Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സുപ്രീം കോടതി വിധി നടപ്പാക്കണം, ക്രമസമാധാന നില ഉറപ്പാക്കുകയും വേണം! പിറവം സെന്റ് മേരീസ് പള്ളിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കണമെങ്കില്‍ പള്ളി യാക്കോബായ സഭക്കാരില്‍ നിന്നും മോചിപ്പിച്ച്, പൂര്‍ണമായും ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു കൈമാറണം. 2017 ജൂലായ് മൂന്നിനുണ്ടായ സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ ഇത്രയും കാലം അമാന്തം കാണിച്ച സര്‍ക്കാരാണ് ഇന്ന് പള്ളിയുടെ ഗേറ്റ് അറുത്തുമാറ്റിയും പൂട്ടു പൊളിച്ചും അകത്തു കയറി മെത്രാപ്പോലീത്തമാര്‍ ഉള്‍പ്പെടെ യാക്കോബായ വിഭാഗക്കാരെ നീക്കം ചെയ്തത്!
പള്ളിക്കകത്ത് വൈദികരും വിശ്വാസികളും ഉള്‍പ്പെടെയുള്ള യാക്കോബായ സംഘം. പള്ളി അങ്കണത്തില്‍ യാക്കോബായ വിഭാഗക്കാരായ രണ്ടായിരത്തോളം കുടുംബാംഗങ്ങള്‍. അകത്തു നിന്ന് താഴിട്ടു പൂട്ടിയ ഗേറ്റിനു പുറത്ത് ആയിരക്കണക്കിന് ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍. സര്‍വ സന്നാഹങ്ങളുമായി പൊലീസ്. പള്ളി ഒഴിപ്പിച്ച് ജില്ലാ കളക്ടര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിയുടെ കെണിയില്‍ സര്‍ക്കാരിന് ഉത്തരവ് അനുസരിക്കുകയല്ലാതെ മറ്റു മാര്‍ഗമൊന്നുമില്ല. ഇതൊക്കെ അറിയാമായിരുന്നിട്ടും രണ്ടേകാല്‍ വര്‍ഷത്തോളമായി സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയത് എന്തുകൊണ്ട്?
ശബരിമലയിലെ യുവതീപ്രവേശന വിധിയില്‍ അനാവശ്യ ധൃതി കാട്ടിയ സര്‍ക്കാരാണ് പിറവം പള്ളി തര്‍ക്കത്തില്‍ കോടതി ഉത്തരവു നടപ്പാക്കുന്നത് വൈകിച്ച് വഷളാക്കിയത്. ഇപ്പോള്‍, അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ ഒരുമാസം പോലും ബാക്കിയില്ലാതിരിക്കെ വിശ്വാസവുമായി ബന്ധപ്പെട്ട വൈകാരിക വിഷയം വീണ്ടും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നു.
പിറവം പള്ളിക്കകത്തു നിന്ന് യാക്കോബായ വിഭാഗക്കാരെ ഇന്ന് ഒഴിപ്പിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചതാണ്. എന്നിട്ടും ആയിരക്കണക്കിനു വിശ്വാസികള്‍ പള്ളിക്കകത്തും അങ്കണത്തിലുമായി തമ്പടിച്ചതെങ്ങനെ? നിരോധന ഉത്തരവു നിലനില്‍ക്കുന്ന സ്ഥലത്ത് ആയിരക്കണക്കിന് ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ പള്ളി ഗേറ്റിനു പുറത്ത് കൂട്ടംകൂടി നില്‍ക്കുന്നതെങ്ങനെ? സംയമനത്തോടെ കൈകാര്യം ചെയ്യേണ്ടിയിരുന്ന വിഷയത്തില്‍ അവസാനം വരെയും നിശ്ശബ്ദമായിരുന്ന്, ഒടുവില്‍ സംഘര്‍ഷത്തിലേക്കും ഒരു വിഭാഗത്തിന്റെ മെത്രാപ്പോലീത്തമാരുടെ അറസ്റ്റിലേക്കും കാര്യങ്ങളെത്തിച്ചതിന് ഉത്തരവാദി ആര്?
