ ആവിഷ്കരിക്കാൻ ഭാഷ വേണം. ഭാഷ ഉള്ളതുകൊണ്ടാണ് അടിയുണ്ടാകാത്തത്. നിങ്ങൾക്ക് വാദവും ആശയവും ഇല്ലാതെ വരുമ്പോഴും വാക് തർക്കത്തിൽ പരാജയപ്പെടുമ്പോഴുമാണു തെറി ഉപയോഗിക്കുന്നതെന്ന് സി.ജെ.തോമസ് ‘തെറി’ എന്ന ലേഖനത്തിൽ എഴുതിയിട്ടുണ്ട്. വാദം പരാജയപ്പെടുമ്പോഴാണ് കോപം വരുന്നത്. അപ്പോഴാണു തെറി ഉപയോഗിക്കുന്നത്. എന്നാൽ ഒരു അധ്യാപകൻ ഇത് ഉപയോഗിക്കാറില്ല. നിയമസഭയിലും ഉപയോഗിക്കാറില്ല, അതുകൊണ്ടാണല്ലോ തെറിയെ അശ്ലീലവും അസഭ്യവുമായി കണക്കാക്കുന്നത്. 

തെറി കാല ദേശ ബദ്ധമാണ്. ഒരു കാലത്തും ഒരു പ്രദേശത്തും ഉപയോഗിക്കുന്ന വാക്ക് മറ്റൊരു കാലത്തും ദേശത്തും തെറിയാകണമെന്നില്ല. രോമത്തിനു പകരമുള്ള വാക്ക് തമിഴ് നാട്ടിൽ തെറിയല്ല. ‘തന്ത’ എന്ന വാക്കും തമിഴ് നാട്ടിൽ തെറിയല്ല. ഇങ്ങനെ ചിന്തിച്ചിട്ടൊന്നുമല്ല സിനിമകളിൽ തെറി പ്രയോഗങ്ങൾ നടത്തുന്നത്. മാർക്കറ്റിങ് ആണു ലക്ഷ്യം. അതൊക്കെ മറ്റാർക്കും മനസ്സിലാവില്ലെന്നും വീരസ്യമാണെന്നുമൊക്കെയുള്ള ധാരണയും ശരിയല്ല. നോവലിലോ കഥയിലോ വാരികയിലോ പത്രത്തിലോ അടിച്ചു വരുന്നതുപോലെയല്ല സിനിമയിൽ തെറി പറയുന്നത്. അതിന്റെ പ്രചാരവും സ്വാധീനവും വലുതാണ്. പ്രത്യാഘാതം ഗുരുതരമാണ്. 

എന്താണു തെറി എന്നു നിർവചിക്കുക എളുപ്പമല്ല. എന്നോട് ഒരാൾ പറഞ്ഞാൽ എനിക്ക് അസുഖകരമാകുന്നത് ഞാൻ മറ്റൊരാളോടു പറയരുത്. ഒരാൾ എന്നോടു പറഞ്ഞാൽ എനിക്കു ക്ഷോഭമുണ്ടാകാവുന്ന വാക്കുകൾ ഞാൻ മറ്റൊരാളോടു പറയില്ല. രണ്ടു കൂട്ടുകാർ തമ്മിൽ സംസാരിക്കുമ്പോൾ തെറിയാകാത്തത് ക്ലാസ് മുറിയിൽ തെറിയാണ്. നിയമസഭയിൽ എന്തും തെറിയാണ്. യോനി, ലിംഗം എന്നൊക്കെ പറയുന്നതു തെറിയല്ല. കാരണം അതു മറ്റൊരു ഭാഷയാണ്. 

ചില സ്ഥലപ്പേരുകൾ മറ്റൊരിടത്തു തെറിയായി കണക്കാക്കാറുണ്ട്. അതുകൊണ്ടാണ് തിക്കുറിച്ചിയെന്ന സ്ഥലനാമം തിക്കുറിശ്ശിയെന്നു മാറ്റിയതെന്ന് തിക്കുറിശ്ശി സുകുമാരൻ നായർ ആത്മകഥയിൽ എഴുതിയിട്ടുണ്ട്. ഏതു മലയാള ഗാനത്തെയും തെറിചേർത്തു പാരഡിയുണ്ടാക്കാൻ അദ്ദേഹത്തിനു മിടുക്കുണ്ടായിരുന്നു. മദ്യപാന സദസ്സുകളിൽ അതിനു വല്ലാത്ത സ്വീകാര്യത ലഭിച്ചിരുന്നു. ഒരിക്കൽ ഒരു പത്രപ്രവർത്തകൻ അദ്ദേഹത്തോട് ഇതേപ്പറ്റി ചോദിച്ചപ്പോൾ മലയാളത്തിലെ ഏതു വാക്കും തെറിയാണെന്നായിരുന്നു തിക്കുറിശ്ശിയുടെ മറുപടി. ഒരു വാക്കു പറഞ്ഞാൽ അതു തെളിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. പത്ര പ്രവർത്തകൻ ആലപ്പുഴയെന്നു പറഞ്ഞു. ‘നിന്റെ അമ്മേരെ ആലപ്പുഴ’ എന്നു തിക്കുറിശ്ശി തിരിച്ചടിച്ചു. അപ്പോൾ അതു തെറിയായി.

