Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സിറോ മലബാർ സഭാ സിനഡ് അംഗീകരിച്ച ഏകീകൃത രീതിയിലുള്ള പുതിയ കുർബാന അർപ്പണത്തിന് എറണാകുളം – അങ്കമാലി, ഇരിങ്ങാലക്കുട, ഫരീദാബാദ് രൂപതകൾ ഒഴികെ എല്ലാ സിറോ മലബാർ രൂപതകളിലും തുടക്കമായി. ചങ്ങനാശേരി, കോട്ടയം, പാലാ, കാഞ്ഞിരപ്പള്ളി, ഇടുക്കി, കോതമംഗലം, തൃശൂർ, പാലക്കാട്, താമരശ്ശേരി , മാനന്തവാടി, തലശ്ശേരി രൂപതകളിൽ പുതിയ ഏകീകൃത രീതിയിൽ കുർബാന അർപ്പണം നടന്നു. പുതിയ കുർബാന പുസ്തകം ഇന്നലെ മുതൽ ഉപയോഗിച്ചു തുടങ്ങി.
സിറോ മലബാർ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിൽ ഏകീകൃത കുർബാന അർപ്പിച്ചു. സഭയിൽ പുതുയുഗ പിറവിയാണ് ഇതെന്നും പരിപൂർണ ഐക്യത്തിനായി കാത്തിരിക്കേണ്ടി വന്നാൽ അതിനും തയാറാവണമെന്നും കുർബാനമധ്യേ ആർച്ച് ബിഷപ് പറഞ്ഞു.
അതേസമയം, എറണാകുളം – അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന തുടർന്നു. അതിരൂപതയിൽപ്പെട്ട പ്രസന്നപുരം ഹോളിഫാമിലി പള്ളിയിൽ സിനഡ് നിർദേശിച്ച രീതിയിലുള്ള കുർബാന നടത്തി. എറണാകുളം അങ്കമാലി അതിരൂപതയിൽ നിലവിലുള്ള കുർബാന അർപ്പണ രീതി തുടരാമെന്നു മെട്രോപ്പൊലിറ്റൻ വികാരി ആർച്ച് ബിഷപ് മാർ ആന്റണി കരിയിൽ സർക്കുലർ ഇറക്കിയിരുന്നു. ഇരിങ്ങാലക്കുട രൂപതയിൽ പുതിയ രീതി നടപ്പാക്കുന്നത് തൽക്കാലം നിർത്തിവയ്ക്കാൻ ശനിയാഴ്ച രാത്രി ബിഷപ് മാർ പോളി കണ്ണൂക്കാടൻ തീരുമാനിച്ച് നിർദേശം നൽകിയിരുന്നു. ഫരീദാബാദ് രൂപതയുടെ കീഴിലുള്ള പള്ളികളിൽ നവീകരിച്ച ആരാധനക്രമം നടപ്പാക്കിയില്ല. ഇതിൽ പ്രതിഷേധിച്ച് വിശ്വാസികളുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് ജന്തർ മന്തറിൽ പ്രാർഥനാ യജ്ഞം നടത്തി.