Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വിശ്വാസം രക്ഷിക്കും. അതില്‍ തൊട്ടുകളിച്ചാല്‍ നല്ല ശിക്ഷ കിട്ടുകയും ചെയ്യും!ശബരിമല വിഷയത്തില്‍ തെറ്റുപറ്റിയെന്ന് ഇടതു മുന്നണിക്കും സര്‍ക്കാരിനും പിടികിട്ടാന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി വേണ്ടിവന്നു. ഹൈന്ദവ വിശ്വാസികളെ നവോത്ഥാനം പറഞ്ഞു മുറിവേല്പിച്ച സി.പി.എം ഇപ്പോഴിതാ ക്രൈസ്തവ മത പ്രതീകങ്ങളെ അവഹേളിക്കുന്ന കാര്‍ട്ടൂണിന് സംസ്ഥാന പുരസ്‌കാരം നല്‍കി വീണ്ടും തീക്കൊള്ളികൊണ്ട് തല ചൊറിയുന്നു!
സര്‍ക്കാരിന്റെ സാംസ്‌കാരിക സ്ഥാപനങ്ങളിലൊന്നായ കേരള ലളിത കലാ അക്കാഡമി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കാര്‍ട്ടൂണ്‍ പുരസ്‌കാരത്തിന് എതിരെ ക്രൈസ്തവ വിശ്വാസികളുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും പ്രതിഷേധം രൂക്ഷമാവുകയാണ്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കഥാപാത്രമാക്കി കെ.കെ. സുഭാഷ് വരച്ച വിശ്വാസം രക്ഷതി എന്ന കാര്‍ട്ടൂണിനാണ് ആ വിഭാഗത്തിലെ പുരസ്‌കാരം. ആരോപണങ്ങള്‍ക്കു വിധേയനായ ബിഷപ്പ് ഫ്രാങ്കോയെ ആക്ഷേപഹാസ്യത്തിന് വിഷയമാക്കിയതില്‍ വിശ്വാസികള്‍ക്കു പരാതിയില്ല. ഫ്രാങ്കോയെ പൂവന്‍കോഴിയായി അവതരിപ്പിച്ചത് അവര്‍ ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, അതിന്റെ പേരില്‍ ക്രൈസ്തവ പ്രതീകങ്ങളെ അശ്ലീലവത്കങ്ങളായി ചിത്രീകരിച്ചതിനോടാണ് ആക്ഷേപം.
വിശ്വാസികളുടെ പ്രതിഷേധം വെറുതെയല്ലെന്ന് കാര്‍ട്ടൂണ്‍ കാണുന്നവര്‍ക്ക് മനസ്സിലാകും. പരിശുദ്ധ മത ചിഹ്നങ്ങളെയും പ്രതീകങ്ങളെയും അങ്ങേയറ്റം അവഹേളിക്കുന്ന രചനയ്ക്കു നല്‍കിയ അവാര്‍ഡ് പിന്‍വലിച്ച് അക്കാഡമി ഭാരവാഹികള്‍ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നാണ് വിശ്വാസികളുടെ ആവശ്യം.
ആവിഷ്‌കാര സ്വാതന്ത്ര്യം എവിടെയും സംരക്ഷിക്കപ്പെടേണ്ടതു തന്നെയാണ്. അതിനായി ഇടതുപക്ഷ പാര്‍ട്ടികള്‍ രാജ്യവ്യാപകമായി നടത്തിയിട്ടുള്ള പോരാട്ടങ്ങള്‍ ചരിത്രത്തിന്റെ ഭാഗവുമാണ്. പക്ഷേ, അതിന്റെ പേരില്‍ മതനിന്ദയും, മത പ്രതീകങ്ങളെ അവഹേളിക്കലും പ്രോത്സാഹിപ്പിക്കുന്നതിനു പിന്നില്‍ ദുരുദ്ദേശ്യ രാഷ്ട്രീയമല്ലെന്ന് കരുതാനാകുമോ എന്നാണ് ചോദ്യം.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ക്രൈസ്തവ ന്യൂനപക്ഷം ഇടതുപക്ഷത്തെ പിന്തുണയ്ക്കാതിരുന്നതാണ് ഇത്ര വലിയ തോല്‍വിക്ക് ഇടയാക്കിയതെന്നാണ് സി.പി.എമ്മിന്റെയും ഇടതു മുന്നണിയുടെയും വിലയിരുത്തല്‍. അതിന്റെ പേരിലുള്ള പ്രതികാര നടപടികളുടെ ഭാഗമാണോ ക്രൈസ്തവ വിശ്വാസികളെ മുഴുവന്‍ വേദനിപ്പിക്കുന്ന കാര്‍ട്ടൂണിന് പുരസ്‌കാരം നല്‍കിയ സര്‍ക്കാര്‍ നടപടിയെന്നു കൂടി വിശ്വാസികള്‍ സംശയിക്കുന്നുണ്ട്. എന്തായാലും, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ മതാചാരങ്ങളെയും വിശ്വാസത്തെയും അവഹേളിക്കുന്നത് ന്യൂനപക്ഷങ്ങളെയും, അവരുടെ ആചാര, അവകാശങ്ങളെയും സംരക്ഷിക്കുമെന്നു ഉറപ്പു നല്‍കുന്ന പിണറായി സര്‍ക്കാരിന് ശുഭഫലമൊന്നും നല്‍കില്ലെന്ന് തീര്‍ച്ച.
ക്രൈസ്തവ വിശ്വാസത്തിന്റെ പ്രതീകമായ നല്ല ഇടയന്റെ പ്രതീകത്തെയാണ് കുരിശിനു പകരം അങ്ങേയറ്റം അപമാനകരമായ ചിഹ്നം വഴി കാര്‍ട്ടൂണിസ്റ്റ് അപമാനിച്ചതെന്ന കാര്യത്തില്‍ സംശയമില്ല. പുരസ്‌കാരത്തിന് പരിഗണിക്കപ്പെടാനെന്നല്ല, പൊതു സാംസ്‌കാരികവേദികളില്‍ പ്രദര്‍ശിപ്പിക്കാന്‍ പോലും യോഗ്യമല്ലാത്ത അശ്ലീലത്തിന് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മേല്‍മുണ്ടു കൊണ്ട് മാന്യത കല്‍പ്പിക്കാനാകുമോ എന്നാണ് ചില വിശ്വാസികളുടെ ചോദ്യം .
വിശ്വാസികളുടെ വികാരം മനസ്സിലാക്കാത്ത ഇടതു സര്‍ക്കാരിന് ശബരിമലയിലെ പാഠംകൊണ്ടു പോലും വിവേകമുദിച്ചില്ലെന്നു വേണോ കരുതാനെന്ന് വിശ്വാസികള്‍ ചോദിക്കുന്നുണ്ട്. പൊതുവെ, ചോദ്യങ്ങള്‍ ഇഷ്ടമില്ലാത്തയാളാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി. പക്ഷേ, വിശ്വാസികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞില്ലെങ്കില്‍ അവര്‍ തന്നെ അടുത്ത അവസരത്തില്‍ ഉത്തരമെഴുതുമെന്ന് അദ്ദേഹത്തോട് ആര് പറയും?