മലയാളിയുടെ തെറിയിൽ ആദ്യം അമ്മയ്ക്കെതിരായിട്ടാണു സംസാരിക്കുന്നത്. അത് അശ്ലീലമാണ്. അതു മാതൃവിരുദ്ധവും സ്ത്രീ വിരുദ്ധവുമാണ്. ദലിത് വിരുദ്ധമായ പ്രയോഗങ്ങളും തെറിയായി ഉപയോഗിക്കുന്നുണ്ട്. ദുർബലരായവരെപ്പറ്റി പറയുമ്പോൾ തെറിയും കരുത്തരെപ്പറ്റി പറയുമ്പോൾ ആദരവാകുന്നതും നമുക്കു കാണാം. മൃഗങ്ങളെ ചേർത്തു പറയുമ്പോഴാണിതു പ്രകടമാവുക. സിംഹം, കടുവ, നരി , വ്യാഘ്രം, ആന, കുതിര എന്നൊക്കെ പറഞ്ഞാൽ അത് ആദരമാണ്. കേരള സിംഹം, കവികുഞ്ജരൻ, പടക്കുതിരഎന്നൊക്കെ നമ്മൾ ആദരവോടെ പ്രയോഗിക്കാറുണ്ടല്ലോ.

ഒരു കാലത്ത് മലയാള സാഹിത്യത്തിൽ ലൈംഗികാവയവങ്ങളെപ്പറ്റി പറയുന്നത് തെറിയായിട്ടാണു കണക്കാക്കിയിരുന്നത്. അതൊക്കെ എഴുതുന്ന ആളായിട്ടാണു വൈക്കം മുഹമ്മദ് ബഷീറിനെ കരുതിയിരുന്നത്. അതിനു കാരണം അദ്ദേഹം ‘മുല’ എന്ന വാക്ക് പ്രയോഗിച്ചതാണ്. 1958ൽ ‘ന്റുപ്പുപ്പായ്ക്കൊരാനേണ്ടാർന്നു’ എന്ന നോവൽ പത്താം ക്ലാസിൽ പാഠപുസ്കമാക്കിയപ്പോൾ അതിൽനിന്ന് ആ വാക്കു നീക്കം ചെയ്തു. അക്കാലത്ത് എറണാകുളത്തെ ‘ബഷീർസ് ബുക്ക് സ്റ്റാൾ’ എന്ന തന്റെ സ്ഥാപനത്തിൽ ‘മുല ഇല്ലാത്തത്’ ഉള്ളത് എന്ന ബോർഡ് വച്ച് ബഷീർ ആ പുസ്തകങ്ങൾ വിറ്റിരുന്നു. ഒന്നു പാഠ പുസ്കവും മറ്റൊന്ന് തന്റെ നോവലും. അതൊരുതരം കളിയാക്കലായിരുന്നു. ‘സ്തനമെന്നോ കുചം എന്നോ എഴുതാൻ അറിയാത്തതുകൊണ്ടല്ല ഞാൻ മുല എന്ന് എഴുതിയതെ’ന്ന് ബഷീർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. 

ബഷീറിന്റെ ‘ശബ്ദങ്ങൾ’ എന്ന നോവലിൽ ‘ആൺ വേശ്യ’യെന്ന ഒരു പ്രയോഗമുണ്ട്. അക്കാലത്ത് ആരും അതു പരസ്യമായി പറയാറില്ലായിരുന്നു. ശബ്ദങ്ങൾ പച്ചത്തെറിയാണെന്നാണ് അക്കാലത്തെ പ്രധാനപ്പെട്ട നിരൂപകർ വിലയിരുത്തിയത്. ‘ശബ്ദങ്ങൾ നോവലാണെങ്കിൽ കൊടുങ്ങല്ലൂർ ഭരണിപ്പാട്ട് ഭഗവദ് ഗീതയാണെന്നും ഞാൻ മഹാത്മാ ഗാന്ധിയാണെന്നും’ പ്രഫ.എസ്. ഗുപ്തൻനായർ എഴുതിയിട്ടുണ്ട്. സുകുമാർ അഴിക്കോടിന്റെ അശ്ലീല സാഹിത്യം എന്ന ലേഖനത്തിൽ ഒരു ഉദാഹരണം കൊടുത്തത് ശബ്ദങ്ങളാണ്.. 

‘ജീവിതം സുന്ദരമാണു പക്ഷേ,’ എന്ന തകഴിയുടെ ഒരു നോവലുണ്ട്. അതിലാണ് എന്റെ അനുഭവത്തിൽ ആദ്യമായി സ്ത്രീകൾ തമ്മിലുള്ള സ്വവർഗ രതി (ലെസ്ബിയനിസം) ചിത്രീകരിച്ചത്. ജയിലിൽ ഒരുമുറിയിൽ കിടക്കുന്ന രണ്ടു സ്ത്രീകൾ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന രംഗമാണത്. ഇതൊക്കെ കാരണം തകഴി, ദേവ്, ബഷീർ, പൊൻകുന്നം വർക്കി എന്നിവരെയൊക്കെ ജീർണതയുടെ സാഹിത്യകാരന്മാരായി അന്നത്തെ പുരോഗമന സാഹിത്യകാരന്മാർ മുദ്രകുത്തി. ജീവിതത്തിൽ ഉള്ളതിനെ മറച്ചു വയ്ക്കുന്നതു കാപട്യമാണെന്ന നിലപാടിലാണ് ബഷീറും തകഴിയും ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും സ്വവർഗരതി ചിത്രീകരിച്ചത്. പിൽക്കാലത്ത് പത്മരാജൻ ‘നമ്മൾ നഗ്നകൾ’ എന്നൊരു ചെറുകഥയെഴുതി. ‘യാത്ര’ വാരികയിൽ വി.ടി. നന്ദകുമാർ രണ്ടു പെൺകുട്ടികൾ എന്നൊരു നോവലെഴുതി. അങ്ങനെയാണ് ലെസ്ബിയൻ ലൗ എന്ന വാക്ക് മലയാളികൾക്കിടയിൽ പ്രചാരം നേടുന്നത്. 

Readers Comment

Add a Comment