കേരളത്തിലെ ജനസംഖ്യയില്‍ ക്രൈസ്തവ വിഭാഗത്തിലെ 61 ശതമാനം കത്തോലിക്കരാണ്. ആകെ ക്രൈസ്തവ ജനസംഖ്യയുടെ 15.9 ശതമാനമാണ് മലങ്കര സഭയ്ക്കു കീഴിലെ യാക്കോബായ- ഓര്‍ത്തഡോക്‌സ് സിറിയന്‍ വിഭാഗങ്ങള്‍. 1912- ലായിരുന്നു മലങ്കര സഭയിലെ പിളര്‍പ്പ്. അന്ന് വേര്‍പിരിഞ്ഞ യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ 1959 ല്‍ ഒരുമിച്ചെങ്കിലും അതിന് 1972- 73 വരെയേ ആയുസ്സുണ്ടായുള്ളൂ. അന്നു തുടങ്ങിയതാണ് പള്ളികള്‍ക്കും അവയുടെ സ്വത്തിനും മേല്‍ രണ്ടു വിഭാഗങ്ങളും തമ്മിലുള്ള അവകാശ തര്‍ക്കം.
1934 ലെ സഭാ ഭരണഘടന അനുസരിച്ച് മലങ്കര സഭയ്ക്കു കീഴിലെ എല്ലാ പള്ളികളുടെയും ഉടമസ്ഥാവകാശത്തിനായി ഓര്‍ത്തഡോക്‌സ് വിഭാഗമാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായി കോടതി ഉത്തരവുമുണ്ടായി. അതായത്, മലങ്കര സഭയ്ക്കു കീഴിലെ 1064 പള്ളികളുടെയും ഉടമസ്ഥാവകാശം ഓര്‍ത്തഡോക്‌സ് വിഭാഗത്തിനായിരിക്കും. പക്ഷേ, പിറവം പള്ളി പണ്ടുതൊട്ടേ യാക്കോബായ വിഭാഗത്തിന്റെ കൈവശമാണ്. സുപ്രീം കോടതി പറഞ്ഞാലും അതു വിട്ടുകൊടുക്കില്ലെന്നാണ് ഇപ്പോഴും യാക്കോബായ വിഭാഗത്തിന്റെ നിലപാട്.
ഇതേച്ചൊല്ലി പിറവം പള്ളിയില്‍ സംഘര്‍ഷം ഉടലെടുക്കുന്നത് ഇതാദ്യമല്ല. പള്ളി വിട്ടുകൊടുക്കാതിരിക്കാനും, സുപ്രീം കോടതി വിധി നടപ്പാക്കിക്കിട്ടാനും ഇരുവിഭാഗവും നടത്തുന്ന ശ്രമങ്ങള്‍ നേരത്തെയും സംഘര്‍ഷഭരിതമായ രംഗങ്ങള്‍ക്കും തെരുവുയുദ്ധത്തിനും വഴിവച്ചിരുന്നു. ഇതൊക്കെയായിട്ടും പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നതാണ് അദ്ഭുതകരം. സര്‍ക്കാരിന്റെ ഈ അനങ്ങാപ്പാറ നയത്തിനെതിരെയാണ് ഇപ്പോള്‍ ഹൈക്കോടതിയില്‍ നിന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം ഉത്തരവു നേടിയെടുത്തത്. സുപ്രീം കോടതി വിധി അടിയന്തരമായി നടപ്പാക്കാന്‍ സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കിയ കോടതി, പള്ളി ജില്ലാ കളക്ടര്‍ ഏറ്റെടുക്കാനും നിര്‍ദ്ദേശിച്ചു. അതിന്റെ അങ്കമാണ് ഇന്ന് അരങ്ങേറിയത്.
വിശ്വാസത്തിലെ രാഷ്ട്രീയും രാഷ്ട്രീയത്തിലെ വിശ്വാസവും എക്കാലത്തും വൈകാരിക വിഷയമായ കേരളത്തില്‍ വരുന്ന ഉപതിരഞ്ഞെടുപ്പുകളിലെ മുഖ്യ പ്രചാരണ വിഷയങ്ങളിലൊന്ന് ഇതായിരിക്കും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് ശബരിമല വിഷയം സര്‍ക്കാരിന് കീറാമുട്ടിയായതുപോലെ ഇത്തവണ പിറവം പ്രശ്‌നം! കോടതി വിധി നടപ്പാക്കാതിരിക്കാനാവില്ലെന്ന് അറിയാവുന്ന സര്‍ക്കാര്‍ വിശ്വാസികളുടെയും വോട്ടര്‍മാരുടെയും കണ്ണില്‍ പൊടിയിടാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഒടുവില്‍ എങ്ങനെയായിത്തീരുമെന്നതിന് രണ്ട് ഉദാഹരണങ്ങളാണ് പിറവം പള്ളി കേസും മരടിലെ വിവാദ ഫ്‌ളാറ്റ് കേസും.